ADVERTISEMENT

‘‘കാലങ്ങളായി ഇവിടെയുള്ള ഒന്നല്ല ജൈവവിപണി. നമ്മൾ പറഞ്ഞും പ്രചരിപ്പിച്ചും വളർത്തിയെടുക്കേണ്ട ഒന്നാണ്. അതിന്റേതായ അധ്വാനം ഈ ഘട്ടത്തിലുണ്ട്. ഇനിയങ്ങോട്ട് ആ അധ്വാനം കുറഞ്ഞു വരും. കാരണം ജൈവോൽപന്നങ്ങളെക്കുറിച്ചും ആരോഗ്യഭക്ഷണത്തെക്കുറിച്ചും ആളുകളിലിന്ന് അവബോധം വർധിച്ചിട്ടുണ്ട്’’, പാലക്കാട് മുതലമടയിലെ മാന്തോട്ടത്തിലൂടെ നടന്ന് ജൈവകർഷകനും സംരംഭകനുമായ തൃശൂർ ചേർപ് സ്വദേശി അജിയുടെ വാക്കുകൾ. 

ദീർഘവർഷങ്ങൾ നിർമാണ മേഖലയിലും റിയൽ എസ്റ്റേറ്റ് രംഗത്തും പ്രവർത്തിച്ച അജി അക്കാലത്തും കൃഷിയെ കൂടെക്കൂട്ടിയിരുന്നു. 2018ൽ പക്ഷേ ഇതര മേഖലകൾ വിട്ട് പൂർണമായും ജൈവകൃഷിയിലേക്കും ജൈവകാർഷിക സംരംഭത്തിലേക്കും തിരിഞ്ഞു. ആദ്യഘട്ടമായി പാലക്കാട് മുതലമടയിലുള്ള മീങ്കര ക്ഷീരസംഘത്തിന്റെ 32 ഏക്കർ കൃഷിയിടം പാട്ടത്തിനെടുത്ത് സർഗ ഫാം എന്ന പേരിൽ ജൈവകൃഷി തുടങ്ങി. മാവും തെങ്ങും നെല്ലും മാത്രമുണ്ടായിരുന്ന കൃഷിയിടത്തിൽ ഇടവിളയായി വിവിധയിനം പച്ചക്കറികൾ, പപ്പായ തുടങ്ങിയവ കൃഷി ചെയ്തു. ഒപ്പം തൃശൂർ അടാട്ട് പ്രദേശത്തെ ജൈവകൃഷിക്കാരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങാൻ ധാരണയിലെത്തി. അടാട്ടുള്ള ജൈവ നെൽക്കർഷകനായ ബൈജു ചിറ്റിലപ്പള്ളിയുമായി ചേർന്ന് ജൈവ അരിയും വിപണിയിലെത്തിച്ചു. ഇരുവരും ചേർന്ന് ഇരുപതോളം പശുക്കളുള്ള ഡെയറിഫാമും ആട്, നാടൻകോഴി വളർത്തലുമുണ്ട്. പാട്ടത്തിനുള്ള 32 ഏക്കറിനൊപ്പം മുതലമടയിൽ സ്വന്തമായി വാങ്ങിയ 12 ഏക്കർ സ്ഥലം ജൈവകൃഷിയിടമായി വികസിപ്പിക്കുക കൂടിയാണ് അജി ഇപ്പോൾ. ഇതിനെല്ലാം പുറമേ, സ്വന്തം കൃഷിയിൽ പ്രയോഗിച്ചു ബോധ്യപ്പെട്ട ജൈവവളങ്ങളുടെ വിപണനവുമുണ്ട്.

aji-organic-farm-4

നഗരവിപണി

തൃശൂർ നഗരത്തിലാണ് അജിയുടെ ഉപഭോക്താക്കളിൽ നല്ല പങ്കുമുള്ളത്. അവരെയെല്ലാം ചേർത്തുള്ള വാട്സാപ് ഗ്രൂപ്പുകളാണ് അജിയുടെ ‘വിപണി’. ഫാമിലെ വാഴക്കുടപ്പൻ മുതൽ കറിവേപ്പില വരെയുള്ള എല്ലാ ഉൽപന്നങ്ങളുടെയും വിവരം ഗ്രൂപ്പിലിടുന്നു. അവശ്യപ്പെടുന്നവർക്കു വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നു. കൈവശമുള്ള ഉപഭോക്താക്കളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് അജിയുടെ പച്ചക്കറിക്കൃഷി. ഒരിനം ഒരു സമയം 5–10 സെന്റിൽ മാത്രമെ ഉൽപാദിപ്പിക്കൂ. അങ്ങനെ 32 ഏക്കറിൽ പല ഭാഗങ്ങളിലായി ചെറു പച്ചക്കറിത്തോട്ടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. 50 മുതൽ 70 രൂപ വരെയാണ് ഓരോ പച്ചക്കറിക്കും വില നിശ്ചയിച്ചിരിക്കുന്നത്. വർഷത്തിലൊരിക്കൽ മാത്രമാണ് വില പുതുക്കുക. വിപണിയിൽ വില കൂടിയാലും കുറഞ്ഞാലും ഈ വിലയിൽ മാറ്റവുമുണ്ടാകില്ല. സ്ഥിരം ഉപഭോക്താക്കളായതിനാൽ  ഫാമിൽ വിളയുന്ന എന്തും അവർക്കു വിൽക്കാൻ കഴിയുമെന്ന് അജി. പഴങ്ങളും പച്ചക്കറികളും മാത്രമല്ല ഉണ്ണിപ്പിണ്ടിയും വാഴക്കുടപ്പനുമെല്ലാം അവർക്കു താൽപര്യം. തെര, പൾപ്, ഹൽവ, അച്ചാർ, ഡ്രൈഡ് മാംഗോ എന്നിങ്ങനെ ജൈവമാമ്പഴത്തിൽനിന്ന് 8 മൂല്യവർധിത ഉൽപന്നങ്ങളാണ് അജി ഉപഭോക്താക്കളിലെത്തിക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി കാമ്പസിലുള്ള മൂല്യവർധന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഉൽപന്ന നിർമാണം. 

പന്നിയെ തുരത്താൻ

കാട്ടുപന്നിയും മയിലും ഉൾപ്പെടെയുള്ള വന്യജീവിശല്യമുള്ള കൃഷിയിടമാണ് അജിയുടേത്. കൃഷിയിടത്തിന്റെ പല ഭാഗങ്ങളിലായി പത്തും ഇരുപതുമൊക്കെ സെന്റിലായാണ് അജി പച്ചക്കറികളും വാഴയുമെല്ലാം കൃഷി ചെയ്യുന്നത്. ഇങ്ങനെയുള്ള ഓരോ പ്ലോട്ടിനും ഒരു മീറ്റർ മാത്രം ഉയരത്തിൽ കറുത്ത വീഡ് ഷീറ്റുകൊണ്ട് അതിൽവേലി നൽകിയിട്ടുണ്ട്. ഈ രീതിയിൽ ചെയ്യുമ്പോൾ പന്നി അതിനകത്തു കയറുന്നില്ല എന്നാണ് അജിയുടെ അനുഭവം. വല്ലപ്പോഴും പറന്നിറങ്ങുന്നതല്ലാതെ മയിലും കാര്യമായ ശല്യം ചെയ്യുന്നില്ല.  

aji-organic-farm-3

വെളിച്ചെണ്ണ 3 രീതിയിൽ വിൽക്കുന്നു. പച്ചത്തേങ്ങയിൽനിന്നുള്ള വെന്തവെളിച്ചണ്ണ, വെട്ടിയുണക്കി കൊപ്രയാക്കി ആട്ടിയെടുക്കുന്ന സാധാരണ വെളിച്ചെണ്ണ എന്നിവ ആദ്യ രണ്ടിനങ്ങൾ. മാസങ്ങൾകൊണ്ടു തനിയെ വെള്ളം വറ്റിയ ഉണക്കത്തേങ്ങയുടെ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചണ്ണയാണു മൂന്നാമത്തേത്. അതിനു മണവും ഗുണവും വിലയും കൂടുതലെന്ന് അജി. പൊടിയാക്കിയാണ് മഞ്ഞൾവിൽപന. ചെറിയ കുടുംബങ്ങൾക്കു വലിയ വാഴക്കുല ആവശ്യമുണ്ടാവില്ല. 8–10 കിലോയിൽ ഒതുങ്ങുന്ന മഞ്ചേരിക്കുള്ളൻ നേന്ത്രൻ അവർക്കായി കൃഷി ചെയ്യുന്നു. പപ്പായയ്ക്കും മികച്ച ഡിമാൻഡുണ്ട്. 40–50 പപ്പായയാണ് കൃഷി ചെയ്യുക. അതിൽനിന്നുള്ള പഴവും പഴം കൊണ്ടുള്ള ജാമും വിൽപനയ്ക്കുണ്ട്. 

aji-organic-farm-2

ഇതര ജൈവകർഷകർക്കായി സ്വന്തമായി ഉൽപാദിപ്പിക്കുന്നതും പ്രമുഖ ബ്രാൻഡുകളുടേതുമായ ജീവാണുവളങ്ങളും പോഷകങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. ജൈവകൃഷിയെന്നാൽ പോഷകങ്ങളൊന്നും ചേർക്കാതെയുള്ള അലസമായ കൃഷിരീതിയല്ലെന്ന് അജി പറയുന്നു. ഓരോ പ്രദേശത്തെയും മണ്ണിനു യോജിക്കുന്ന ജൈവവളക്കൂട്ടുകളും ജീവാണുക്കളും ചേർന്ന ശാസ്ത്രീയ കൃഷിരീതി അനുവർത്തിക്കുമ്പോൾ ഉൽപാദനവും വർധിക്കും. കക്ക നീറ്റി തയാറാക്കുന്ന കുമ്മായത്തെക്കാൾ മണ്ണിനു യോജിക്കുക പച്ചക്കക്ക പൊടിച്ചതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കക്ക പൊടിച്ചു വിൽക്കുന്ന യൂണിറ്റ് ആരംഭിച്ചതെന്നും അജി. ജൈവക്കൃഷി നഷ്ടമെങ്കിൽ ഇത്രയും വർഷമതിൽ ഉറച്ചു നിൽക്കില്ലായിരുന്നെന്നും ഈ കർഷകൻ പറയുന്നു. ഓരോ വർഷവും ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു വരുകയാണ്. അതിന് അനസൃതമായി കൃഷിയിടവും വിസ്തൃതമാക്കുന്നു.

ഫോൺ: 7511109181

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com