ADVERTISEMENT

പോഷക– ഔഷധ മേന്മകളാൽ സമ്പന്നമാണ് പേരയ്ക്ക. ജന്മദേശം ട്രോപ്പിക്കൽ അമേരിക്ക. ശാസ്ത്രനാമം psidium guajava. പേരയ്ക്കയിൽ വൈറ്റമിൻ സി സമൃദ്ധം. ഒപ്പം,  വൈറ്റമിൻ B6, കാത്സ്യം, മഗ്നീഷ്യം, നാരുകൾ, സോഡിയം, ഇരുമ്പ് എന്നിവയും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും പേരയ്ക്ക ഉത്തമം. പാരമ്പര്യ വൈദ്യത്തിൽ രോഗശമനത്തിനു പേരയില ഉപയോഗിക്കാറുണ്ട്. പേരയുടെ തളിരിലയിട്ടു തിളപ്പിച്ച ചായ പ്രമേഹത്തിന് ഔഷധമാണ്. ഒപ്പം, വയറിളക്കത്തിനും വയറുവേദനയ്ക്കും ഫലപ്രദം. കൊളസ്ട്രോൾ കുറയ്ക്കാനും പേരയിലച്ചായ നന്ന്. പല്ലുവേദന, വായിലെ അൾസർ, മോണയിലെ പഴുപ്പ് എന്നിവ അകറ്റും. മുടികൊഴിച്ചിൽ കുറയ്ക്കും. ഉറക്കമില്ലായ്മ പരിഹരിക്കും.

നടീൽ

ഉഷ്ണമേഖല–അർധ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് പേരയുടെ വളർച്ചയ്ക്ക് ഉത്തമം. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നല്ല നീർവാർച്ചയുള്ള മണൽ കലർന്ന എക്കൽ മണ്ണാണ് ഏറ്റവും യോജ്യം. അമ്ല–ക്ഷാരനില (പിഎച്ച്) 5.5–7. അതിശൈത്യം പേരയ്ക്കു നന്നല്ല. മികച്ച നടീല്‍കാലം ജൂൺ മുതൽ ഓഗസ്റ്റ് വരെ. പതിവച്ചും ഒട്ടിച്ചുമാണ് പുതിയ തൈകൾ ഉൽപാദിപ്പിക്കുന്നത്. സ്ഥലമില്ലാത്തവർക്കു ടെറസിൽ ബാരലുകളിലും മറ്റും നട്ടു വളർത്താം. 

നിലം നന്നായി കിളച്ചൊരുക്കി കളകൾ നീക്കം ചെയ്ത് 75x75x75 സെ.മീ. അളവിലും 5 മീറ്റർ അകലത്തിലും കുഴികൾ എടുക്കുക. 100 ഗ്രാം കുമ്മായം ചേർത്ത് ഒരാഴ്ച ഇടുക. തുടർന്ന് മണ്ണും ട്രൈക്കോഡെർമ ചേർത്തു സമ്പൂഷ്ടീകരിച്ച ചാണകവും വേപ്പിൻപിണ്ണാക്കും നിറയ്ക്കുക. 100 ഗ്രാം യൂറിയ 250 ഗ്രാം മസൂറിഫോസ്, 50 ഗ്രാം പൊട്ടാഷ് എന്നിവ കൂടി ചേർത്ത് നന്നായി നനച്ചു കൊടുക്കുക. രണ്ടാഴ്ചയ്ക്കുശേഷം വാം ചേർത്തിളക്കി, തൈകൾ നടാം. യൂറിയ, മസൂറിഫോസ്, പൊട്ടാഷ് എന്നിവ നടുമ്പോൾ ചേർത്തതിന്റെ ഒന്നര ഇരട്ടി കണക്കാക്കി രണ്ടാം വർഷവും രണ്ടിരട്ടി കണക്കാക്കി മൂന്നാം വർഷവും നൽകുക. ഒപ്പം 50 ഗ്രാം സൂക്ഷ്മ മൂലകങ്ങളും ഓരോ വർഷവും നൽകാം. 

ഇനങ്ങൾ, പരിപാലനം

വിഎൻആർ, തായ്‌വാൻ പിങ്ക്, തായ്‌വാൻ റെഡ്, മലേഷ്യൻ റെഡ്, ജാപ്പനീസ് റെഡ് ഡയമണ്ട്  തുടങ്ങി ഒട്ടേറെ പുതിയ ഇനങ്ങളുടെ തൈകൾ നഴ്സറികളില്‍ ലഭ്യമാണ്. രോഗ, കീടങ്ങൾ കണ്ടുതുടങ്ങുമ്പോൾ രോഗം ബാധിച്ച ഭാഗവും കീടങ്ങളെയും നശിപ്പിക്കുക. 10 മില്ലി വേപ്പെണ്ണ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുന്നത് കായ്കൾക്കു നേരെയുള്ള കീടാക്രമണത്തെ പ്രതിരോധിക്കും. സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് 10 ദിവസം ഇടവിട്ടു തളിക്കുന്നത് പൂക്കുന്ന കാലത്ത് വരാവുന്ന രോഗങ്ങൾ നിയന്ത്രിക്കും. ജൈവവളമായി ചാണകം, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ച് ഒരു ലീറ്ററിന് 10 ലീറ്റർ  വെള്ളം എന്ന അനുപാതത്തിൽ നേർപ്പിച്ച് മാസത്തിലൊരിക്കൽ നൽകുക.

മരത്തിന് 80 സെ.മീ. ഉയരം എത്തുമ്പോൾ മുതൽ ശിഖരങ്ങൾ മുറിച്ച് വളർച്ച നിയന്ത്രിച്ചു തുടങ്ങാം. മണ്ണിനോടു ചേർന്നു വളരുന്ന ശാഖകൾ മുറിച്ചു മാറ്റാം. വെയിൽ എല്ലായിടത്തും കിട്ടത്തക്കവിധം കമ്പു കോതുക. വിളവെടുത്തശേഷവും കമ്പു കോതണം.

guava-pickle

പേരയ്ക്ക അച്ചാർ

  1. നന്നായി വിളഞ്ഞ പേരയ്ക്ക കഴുകിത്തുടച്ച് ചെറിയ കഷണങ്ങളായി അരിഞ്ഞത്– 2 കപ്പ്
  2. മുളകുപൊടി – 1 ടേബിൾ സ്പൂൺ (എരിവുള്ളത്)
  3. ഉലുവാപ്പൊടി – കാൽ ടീസ്പൂൺ
  4. മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  5. കായപ്പൊടി – അര ടീസ്പൂൺ
  6. വെളുത്തുള്ളി – 10 അല്ലി അരിഞ്ഞത്
  7. വറ്റൽ‌മുളക് – 3
  8. കടുക് – അര ടീസ്പൂൺ
  9. കറിവേപ്പില – 2 തണ്ട്
  10. നല്ലെണ്ണ – 2 ടേബിൾ സ്പൂൺ
  11. ഉപ്പ് – ആവശ്യത്തിന്
  12. നാരങ്ങാനീര് – 1 നാരങ്ങയുടെ
  • തയാറാക്കുന്ന വിധം
    മൂപ്പിച്ച മുളകുപൊടിയും ഉപ്പും മഞ്ഞൾപ്പൊടിയും നാരങ്ങാനീരും ചേർത്ത് പേരയ്ക്കാ കഷണങ്ങൾ നന്നായി ഇളക്കുക. എണ്ണ ചൂടാക്കി കടുകുപൊട്ടിച്ച് വെളുത്തുള്ളി, കറിവേപ്പില, വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. തീ അണച്ചശേഷം ഇത് പേരയ്ക്ക പുരട്ടി വച്ചിരിക്കുന്നതുമായി ചേർത്ത് നന്നായി ഇളക്കി കായപ്പൊടി കൂടി ചേർക്കുക. 

പേരയ്ക്ക ചാട്ട്

  1. പേരയ്ക്ക – 1
  2. പച്ചമുളക് - 2
  3. ഉപ്പ് - ആവശ്യത്തിന്
  4. മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ടീസ്പൂൺ 
  5. ഉണക്കമുളകു ചതച്ചത് - ഒരു ടീസ്പൂൺ 
  6. റെഡ് ചില്ലി സോസ് - ഒരു ടീസ്പൂൺ
  7. ചാട്ട് മസാല - അര ടീസ്പൂൺ 
  8. നാരങ്ങാനീര് - അര ടീസ്പൂൺ 
  • തയാറാക്കുന്ന വിധം
    പേരയ്ക്ക ചെറിയ കഷണങ്ങളാക്കുക. ഇതിലേക്കു ചേരുവകൾ എല്ലാം ചേർത്ത് കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കുക. 10 മിനിറ്റിനുശേഷം ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com