ചെറുതെങ്കിലും സർവരോഗ സംഹാരി; ബ്രഹ്മിക്ക് ഇത്രയേറെ ഗുണങ്ങളുണ്ടായിരുന്നോ!
Mail This Article
ബ്രഹ്മി എന്ന ഔഷധസസ്യത്തെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല. പക്ഷേ, അതിനെ കണ്ടാൽ തിരിച്ചറിയുന്നവർ എത്രയുണ്ടാകും? ചെളിപ്രദേശത്തും പുഴക്കരയിലും ഉപ്പുകലർന്ന മണലിലും കടലോരത്തും ബ്രഹ്മി തഴച്ചുവളരുന്നു. വിത്തുകൾ ഉണ്ടെങ്കിലും തണ്ടുകൾ മുറിച്ചുനട്ടാണ് വംശവർധന നടത്തുന്നത്. പത്തുമണിച്ചെടിയുടെ ഇലയോടു സാമ്യമുള്ള ഇലകൾക്ക് കനവും പച്ചനിറവും കൂടുതൽ ഉണ്ടായിരിക്കും. വെളുത്ത പൂക്കൾ ഉണ്ടാകുന്ന ബ്രഹ്മി അലങ്കാരച്ചെടിയായും വളർത്താം.
പറമ്പുകളിലും വയലുകളിലും മുൻപൊക്കെ ഇതു ധാരാളം കണ്ടിരുന്നു. ഇലകൾ ഇടിച്ചു പിഴിഞ്ഞാൽ പത നിറഞ്ഞ, കയ്പ് രസമുള്ള ദ്രാവകം കിട്ടും. മലശോധനയ്ക്കും സ്വരം നന്നാവാനും ഓർമശക്തി വർധിക്കാനും കുഷ്ഠം, പ്രമേഹം, കാസം, വിഷം, അപസ്മാരം, ജ്വരം എന്നിവയ്ക്കു മരുന്നായും പാരമ്പര്യ വൈദ്യന്മാര്‍ ഉപയോഗിച്ചിരുന്നു. സമൂലമാണ് ഉപയോഗം. ഇല വായുവിൽ (തണലിൽ) ഉണക്കി പൊടിച്ച് കുട്ടികൾക്കു പാലിലും തേൻ ചേർത്തും കൊടുത്തിരുന്നു. ബ്രഹ്മി ഇതൾ ദിവസവും കഴിച്ചാൽ പ്രായം ചെന്നവർക്ക് ഓർമശക്തി നിലനിൽക്കുമെന്നു വിശ്വാസമുണ്ട്. ഇപ്പോൾ പ്രായം ചെന്നവരിൽ കാണുന്ന സ്ഥലകാലബോധമില്ലായ്മയ്ക്കു വൈദ്യന്മാര്‍ ബ്രഹ്മി ചേർത്ത ഔഷധം കൊടുക്കാറുണ്ട്. ബ്രഹ്മി തൈലം പുരട്ടി കുടലിറക്കം തടയാമെന്നും പറയുന്നു.
വീട്ടിൽ വളർത്തുന്നതിന് വായവട്ടമുള്ള മൺ/പ്ലാസ്റ്റിക് പാത്രമെടുത്ത് അതിൽ പൂഴിയും ചളിമണ്ണും ചാണ കപ്പൊടിയും നിറച്ചതിൽ ബ്രഹ്മിയുടെ കമ്പുകൾ നടുക. ഇലകൾ വന്നു പടരുമ്പോള്‍ അൽപം കറിയുപ്പ് കലക്കി ഒഴിച്ചുകൊടുക്കുക. വെയിലേൽക്കാതെ സ്ഥിരമായി തണൽ കൊടുത്താൽ പറമ്പിലും പാടത്തും കൃഷി ചെയ്യാം.
ഫോണ്‍: 9745770221