ഒന്നേയുള്ളെങ്കിലും ഇനം വേറെയാ... അങ്ങു കൊട്ടാരത്തിൽവരെയാണ് പിടി! അപൂർവ ഏത്തവാഴയിനം ഒറ്റമുങ്കിലി
Mail This Article
അപൂർവമായ മുങ്കിലി വാഴക്കുല കാണണമെങ്കിൽ എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം കിഴകൊമ്പ് പാറയിൽ പീടികയിൽ ഡയസ് പി. വർഗീസിന്റെ പഴവർഗ കൃഷിയിടത്തിലെത്തുക. ഒറ്റപ്പടല കുലയുമായി കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുകയാണ് ഒറ്റ മുങ്കിലി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട മലനിരകളിൽ കണ്ടുവരുന്ന അപൂർവ ഏത്തവാഴയിനമാണ് മുങ്കിലിവാഴ. നെടുമങ്ങാട് കോട്ടൂർ വനത്തിലെ ആദിവാസികൾ ഇത് കൃഷി ചെയ്യുന്നുണ്ടെന്ന് ഡയസ്.
സാധാരണ ഒരു പടല മാത്രമായി കാണുന്ന ഈ വാഴക്കുല ചിലപ്പോൾ 2 പടലയായും മറ്റു ചിലപ്പോൾ പടലയില്ലാതെയും കാണാം. ആഫ്രിക്കൻ റിനോഹോൺ, സാർസിബാർ ഇനങ്ങൾക്ക് ഒറ്റ മുങ്കിലിയുമായി സാമ്യമുണ്ട്. തിരുവിതാംകൂർ രാജകൊട്ടാരത്തിലേക്ക് തിരുവോണത്തലേന്ന് വനവിഭവങ്ങളുമായെത്തുന്ന ഗോത്രവർഗക്കാർ ആദ്യം കാഴ്ച വയ്ക്കുന്ന ഉപഹാരമാണ് ഒറ്റമുങ്കിലി എന്ന വിശേഷമുണ്ട്, കോട്ടൂർ വനത്തിലെ ഗോത്രസമൂഹം ഈ ആചാരം ഇപ്പോഴും തുടരുന്നുണ്ടെന്നു ഡയസ്. ഒറ്റ മുങ്കിലി സമ്മാനിച്ച്, മൂപ്പനും കൂടെയെത്തുന്നവരും വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ച്, സമ്മാനങ്ങളും വാങ്ങി വൈകുന്നേരത്തോടെയാണ് കൊട്ടാരത്തിൽനിന്നു മടങ്ങുക.
ഫോൺ: 9447329255