കണ്ടെയ്നറിൽ വിളയും 450 കിലോ ലെറ്റ്യൂസ്, വരുമാനം 4.5 ലക്ഷം; പാലായിലെ സൂര്യപ്രകാശമില്ലാത്ത കണ്ടെയ്നർ ഫാം
Mail This Article
സൂര്യപ്രകാശം കടക്കാത്ത ഒരു പെട്ടിയിൽ ലെറ്റ്യൂസ് പോലെ പച്ചപ്പേറിയ വിള കൃഷി ചെയ്യാനാകുമോ? അതും മണ്ണില്ലാതെ? ഹൈഡ്രോപോണിക്സ് കൃഷിയിൽ മണ്ണ് ആവശ്യമില്ലെന്നു നമുക്കറിയാം. പക്ഷേ ചെടികൾക്ക് ആഹാരം പാകം ചെയ്യാൻ സൂര്യപ്രകാശം വേണമെന്ന ശാസ്ത്രബോധം ഉപേക്ഷിക്കുന്നതെങ്ങനെ? എന്നാൽ, ഇനി കാര്യങ്ങൾ അങ്ങനെയാണ്. പച്ചയിലകൾക്ക് ആഹാരമുണ്ടാക്കാൻ പ്രകാശം വേണമെന്നേയുള്ളൂ. അത് സൂര്യനിൽനിന്നുതന്നെയാവണമെന്നില്ല. സൂര്യപ്രകാശത്തിനു സമാനമായ തരംഗദൈർഘ്യമുള്ള പ്രകാശം എൽഇഡി ബൾബിൽനിന്നായാലും ഇലകളിലെ അടുക്കള സജീവമാകും. ഈ സാധ്യത പ്രയോജനപ്പെടുത്തി എൽഇഡി ബൾബുകളുടെ നീലവെളിച്ചത്തിൽ ഇലവർഗച്ചെടികൾ വളർത്തുന്ന ഫാമുകൾ ചിലരെങ്കിലും യുട്യൂബിലും മറ്റും കണ്ടിട്ടുണ്ടാകും.
വിദേശത്തുമാത്രം കണ്ടിരുന്ന ഈ കൃഷിരീതി വിപുലമായി പരീക്ഷിക്കുകയാണ് കോട്ടയം ജില്ലയില്‍ പാലായ്ക്കു സമീപമുള്ള ഭരണങ്ങാനത്തെ ഒരുകൂട്ടം കൃഷിക്കാർ. എൽഇഡി ഗ്രോലൈറ്റുകൾ ഊർജം പകരുന്ന ഇൻഡോർ ഫാമിങ് സംസ്ഥാനത്ത് ആദ്യം നടപ്പായത് ഇവിടെയാകും. ഹെടെക് കൃഷിയിൽ തൽപരരായ 286 കൃഷിക്കാർ ചേർന്നു രൂപീകരിച്ച ഇൻഗ്രോൺ അഗ്രി പ്രൊഡ്യൂസർ കമ്പനിയാണ് ഫാം ഉടമ. കോട്ടയം ജില്ലയെ വിഷരഹിത പച്ചക്കറികളുടെ കേന്ദ്രമാക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് അനുകരണീയമായ മാതൃക സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി ചെയർമാൻ ടോണി മൈക്കിൾ പറഞ്ഞു. സംരംഭം പൂർത്തിയാകുന്ന മുറയ്ക്ക് ഹൈഡ്രോപോണിക്സ് കൃഷി പരിശീലനകേന്ദ്രവും ഇവിടെ യൊരുങ്ങും.
കൃഷിരീതി
നിയന്ത്രിത അന്തരീക്ഷത്തിൽ ഹൈഡ്രോപോണിക്സ് രീതിയിലാണ് കൃഷി. കണ്ടെയ്നർ മാതൃകയിൽ സ്ഥലം മാറ്റാവുന്ന ബോക്സുകളിലാണ് ഇൻഡോർ ഫാം ഒരുക്കിയിട്ടുള്ളത്. ശീതീകരിച്ച കണ്ടെയ്നറുകളിൽ റാക്കുകൾ നിരത്തി അതിലൂടെ എൻഎഫ്ടി (ന്യൂട്രിയന്റ് ഫിലിം ടെക്നിക്) ഹൈ ഡ്രോപോണിക്സ് സംവിധാനം സ്ഥാപിച്ചു തൈകൾ നടുകയായിരുന്നു. എൻഎഫ്ടി ബോക്സുകളി ലൂടെ ഒഴുകുന്ന പോഷകദ്രാവകത്തിൽ തൈകളുടെ വേര് സ്പർശിക്കുന്ന വിധത്തിലാണ് ക്രമീകരണം.
ഒയാസിസ് കട്ടകളിലാണ് ലെറ്റ്യൂസിന്റെ വിത്ത് പാകുന്നതെന്ന് ഫാം മാനേജർ ഷോബിൻ പറഞ്ഞു. നന്നായി നനച്ച ഒയാസിസിന്റെ ദ്വാരങ്ങളിൽ വിത്തിടുന്നു. വിത്തു മുളച്ച് 12–15 ദിവസം കഴിയുമ്പോൾ ഓരോ തൈ വീതം വരുന്നവിധം ഒയാസിസ് മുറിച്ച് നെറ്റ് പോട്ടിലേക്കു മാറുന്നു. നെറ്റ് പോട്ടിൽ വളർത്തുമാധ്യമമായ ഹൈഡ്രോടോൺ ഇട്ട് തൈകൾ ഉറപ്പിച്ചശേഷം എൻഎഫ്ടി ബോക്സിലെ ദ്വാരങ്ങളിൽ വയ്ക്കുന്നു. ബോക്സിനുള്ളിലൂടെ നേരിയ പാട പോലെയൊഴുകുന്ന പോഷകദ്രാവകത്തിൽ വേരുകൾ സ്പർശിക്കുന്ന വിധത്തിലാവും ഇവ വയ്ക്കുക. സൂര്യപ്രകാശം ആവശ്യമില്ലെന്നതാണ് ഈ കൃഷിയുടെ പ്രധാന മെച്ചം. റാക്കുകളിലൂടെ സ്ഥാപിച്ച ഗ്രോ ലൈറ്റുകളാണ് ഇതിനുള്ളിലെ ഇലച്ചെടികൾക്കു വളരാൻ ആവശ്യമായ പ്രകാശം നല്‍കുന്നത്. ഓരോ വിളയ്ക്കും യോജ്യമായ തരംഗദൈർഘ്യത്തോടെ കൂടിയ പ്രകാശം നൽകാൻ ഗ്രോലൈറ്റുകളിലൂടെ സാധിക്കും. വളർച്ചാഘട്ടങ്ങളനുസരിച്ച് ഇതിലെ ചെടികൾക്കു പ്രകാശം നൽകുന്ന സമയത്തിൽ വ്യത്യാസമുണ്ടാകും. ആദ്യ ഘട്ടത്തിൽ ദിവസേന എട്ടു മണിക്കൂർ മാത്രമാണ് ഗ്രോലൈറ്റ് പ്രകാശിപ്പിച്ചിരുന്നത്. എന്നാൽ, വിളവെടുപ്പാകുമ്പോഴേക്കും ഇത് 16 മണിക്കൂർ വരെയായി ഉയർത്തും. പ്രകാശക്രമീകരണവും താപനിലക്രമീകരണവും വഴി ലെറ്റ്യൂസിന്റെ നിറം മെച്ചപ്പെടുത്താമെന്നും ഷോബിൻ പറഞ്ഞു.
രണ്ടു കണ്ടെയ്നറുകളാണ് ഇവർ ഇൻഡോർ ഫാമിങ്ങിന് ഇവിടെ. കണ്ടെയ്നർ മാതൃകയിൽ പാനൽ ചെയ്തു ഫാമിൽത്തന്നെ നിർമിക്കുകയായിരുന്നു. ഇൻഡോർ ഫാമിലെ എല്ലാ പ്രവർത്തനങ്ങളും ഓട്ടമേറ്റ് ചെയ്തിരിക്കുകയാണ്. ലൈറ്റുകൾ തെളിയുന്നതും പോഷകദ്രാവകത്തിന്റെ അളവ് ക്രമീകരിക്കുന്നതുമൊക്കെ സ്വയം നിയന്ത്രിത സംവിധാനങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ എപ്പോഴും ഫാമില്‍ നില്‍ക്കേണ്ടതില്ല. തൈകൾ നടുന്നതിനും വിളവെടുക്കുന്നതിനും മാത്രമേ മനുഷ്യകരങ്ങൾ വേണ്ടിവരുന്നുള്ളൂ. ഒരു പോളിഹൗസിലും ഇവര്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിക്കുന്നുണ്ട്. തൈകളുടെ സാന്ദ്രത കൂടുതലായതിനാൽ ഇൻഡോർ ഫാമിങ് താരതമ്യേന കൂടുതൽ ഉൽപാദനക്ഷമമായിരിക്കുമെന്ന് ടോണി മൈക്കിൾ അഭിപ്രായപ്പെട്ടു.
ഇവിടെയുള്ള ഓരോ കണ്ടെയ്നറിനും 25 അടി നീളവും 10 അടി വീതിയും 10 അടി ഉയരവുമുണ്ട്. ഒന്നിൽ പാലകും ലെറ്റ്യൂസുമാണ് കൃഷി. ലോലോ ബയോണ്ട, ബട്ടർഹെഡ്, ലോല റോസ, റൊമെയ്ൻ, ഓക് ലീഫ് റെഡ്, ഓക് ലീഫ് ഗ്രീൻ എന്നിങ്ങനെ ലെറ്റ്യൂസിന്റെ തന്നെ 6 ഇനഭേദങ്ങൾ ഇവിടെയുണ്ട്. മറ്റൊന്ന് ഔഷധസസ്യങ്ങൾക്കും സുഗന്ധതൈല വിളകൾക്കുമായി മാറ്റിവച്ചിരിക്കുകയാണ്. അവ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കിപ്പൊടിച്ചു വിപണിയിലെത്തിക്കാനാണ് പദ്ധതി. ആദ്യ കണ്ടെയ്നറില്‍ മാത്രമേ കൃഷി ആരംഭിച്ചിട്ടുള്ളൂ. ഈ കണ്ടെയ്നറിലെ ഹൈഡ്രോപോണിക്സ് സംവിധാനത്തിൽ 1520 ചുവട് നടാനിടമുണ്ട്. ഹൈഡ്രോപോണിക്സ് കൃഷിയിൽ പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ലെന്ന് കമ്പനി ചെയർമാൻ ടോണി മൈക്കിൾ പറഞ്ഞു. കേരളത്തിൽ ആദ്യം ഹൈഡ്രോപോണിക്സ് ഫോഡർ മെഷീൻ അവതരിപ്പിച്ച അദ്ദേഹം 2019 മുതൽ എൻഎഫ്ടി രീതിയിലുള്ള ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുവരികയായിരുന്നു. പരീക്ഷണമായതിനാൽ ഉൽപാദനച്ചെലവ് എത്ര വരുമെന്ന് ഇനിയും കൃത്യമായി കണക്കാക്കിയിട്ടില്ല. ഗുജറാത്തിലെ വിദഗ്ധരാണ് ഭരണങ്ങാനത്തെത്തി കമ്പനി നിർദേശപ്രകാരം ഫാം നിർമിച്ചത്.
രോഗാണു, കീട വിമുക്തമായ അന്തരീക്ഷമാണ് കണ്ടെയ്നറിനുള്ളിൽ. താപനില 24 ഡിഗ്രി സെൽഷ്യസ്. അതുകൊണ്ടുതന്നെ ഇൻഡോർഫാമുകളിൽ പുറമേനിന്നു പ്രവേശനം പരമാവധി കുറയ്ക്കണം. വിളപരിപാലനം നടത്തുന്നവർപോലും ഓരോ തവണയും കാലുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കി അണുനാശനം നടത്തിയശേഷം പ്രത്യേകം ചെരിപ്പു ധരിച്ചേ ഉള്ളിൽ പ്രവേശിക്കാറുള്ളൂ. നിയന്ത്രിത സാഹചര്യത്തിൽ രോഗാണുക്കൾ അതിവേഗം പെരുകാനുള്ള സാധ്യത പരിഗണിച്ചാണിത്.
സൂര്യപ്രകാശം സമൃദ്ധമായ കേരളത്തിലും ഇൻഡോർ ഫാമിങ്ങിനു സാധ്യതയുണ്ടെന്ന് ടോണി മൈക്കിൾ അഭിപ്രായപ്പെട്ടു. ‘‘ ചെടികളുടെ വളർച്ചയ്ക്ക് സൂര്യപ്രകാശം മാത്രം മതിയാവില്ലെന്നോർക്കണം. കാലാവസ്ഥയിലെ മാറ്റങ്ങൾ, രോഗ–കീടശല്യം എന്നിവ കൂടി പരിഗണിച്ചുവേണം ഇൻഡോർ ഫാമിങ് ചെയ്യാന്‍’’ അദ്ദേഹം പറഞ്ഞു.
‘‘പരീക്ഷണക്കൃഷിയായതിനാൽ വിപണനത്തിനു സ്ഥിരം സംവിധാനമായിട്ടില്ല. ഏതായാലും ചില്ലറവിൽ പനയാവില്ല. കേറ്ററിങ് കമ്പനികൾ, സ്റ്റാർ ഹോട്ടലുകൾ എന്നിവയുമായി ബിടുബി ഇടപാടുകൾക്കാണ് ശ്രമം’’ ടോണി പറഞ്ഞു. ഒരു കണ്ടെയ്നറിലെ അഞ്ചു തട്ടുകളിലായി 1520 ചെടികളിൽനിന്നു ശരാശരി 300 ഗ്രാം ഉൽപാദനം ലഭിച്ചാൽ ഒരു ബാച്ചിൽ 450 കിലോ ലെറ്റ്യൂസ് 45 ദിവസത്തിനകം ഉൽപാദിപ്പിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേവലം 250 ചതുരശ്ര അടി സ്ഥലം മാത്രമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. വിഷരഹിത ഹൈഡ്രോപോണിക്സ് ലെറ്റ്യൂസ് ഒരു പ്രീമിയം ഉൽപന്നമായതിനാൽ ഗ്രാമിന് ഒരു രൂപ നിരക്കിൽ വിൽക്കാമെന്നാണ് പ്രതീക്ഷ. പരിശീലനകേന്ദ്രമുൾപ്പെടെ ഒരു വമ്പൻ ഹൈടെക് കൃഷിപദ്ധതിയുടെ തുടക്കം മാത്രമാണിതെന്ന് ടോണി മൈക്കിൾ പറഞ്ഞു. കണ്ടെയ്നറുകൾക്കുമാത്രം 20 ലക്ഷം രൂപയായി. കുറഞ്ഞ മുതൽമുടക്കിൽ ചെയ്യണമെന്നുള്ളവർക്ക് വലുപ്പം കുറഞ്ഞ കണ്ടെയ്നറുകൾ നിർമിക്കാവുന്നതേയുള്ളൂ.
ഉൽപാദന കമ്പനിയെന്ന നിലയിൽ ഓഹരിവിൽപനയിലൂടെയും അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലൂടെയുമാണ് ഈ സംരംഭത്തിനു തുക കണ്ടെത്തുന്നത്. 135 ലക്ഷം രൂപ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ നൽകി. സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഏഴംഗ ഭരണസമിതിയാണ് ഫാമിനു നേതൃത്വം നൽകുന്നത്.
ഫോൺ: 9846074383