ദിവസവും 5 കിലോ വിളവ്; വരുമാനം 1750 രൂപ; കുറഞ്ഞ ചെലവിൽ കൂണിലൂടെ നിത്യവരുമാനം നേടി വീട്ടമ്മ
Mail This Article
കൂണിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആർക്കും സംശയമില്ല. അതിന്റെ സവിശേഷമായ രുചിയും ഇഷ്ടപ്പെടുന്നവരാണ് നല്ല പങ്കും. എന്നിട്ടുമെന്താണ് കടയിൽനിന്നു കൂണു വാങ്ങാൻ പലരും മടിക്കുന്നത്. ഒറ്റക്കാരണമേയുള്ളൂ; പഴകിയോ എന്ന പേടി. എന്നാൽ, കൂൺകർഷകർ എല്ലാവരും ഇക്കാര്യത്തിൽ തികഞ്ഞ ഉത്തരവാദിത്തമുള്ളവരെന്നു പറയുന്നു കൂൺകർഷക അനിത ജലീൽ. ശരിയായ രീതിയിൽ വിളവെടുത്ത്, മികച്ച രീതിയിൽ പായ്ക്ക് ചെയ്ത് സൂക്ഷിപ്പുകാലം രേഖപ്പെടുത്തിത്തന്നെയാണ് കൂൺവിൽപന. വിൽക്കാതെ ശേഷിക്കുന്ന പായ്ക്കറ്റുകൾ വിപണിയിൽനിന്നു പിൻവലിക്കാനും മടിയില്ല. അതുകൊണ്ടുതന്നെ അനാവശ്യമായ പേടികൊണ്ട് മികച്ച ഗുണങ്ങളുള്ള ഈ ഭക്ഷ്യവിഭവത്തെ ഒഴിവാക്കരുതെന്ന് ഓർമിപ്പിക്കുന്നു എറണാകുളം ജില്ലയിലെ ഓടക്കാലി സ്വദേശി അനിത.
കോവിഡ് കാലം കഴിഞ്ഞതോടെ കൂൺവിപണി വീണ്ടും മികച്ച വളർച്ചയിലാണ്. എന്നാല്‍, കൂണിന്റെ ആരോഗ്യഗുണങ്ങൾ തിരിച്ചറിയാത്തവർ ഇന്നും ഒട്ടേറെയുണ്ട്. ഉപഭോക്താക്കൾ വർധിക്കുന്നതോടെ കൂടുതൽ കർഷകർക്കു നേട്ടമുണ്ടാക്കാനാകുമെന്നും അനിത പറയുന്നു. എന്‍ജിനീയറിങ് മേഖലയിൽ ജോലി ചെയ്തിരുന്ന അനിത ഭിന്നശേഷിക്കാരനായ മകൻ ജെറിക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതിനാൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. വിമുക്തഭടനായ ഭർത്താവ് ജലീലിനും മകനുമൊപ്പം ഓടക്കാലിയിൽ സ്ഥിരതാമസമാക്കിയതോടെ കൂൺകൃഷി, വിത്തുൽപാദനം, പരിശീലനം എന്നിവയെല്ലാമായി മുഴുവൻ സമയ സംരംഭകയാണ്. ജെറി മഷ്റൂം എന്ന പേരിൽ ബ്രാൻഡ് ചെയ്തു മുന്നേറുന്ന സംരംഭത്തില്‍ ജെറിയും സജീവം. ആഴ്ചയിൽ 75–100 ബെഡുകൾ നിർമിച്ച് ബാച്ചുകളായി ഉൽപാദനം ക്രമീകരിച്ചിരിക്കുന്നു. ദിവസം 5 മുതൽ 10 കിലോ വരെയെത്തും വിളവെടുപ്പ്. കൂണിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്.
ഹൈടെക് യൂണിറ്റ് ഉൾപ്പെടെ 2 കൂൺപുരകളിലാണ് കൃഷി. 288 ചതുരശ്ര അടി വലുപ്പമുള്ള ഹൈടെക് കൂൺപുരയിൽ 700 ബെഡുകൾവരെ ക്രമീകരിക്കാം. 1000 ബെഡുകൾ പരിപാലിക്കാവുന്നതാണു മറ്റൊരു കൂൺപുര. ഈർപ്പവും താപനിലയും ക്രമീകരിക്കാൻ സ്വയം നിയന്ത്രിത സംവിധാനമുള്ളതാണ് ഹൈടെക് കൂൺപുര. ഫാൻ ആൻഡ് പാഡ് സംവിധാനമാണ് ഇതിൽ ഉപയോഗിക്കുന്നത്. കൂൺപുരയുടെ ഉള്ളിലെ ഒരു വശത്തെ ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന പാഡിലൂടെ നിരന്തരം തണുത്ത ജലം പ്രവഹിക്കുന്നു. അതു സൃഷ്ടിക്കുന്ന തണുപ്പും ഈർപ്പവും എതിർവശത്തു ഘടിപ്പിച്ചിരിക്കുന്ന എക്സോസ്റ്റ് ഫാൻ വലിച്ചെടുത്ത് കൂൺപുരയിൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു. കൂൺബെഡുകൾ നിത്യേന മൂന്നു നേരം നനയ്ക്കുന്ന അധ്വാനം അതുവഴി ഒഴിവാകുന്നു.
ചെലവു കുറയ്ക്കാൻ അറക്കപ്പൊടി
കേരളത്തിന്റെ കാലാവസ്ഥയിൽ ചിപ്പിക്കൂൺകൃഷി മികച്ച ഉൽപാദനം നൽകുന്നുണ്ട്. 20-30 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവിലാണ് ചിപ്പിക്കൂൺ നല്ല വിളവു തരുന്നത്. ജൂൺ മുതൽ ഡിസംബർ വരെ കാലയളവാണ് കൃഷിക്കു കൂടുതൽ യോജ്യമെങ്കിലും അനുകൂല സൗകര്യങ്ങളൊരുക്കി വർഷം മുഴുവൻ കൃഷി ചെയ്യാം. കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാവുന്ന വിള കൂടിയാണ് ചിപ്പിക്കൂൺ. പൊതുവേ ഉപയോഗിക്കുന്ന വളർച്ചാമാധ്യമം വൈക്കോലാണ്. എന്നാൽ, അനിത ഉപയോഗിക്കുന്നത് അറക്കപ്പൊടിയാണ്. എല്ലാ മരത്തിന്റെയും പൊടി കൂൺകൃഷിക്കു പറ്റില്ല. റബർപോലുള്ള ലഘുവൃക്ഷങ്ങളുടെ പൊടിയാണു നന്ന്. പ്ലൈവുഡ് കമ്പനികൾ ഏറെയുള്ള പെരുമ്പാവൂരിൽ വൈക്കോലിനേക്കാൾ കുറഞ്ഞ വിലയ്ക്ക് അറക്കപ്പൊടി സുലഭം. വൈക്കോൽബെഡിൽ കൃഷി ചെയ്യുമ്പോൾ 3 തവണയാണ് വിളവു ലഭിക്കുക. അതുതന്നെ ക്രമേണ കൂണിന്റെ വലുപ്പം കുറഞ്ഞു വരും. എന്നാൽ, അറക്കപ്പൊടിബെഡിൽനിന്ന് 5 വട്ടം വിളവെടുക്കാം. അതിൽ ആദ്യ 3 വട്ടവും നല്ല വലുപ്പമുള്ള കൂൺ ലഭിക്കുകയും ചെയ്യും. അറക്കപ്പൊടി പുഴുങ്ങി അണുനാശനം വരുത്തുന്നതെല്ലാം വൈക്കോലിനെപ്പോലെതന്നെ. അതേസമയം, വൈക്കോൽ അമർത്തി നിറയ്ക്കുന്ന ആയാസമില്ല അറക്കപ്പൊടി ബെഡ് തയാറാക്കാൻ. സ്ത്രീകൾക്കും പ്രായമായവർക്കും പോലും ദിവസം കൂടുതൽ ബെഡുകള്‍ നിർമിക്കാനുമാകും. വിളവെടുപ്പുകാലയളവിൽ അറക്കപ്പൊടി ബെഡിൽനിന്ന് ആകെ ഒന്നേകാൽ കിലോയോളം കൂണ്‍ ലഭിക്കും എന്നാൽ വൈക്കോൽ ബെഡിൽനിന്ന് പൊതുവേ ഒരു കിലോയിൽ താഴെയാകും ഉൽപാദനം.
മുടങ്ങില്ല വരുമാനം
ചിപ്പിക്കൂൺകൃഷിയിൽനിന്ന് ഏറ്റവും മികച്ച വിളവു ലഭിക്കുന്നതു മഴക്കാലത്താണ്. മറ്റിനങ്ങളിൽനിന്നെല്ലാം വരുമാനം കുറയുന്ന മഴക്കാലത്ത് ചിപ്പിക്കൂൺ തുണയായി മാറുമെന്ന് അനിത. ആഴ്ചയിൽ 75 ബെഡുകൾ വീതം തയാറാക്കി ഉൽപാദനം ക്രമീകരിച്ചാൽ ദിവസം ശരാശരി 5 കിലോ കൂൺ വിളവെടുക്കാൻ കഴിയും. കിലോയ്ക്കു ശരാശരി 350 രൂപയ്ക്കാണ് കർഷകർ കൂൺ വിൽക്കുന്നത്. തൊഴിലാളികളെ ഉപയോഗിക്കാതെ സ്വന്തമായി അധ്വാനിക്കുന്ന പക്ഷം 500 രൂപ ചെലവു കിഴിച്ചാലും ദിവസം 1,250 രൂപ നേട്ടം. എന്നാൽ, ഈ മെച്ചം ലഭിക്കണമെങ്കിൽ വിപണി മുൻകൂർ ഉറപ്പാക്കണമെന്ന് അനിത. അതത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. 5 കിലോ എന്നു പറയുമ്പോൾ 200 ഗ്രാം വീതം വരുന്ന 25 പാക്കറ്റുകളേ വരൂ. 5 കടകളിൽ 5 പാക്കറ്റുകൾ വീതം വിറ്റഴിക്കാൻ കഴിഞ്ഞാൽ മതി. എന്നിരുന്നാലും 15 കടകളെങ്കിലും കണ്ടെത്തുക. അപ്പോൾ നിശ്ചിത ദിവസങ്ങൾ ഇടവിട്ട് ഓരോ കടയിലും കൊടുക്കാനാകും. നിലവിൽ ചിലയിടങ്ങളിലെങ്കിലും കർഷകർക്കു മത്സരിച്ചു വിൽക്കേണ്ടി വരുന്നുണ്ട്. എന്നാല്‍, അത് കൂണിന്റെ പേരും പെരുമയും വളർത്തുമെന്നും വിപണി വിശാലമാകാൻ ഉപകരിക്കുമെന്നും അനിത പറയുന്നു.
റെഡി ടു ഹാർവസ്റ്റ്
പായ്ക്ക് ചെയ്ത കൂൺ വാങ്ങാൻ ഇപ്പോഴും മടിയുള്ളവരുണ്ടാകും. അവരെ ആകർഷിക്കാൻ റെഡി ടു ഹാർവസ്റ്റ് കൂൺ ബെഡുകൾക്കു കഴിയുമെന്ന് അനിത. 21 ദിവസത്തെ ഇരുട്ടുമുറിക്കാലം പൂർത്തിയാക്കി ഉൽപാദനത്തിനു സജ്ജമായ റെഡി ടു ഹാർവസ്റ്റ് കൂൺബെഡുകൾ അനിത വിൽക്കുന്നുണ്ട്. വാങ്ങി വീട്ടിലെത്തിച്ച് മഴയും വെയിലും ഏൽക്കാത്ത എവിടെയെങ്കിലും കെട്ടിത്തൂക്കിയാൽ മതി. ഈച്ചയോ മറ്റു കീടങ്ങളോ ആക്രമിക്കാതെ ഒരു വല കൂടി ഇടുക. ദിവസവും 2–3 വട്ടം വെള്ളം തളിക്കുക. ആഴ്ചകളോളം വീട്ടാവശ്യത്തിനു ഫ്രഷ് കൂൺ വിളവെടുക്കാം. 150 രൂപയാണ് ഇത്തരമൊരു ബെഡിന് അനിത ഈടാക്കുന്നത്. നിത്യവും ജോലിക്കു പോകുന്നവരാണ് ആവശ്യക്കാർ.
ഫോൺ: 6238305388