ആനയുടെ പേരുണ്ടെങ്കിലും ബന്ധമില്ല; കാപ്പിയ ബെറ്റ്യൂസി ഫാളിയ– അടുക്കളമുറ്റത്തെ പോഷകച്ചെടി
Mail This Article
ചതുപ്പുനിലങ്ങളിലും പറമ്പുകളിലും വഴിയരികിലും സമൃദ്ധമായി കാണുന്ന ചെടിയാണ് ആനത്തകര(ചക്രത്തകര). 2–3 മീറ്റർ വരെ ഉയരം വയ്ക്കും. കമ്പുകൾക്കു ബലം കുറവാണ്. വൃത്താകാരത്തിലുള്ള ഇലകൾക്ക് ഇളം പ്രായത്തിൽ നല്ല പച്ചനിറം, മൂപ്പെത്തുമ്പോൾ നിറം മങ്ങും. മൂപ്പെത്താത്ത ഇലകൾ ഭക്ഷ്യയോഗ്യമാണ്. ഔഷധങ്ങളുടെ കലവറയാണ് തകര.
മനുഷ്യനും ജന്തുക്കൾക്കും തൊലിപ്പുറത്തുള്ള അസുഖങ്ങൾക്ക് ആനത്തകരയില ഫലപ്രദം. പശുക്കളുടെ അകിടിൽ ഉണ്ടാകുന്ന വൃണങ്ങൾക്ക് തകരയില അരച്ചു പുരട്ടാം. പൂക്കൾ മഞ്ഞനിറത്തിൽ ഗോപുരം പോലെയാണു കാണുക. പ്രമേഹരോഗികൾ ഈ പൂവ് ഉണക്കിപ്പൊടിച്ചു ദിവസേന കഴിച്ചാൽ രോഗശമനുണ്ടാകുമെന്ന് കേൾക്കുന്നു. ഇലകൾ കഴിച്ചാൽ വാത–പിത്ത–കഫരോഗങ്ങൾക്ക് ആശ്വാസം ഉണ്ടാകുമെന്നും പഴമക്കാർ. ചർമരോഗങ്ങൾക്കും കുഷ്ഠരോഗത്തിനും ഇതിന്റെ വിത്ത് അരച്ച് ഉപയോഗിച്ചിരുന്നത്രേ. ഇല ഞെരടിപ്പിഴിഞ്ഞാൽ രൂക്ഷഗന്ധമുണ്ടാകും. കായകൾ നേർത്തു നീളം കൂടിയവയാണ്. ഓരോ കായയിലും 20–30 വിത്തുകൾ ഉണ്ടാകും. വിത്തുകൾ വഴിയാണ് വംശവർധന. വിത്തുകൾക്കു തവിട്ടുകലർന്ന കറുപ്പുനിറം. മലബന്ധം നീങ്ങാൻ വിത്തുകൾ മുൻപ് വൈദ്യൻമാർ നിർദേശിച്ചിരുന്നു. ആനത്തകരയുടെ വേര് ആന്റി സെപ്റ്റിക് ആണ്. ഇരുമ്പ്, ഫോസ്ഫറസ്, ധാതുലവണങ്ങൾ എന്നിവ ഇതിലടങ്ങുന്നു. അതുകൊണ്ട് ശ്വാസകോശരോഗങ്ങൾക്കും വയറിലെ അസുഖങ്ങൾക്കും ഇത് ഔഷധമാക്കിയിരുന്നു. കരൾ, കണ്ണ് രോഗങ്ങൾക്കും ചൊറി, ചിരങ്ങ് എന്നിവയ്ക്കും ആനതകര ഉത്തമ ഔഷധമാണ്. മോരിൽ തകരവിത്ത് അരച്ചു തേച്ചാൽ പുഴുക്കടി ശമിക്കും. ത്വക്കിന് നിറവും കാന്തിയും നൽകാൻ ഇല തോരൻ വച്ച് കഴിക്കുന്നതു കൊള്ളാം.