ADVERTISEMENT

ഒരു കണ്ണിയിൽ പെയ്യുന്ന വെള്ളം ആ കണ്ണിയിൽ തന്നെ താഴണമെന്നാണ് പഴമക്കാരുടെ പക്ഷം. പുരയിടം വരമ്പുകളിട്ട് കണ്ണികളായി തിരിക്കുന്നത് പഴയ കാർഷിക സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഇതുതന്നെയാണ് മണ്ണ്‌–ജല സംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ തൽസ്ഥല ജലസംരക്ഷണം (ഇൻ സീറ്റു മോയ്സ്റ്റർ കൺസർവേഷൻ). ഇത് ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണെന്ന് തൃശൂർ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറായ ബിന്ദു മേനോൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ആ പഴമയുടെ നന്മയിൽ നിന്നും നാം ഏറെ വ്യതിചലിച്ചിരിക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂഗർഭജലത്തിന്റെ അളവ് താഴുന്ന പ്രവണതയാണുള്ളത്. കാവുകളിലും കുന്നുകളിലും  തണ്ണീർത്തടങ്ങളിലും മനുഷ്യന്റെ കടന്നുകയറ്റം മൂലം പരിസ്ഥിതിയുടെ താളം തെറ്റുന്നു. ഇതൊരു സൂചനയാണ്. തീരദേശങ്ങളിൽ, ഭൂഗർഭജലം കരഭൂമിക്കടിയിലൂടെ അരിച്ചുവരുന്ന ഉപ്പുവെള്ളത്തെ ചെറുക്കുമെന്ന കാര്യം നാം മറന്നു. ഓരോ വർഷവും ഉപ്പുവെള്ളം കലരുന്ന കുടിവെള്ളസ്രോതസുകളുടെ എണ്ണം വർധിച്ചു. അതേസമയം പെയ്യുന്ന മഴയിൽ വെള്ളം കാനകൾക്കും നീർച്ചാലുകൾക്കും താങ്ങാനാവാതെ വരുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇത് പ്രളയ സമാനമായ സാഹചര്യം സൃഷ്ടിക്കുന്നു.

പെയ്യുന്ന വെള്ളം ഭൂമിയിൽ താഴുന്നതിന് ഇന്ന് തടസങ്ങളേറെ. നമ്മുടെ പുരയിടത്തിൽ പെയ്തിറങ്ങുന്ന വെള്ളം പുറത്തേക്കൊഴുക്കി ഉത്തരവാദിത്തം ഒഴിയുന്ന മനോഭാവമാണ് ആദ്യം മാറേണ്ടത്. ഇന്റർലോക്ക് ടൈലുകൾക്ക് ആനുപാതികമായി വെള്ളം വാർന്നിറങ്ങുന്നതിന് ശാസ്ത്രീയമായി സംവിധാനം ഒരുക്കുന്നത് ഭാവിയുടെ ആവശ്യമാണ്. മഴക്കുഴി നിർമാണം ഒരു പഴഞ്ചൻ ചിന്താഗതിയായി മാറ്റിനിർത്തേണ്ട ഒന്നല്ല. 

വരമ്പ് ഇടുന്നതും മണ്ണ് പുതയിടുന്നതും മണ്ണിന്റെ വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവ് വർധിപ്പിക്കും. മാത്രമല്ല, മണ്ണിൽ അവശ്യം വേണ്ട സൂക്ഷ്മാണുക്കളെ നിലനിർത്തുകയും ചെയ്യും. കിണർ റീചാർജ് ചെയ്ത കിണറുകളിൽ വെള്ളത്തിന്റെ നിരപ്പും ഗുണനിലവാരവും വർധിക്കുന്നുമുണ്ടെന്ന് പാലക്കാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി.സിന്ധു അഭിപ്രായപ്പെട്ടു.

  • Also Read

ഭൂമിയിൽ വെള്ളം റീചാർജ് ചെയ്യുന്ന ഒരു പരമ്പരാഗത രീതിയാണ് അനുയോജ്യമായ രീതിയിൽ ഭൂമി വരമ്പുകളിട്ട് തിരിക്കുന്നതെന്ന് ഭൂജല വകുപ്പിലെ ജില്ലാ ഓഫീസറായിരുന്ന തോമസ് സക്കറിയ. ഇതിലൂടെ ഭൂമിക്കടിയിലെ വെള്ളത്തിന്റെ കാഠിന്യം കുറയ്ക്കാനും തീരദേശങ്ങളിൽ ഉപ്പിന്റെ ഭീഷണി ഒരുപരിധിവരെ തടയാനും സാധിക്കും. കുറഞ്ഞ സമയത്തിൽ അധികമഴ ശക്തിയായി പെയ്തിറങ്ങുന്നത് മണ്ണിലെ സൂക്ഷ്മമൂലകങ്ങളുടെ ശോഷണത്തിനും കാരണമാകുന്നു. അത് വിളകളുടെ പോഷണത്തെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ മഴയ്ക്കു ശേഷം മണ്ണു പരിശോധിച്ച് മണ്ണിൽ കുറവുള്ള മൂലകങ്ങൾ ചേർത്തുനൽകുന്നത് വിളകളുടെ വളർച്ചയും വിളവും മെച്ചപ്പെടുത്താൻ ഉപകരിക്കും.

വ്യത്യസ്ത ഭൂപ്രകൃതിയുള്ള കേരളത്തിന് ജലസംരക്ഷണത്തിന് ഒരു ഒറ്റമൂലി നിർദേശിക്കാൻ സാധ്യമല്ല (കേരളത്തിന്റെ വ്യത്യസ്ത ഭൂപ്രകൃതി അനുസരിച്ച് പലതരം വരമ്പുകൾ/ബണ്ടുകൾ പ്രചാരത്തിലുണ്ട്, ഓരോ പ്രദേശത്തിനും യോജിച്ചത് തിരഞ്ഞെടുക്കാം). വരമ്പുവച്ചും, ഭൂമി തട്ടുകളാക്കി തിരിച്ചും, രാമച്ചമാവട്ടെ തീറ്റപ്പുല്ലവട്ടെ ചെടികളുടെ വേരുകളെ ആശ്രയിച്ചും ഒഴുകിവരുന്ന മണ്ണ് കുഴികളിൽ ശേഖരിച്ചും നമുക്ക്  മണ്ണും വെള്ളവും സംരക്ഷിക്കാൻ കഴിയണം. കുടിവെള്ളത്തിനായി കിണർ മാത്രം റീചാർജ് ചെയ്യാതെ കൃഷിയിടത്തിൽ വീഴുന്ന പരമാവധി ജലം മണ്ണിലേക്ക് ഇറങ്ങാൻ വഴിയൊരുക്കണം. പുതിയ കുളങ്ങൾക്കൊപ്പം താഴ്ന്ന ഭൂമിയിൽ അരികുവച്ച് ചെക് ഡാമുകളും തടാകങ്ങളും സൃഷ്ടിച്ച് പരമാവധി വെള്ളം സംഭരിക്കണം. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമാകണം. 

English Summary:

The Importance of Soil-Water Conservation in Kerala’s Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com