വീട്ടുമുറ്റത്തു കൃഷി ചെയ്യാം അടുക്കളയിലേക്കുള്ള വെളുത്തുള്ളി, വിത്തിനായി അലയേണ്ട
Mail This Article
ശീതകാല വിളയായ വെളുത്തുള്ളി കാലാവസ്ഥ നോക്കാതെയും കൃഷി ചെയ്യാം. ഇപ്പോൾ ശീതകാല വിളകൾ നട്ടുതുടങ്ങേണ്ട കാലമായതിനാൽ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ് എന്നിവയ്ക്കൊപ്പം വെളുത്തുള്ളിയും അടുക്കളമുറ്റത്തെ പച്ചക്കറിക്കൃഷിയുടെ ഭാഗമാക്കാം.
വിത്തിന് കറിവയ്ക്കാന്‍ വാങ്ങുന്ന വെളുത്തുള്ളി അല്ലികള്‍ തന്നെ മതി. നല്ല നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണ്ണാണ് വെളുത്തുള്ളിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യം. മാത്രമല്ല നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലവുമായിരിക്കണം. കമ്പോസ്റ്റ്, ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻകാഷ്ഠം പൊടിഞ്ഞത്, എല്ലുപൊടി, അൽപം ചാരം (വിറക് കത്തിയതോ കരിയില കത്തിച്ചതോ ആകാം) എന്നിവ ചേര്‍ത്ത് ഒരടി താഴ്ചയില്‍ മണ്ണ് നന്നായ് കിളച്ച് നിരപ്പാക്കി അതില്‍ 6 ഇഞ്ച് അകലത്തിലും ഒരിഞ്ച് ആഴത്തിലും അല്ലികള്‍ നടാം (വലിയ ഇനം ചൈനീസ് വെളുത്തിയാണെങ്കില്‍ 4 ഇഞ്ചോളം ആഴത്തില്‍ നടുക).
ഈര്‍പ്പം അമിതമായി നിലനില്‍ക്കുന്ന മണ്ണാണെങ്കില്‍ തടമെടുത്ത് അതില്‍ നടുന്നതാണ് ഉചിതം. നട്ട് 5 മുതല്‍ 7 ദിവസം കൊണ്ട് നാമ്പുകള്‍ മുകളിലേക്ക് വന്നു തുടങ്ങും. ഇടയ്ക്ക് ആട്ടിൻകാഷ്ഠം വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അതല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ് മേല്‍വളമായി കൊടുക്കാം. കൂടാതെ ഫിഷ്‌അമിനോ ഇലകളില്‍ സ്പ്രേ ചെയ്യുന്നതും നല്ല വളര്‍ച്ചയ്ക്ക് സഹായകമാണ്. നട്ട് ചെടികള്‍ മുളച്ച് നാലുമാസം കൊണ്ട് വിളവെടുക്കാം.
പ്രത്യേകം ശ്രദ്ധിക്കണ്ടത്: മണ്ണ് ഉണങ്ങാതെ എപ്പോഴും മിതമായ നനവ് നിലനിര്‍ത്തുക. അമിത നനവ് ചീയലിന് കാരണമാകുമെന്നും ഓര്‍ക്കുക.