ADVERTISEMENT

മറുനാടൻ പഴങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാൻ തെക്കുകിഴക്കൻ ഏഷ്യൻ‌ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവർഗക്കൃഷിയിൽ പുതുചലനം ഉണ്ടാക്കിയ റംബുട്ടാൻ ഇന്നു വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ആകർഷകമായ രൂപവും  വർണവിന്യാസവുമുള്ള റംബുട്ടാൻ, കർഷകർക്കു മികച്ച വരുമാനത്തിനൊപ്പം തൊടികൾക്കു ചാരുത പകരുകയും ചെയ്യുന്നു. മുറ്റത്തൊരു റംബുട്ടാൻ മരം ഇല്ലാത്ത വീടുകൾ കുറവെന്നും പറയാം.

22 മുതൽ 35 വരെ ഡിഗ്രി സെൽഷ്യസ് താപനിലയും 60 മുതൽ 90 വരെ ശതമാനം അന്തരീക്ഷ ഈർപ്പവും വർഷത്തിൽ 200 സെ.മീ. വരെ മഴയും റംബുട്ടാൻകൃഷിക്ക് അനുകൂല ഘടകങ്ങളാണ്. നല്ല നീർവാർച്ചയും ധാരാളം ജൈവാംശവുമുള്ള ഏതുതരം മണ്ണിലും റംബുട്ടാൻ നന്നായി വളരുന്നു. തണൽ ഒട്ടും ഇഷ്ടപ്പെടാത്ത റംബുട്ടാൻ നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ മികച്ച വിളവു നല്‍കുകയും ചെയ്യും.

ഹോംഗ്രോൺ നഴ്സറിയുടെ ഗവേഷണവിഭാഗം ലോകത്തിലെതന്നെ ഏറ്റവും മികച്ച ഇനങ്ങൾ കണ്ടെത്തുകയും അവയുടെ ഏറ്റവും ഗുണമേന്മയേറിയ നടീൽവസ്തുക്കൾ‌ ലഭ്യമാക്കുകയും ചെയ്തതുവഴി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും റംബുട്ടാൻകൃഷി വിപുലമാകുകയും   ഗുണമേന്മയേറിയ പഴങ്ങൾ വിളയുകയും ചെയ്തുവരുന്നു. എന്നാൽ, കേരളത്തിൽ വാണിജ്യ റംബുട്ടാൻ കൃഷി ചെയ്തുതുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടുണ്ടെങ്കിലും റംബുട്ടാനിലെ ഇനങ്ങൾ പലർക്കും പരിചിതമല്ല. 

rambutan-4

നാടൻ എന്ന പേരിൽ ഒട്ടേറെ മരങ്ങൾ നാട്ടിലുണ്ടെങ്കിലും ഇന്ന് വ്യാപാരികൾക്കു പ്രിയം മികച്ച ഇനങ്ങൾ വ്യാവസായികമായി കൃഷി ചെയ്യുന്ന തോട്ടങ്ങളോടാണ്. ആവശ്യമുള്ള അത്രയും പഴം ഒരു തോട്ടത്തിൽനിന്ന് വിളവെടുക്കാം എന്നത് നേട്ടം. മാത്രമല്ല ഒരേ ഇനംതന്നെ കൃഷി ചെയ്യുന്നതിനാൽ ഒരേ വലുപ്പത്തിലും രുചിയിലുമുള്ള പഴം വിൽക്കാൻ കച്ചവടക്കാർക്ക് കഴിയുന്നു. എന്നാൽ ഒന്നും രണ്ടും മരങ്ങളുള്ള തോട്ടങ്ങളിൽനിന്ന് ആവശ്യമായ പഴം ലഭിക്കില്ലെന്നു മാത്രമല്ല അധ്വാനഭാരം കൂടുകയും ചെയ്യുന്നുവെന്ന് വ്യാപാരികൾത്തന്നെ പറയുന്നു. ആറു വർഷം പ്രായമായ മരങ്ങളുള്ള ഒരു 11 ഏക്കർ തോട്ടത്തിൽ കേവലം 19 മരങ്ങളിൽനിന്നാണ് ഒന്നര ടൺ പഴം വ്യാപാരികൾ വിളവെടുത്തത്. ഇതൊരു ഉദാഹരണം മാത്രം. പ്രായമേറുന്തോറും വിളവ് ഇനിയും ഉയുമെന്നതാണ് പ്രത്യേക.

വാണിജ്യക്കൃഷിക്കുള്ള ഇനങ്ങൾ

എൻ18 (N-18): ക്യാപ്സൂൾ ആകൃതിയിലുള്ള പഴങ്ങൾ. നല്ല മധുരവും തനതായ സ്വാദും. പാകമായതിനു ശേഷവും മൂന്നാഴ്ചവരെ കേടുകൂടാതെ മരങ്ങളിൽ നിലനിൽക്കാനുള്ള കഴിവ് എൻ18നെ മറ്റിനങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നു. കേരളത്തിൽ വാണിജ്യക്കൃഷിക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഇനം. 

rambutan-3
N-18

റോങ്‍റിയൻ: തായ്‌ലൻഡിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഈ ഇനം ഗോളാകൃതിയിൽ പച്ചനിറത്തിൽ രോമങ്ങളുള്ള പഴങ്ങൾ നൽകുന്നു. സൂക്ഷിപ്പുകാലം നാലു മുതൽ അഞ്ചു ദിവസംവരെ. പഴങ്ങൾക്കു നല്ല മധുരവും ദൃഢതയുമുണ്ട്.

rambutan-rongrien
റോങ്‌റിയൻ. Photo Contributor: Banprik/ShutterStock

സ്കൂൾബോയ്: മലേഷ്യയിൽ ഏറ്റവും പ്രചാരമുള്ള ഈ ഇനം അനാക് സെകോള എന്ന പേരിലും അറിയപ്പെടുന്നു. പെനാങ്ങിലെ ഒരു പുരാതന വിദ്യാലയത്തിന്റെ  വളപ്പിൽ കണ്ടെത്തിയ ഈ ഇനത്തെ പെട്ടെന്നു തിരിച്ചറിയാം. കായ്കൾക്കു ചുവപ്പും രോമങ്ങൾക്കു നല്ല പച്ചനിറവുമാണ്. ഗോളാകൃതിയിലുള്ള പഴങ്ങൾക്കു നല്ല മധുരവും നീരുമുണ്ട്. സൂക്ഷിപ്പുകാലം റോങ്റിയനോടു തുല്യം.

ബിൻജായ്: ഇന്തൊനീഷ്യൻ ഇനമായ ബിൻജായ് ഉയർന്ന വിളവു നൽകുന്ന ഇനമാണ്. ഗോളാകൃതിയില്‍ നല്ല ചുവന്നു തുടുത്ത പഴങ്ങൾക്കു സൂക്ഷിപ്പുകാലം മറ്റിനങ്ങളെക്കാൾ അൽപം കുറവാണ്. ഉൾക്കാമ്പിനു നല്ല ദൃഢതയും ചെറിയ തോതിൽ നീരുമുണ്ട്.

rambutan-binjai-mahalika
ബിൻജായ്, മഹാർലിക

മഹാ‍ർലിക: ഫിലിപ്പൈൻസിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഈ ഇനത്തിന് ഉയർന്ന വിളവു നൽകാന്‍ കഴിവുണ്ട്. കായ്പിടിത്തം കൂടുതലായതിനാൽ ഉയർന്ന തോതില്‍ വളപ്രയോഗം ആവശ്യമാണ്. ഉരുണ്ട കായ്കൾക്ക് നല്ല ചുവപ്പു നിറം.

salesh-antony-rambutan-malwana
മൽവാന റംബുട്ടാൻ പഴം

മൽവാന സ്പെഷൽ: ശ്രീലങ്കയിൽ ഏറ്റവും പ്രചാരമേറിയ ഇനം. കടുംചുവപ്പു നിറത്തിൽ ആകർഷകമായ പഴങ്ങൾ കുലകളായി മരത്തെ മൂടിക്കിടക്കുന്നതു മനോഹരമാണ്. മറ്റിനങ്ങളെക്കാൾ കൂടുതൽ നീരുണ്ട്. ഉയർന്ന തോതിലുള്ള വിളവ് ഇതിന്റെ വാണിജ്യക്കൃഷിക്ക് ഉത്തേജനം പകരുന്നു.   

ആൺപൂക്കളുടെ എണ്ണം കൂട്ടി ഉയർന്ന വിളവ് നേടാൻ

പരാഗണം നടക്കാതെ കായ്കൾ ഉണ്ടാകുന്ന പ്രവണത ചില മരങ്ങൾക്കുണ്ട്. അങ്ങനെ ഉണ്ടാകുന്ന കായ്കൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പൊഴിഞ്ഞുപോകുന്നതായി കാണുന്നു. ഇതിനെ ഫലപ്രദമായി നേരിടുന്നത് നിശ്ചിത ശതമാനം പെൺപൂക്കളെ ആൺപൂക്കളായി മാറ്റി പരാഗണ നിരക്കു വർധിപ്പിച്ചുകൊണ്ടാണ്. ഇതോടെ കായ്പിടിത്തം വർധിപ്പിക്കുന്നു. 

പൂങ്കുലയിലെ പത്തു ശതമാനം പൂക്കൾ മാത്രം വിരിയുമ്പോൾ അവയിൽ ഒരു മി.ലീ. സൂപ്പർഫിക്സ് അല്ലെങ്കിൽ പ്ലാനോഫിക്സ് (NAA - നാഫ്ത്തലിൻ അസറ്റിക് ആസിഡ്) രണ്ടു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് രാവിലെ ഒമ്പതിനു മുമ്പു തളിക്കണം. ഒരു മരത്തിലെ അഞ്ചു ശതമാനം പൂങ്കുലകളിൽ മാത്രം തളിച്ചാൽ മതി.

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ഒഴിവാക്കിയാൽത്തന്നെ സാധാരണ നിലയിൽ മരത്തിന്റെ പ്രായവും ശേഷിയുമനുസരിച്ചു നല്ല വിളവു ലഭിക്കുന്നുണ്ട് എന്നു പല കർഷകരും സാക്ഷ്യപ്പെടുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com