ADVERTISEMENT

പത്തു വർഷം മുൻപ് റംബുട്ടാന്റെ സാധ്യത തിരിച്ചറി‍ഞ്ഞു റബർ വെട്ടിനീക്കിയതിൽ കോട്ടയം പിണ്ണാക്കനാട് തറപ്പേൽ സുരേഷിന് ഇന്നു സന്തോഷം മാത്രം. കടുംവെട്ടിനു നൽകാൻപോലും കാത്തുനിൽക്കാതെയാണ് റബർ വെട്ടിനീക്കിയത്. ഇപ്പോൾ ഒരു റംബുട്ടാൻ മരത്തിൽനിന്നു ശരാശരി 15,000 രൂപ വരുമാനം കിട്ടുന്നു. ‘‘40 അടി ഇടയകലം നൽകിയാണ് റംബുട്ടാൻ തൈകൾ നട്ടത്. കൂടുതൽ അടുത്തു നടുന്നത് ദോഷകരമാണെന്ന് നേരത്തേ നടത്തിയ പരീക്ഷണക്കൃഷിയിൽ തിരിച്ചറിഞ്ഞിരുന്നു. പരമാവധി സൂര്യപ്രകാശം കിട്ടുന്നതിനായി തോട്ടത്തിലെ മറ്റു മരങ്ങളും വെട്ടിനീക്കി. മൂന്നാം വർഷം റംബുട്ടാൻ പൂവിട്ട് ആദായം നൽകിത്തുടങ്ങി. റബറിനേക്കാൾ റംബുട്ടാനെ ആകർഷകമാക്കുന്ന ഒരു ഘടകവും ഇതുതന്നെ’’– സുരേഷ് പറഞ്ഞു. 

rambutan-suresh-1

കൃഷിച്ചെലവ് ഇടവിളകളിലൂടെ കണ്ടെത്തുന്നതിനാൽ റംബുട്ടാനിൽനിന്നുള്ള ആദായം പൂർണമായി ലാഭമെന്നു സുരേഷ്. ആദ്യത്തെ 3 വർഷം ഇടവിളയായി പൈനാപ്പിൾ. അതിനുശേഷം പരീക്ഷണാടിസ്ഥാനത്തിൽ കപ്പ നട്ടു.  മരച്ചീനിക്കു വളം കുറച്ചു. അത് അമിതമായ വളർന്നു തണലുണ്ടായാൽ റംബുട്ടാന്റെ ആദായം കുറയും. എന്നിട്ടുപോലും ഓരോ ചുവട് കപ്പയിൽനിന്നു ശരാശരി 8 കിലോ വിളവു കിട്ടി. ആദ്യവർഷം കിലോയ്ക്ക് 35 രൂപ നിരക്കിലും പിന്നീട് 25 രൂപ നിരക്കിലും വിൽക്കാനായി. 2 വിളകളുടെയും കൃഷിച്ചെലവ് കിഴിച്ചശേഷവും ചെറിയൊരു ലാഭം കപ്പക്കൃഷിയില്‍ കിട്ടി.  

rambutan-chart

റംബുട്ടാൻ തോട്ടത്തിൽ കപ്പയുടെ വിളവ് കുറയുമെന്ന ഭീതിമൂലം പാട്ടക്കൃഷിക്ക് ആളെ കിട്ടിയില്ല. സ്വന്തം തൊഴി ലാളിയുമായി ലാഭം പങ്കിടൽ വ്യവസ്ഥയിലായിരുന്നു കപ്പക്കൃഷി. വിളവെടുക്കുന്നതുവരെ പണികൾക്ക് സുരേഷ് ദിവസവേതനം നൽകി. വിളവ് വിറ്റശേഷം വരുമാനത്തിൽനിന്നു കൂലിച്ചെലവും വളത്തിന്റെ വിലയും കിഴിച്ച ബാക്കിത്തുക തുല്യമായി പങ്കുവച്ചു. ‘ഇരുകൂട്ടർക്കും തൃപ്തികരമായ നേട്ടം. 

rambutan-suresh-2

റംബുട്ടാന്‍ ആദ്യവർഷം സ്വന്തമായി വലയിടുകയും വിളവെടുക്കുകയും വിപണനം നടത്തുകയും ചെയ്തു. രണ്ടാം വർഷം വലയിട്ടു വിളവെടുത്തശേഷം മൊത്തക്കച്ചവടക്കാർക്കു നൽകി. മൂന്നാം വർഷമായപ്പോഴേക്കും ഉൽപാദനം കുത്തനെ വർധിച്ചതിനാൽ തോട്ടമൊന്നാകെ കരാര്‍ നൽകുകയായിരുന്നു. കൂടുതൽ മരങ്ങളുള്ള കൃഷിക്കാർക്ക് വലിയടലും വിളവെടുപ്പം വിൽപനയുമൊക്കെ താങ്ങാനാവാത്ത ജോലിഭാരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ചെറുകിടകർഷകർക്ക് സ്വയം ചെയ്യാനാകും.

rambutan-suresh-3

സമൃദ്ധമായി സൂര്യപകാശവും വേനലിൽ സുലഭമായി ജലവും കിട്ടുന്ന കൃഷിയിടങ്ങൾ റംബുട്ടാൻ കൃഷിയിലേക്കു മാറണമെന്നാണ് സുരേഷിന്റെ അഭിപ്രായം. മൂന്നരയേക്കർ സ്ഥലത്ത് 100 മരങ്ങൾ നട്ടുവളർത്താം. 8 വർഷമായ ഒരു മരത്തിൽനിന്ന് 10,000 രൂപ നിരക്കിൽ പ്രതിവർഷം 10 ലക്ഷം രൂപ വാർഷിക വരുമാനം നേടാൻ ഇതു മതി.  

ഫോൺ: 9747768234

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com