2 ബീജ പത്രങ്ങളും 2 കുഞ്ഞിലകളും ചേർന്ന ചെടി; യഥാർഥ ‘മൈക്രോഗ്രീൻ സീഡ്സ്’ തിരഞ്ഞെടുക്കേണ്ട വഴികൾ
Mail This Article
ആരോഗ്യാഹാരരംഗത്തെ അദ്ഭുതപച്ചകളാണ് മൈക്രോഗ്രീനുകൾ. മുളപ്പിച്ചെടുത്ത ചെറുപയറും മറ്റു ധാന്യങ്ങളും നമ്മൾ കഴിക്കാറുണ്ടല്ലോ. ഇവയെ നാലോ അഞ്ചോ ദിവസം കൂടി വളരാനനുവദിച്ചാൽ രണ്ടു കുഞ്ഞിലകൾ കൂടി വളർന്നു ചെറിയ ഒരു ചെടിയായി രൂപാന്തരപ്പെടും. അതായത് 2 ബീജ പത്രങ്ങളും 2 കുഞ്ഞിലകളും ചേർന്ന ചെടിയാണ് മൈക്രോഗ്രീൻ. മൈക്രോഗ്രീനിന്റെ യഥാർഥ ഗുണം കിട്ടണമെങ്കിൽ ഈ പരുവത്തിൽ തന്നെ പറിച്ചെടുത്ത് ഉപയോഗിക്കണം.
വിത്തുഗുണം പത്തുഗുണം
പച്ചയായി കഴിക്കുന്ന മൈക്രോഗ്രീൻ വിത്തുകളുടെ തിരഞ്ഞെടുപ്പിൽ അതീവ ശ്രദ്ധ വേണം. ഇതിനായി ‘മൈക്രോഗ്രീൻ സീഡ്സ്’ വിപണിയിൽ ലഭ്യമാണ്. 150ൽപരം മൈക്രോഗ്രീൻ ഇനങ്ങൾ ഉണ്ട്. ജനിതകമാറ്റം വരുത്താത്തതും സ്വാഭാവിക പരാഗണം നടന്നതും മറ്റു പ്രത്യേക പരിചരണമൊന്നും നൽകാത്തതുമായ വിത്തുകളാണ് മൈക്രോഗ്രീൻ സീഡ്സ് ആയി ഉപയോഗിക്കുന്നത്.
അനുയോജ്യ വിളകൾ
റാഡിഷ്, സ്പിനാച്ച്, ബീറ്റ്റൂട്ട്, സൺഫ്ലവർ, പാക്ചോയി, ഗ്രീൻ മസ്റ്റാർഡ്, യെലോ മസ്റ്റാർഡ്, ഫ്ളാക്സ് സീഡ്, സൂര്യകാന്തി, ചീര, കോൾറാബി, അറുഗുള റോക്കറ്റ്, ചോളം, ഗ്രീൻപീസ് തുടങ്ങി രുചിയിലും രൂപത്തിലും വൈവിധ്യം നിറഞ്ഞ മൈക്രോഗ്രീൻ ശ്രേണി വളർത്തിയെടുക്കാം. വീട്ടാവശ്യത്തിനും വാണിജ്യാടി സ്ഥാനത്തിലും മൈക്രോ ഗ്രീൻ വളർത്താം.
വീട്ടാവശ്യത്തിന്
വീട്ടാവശ്യത്തിന് ട്രേകളിൽ കുതിർത്ത ടിഷ്യു പേപ്പറിലോ കയർപിത്ത് മാധ്യമം ആക്കിയോ വിത്തുകൾ പാകി മൈക്രോ ഗ്രീൻ വളർത്താം. പാകിയശേഷം വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കണം. മാധ്യമത്തിലെ നനവു പോകാതെ ശ്രദ്ധിക്കുകയും വേണം.
വാണിജ്യ ആവശ്യത്തിന് ശാസ്ത്രീയമായി സജ്ജീകരിച്ച ഗ്രോ റൂമുകളിൽ നിയന്ത്രിത സാഹചര്യത്തിൽ കൃത്രിമ വെളിച്ചവും ശുദ്ധീകരിച്ച വെള്ളവും വായുസഞ്ചാരവുമൊരുക്കി ആരോഗ്യമുള്ള മൈക്രോഗ്രീൻ വളർത്തിയെടുക്കാം. നല്ല ഗുണനിലവാരമുള്ള ചകിരിച്ചോറാണ് മാധ്യമമായി ഉപയോഗിക്കുന്നത്. റാഡിഷ് 3 ദിവസം കൊണ്ട് മുളയ്ക്കുമെങ്കിൽ ബീറ്റ്റൂട്ടിന് 6 ദിവസം വേണം. സൂര്യകാന്തിക്ക് 6-7 വരെ ദിവസവും കടുക്, പാക്ചോയി എന്നിവയ്ക്ക് 7-8 വരെ ദിവസവും വേണം. ഇനങ്ങൾക്കനുസരിച്ച് 7-10 ദിവസം കൊണ്ട് തൈകൾ വിളവെടുക്കാൻ പാകമാകും. 2-4 ഇഞ്ച് വളർന്നിട്ടുള്ള തൈകൾ മുറിച്ചെടുത്ത് ഉപയോഗിക്കാം. വ്യത്യസ്ത ഇനം മൈക്രോഗ്രീനുകൾക്കു വിപണികളിലും സ്റ്റാർ ഹോട്ടലുകളിലും നല്ല ഡിമാൻഡാണ്. പാകമായ മൈക്രോഗ്രീൻ വിളവെടുത്തു പാക്ക് ചെയ്ത് ആവശ്യക്കാർക്ക് ഫ്രഷായി എത്തിക്കാൻ കഴിയണം. 50, 100 ഗ്രാം പാക്കറ്റുകളിലാക്കുകയാണ് വിൽപനയ്ക്കു സൗകര്യം. സൂക്ഷിപ്പു കാലാവധി കുറഞ്ഞതിനാൽ ഉപഭോക്താക്കൾ ഉണ്ടന്ന് ഉറപ്പുവരുത്തിയ ശേഷമേ വാണിജ്യാടിസ്ഥാനത്തിൽ കൃഷി തുടങ്ങാവൂ.
ഇത്തിരിപ്പച്ചയിൽ ഒത്തിരി ഗുണം
പറഞ്ഞാൽ തീരാത്ത ആരോഗ്യഗുണങ്ങളാണ് ഈ ഇത്തിരിപ്പച്ചകളിൽ ഒളിഞ്ഞിരിക്കുന്നത്. മാംസ്യം, വൈറ്റമിൻ, ധാതുക്കൾ എന്നിവയാൽ സംപുഷ്ടമാണ് മൈക്രോ ഗ്രീൻ. ദിവസേന 25-50 ഗ്രാം മൈക്രോഗ്രീൻ കഴിക്കുന്നത് ഗുണപ്രദമാണ്. ജീവിതശൈലി രോഗങ്ങൾക്കെതിരെ ഫലപ്രദം. തൊലിയിൽ ചുളിവുകൾ വീഴാതെ ചർമത്തെ സംരക്ഷിക്കും. ഹെൽത്ത് ഫുഡുകളായി വിത്തുകൾ കഴിക്കുന്നതിനെക്കാൾ ഫലപ്രദമാണ് അവയുടെ മൈക്രോ ഗ്രീനുകൾ കഴിക്കുന്നത്.
പച്ചക്കറി കഴിക്കാൻ വിമുഖതയുള്ള കുട്ടികൾക്കു നല്ലൊരു പകരക്കാരനാണ്. വേവിക്കാതെ പച്ചയായി വേണം മൈക്രോ ഗ്രീൻ ഉപയോഗിക്കേണ്ടത്. സാലഡുകളിലും കറികളിലും ഉപയോഗി ക്കാം. ആരോഗ്യസം രക്ഷണത്തിലും ഡയറ്റിങ് രീതികളിലുമൊക്കെ പ്രധാന ഘടകമാണ് മൈക്രോഗ്രീനുകൾ. കോസ്മെറ്റിക് രംഗത്തും ഇതിന്റെ പ്രാധാന്യം ഏറുന്നു. മൈക്രോഗ്രീൻ പൗഡറുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ആരോഗ്യാഹാര രംഗത്ത് മൈക്രോഗ്രീനുകൾ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു.