മഴയൊക്കെ നിസാരം ഹോട്ട് വാട്ടർ പ്ലാന്റിന്: കോരിച്ചൊരിയുന്ന മഴക്കാലത്തും നിറയെ പൂക്കൾ
Mail This Article
കോരിച്ചൊരിയുന്ന മഴക്കാലത്തും നിറയെ പൂക്കളുമായി വര്‍ണവിസ്മയം തീര്‍ക്കുന്ന ചെടിയെ പരിചയപ്പെടാം. ഹോട്ട് വാട്ടർ പ്ലാന്റ്, മാജിക് ഫ്ലവർ എന്നീ വിളിപ്പേരുകള്‍ കൂടിയുള്ള അക്കിമെനസ്. ആഫ്രിക്കൻ വയലറ്റ്, ഗ്ലോക്സീനിയ, എപ്പീസിയ എന്നിവയുടെ കുടുംബത്തിലെ അംഗം. ഒറ്റനോട്ടത്തിൽ എപ്പീസിയയുമായി സസ്യപ്രകൃതിയിൽ രൂപസാദൃശ്യമുണ്ടെങ്കിലും സമൃദ്ധമായി പൂക്കുന്ന പ്രകൃതം, മണ്ണിനടിയിലുള്ള കിഴങ്ങ്, തൂക്കുചട്ടികളിൽ ഞാത്തി വളർത്താം തുടങ്ങിയ സവിശേഷതകള്‍ അക്കിമെനസിനെ വേറിട്ടു നിര്‍ത്തുന്നു. ചെടിയുടെ തണ്ടുകൾക്ക് ആഫ്രിക്കൻ വയലറ്റ്, ഗ്ലോക്സീനിയ ഇവയെ അപേക്ഷിച്ച് നല്ല ബലമുണ്ട്. മഴക്കാലത്ത് മറ്റു പൂച്ചെടികൾ പൂക്കളൊഴിഞ്ഞു മങ്ങിനിൽക്കുമ്പോൾ മാജിക് പ്ലാന്റിൽ വിസ്മയംപോലെ മഴസമയത്തു നിറയെ പൂക്കളുണ്ടാകും.
മൂന്നാർ, ഇടുക്കി തുടങ്ങിയ ഹൈറേഞ്ച് മേഖലകളിൽ മുൻപു തൊട്ടേ ഈ ചെടിയുടെ ചെറിയ പൂക്കളോടു കൂടിയ ഒന്നു രണ്ട് ഇനങ്ങൾ ഉണ്ടായിരുന്നെങ്കിലും സമതലങ്ങളിൽ വളർത്താൻ പറ്റിയ, കാണാന്‍ ഭംഗിയുള്ള ഇനങ്ങൾ ഈയിടെയാണ് ലഭിച്ചു തുടങ്ങിയത്. നാഗാലാൻഡ്, കാലി പോങ് എന്നിവിടങ്ങളിൽനിന്നു വരുന്ന ഇവയിൽ ചിലതിനു രണ്ടു നിര ഇതളുകളുണ്ട്. പിങ്ക്, നീല, ഇളം വ യലറ്റ്, ചുവപ്പ് തുടങ്ങി പല നിറങ്ങളിലുള്ള പൂക്കൾ ഇലയുടെ ചുവട്ടിൽനിന്നാണ് ഉണ്ടായി വരിക. കൂർത്ത അഗ്രമുള്ള ഇലകൾക്ക് തവിട്ടു കലർന്ന കടും പച്ചനിറമാണ്. വളർന്നു വരുന്ന തണ്ടുകൾ തുടക്കത്തിൽ നിവർന്നു നിൽക്കുമെങ്കിലും പിന്നീട് ഭാരമേറി പാതി ഞാന്നു കിടക്കുന്ന രീതിയാകും. തണ്ട് മണ്ണിൽ തൊട്ടാൽ മുട്ടുകളിൽനിന്നു ചിലപ്പോൾ വേരുകൾ ഉണ്ടായിവരും. ഈ ചെടിയുടെ കിഴങ്ങിനു ചെറിയ മഞ്ഞളിന്റെ വലുപ്പമേ ഉണ്ടാകൂ. നീലപ്പൂവുള്ള ഇനത്തിന്റെ കിഴങ്ങിനു നിലക്കട ലയുടെ വലുപ്പം മാത്രം. ഒരു കിഴങ്ങ് നട്ടാൽ ആദ്യവര്‍ഷത്തെ വളർച്ചയിൽത്തന്നെ ചുറ്റും ധാരാളം കിഴങ്ങുകൾ ഉണ്ടായിവരും. മേയ് മാസത്തിൽ പെയ്യുന്ന പുതുമഴയിൽ കിഴങ്ങിൽനിന്നു മണ്ണിനു മുകളിലേക്ക് തണ്ടും ഇലയുമെല്ലാം ഉണ്ടായിവരും. ജൂൺ മുതൽ പൂക്കളും. മഴക്കാലത്ത് പല തവണ പൂവിടുന്ന ഈ ചെടി മഴ കഴിഞ്ഞാല്‍ നവംബർ ആകുമ്പോഴേക്കും പതിയെ ഇലകളും തണ്ടുകളും എല്ലാം കൊഴിഞ്ഞ് കിഴങ്ങു മാത്രമായി മണ്ണിൽ ശേഷിക്കും. അടുത്ത മഴക്കാലത്തെ തണുപ്പുള്ള കാലാവസ്ഥയിൽ വീണ്ടും ചെടി വളർന്നുവന്ന് പൂവിടും.
അക്കിമെനസ് നട്ടു വളർത്താൻ കിഴങ്ങാണ് ഉപയോഗിക്കുക. മേയ് മാസത്തിൽ മഴ തുടങ്ങുന്നതിനു മുൻപായി കിഴങ്ങു നടാം. ചട്ടി, കൂടുതൽ ചെടികൾ ഒന്നിച്ചു വളർത്താൻ പറ്റിയ പ്ലാന്റർ ബോക്സ്, അല്ലെങ്കിൽ തൂക്കു ചട്ടി ഇവയിലെല്ലാം ഈ ചെടി വളർത്താം. വേരുകൾ അധികം ആഴത്തിൽ വളരാത്തതായതുകൊണ്ട് ആഴം കുറഞ്ഞ ചട്ടിയിലും ഈ പൂച്ചെടി പരിപാലിക്കാം. വെള്ളം ഒട്ടും തങ്ങി നിൽക്കാത്തതും നല്ല വായൂസഞ്ചാരമുള്ളതും മുറുക്കമില്ലാത്തതുമായ നടീൽമിശ്രിതമാണ് വേണ്ടത്. ഇതിനായി മണ്ണും ചകിരിച്ചോറും മണ്ണിരക്കംപോസ്റ്റും ഒരേ അളവിൽ എടുത്തതിൽ എല്ലുപൊടി കൂടി കലർത്തിയാല്‍ മതി. കിഴങ്ങ് മണ്ണിൽ ഒരു ഇഞ്ച് മാത്രം ഇറക്കി നടണം. അധികം ആഴത്തിൽ നട്ടാൽ ചീഞ്ഞുപോയേക്കാം. നൂതന സങ്കരയിനങ്ങളുടെ കിഴങ്ങ് നേരിട്ട് മണ്ണിൽ നടാതെ ജിഫി പ്ലഗിൽ നട്ട് വളർന്നു വന്നശേഷം ജിഫി പ്ലഗ് ഉൾപ്പെടെ മണ്ണിലേക്ക് മാറ്റി നടുക. മഴക്കാലത്തു മാത്രം മണ്ണിനു മുകളിൽ ഇലയും പൂവുമെല്ലാം ഉല്‍പാദിപ്പിക്കുന്ന ഈ ചെടിയെ ചീയൽരോഗത്തിൽനിന്നു രക്ഷിക്കാൻ നടീൽമിശ്രിതത്തിൽ സ്യൂഡോമോണാസ് കലർത്തി നൽകുന്നതു നന്ന്.
പാതി തണൽ കിട്ടുന്നതും എന്നാൽ നേരിട്ട് മഴയും വെയിലും കൊള്ളാത്തതുമായ ഇടങ്ങളിലാണ് ഈ പൂച്ചെടി പരിപാലിക്കേണ്ടത്. മഴവെള്ളം ചുവട്ടിൽ അധികസമയം തങ്ങിനിന്നാൽ കിഴങ്ങുൾപ്പെടെ ചെടി ചീഞ്ഞു നശിച്ചുപോകും. ചെടിക്ക് ഈർപ്പം വേണം എന്നാൽ അത് അധികമാകാൻ പാടില്ല. മഴ കൊള്ളുന്നിടത്താണ് വളർത്തുന്നതെങ്കിൽ വെള്ളം അധികസമയം തങ്ങിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. മഴവെള്ളം വീഴാത്ത ഇടത്താണെങ്കിൽ രണ്ടു നേരം നനയ്ക്കേണ്ടിവരും. തണ്ടുകൾ ഉണ്ടായിവന്ന ചെടിയിൽ അധികമായി ശാഖകളും അവയിലെല്ലാം പൂക്കളും ഉണ്ടാകാൻ കൂമ്പ് നുള്ളുന്നത് ഉപകരിക്കും. പൂവിടാൻ ആരംഭിച്ച, ചെറിയ ഇലകളുള്ള ഇനം ചെടിയിൽ ചിലപ്പോൾ ചെറുപ്രാണികൾ നീരൂറ്റിക്കുടിച്ച് കൂമ്പ് മുരടിക്കും. തുടക്കത്തിൽ കണ്ടാൽ കൂമ്പ് നുള്ളിനീക്കുക. എന്നാൽ അധികമായാൽ ‘ഒബറോൺ’ പോലുള്ള കീടനാശിനി പ്രയോഗിക്കണം.
പൂക്കളുണ്ടാകുന്നതു നിന്നുപോയാൽ നീണ്ട ഉറക്കത്തിനു സമയമായി എന്നതിന്റെ സൂചനയാണത് ചെടി പിന്നെ നനയ്ക്കരുത്. നന നിർത്തിയാൽ കിഴങ്ങുമാത്രം മണ്ണിൽ അവശേഷിച്ച് ഇലയും തണ്ടുമെല്ലാം ഉണങ്ങിപ്പോകും. ഈ അവസ്ഥയിൽ ചെടി നട്ടിരുന്ന ചട്ടി മഴയും വെയിലും കൊള്ളാത്തതും എലിശല്യം ഇല്ലാത്തതുമായ സ്ഥലത്ത് നന നൽകാതെ സൂക്ഷിക്കണം. വേനൽമഴ എത്തുന്നതോടെ ചട്ടി വെള്ളം വീഴുന്നിടത്തു വച്ചാല്‍ അതില്‍ പുതു തളിർപ്പുകൾ ഉണ്ടായിവന്ന് ചെടി വളരാൻ തുടങ്ങും. ചട്ടിയിൽ സൂക്ഷിക്കുന്നതിനു പകരം ചുറ്റുമുള്ള മണ്ണുസഹിതം കിഴങ്ങ് വേർപെടുത്തിയെടുത്ത് പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കാം. വേണമെങ്കിൽ കിഴങ്ങുകൾ ഓരോന്നായി വേർപെടുത്തിയെടുത്തും പൊതിഞ്ഞു വയ്ക്കാം. അടുത്ത മഴക്കാലമെത്തുന്നതിനു തൊട്ടു മുൻപ് ചട്ടിയിലേക്ക് മാറ്റി നട്ടാൽ മതി.