ADVERTISEMENT

പഠനത്തോടൊപ്പം കൃഷിയെയും നെഞ്ചോടു ചേർത്ത് ഒരുപറ്റം വിദ്യാർഥികൾ. സ്കൂളിന്റെ മുറ്റത്തും മൈതാനത്തിന്റെ അതിർത്തികളിലുമൊക്കെയായി 70 സെന്റിൽ വിദ്യാർഥികൾ നട്ടു നനച്ച് വിളയിക്കുന്നത് ഒന്നും രണ്ടുമല്ല 38 ഇനം പച്ചക്കറികൾ! കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികളാണ് സ്കൂൾ മുറ്റത്ത് പച്ചക്കറിവിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിലേക്കുള്ള പച്ചക്കറികൾ സ്വയം ഉൽപാദിപ്പിക്കുന്നതിനൊപ്പം അധികമായുള്ള പച്ചക്കറികൾ നാട്ടുകാർക്ക് വിതരണം ചെയ്യുന്നതിലൂടെ വരുമാനമുണ്ടാക്കാനും വിദ്യാർഥികൾക്കു കഴിയുന്നു. ഈ വരുമാനത്തിന് പ്രത്യേക ഉദ്ദേശ്യലക്ഷ്യവുമുണ്ട്.

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കുട്ടികൾ പച്ചക്കറിത്തോട്ടത്തിൽ
മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കുട്ടികൾ പച്ചക്കറിത്തോട്ടത്തിൽ

തുടക്കം ലിറ്റിൽ ഫാർമേഴ്സ് കൃഷി ക്ലബ്ബ് 

അഞ്ചു വർത്തിലേറെയായി സ്കൂളിൽ പച്ചക്കറിക്കൃഷിയുണ്ട്. കൃഷിയെ കുട്ടികൾക്ക് പരിചയപ്പെടുത്തുക, കാർഷിക അറിവുകൾ നേടുക, വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കാൻ അവരെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപീകരിച്ച ലിറ്റിൽ ഫാർമേഴ്സ് കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ പച്ചക്കറിക്കൃഷിയെന്ന് ക്ലബ്ബിന്റെ കോർഡിനേറ്ററും മലയാളം അധ്യാപകനുമായ ഷിനു പി. തോമസ്. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലുള്ള 120 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. നിലമൊരുക്കൽ മുതൽ വിളവെടുപ്പും വിൽപനയും വരെയുള്ള കാര്യങ്ങൾ ഗ്രൂപ്പ് തിരിഞ്ഞ് കുട്ടികൾത്തന്നെ ചെയ്യുന്നു. ഒപ്പം പുസ്തകങ്ങളിൽ പഠിക്കുന്ന പരാഗണം പോലുള്ള തിയറി അറിവുകൾക്കൊപ്പം അവ നേരിട്ട് കണ്ട് മനസിലാക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുവെന്ന് ഷിനു സർ.

school-farm-4
വിളവെടുത്ത പയറുമായി

കൃഷി പരിശീലനം, പരിസ്ഥിതി സംരക്ഷണം, പ്രായോഗിക അറിവുകൾ സ്വന്തമാക്കൽ, കൃഷിയിടങ്ങൾ സന്ദർശിക്കൽ, കാർഷികോപകരണങ്ങൾ പരിചയപ്പെടൽ, സാങ്കേതികവിദ്യകൾ പരിചയപ്പെടൽ എന്നിവയാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുക. രാവിലെ ഒരു സംഘം വിദ്യാർഥികൾ വിളവെടുക്കുമ്പോൾ വൈകുന്നേരങ്ങളിൽ മറ്റൊരു സംഘം നിലമൊരുക്കാനുണ്ടാകും. മഴയില്ലാത്ത ദിവസങ്ങളിൽ പച്ചക്കറികൾ നനയ്ക്കാനുള്ള ചുമതല പെൺകുട്ടികൾക്കാണ്.

school-farm-7
സാലഡ് വെള്ളരി വിളവെടുപ്പ്

സർവം പച്ചക്കറി മയം

സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ പച്ചക്കറികൾ മികച്ച രീതിയിൽ വളർന്നു നിൽക്കുന്നതു കാണാം. ഗ്രോബാഗിലും നിലത്തുമായി വഴുതനയും ചീനിയും തക്കാളിയുമൊക്കെ നിറയെ കായ്കളുമായി നിൽക്കുന്നു. ഒപ്പം വെണ്ട, ബീൻസ്, സാലഡ് വെള്ളരി, ഇഞ്ചി, മല്ലി, ബജി മുളക്, ക്യാപ്സിക്കം തുടങ്ങിയവയും സ്കൂളിന്റെ മുറ്റത്തുതന്നെയുണ്ട്. ചെത്തിച്ചെടികൾ നിൽക്കുന്ന ഒരു ഭാഗം ശീതകാല വിളകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. ഓണാവധിക്കു ശേഷം നിലമൊരുക്കി കാബേജ്, കോളിഫ്ലവർ പോലുള്ള വിളകൾ ഇവിടെ സ്ഥാനം പിടിക്കും. 

school-farm-3
മത്തൻ, വെള്ളരി വിളവെടുപ്പ്

മൈതാനത്തിന് രണ്ടു വശങ്ങളിലായി പന്തൽ വിളകൾ കൃഷി ചെയ്തിരിക്കുന്നു. ഒരു വശത്ത് പാവൽ, പടവലം, പീച്ചിൽ, സാലഡ് വെള്ളരി എന്നിവ പന്തലിൽ വളർന്നു വിളവേകി നിൽക്കുന്നു. ഏറെ ഡിമാൻഡുള്ള ബേബി പടവലമാണ് ഇവിടെ നട്ടിരിക്കുന്നത്. നീളം വയ്ക്കാത്ത പടവലം ആയതുകൊണ്ടുതന്നെ വിൽക്കാനും എളുപ്പം. കീടനിയന്ത്രണത്തിന് ഫിറമോൺ കെണി, പഴക്കെണി, തുളസിക്കെണി പോലുള്ളവ ഉപയോഗിക്കുന്നു. മൈതാനത്തിന്റെ മറ്റൊരു വശത്ത് ലംബ രീതിയിൽ പയർ കൃഷി ചെയ്തിട്ടുണ്ട്. മതിൽ പടർന്ന് മത്തനും കുമ്പളവും ചുരയ്ക്കയുമൊക്കെ കിടക്കുന്നു.

school-farm-5
മൈതാനത്തിനു സമീപത്തെ പന്തൽവിളത്തോട്ടം

ഒത്തൊരുമയുടെ ഫലം

കുട്ടികളുടെ ഒത്തൊരുമയുടെ വിജയമാണ് സ്കൂളിനു ചുറ്റും വിളവായി കാണുന്നതെന്ന് പ്രധാനാധ്യാപിക ലിന്റ എസ് പുതിയാപറമ്പിൽ. പല കുട്ടികൾക്കും കൃഷി എന്താണെന്ന് അറിയില്ല. പച്ചക്കറികൾ കടയിൽനിന്ന് വാങ്ങുന്ന അറിവേയുള്ളൂ. അതുകൊണ്ടുതന്നെ പഠനത്തിൽ മാത്രമല്ല കൃഷി സംസ്കാരംകൂടി പകർന്നുനൽകേണ്ട ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുകയായിരുന്നുവെന്നും ടീച്ചർ പറഞ്ഞു. 

school-farm-2
പച്ചക്കറി വിൽപന

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് വിളവെടുപ്പ്. വിളവെടുപ്പിന് നിയോഗിക്കപ്പെട്ട വിദ്യാർഥികൾ രാവിലെ 8.15 ആകുമ്പോഴേക്ക് സ്കൂളിലെത്തി പാകമായവ വിളവെടുക്കുന്നു. എല്ലാ ഇനങ്ങളിലുമായി ഒരു ദിവസം ഏകദേശം 40 കിലോയോളം പച്ചക്കറി വിളവെടുക്കാറുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ മാറ്റിയശേഷം ബാക്കി പച്ചക്കറികൾ അന്നത്തെ മാർക്കറ്റ് വില അനുസരിച്ച് വിൽക്കുന്നു. സ്കൂളിലെതന്നെ വിദ്യാർഥികളും അധ്യാപകരും പച്ചക്കറികൾ വാങ്ങാറുണ്ട്. നാട്ടുകാരും പച്ചക്കറികൾ വാങ്ങാൻ സ്കൂളിലെത്തുന്നുണ്ട്. ഇങ്ങനെ പച്ചക്കറികൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കുന്നു. 

school-farm-6
സ്കൂൾമുറ്റത്തെ വെണ്ടത്തോട്ടത്തിൽ

ഓണസദ്യയ്ക്കു പച്ചക്കറി സ്കൂൾ മുറ്റത്തുനിന്ന്

നാളെയാണ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടക്കുക. ഓണസദ്യ ഒരുക്കുന്നതിനുള്ള നല്ല പങ്കും പച്ചക്കറികൾ സ്കൂൾ മുറ്റത്തുനിന്നുതന്നെ. വെണ്ട, പയൽ, വഴുതന, കുക്കുമ്പർ, ചീര, പച്ചമുളക്, കാന്താരി, മല്ലിയില, ബീൻസ്, മത്തൻ, പാവൽ, പടവലം, ചുരയ്ക്ക, ചന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി, വെള്ളരി, തക്കാളി തുടങ്ങിയവയാണ് ഇവിടെ വിളയുന്ന പ്രധാന ഇനങ്ങൾ. ഒപ്പം അത്തപ്പൂക്കളത്തിനായുള്ള ചെണ്ടുമല്ലിച്ചെടികളും...

ഫോൺ: 9447148628 (ഷിനു പി. തോമസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com