ADVERTISEMENT

ഇടുക്കി ജില്ലയിൽ വണ്ണപ്പുറത്തിനടുത്തുള്ള വെൺമണി പട്ടയക്കുടിയിലുള്ള പുളിയൻമാക്കൽ ജയ്സൺ പി. ജോർജിന്റെ കൃഷിയിടത്തിലെത്തിയാൽ രാജ്യത്തെ ഒട്ടേറെ അച്ചടി–ദ്യശ്യ മാധ്യമങ്ങളെ ഒന്നിച്ചു കാണാം. ജെയ്സണിന്റെ പിതാവ് പി.ജി.ജോർജ് ഉരുത്തിരി‍ച്ചെടുത്ത മരച്ചീനി ഇനങ്ങളാണവ. ഒന്നും രണ്ടുമല്ല, 26 വ്യത്യസ്ത മരച്ചീനി ഇനങ്ങളാണ് ജോർജ് വികസിപ്പിച്ചെടുത്തത്. അവയിൽ മുക്കാൽ പങ്കിനും നൽകിയിരിക്കുന്നത് പ്രദേശിക–ദേശീയ മാധ്യമങ്ങളുടെ പേരുകൾ. പ്രസ്ക്ലബ്ബിലെന്നോണം അവയോരോന്നും നിരന്നു നിൽക്കുന്നു ഈ കൃഷിയിടത്തിൽ. സ്വന്തം കൃഷിയിടത്തിലെ കുരുമുളകിനങ്ങൾ നിരീക്ഷിച്ച് അവയിൽനിന്ന് ജോർജ് ഉരുത്തിരിച്ച സീയോൻ മുണ്ടി എന്ന ഇനവും ഏറെ പ്രശസ്തം. പിതാവിന്റെ കാലശേഷം കൃഷിയുടെ ചുമതല ഏറ്റെടുത്ത ജയ്സൺ ഇവയെല്ലാം സംരക്ഷിക്കുക മാത്രമല്ല, കൂടുതൽ വിളവൈവിധ്യങ്ങളിലേക്കു തിരിയുകയും ചെയ്തു.

jaison-tuber-crops-2

വ്യത്യസ്തമായ കിഴങ്ങുവിളകൾ കണ്ടെത്തി സ്വന്തം കൃഷിയിടത്തിൽ അവ നട്ടുവളർത്തി സംരക്ഷിക്കുന്നതിലാണു ജയ്സണിന്റെ താൽപര്യം. ഇക്കാര്യത്തിൽ തിരുവന്തപുരത്തെ രാജിവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി(ആർജിസിബി)യുടെ പിന്തുണയും ജയ്സണു ലഭിക്കുന്നു. പ്രധാനമായും 16 കാച്ചിലിനങ്ങളാണ് ഇവിടെ പരീക്ഷിക്കുന്നത്. അക്കൂട്ടത്തിൽ, സംസ്ഥാനത്തെ വിവിധ കൃഷിയിടങ്ങളിൽനിന്നു ശേഖരിച്ചതും സംരക്ഷണ പ്രവർത്തനങ്ങൾക്കായി ആർജിസിബി ഏൽപിച്ചതുമുണ്ട്. ഒരോന്നും ഒരോ രീതിയിൽ വ്യത്യസ്തമെന്നു ജയ്സൺ. പോഷകമേന്മകളും ഔഷധമേന്മകളുമുള്ളവയുണ്ട് അക്കൂട്ടത്തിൽ. ഓറഞ്ച് കാച്ചിൽ, മഞ്ഞകലർന്ന നീലക്കാച്ചിൽ, മലപ്പുറം തൂണൻ, ആദിവാസി ഉരുളൻ, നീണ്ടി, ചോരക്കാച്ചിൽ, നീലക്കാച്ചിൽ, കല്ലൻകാച്ചിൽ, വെള്ളക്കാച്ചിൽ, കടുവാക്കയ്യൻ എന്നിങ്ങനെ നീളുന്നു കാച്ചിൽപേരുകൾ. മറ്റു കിഴങ്ങിനങ്ങളുടെയും വിപുലമായ ശേഖരമുണ്ടിവിടെ. നൂറാൻ, മാന്തൽ, മുള്ളൻകിഴങ്ങ് എന്നിങ്ങനെ ഒട്ടേറെ. ഇവയിൽ മുള്ളൻകിഴങ്ങുപോലെ പലതും അതീവ രുചികരമെന്നും ജയ്സൺ പറയുന്നു. കുരുമുളകും കാപ്പിയും ജാതിയും മുഖ്യ വരുമാനമാർഗമായുള്ള ഈ കൃഷിയിടത്തിൽ പാരമ്പര്യ കിഴങ്ങുവിളകൾക്കു കൂടി ഇടം നൽകി ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിൽ ജയ്സണും പങ്കുചേരുന്നു.

ഫോൺ:  8547962160

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com