ADVERTISEMENT

ബോർണിയോ വനാന്തരങ്ങളിൽ ജന്മംകൊണ്ട ചെമ്പടാക്ക് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ചക്കയുടെ കുടുംബത്തിലെ മറ്റൊരു അംഗമായ ചെമ്പടാക്കിന്റെ ശാസ്ത്രനാമം ‘ആർട്ടോ കാർപ്പസ് ഇന്റിഗർ’ എന്നാണ്. കടും പച്ച നിറത്തിലുള്ള ഇലകളും തണ്ടുകളും രോമാവൃതമാണെന്നത് ചെമ്പടാക്കിനെ ചക്കയിൽനിന്നു വ്യത്യസ്തമാക്കുന്നു.

ചക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതും, കൈകാര്യം ചെയ്യാൻ എളുപ്പവുമാകയാൽ തീൻമേശകളിൽ ചെമ്പടാക്ക് സൗകര്യപ്രദമായി ഉപയോഗിക്കാം. വഴിയാത്രകളിൽ കഴിക്കാൻ കൊണ്ടുപോകുന്നതിനും കൊള്ളാം. 

ചെമ്പടാക്ക് നട്ടുപിടിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നല്ല നീർവാർച്ചയും നല്ല സൂര്യപ്രകാശവും വേണം. പ്ലാവ് വളരുന്ന ഏതിനം മണ്ണിലും ചെമ്പടാക്കും കൃഷി ചെയ്യാം. തൈ നട്ട് ആദ്യത്തെ രണ്ടു വർഷം പ്രത്യേക പരിപാലനം ആവശ്യമാണ്. മണ്ണിൽ വേണ്ടത്ര ജലാംശം ഉണ്ടാകണം. വരൾച്ചക്കാലത്തു നന്നായി നനയ്ക്കണം. മണ്ണിൽ ജലാംശം നിലനിർത്താൻ ഉണങ്ങിയ ഇലകൊണ്ടു പുതയിടുന്നതു കൊള്ളാം.  മഴക്കാലാരംഭത്തിനു മുൻപ് ഒരു ശതമാനം വീര്യമുള്ള ബോ‍ർഡോ മിശ്രിതം തളിക്കുന്നതു കുമിൾ രോഗങ്ങളിൽനിന്ന് തൈകളെ സംരക്ഷിക്കും.

chembadak-2

ചെമ്പടാക്കിന്റെ വളർച്ചയ്ക്കും വികാസത്തിനും അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും കുറഞ്ഞത് വർഷം 200 സെ.മീ. മഴയും ആവശ്യമാണ്. നല്ല നീർവാർച്ചയും അഞ്ചിനും ആറിനും ഇടയ്ക്ക് അമ്ല – ക്ഷാര നിലയും ഉയർന്ന തോതിൽ ജൈവാംശവും പശിമയുമുള്ള മണ്ണാണ് ചെമ്പടാക്കിനു നന്ന്. മണ്ണിൽ മൈക്കോറൈസ പോലുള്ള സൂക്ഷ്മജീവികളുടെ ഉയർന്ന അളവും ഇതിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നല്ല നനവും സമൃദ്ധമായ സൂര്യപ്രകാശവും ഒഴിച്ചുകൂടാനാവില്ല.

ദുരിയാൻ ചെമ്പടാക്ക്

പുറന്തോടിനു ദുരിയാൻ പഴങ്ങളോടു സാമ്യമുള്ളതിനാൽ ചെമ്പടാക്കിന്റെ ഈ ഇനത്തെ ദുരിയാൻ‌ ചെമ്പടാക്ക് എന്നു വിളിക്കുന്നു. ഒരു കിലോ മുതൽ ഒന്നര കിലോവരെ തൂക്കമുള്ള ചെമ്പടാക്കിന്റെ ചുളകൾക്ക് ആകർഷകമായ മഞ്ഞ കലർന്ന ഓറഞ്ച് നിറവും നല്ല മധുരവുമുണ്ട്. ദുരിയാൻ ചെമ്പടാക്കിന് ആവശ്യക്കാർ വളരെ കൂടുതലായതിനാല്‍ മലേഷ്യയിൽ ഈ ഇനത്തിന്റെ കൃഷി വ്യാപകമാകുന്നു. ചെടികള്‍ക്ക് ഉയർന്ന രോഗപ്രതിരോധശേഷിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com