ADVERTISEMENT

തൃശൂർ പറപ്പൂർ മേരി മഹൽ വീട്ടിൽ ലോനപ്പൻ ചെറുപ്പം മുതലേ ഉദ്യാനപ്രേമിയാണ്. ബാങ്ക് ജോലിയില്‍നിന്നു വിരമിച്ചശേഷം ചെടികളെ സ്നേഹിക്കാനും പരിപാലിക്കാനും കൂടുതല്‍ സമയമുണ്ട്. അതു വീടിന്റെ പൂമുഖത്തെ ഉദ്യാനം സാക്ഷ്യപ്പെടുത്തുന്നു. 

ചെടികളുടെ സംരക്ഷണത്തെക്കുറിച്ചു ശാസ്ത്രീയ അറിവു പകരാനും പൂന്തോട്ടം പരിപാലിക്കാനും  നൂതന ഇനങ്ങൾ കണ്ടെത്തി വാങ്ങാനും മകൻ ആൽഫ്രഡ്‌ ജോ ഒപ്പമുണ്ട്. ആൽഫ്രഡ്‌ സസ്യ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിൽ ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി ജോലി ചെയ്യുന്നു. 30 വർഷങ്ങൾക്കു മുൻപ് വീടു നിർമിച്ച് താമസമാക്കിയതു മുതൽ  മനോഹരമായ ഉദ്യാനമൊരുക്കി കാത്തു പരിപാലിക്കുന്നതിന് ഇരുവരും  ഒരുപോലെ ശ്രദ്ധിക്കുന്നു. 

achimenes-flower-lonappan
ലോനപ്പൻ ഉദ്യാനപരിപാലനത്തിൽ

ആൽഫ്രഡ്‌ തന്റെ ഗവേഷണത്തിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യവേ കണ്ടുമുട്ടിയ സക്കുലന്റ് ചെടിയിനങ്ങൾ ഉൾപ്പെടെ പലതും ഇന്ന് ഈ പൂന്തോട്ടത്തിന്റെ ഭാഗമാണ്. നാനൂറോളം ഇനം കാക്ടസും സെക്കുലന്റ്സും ഈ ശേഖരത്തിൽ കാണാം. ഒപ്പം കലാത്തിയ, ടോർച്ച് ജിൻജർ, ബാംബൂ ജിൻജർ ഇനങ്ങൾ ഉൾപ്പെടെ പലതരം അലങ്കാര ഇലച്ചെടികളും ജലസസ്യങ്ങളായി സങ്കരയിനം താമരയും, ആമ്പലും.    

ഉദ്യാനത്തിലെ വേറിട്ട ആകർഷണമാണ് അക്കിമെനസ് ചെടി. തൃശൂർ, നടത്തറ ക്രിസ്ത്യൻ പള്ളിയുടെ കിണറിനുള്ളിൽ പൂവിട്ടു നിന്ന അക്കിമെനസ് ചെടിയിൽനിന്ന് 7 വർഷങ്ങൾക്കു മുൻപ് ആദ്യത്തെ അക്കിമെനസ് ചെടി കിട്ടി. അന്ന് ഇതു നമ്മുടെ നാട്ടിലെ ഉദ്യാനങ്ങളിൽ വളരെ വിരളം. പിന്നീട് ആൽഫ്രഡ്‌ താൻ പഠിപ്പിക്കുന്ന കോളജിൽ ഉണ്ടായിരുന്ന, നീലപ്പൂവുള്ള ഇനം ചെടിയുടെ കിഴങ്ങ് അടർത്തിയെടുത്ത് വീട്ടിലെ ശേഖരത്തിൽ ചേർത്തു. പിന്നീട്  പിങ്ക്, ചുവപ്പ്  ഇനങ്ങളും കൊണ്ടുവന്നു. കിഴങ്ങിനൊപ്പം നല്ല വളർച്ച കാണിക്കുന്ന തണ്ടും അക്കിമെനസ് നട്ടുവളർത്താൻ ഇവർ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇവയ്ക്കു കിഴങ്ങിൽനിന്ന് ഉണ്ടായിവരുന്ന ചെടിയുടെ അത്ര വളർച്ച കാണാറില്ല.

മഴക്കാലത്തെ താരം അക്കിമെനസ് ആണെങ്കിൽ വേനലില്‍ ഇവിടെ പൂക്കാവടി ഒരുക്കുക പെറ്റൂണിയച്ചെടിയാണ്. പ്ലാന്റർ ബോക്സുകളിലെ അക്കിമിനസ്‌ കിഴങ്ങുകളെല്ലാം എടുത്തു സൂക്ഷിച്ചു വച്ച ശേഷം പകരം ആ പ്ലാന്റർ ബോക്സുകളിൽ പെറ്റൂണിയ തൈകൾ നടും. ദിവസവും ഉച്ചവരെ നന, വളം ഇടൽ, ചെടികൾ ചട്ടി മാറ്റി നടൽ എല്ലാമായി ലോനപ്പൻ ഉദ്യാനപരിപാലനത്തിലാണ്.   

ഫോൺ: 9745813388 (ആൽഫ്രഡ്‌)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com