ADVERTISEMENT

ഇടുക്കി അടിമാലിക്കു സമീപം മാങ്കുളത്തെ പാഷൻ ഫ്രൂട്ട്, ചക്ക തുടങ്ങിയ പഴങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് മാങ്കുളം സർവീസ് സഹകരണ ബാങ്ക്. കൃഷിഭവന്റെയും വാഴക്കുളം പൈനാപ്പിൾ ഗവേഷണകേന്ദ്രത്തിന്റെയും പിന്തുണയോടെ വാണിജ്യാടിസ്ഥാനത്തിലുള്ള പാഷൻ ഫ്രൂട്ട് കൃഷി ആരംഭിക്കാൻ ബാങ്ക് നേതൃത്വം നൽകി.

കുറഞ്ഞത് 5 സെന്റ് സ്ഥലത്തെങ്കിലും പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നവർക്ക് വായ്പയും നടീൽവസ്തുക്കളും ലഭ്യമാക്കുകയാണ് ആദ്യം ചെയ്തതെന്നു ബാങ്ക് സെക്രട്ടറി ബിനോയ് സെബാസ്റ്റ്യൻ പറഞ്ഞു. 15 കർഷകരാണ് ഇതനുസരിച്ച് മാതൃകാ തോട്ടമൊരുക്കിയത്. അവർക്ക് പന്തലും മറ്റു സൗകര്യങ്ങളുമൊരുക്കാൻ ബാങ്ക് 10,000 രൂപ സബ്സിഡി നൽകി. ഒരു വർഷം കഴിഞ്ഞ് പാഷൻ ഫ്രൂട്ട് വിളവെടുക്കാറായപ്പോൾ മുതൽ അവയുടെ സംഭരണവും ബാങ്ക് ഏറ്റെടുത്തു. 

കിലോയ്ക്ക് 60 രൂപ നിരക്കിലാണ് ഇപ്പോൾ സംഭരണം. അഞ്ചു സെന്റിൽനിന്ന് ആഴ്ചതോറും ശരാശരി 50 കിലോ പാഷൻഫ്രൂട്ട് കിട്ടുമെന്ന്  കർഷകനായ സെബാസ്റ്റ്യൻ പറഞ്ഞു. മാസം തോറും 12,000 രൂപയുടെ അധികവരുമാന സാധ്യതയാണ് ഇതുവഴി മാങ്കുളത്തെ കർഷകർക്കു ലഭിച്ചത്.  അതുകൊണ്ടുതന്നെയാവണം രണ്ടു വർഷത്തിനുള്ളിൽ ഇവിടെ പാഷൻ ഫ്രൂട്ട് വരുമാനമാക്കിയവരുടെ എണ്ണം 250ലേറെയായി. സംഭരിച്ച പാഷൻ ഫ്രൂട്ട് സമീപ പട്ടണങ്ങളിൽ വിൽക്കുന്നതിനൊപ്പം സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനും ബാങ്കിനു കഴിഞ്ഞു. ഇതിനായി ആധുനിക സംവിധനങ്ങളോടുകൂടിയ അഗ്രി പ്രോസസിങ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. ബാങ്ക് മുൻകൈയെടുത്തു സ്ഥാപിച്ച മാംപ്കോ കർഷക കമ്പനിയാണ് ഈ സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുവരെ 12 ടണ്ണിലേറെ പാഷൻ ഫ്രൂട്ടാണ് ഇവിടെ സംസ്കരിച്ചത്. അതുവഴി എട്ടുലക്ഷം രൂപയിലധികം ഇവിടത്തെ കർഷസമൂഹത്തിനു ലഭിച്ചു. ഇതിനുപുറമേ പഴങ്ങളുടെ നേരിട്ടുള്ള വിപണനവുമുണ്ട്.

mankulam-passion-fruit-2

2016ൽ മാംപ്കോ കമ്പനി ആരംഭിച്ചെങ്കിലും 2022ൽ ആണ് ഇവർ പാഷൻഫ്രൂട്ട് ഉൽപന്നങ്ങളിലേക്കു കടന്നത്. പാഷൻ ഫ്രൂട്ടിൽ നിന്നുള്ള സ്ക്വാഷ്, ജാം, അച്ചാർ എന്നിവ ഇവിടെയുണ്ടാക്കുന്നു. സീസൺ അനുസരിച്ച് ചക്ക, കൂവ എന്നിവയുടെ മൂല്യവർധിത ഉൽപന്നങ്ങളും ‌ തയാറാകും. മാങ്കുളം ബ്രാൻഡിലാവും ഇവ വിപണിയിലെത്തിക്കുക. കൂടാതെ സംസ്ഥാന സർക്കാരിന്റെ കേരള അഗ്രോ ബ്രാൻഡിലേക്കും ഇവരുടെ 2 ഉൽപന്നങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു:  പാഷൻഫ്രൂട്ടുൾപ്പെടെയുള്ള പഴം പച്ചക്കറികളും മൂല്യവർധിത ഉൽപന്നങ്ങളും നിലവാരം ചോരാതെ വിപണിയിൽ എത്തിക്കുന്നതിന് ശീതീകരണ സൗകര്യമുള്ള റീഫർ വാനും മാംപ്കോ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. 

സമീപസ്ഥലമായആനക്കുളത്തിൽ പതിവായി നീരാട്ടിനെത്തുന്ന ആനകൾ മാങ്കുളത്തെ ഏറെ പ്രശസ്തമാക്കിക്കഴി‍ഞ്ഞു. പുത്തൻ വിനോദസഞ്ചാര കേന്ദ്രമായി ഇവിടം വളരുകയാണിപ്പോൾ. ഒട്ടേറെ റിസോർട്ടുകളും മറ്റും  ഉയർന്നു കഴിഞ്ഞു. ഇതിനു ചുവട് പിടിച്ച് ബാങ്ക് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും സ്പൈസസ് ഷോപ്പും സഹകരണ ഗസ്റ്റ് ഹൗസും ആരംഭിച്ചിട്ടുണ്ട്. ഇതുവഴി ഫാം ടൂറിസവും  കാർഷിക വിപണനവും മെച്ചപ്പെടുത്താമെന്നാണ് പ്രതീക്ഷയെന്ന് ബിനോയ് പറഞ്ഞു

അധികമാർക്കും പരിചയമില്ലാത്ത കാർഷികഗ്രാമമായിരുന്നു മാങ്കുളം.  സമ്പൂർണ ജൈവക്കൃഷിയും ടൂറിസവുമൊക്കെയാണ് ഇവിടെ മാറ്റങ്ങൾ കൊണ്ടുവന്നത്. കൃഷിക്കാരുടെ അധ്വാനത്തിലൂടെ വിളഞ്ഞ റബറും കുരുമുളകും വാഴയും പച്ചക്കറികളുമൊക്കെ മറ്റു നാടുകളിലെത്തിക്കാൻ ദുർഘടമായ മലമ്പാത മാത്രമാണുണ്ടായിരുന്നത്. ചൂഷണത്തിനു അവസരം ലഭിക്കുന്ന സാഹചര്യം. വന്യജീവി സംഘർഷങ്ങളും വനംവകുപ്പ് നടപടികളുമൊക്കെ കൃഷിക്കാരെ നിരുത്സാഹപ്പെടുത്തുന്നു. മാങ്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഫലപ്രദമായ ഇടപെടലാണ് ഇവയൊക്കെ അതിജീവിക്കാൻ കൃഷിക്കാർക്ക് കരുത്തു പകരുന്നതെന്ന് ബിനോയ് ചൂണ്ടിക്കാട്ടി. കുരുമുളകും റബറും വിപണി വിലയിൽ സംഭരിക്കുന്ന ഡിപ്പോയും ഗോഡൗണുമൊക്കെ ഇതിനുദാഹരണമാണ്. ഈ ഉൽപന്നങ്ങളുടെ വിപണനകുത്തക ഇവിടെ ബാങ്കിനുതന്നെ. മറ്റു വിളകൾക്കും ഗോഡൗൺ സൗകര്യം വൈകാതെ ലഭ്യമാക്കും.

സഹകരണ വകുപ്പിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയും കേന്ദ്രസർക്കാരിന്റെ അഗ്രിക്കൾചറൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയും പ്രയോജനപ്പെടുത്തി കൂടുതൽ ശക്തമായ കാർഷിക ഇടപെടലുകൾക്കും ഇവർ തുടക്കം കുറിച്ചു കഴിഞ്ഞു. 

സമഗ്ര കാർഷിക വികസന പദ്ധതിയിലൂടെ 300 ഏക്കർ സ്ഥലത്ത് പാഷൻഫ്രൂട്ട്, വാഴ, പച്ചക്കറി , തീറ്റപ്പുല്ല് എന്നിവയുട കൃഷി വ്യാപിപ്പിക്കും , ഇതിനായി പഞ്ചായത്തു വാർഡുകൾ തോറും സമിതികൾ രൂപീകരിച്ചുകഴിഞ്ഞു. സ്വന്തം സ്ഥലത്ത് സ്വന്തനിലയിലുള്ള കൃഷി, സ്വന്തം സ്ഥലത്ത് മറ്റുള്ളവരെ കൂട്ടിയുള്ള കൃഷി, പാട്ടവ്യവസ്ഥയിലുള്ള കൃഷി എന്നിങ്ങനെ വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ഇത്രയും ഭൂമി കൃഷിക്കായി കണ്ടെത്തുക. സ്ഥലം ലഭ്യമല്ലാത്തവർക്ക് വാർഡ് തല സമിതികൾ കൃഷിഭൂമി കണ്ടെത്തി നൽകും. സ്ഥലമില്ലാത്തവർക്ക് പാട്ടത്തിനു ഭൂമി കണ്ടെത്താൻ പൊതുവായ പാട്ടത്തുക നിശ്ചയിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. ബാങ്കിന്റെ കീഴിലുള്ള 250 സ്വാശ്രയ ഗ്രൂപ്പുകൾ ഈ പ്രവർത്തത്തിൽ നിർണായക പങ്ക് വഹിക്കും  ഇവയുടെ സംഭരണത്തിനായി ഗ്രാമീൺ മാർക്കറ്റ്, സ്റ്റോർ റൂം, കൂൾറൂം എന്നിവയും സ്ഥാപിക്കും. കൂടാതെ അഗ്രിക്ലിനിക്,  കർഷക സേവന കേന്ദ്രം, ഓപ്പൺ മാർക്കറ്റ് എന്നിവയ്ക്കായി അഗ്രിക്കൾചറൽ  ഇൻഫ്രാസ്ട്രക്ചർ ഫണ്ടില 2.11 കോടി രൂപയുടെ മുതൽ മുടക്കും വൈകാതെ നടക്കും.

ഫോൺ: 9447827065

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com