ADVERTISEMENT

മുളപ്പിച്ച വിത്തുകൾ ആഹാരത്തിന്റെ ഭാഗമാക്കുന്നതു പുതിയ കാര്യമല്ല. ചെറുപയറുൾപ്പെടെ മുളപ്പിച്ച ധാന്യങ്ങൾ പായ്ക്ക് ചെയ്ത് ബ്രാൻഡ് ചെയ്ത് സൂപ്പർ മാർക്കറ്റിലും മറ്റും ലഭ്യവുമാണ്. ഈ മുളകളെ ആറോ ഏഴോ ദിവസം കൂടി വളരാൻ അനുവദിച്ചാൽ അതു മൈക്രോഗ്രീൻസായി. പോഷകഗുണത്തിന്റെ കാര്യത്തിൽ മുളപ്പിച്ച ധാന്യങ്ങളെക്കാൾ മുന്നിട്ടു നിൽക്കും രണ്ടില പ്രായമെത്തിയ ഈ ഇത്തിരിപ്പച്ചകൾ. വൈറ്റമിനുകൾ, ധാതുക്കൾ, മാംസ്യം എന്നിവയാല്‍ സമ്പന്നം. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ ഉത്തമം. പോഷകമേന്മയുണ്ടെന്നു കരുതി അധികമായി കഴിക്കേണ്ടതുമില്ല. ദിവസം 20–25 ഗ്രാം കഴിക്കാം. സാലഡ് ആയും പഴങ്ങൾക്കൊപ്പം ചേർത്ത് ജൂസായുമാണ്  മിക്കവരും മൈക്രോഗ്രീൻസ് കഴിക്കുന്നത്.  

മൈക്രോഗ്രീൻസിനെക്കുറിച്ച് അറിയുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും അതൊരു സംരംഭമായി നമ്മുടെ നാട്ടിൽ ഇനിയും പ്രചാരം നേടിയിട്ടില്ല. നഗരങ്ങളിൽ ഒന്നും രണ്ടും മാത്രമായി ഒതുങ്ങി നിന്നിരുന്ന ഈ ചെറു സംരംഭം, പക്ഷേ കോവിഡിനുശേഷം മെച്ചപ്പെട്ട വളർച്ചയാണു കാണിക്കുന്നത്. നഗരങ്ങളിലാണ് മൈക്രോഗ്രീൻസിന് ആവശ്യക്കാർ കൂടുതലെങ്കിലും അവബോധം വർധിക്കുന്നതിന് അനുസൃതമായി നാട്ടിൻപുറങ്ങളിലും ആവശ്യക്കാരുണ്ട്. മണ്ണും വളവുമൊന്നും ആവശ്യമില്ലാത്ത കൃഷിയായതിനാൽ വീട്ടാവശ്യത്തിനു മൈക്രോഗ്രീൻസ് വളർത്തിയെടുക്കുക എളുപ്പമാണ്. എന്നാൽ, ചെറുപയർപോലെ ഒന്നോ രണ്ടോ ഇനങ്ങൾ മാത്രമേ സാധാരണ താപനിലയിൽ നന്നായി വളരൂ. ഒരിനം മാത്രം ആവർത്തിച്ചു കഴിക്കുന്നത് മടുപ്പിക്കുകയും ചെയ്യും. മൈക്രോഗ്രീൻസ് ഉൽപാദനം സംരംഭമായി വളരുന്നത് ഈ സാഹചര്യ ത്തിലാണ്. ശീതീകരിച്ച മുറിയിൽ സ്റ്റാൻഡുകളും ട്രേകളും വെളിച്ചവും ക്രമീകരിച്ചാൽ സംരംഭത്തിനുള്ള സന്നാഹങ്ങളായി. എന്നാൽ, ഉൽപാദനമല്ല വിപണി കണ്ടെത്തലാണു വെല്ലുവിളി. നിലവിൽ നഗരങ്ങളിലാണ് ഉപഭോക്താക്കൾ ഏറെ. ഇവരിലേക്ക് എത്താനായാൽ വർഷം മുഴുവൻ വരുമാനം നേടാവുന്ന സംരംഭമാണു മൈക്രോഗ്രീൻസെന്ന് തിരുവനന്തപുരം ഗൗരീശപട്ടത്തുള്ള യമുന പറയുന്നു. കെഎസ്ബിയിൽനിന്ന് സീനിയർ സൂപ്രണ്ടായി കഴിഞ്ഞ വർഷം വിരമിച്ച യമുനയുടെ വീട്ടിലെ ഒരു മുറിയിൽനിന്ന് ഒട്ടേറെ ഇനം മൈക്രോഗ്രീൻസാണ് നിത്യവും വിളവെടുക്കുന്നത്. 

yamuna-micro-greens-4

ഇരുപതിലേറെ വർഷം മുൻപ് ഗൗരീശപട്ടത്തു വീടു വയ്ക്കുന്ന കാലം മുതൽ ടെറസിൽ അടുക്കളത്തോട്ടമുണ്ടെന്നു യമുന. ഉദ്യോഗത്തിനൊപ്പം കൃഷിയും തുടർന്നു. പ്രഷറും തൈറോയ്ഡുംപോലുള്ള ആരോഗ്യ പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയതോടെ മൈക്രോഗ്രീൻസിലേക്കു കൂടി തിരിഞ്ഞു. ചെറുപയറിലാണു തുടക്കം. ക്രമേണ പച്ചക്കറി, സൂര്യകാന്തി തുടങ്ങിയ വിത്തുകളിലെത്തി. മൈക്രോഗ്രീൻസ് നിത്യാഹാരത്തിന്റെ ഭാഗമായതോടെ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസമായിത്തുടങ്ങി. ജോലിയിൽനിന്നു വിരമിച്ച് ഇഷ്ടം പോലെ സമയം ലഭ്യമായതോടെ തൊഴിൽരംഗത്ത് രണ്ടാം ഇന്നിങ്സ് എന്ന നിലയിൽ മൈക്രോ ഗ്രീൻസ് സംരംഭത്തിനു തുടക്കമിട്ടു.  വരുമാനത്തിലുപരി ഈ ആരോഗ്യവിഭവത്തെക്കുറിച്ച് കൂടുതൽ ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് യമുന. 

ഇനങ്ങൾ ഒട്ടേറെ

മൈക്രോഗ്രീൻസിനായി ഉപയോഗിക്കുന്ന വിത്തുകളുടെ ഗുണമേന്മ പ്രധാനമാണ്. സ്വാഭാവിക പരാഗണ ത്തിലൂടെ ലഭ്യമായ ‘മൈക്രോഗ്രീൻസ് സീഡ്സ്’ ഇന്ന് ഓൺലൈൻ വിപണിയില്‍നിന്നടക്കം വാങ്ങാമെന്നു യമുന. ചെറുപയറിലാണു തുടക്കമെങ്കിലും പിന്നീട് അധിക പോഷകമേന്മകൾ കണക്കിലെടുത്ത് ശീതകാല ഇനങ്ങൾ ഉൾപ്പെടെയുള്ള പച്ചക്കറികളിലേക്കു തിരിഞ്ഞു. റാഡിഷ്, ബീറ്റ്റൂട്ട്,  കാബേജ്, കോളി ഫ്ലവർ, ബേസിൽ, കാരറ്റ്, അൽഫാൽഫ, ബ്രോക്കളി എന്നിവയുടെയല്ലാം  മൈക്രോഗ്രീൻസ് ഒരുക്കുന്നു. വീറ്റ്ഗ്രാസ്, സൺഫ്ലവർ, ഉലുവ, കടുക് എന്നിവയുമുണ്ട്. ശീതീകരിച്ച മുറിയിൽ 5 തട്ടുകളുള്ള 3 സ്റ്റാൻഡുകൾ ക്രമീകരിച്ചാണു കൃഷി. 

yamuna-micro-greens-2
3 ട്രേകൾ

മൈക്രോഗ്രീൻസ് വളർത്താൻ പലരും പല മാർഗങ്ങളാണു സ്വീകരിക്കുക. ചകിരിച്ചോർ മാധ്യമത്തിലാണ് യമുനയുടെ കൃഷി. മൂന്നു ട്രേകൾ അടങ്ങുന്നതാണ് ഒരു മൈക്രോഗ്രീൻസ് കൃഷിയിടം. അടിയിലൊരു ട്രേ, അതിലേക്ക് പകുതി ഇറങ്ങിയിരിക്കുന്ന മറ്റൊരു ട്രേ, മുകളിൽ മൂടിയായി മുന്നാമത്തേത്. നടുവിലെ ട്രേ മാത്രം ദ്വാരങ്ങളുള്ളതാണ്. അതിൽ ചകിരിച്ചോർ നിരത്തി, വിത്തിട്ട് വെള്ളം തളിച്ചു മൂടിവച്ച് മുകളിൽ ചെറിയ ഭാരം കയറ്റി വയ്ക്കുന്നു. അടുത്ത 3–4 ദിവസങ്ങളിൽ മൂടി തുറന്നു വെള്ളം തളിക്കണം. നടുവിലെ ട്രേയിലെ ദ്വാരത്തിലൂടെ വേരുകൾ താഴേയ്ക്കു നീണ്ടു തുടങ്ങുന്നതോടെ അടിയിലെ ട്രേയിൽ വെള്ളം ഒഴിച്ചു നൽകുന്നു. ഒപ്പം മുളച്ച വിത്തുകൾക്കു വളരാനായി മൂടി നീക്കിയ ട്രേ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിനടിയിൽ ക്രമീകരിക്കുന്നു. 

ആദായപ്പച്ച

സംരംഭം എന്ന നിലയിൽ തുടങ്ങുമ്പോൾ കൃഷിയിൽ വൈവിധ്യം ആവശ്യമെന്ന് യമുന. പോഷകമേന്മയേറിയ പച്ചക്കറി ഇനങ്ങൾതന്നെ തിരഞ്ഞെടുക്കണം. ഒറ്റയൊറ്റ ഇനങ്ങൾക്കു പകരം പല ഇനങ്ങൾ ഒരുമിച്ച് ഒരു പായ്ക്ക് ആയി നൽകുന്നതാണ് ഉപഭോക്താക്കൾക്കു താൽപര്യം. ഓരോന്നിനും വ്യത്യസ്ത പോഷകമേന്മകളുണ്ടല്ലോ. ഒപ്പം, ചിലതിന്റെ എരിവും അരുചിയുമൊക്കെ മറ്റു ചിലതിലൂടെ മറികടക്കുകയും ചെയ്യാം. 60 ഗ്രാമിന്റെ പായ്ക്കിന് 150 രൂപ വിലയിട്ടാണ് വിൽപന. 

yamuna-micro-greens-3

വെള്ളവും വെളിച്ചവും സ്വീകരിച്ചു വളരുന്ന ഈ മൈക്രോഗ്രീൻസ് ഇനങ്ങൾ പലതിനും വിളവെടുപ്പുകാലം പലതാണ്. ബീറ്റ്റൂട്ട് പോലെ മുള വരാൻതന്നെ 3–4 ദിവസമെടുക്കുന്നവയുടെ കാര്യത്തിൽ വിളവെടുപ്പെത്താൻ 14 ദിവസം വേണ്ടിവരും. അതേസമയം വിത്തിട്ട് 6–7 ദിവസംകൊണ്ട് റാഡിഷ് വിളവെടുപ്പിനു പാകമാകും. വിത്തിന്റെ പത്തിരട്ടി വിളവ് എന്നാണു കണക്ക്. അതായത്, 20 ഗ്രാം വിത്തിട്ടാൽ 200 ഗ്രാം മൈക്രോഗ്രീൻസ് ലഭിക്കും. വേരിനു മുകളിൽ വച്ച് അരിഞ്ഞെടുത്ത് പുതുമയോടെ തന്നെ പായ്ക്ക് ചെയ്ത് വിപണിയിലേക്ക് അയയ്ക്കാം. സുഹൃത്തുക്കളും പരിചയക്കാരും ഏതാനും കടകളും ഉൾപ്പെടെ ചെറിയൊരു ഉപഭോക്തൃസംഘത്തിലാണ് നിലവിൽ വിൽപനയെങ്കിലും ആവശ്യക്കാർ വർധിക്കുന്നതിന് അനുസൃതമായി വിപണിയും വിശാലമാക്കാനുള്ള ഒരുക്കത്തിലാണ് യമുന.

ഫോൺ: 9447210876

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com