ADVERTISEMENT

നാടൻ കാച്ചിലും ചെറുകിഴങ്ങും പണ്ടുമുതലേ പ്രചാരത്തിലുണ്ടെങ്കിലും ആഫ്രിക്കയിൽ നിന്നെത്തിയ വെള്ളക്കാച്ചിൽ അടുത്ത കാലത്താണ് കേരളത്തിൽ കൃഷി ചെയ്തു തുടങ്ങിയത്.

മികച്ച ഇനങ്ങൾ

ശ്രീ ഹിമ, ശ്രീ നിധി, ശ്രീ നീലിമ, ശ്രീ സ്വാതി, ശ്രീ കാർത്തിക, ശ്രീ ശിൽപ, ശ്രീ രൂപ, ശ്രീ കീർത്തി  എന്നിവയാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽനിന്നു പുറത്തിറക്കിയിട്ടുള്ള നാടൻ കാച്ചിൽ ഇനങ്ങൾ. ഇതിൽ ശ്രീ നീലിമയുടെ പർപ്പിൾ നിറത്തിലുള്ള  കിഴങ്ങുകളിൽ ആന്തോസായാനിൻ അടങ്ങിയതിനാൽ ബയോഫോർട്ടിഫൈഡ് ഇനമായി കണക്കാക്കുന്നു. ആന്തോസായാനിൻ കാൻസർ പോലുള്ള  രോഗങ്ങൾ ചെറുക്കാൻ പ്രയോജനകരമാണ്. സിടിസിആർഐയുടെ മികച്ച ചെറുകിഴങ്ങിനങ്ങളാണ് ശ്രീ കലയും ശ്രീ ലതയും. വെള്ളക്കാച്ചിൽ ഇനങ്ങളാണ് ശ്രീ ശ്വേത, ശ്രീ ഹരിത, ശ്രീ ധന്യ, ശ്രീ പ്രിയ, ശ്രീ ശുഭ്ര എന്നിവ .

നടീൽ വസ്തു തിരഞ്ഞെടുക്കൽ 

300 ഗ്രാം മുതൽ രണ്ടു കിലോ വരെ തൂക്കമുള്ള വിത്തു കാച്ചിൽ നടാനായി തിരഞ്ഞെടുക്കാം. അതിനെ ഏകദേശം 300 ഗ്രാം തൂക്കമുള്ള കഷണങ്ങളാക്കി മുറിക്കണം.

വിത്ത് സംഭരണo

മൂപ്പെത്തിയ കിഴങ്ങുകൾ മുറിവോ ചതവോ പറ്റാതെ  കിളച്ചെടുക്കണം. മണ്ണ് പൂർണമായും നീക്കം ചെയ്ത കിഴങ്ങ് തണലിൽ രണ്ടോ മൂന്നോ ദിവസം വിതറിയിട്ട ശേഷം മാത്രമേ വായുസഞ്ചാരമുള്ള ഷെഡിനുള്ളിൽ കുത്തനെ അടുക്കി വയ്ക്കാവൂ. നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. സംഭരിക്കുമ്പോൾ കിഴങ്ങിലെ ജലാംശം 60-70% ആയിരിക്കണം. കിഴങ്ങുകൾ തമ്മിൽ ഉരസി തൊലി ഇളകാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അഴുകാനുള്ള സാധ്യതയുണ്ട്.

മിനിസെറ്റ് രീതി

മിനിസെറ്റ് രീതിയിൽ വിത്തുകാച്ചിലിന്റെ വലുപ്പം 30 ഗ്രാം മതിയാകും. തന്മൂലം 24 ഇരട്ടിവരെ പ്രവർധനം സാധ്യമാകുന്നു. മിനിസെറ്റിനായി ആദ്യം കിഴങ്ങിനെ സിലിണ്ടർ രൂപത്തിൽ 5 സെ.മി. കനത്തിൽ മുറിക്കണം. ഇതിനെ വീണ്ടും 30 ഗ്രാം വലുപ്പമുള്ള കഷണങ്ങളാക്കണം. ഓരോ കഷണത്തിലും പുറംതൊലിയുണ്ടെന്ന് ഉറപ്പാക്കുകയും വേണം. അല്ലെങ്കിൽ അവ മുളയ്ക്കില്ല. ഈ കഷണങ്ങൾ തവാരണയിൽ അല്ലെങ്കിൽ ട്രേയിൽ മുളപ്പിച്ചെടുക്കണം. പോട്ടിങ് മിശ്രിതത്തിൽ ജീവാണുവളങ്ങൾ ചേർക്കുന്നതു വേഗത്തിലും ഒരേ സമയത്തും മുളയ്ക്കാൻ സഹായിക്കുന്നതായി കണ്ടിട്ടുണ്ട്. തവാരണയിലാണ് നടുന്നതെങ്കിൽ തൈകൾ പിഴുതെടുക്കുമ്പോൾ വേരുകൾക്ക് ക്ഷതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി പാകപ്പെടുത്തിയ കൃഷിസ്ഥലത്ത് വാരങ്ങളെടുത്ത് 60X45 സെ.മി. അകലത്തിൽ നടാവുന്നതാണ്. മിനിസെറ്റ് രീതിയിൽ വള്ളി പടർത്തിയില്ലെങ്കിലും മികച്ച വിളവ് കിട്ടാറുണ്ട്. തന്മൂലം വള്ളി പടർത്തുന്ന ചെലവ് കുറയ്ക്കാൻ കഴിയും. 60X45 സെ.മീ. അകലത്തിൽ 37,000 ചെടികൾ നടുന്നതുവഴി 50 ടണ്ണിനുമുകളിൽ വിളവ് ലഭിക്കും. ഇത് വിത്തായി വിൽക്കുമ്പോൾ 50% ശതമാനം കൂടുതൽ വിലയും ലഭിക്കും.

നിലമൊരുക്കലും നടീലും

ഉഴുതോ, കിളച്ചോ 15-20 ആഴത്തിൽ മണ്ണിളക്കിയ ശേഷം 45 സെ.മീ. നീളവും 45 സെ.മീ. ആഴവുമുള്ള കുഴി തയാറാക്കണം. ചെടികൾ തമ്മിൽ 90 സെ.മീ. അകലം വരത്തക്ക രീതിയിൽ വേണം നടാൻ. കുഴിയുടെ മുക്കാൽ ഭാഗം കാലിവളവും മേൽ മണ്ണും ചേർത്ത് മൂടി കൂനയാക്കണം. അതിനു മുകളിലാണ് വിത്തു നടുന്നത്. ഒരു ഹെക്ടറിന് 3000-3700 കിലോ വിത്ത് വേണ്ടിവരും. നട്ടുകഴിഞ്ഞു പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിറുത്തുന്നതിനും വേഗം മുളയ്ക്കുന്നതിനും കൂടാതെ കള നിയന്ത്രണത്തിനും ഉത്തമമാണ്. ചെറുകിഴങ്ങു നടുമ്പോൾ ചെടികൾ (കൂനകൾ) തമ്മിൽ 75 സെ.മീ. അകലം മതി. 1800-2700 കിലോ ചെറുകിഴങ്ങുവിത്താണ് ഒരു ഹെക്ടറിലേക്കു വേണ്ടത്

അടിവളം 

10 ടൺ കാലിവളമാണ് ഒരു ഹെക്ടർ കാച്ചിൽകൃഷിക്കു വേണ്ടത്. കൂടാതെ നാടൻ കാച്ചിലിന് 87 കിലോ യൂറിയ, 250 കിലോ രാജ്‌ഫോസ്, 67 കിലോ മുറിയേറ്റ്  ഓഫ് പൊട്ടാഷ് എന്നിവ മുളച്ച് ഒരാഴ്ച കഴിഞ്ഞു നൽകണം. കൂടുതൽ വിളവു നൽകുന്ന വെള്ളക്കാച്ചിലിന് 110 കിലോ യൂറിയ, 300 കിലോ രാജ്‌ഫോസ്,  85 കിലോ പൊട്ടാഷ് എന്ന തോതിലാണ് ഇതു നൽകേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com