മനസ്സ് അസ്വസ്ഥമാണോ? മരുന്നായി മാറും കൃഷി; ചെയ്യേണ്ടത് ഇങ്ങനെ: ഡോ. അരുൺ ബി.നായർ എഴുതുന്നു
Mail This Article
സമീപകാലത്ത് ഒട്ടേറെപ്പേർ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം കൃഷിയിലേക്കു തിരിയുന്നതായി കാണാം. വിദേശരാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവരും വ്യവസായികളുമൊക്കെയുണ്ട് അക്കൂട്ടത്തിൽ. കൃഷിയൊരു വരുമാനമാർഗമായി കാണുന്നവരല്ല അവരിൽ പലരും. വിശ്രമകാലത്ത് ആശ്വാസമായും വിനോദമായും വ്യായാമമായും അവർ കൃഷിയെ സ്വീകരിക്കുകയാണ്.
സ്നേഹം, അനുതാപം
കൃഷി ചെയ്താല്‍ മാനസികാരോഗ്യം മെച്ചപ്പെടുമോ? ഒട്ടേറെപ്പേരുടെ സംശയമാണത്. ഒരു ചെടി നട്ട് യഥാസമയം അതിനു വെള്ളവും വളവും നൽകി ശ്രദ്ധയോടെ പരിപാലിക്കുന്നത് യഥാർഥത്തിൽ ഒരു കൊച്ചുകുട്ടിയെ വളർത്തുന്നതിനു തുല്യമായ പ്രക്രിയ ആണ്. പിറന്നു വീഴുന്ന കുഞ്ഞിന് ഓരോ ഘട്ടത്തിലും താങ്ങും തണലുമായി നിന്ന് അവനെ/അവളെ സ്വതന്ത്ര വ്യക്തിയാക്കി വളർത്തുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അതേ മാനസികാഹ്ലാദം തന്നെയാണ് ഒരു ചെടി നട്ടു വളർത്തുമ്പോഴും ലഭിക്കുന്നത്.
കൃഷി ചെയ്യുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് അനുതാപം കൂടുതലായിരിക്കുമെന്ന് ഒട്ടേറെ പഠനങ്ങൾ തെളിയിക്കുന്നു. മറ്റുള്ളവരുടെ വൈകാരികാവസ്ഥ മനസ്സിലാക്കി അവരുടെ സ്ഥാനത്ത് സ്വയം സങ്കൽപിച്ച് അതിന് അനുസൃതമായി പ്രതികരിക്കാനുള്ള കഴിവ് അവരിൽ കൂടുതലാവും. ഒരു കൃഷിക്കാരന് താന്‍ വളർത്തുന്ന ചെടി വാടുകയോ കരിയുകയോ ചെയ്യുമ്പോൾ വേദനിക്കും. മറ്റു മനുഷ്യരുടെ പ്രയാസങ്ങൾ ഉൾക്കൊള്ളാനും അവരോടു കാരുണ്യത്തോടെ പെരുമാറാനുമുള്ള മനസ്സുകൂടിയാണ് അതുവഴി ലഭിക്കുന്നത്. സ്വാഭാവികമായും കൃഷി ചെയ്യുന്നവര്‍ കൂടുതൽ നല്ല മനുഷ്യരാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരോടുള്ള ഇടപെടലിലും അവരിലെ നന്മ പ്രതിഫലിക്കുമെന്നതിനാൽ അവർക്ക് കൂടുതൽ നല്ല സൗഹൃദങ്ങളു മുണ്ടാകും.
ആരോഗ്യം, ഉത്സാഹം
പ്രായമേറുമ്പോള്‍ പലരുടെയും സംശയമാണ് ‘‘ഇനി എന്തു ചെയ്യും’’. ജോലിയിൽനിന്നു വിരമിച്ച് നാട്ടിലെത്തുമ്പോഴേക്കും മക്കളൊക്കെ ജോലിക്കാരായി ദൂരസ്ഥലങ്ങളിലോ വിദേശരാജ്യങ്ങളിലോ പോയിരിക്കും സ്വാഭാവികമായും അപ്പോള്‍ ജീവിതത്തിനു ലക്ഷ്യമില്ലായ്മ അനുഭവപ്പെടാം. അതു തീര്‍ച്ചയായും ജീവിതശൈലിയെ ബാധിക്കും. വാർധക്യത്തിൽ ഒറ്റപ്പെട്ടു പോകുകയാണോ എന്ന ആശങ്ക മാനസിക ആരോഗ്യം തകർക്കും. പൊടുന്നനെ എന്തെങ്കിലും അസുഖം വന്നു മരണപ്പെട്ടു പോകുമോ എന്ന ചിന്തയാല്‍ രാത്രി ഉറക്കവും കുറഞ്ഞേക്കാം. പകൽസമയത്തും ആരോഗ്യത്തെയും ഒറ്റപ്പെടലിനെയും കുറിച്ചുള്ള ചിന്തകൾ അലട്ടാം.
ഇങ്ങനെ മാനസിക സമ്മർദം കൂടുന്നത് ചിട്ടയില്ലാത്ത ജീവിതരീതിക്കു കാരണമാകും. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമമില്ലായ്മയുമൊക്കെ ഇതിന്റെ തുടർച്ചയാണ്. സ്വാഭാവികമായും പ്രമേഹം, അമിത രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ രൂക്ഷമാകും. പുറത്തിറങ്ങുകയോ സൂര്യപ്രകാശം കൊള്ളുകയോ ചെയ്യാത്തതുമൂലം വൈറ്റമിൻ ഡിയുടെ അളവ് ശരീരത്തിൽ വല്ലാതെ കുറയും. നേരിയ വീഴ്ചയില്‍പോലും എല്ലുകൾ ഒടിയാം. മാത്രമല്ല, തലച്ചോറിന്റെ വിജ്ഞാന വിശകലനശേഷി കുറയാനും അതുവഴി ഓർമക്കുറവുണ്ടാകാനുമിടവരും. വൈറ്റമിൻ ഡിയുടെ അളവ് തീരെ കുറയുന്നത് രോഗപ്രതിരോധശേഷി കുറയാനും അതുവഴി അടിക്കടി അണുബാധകൾ ഉണ്ടാകാനും കാരണമാകും. പലപ്പോഴും ശ്വാസകോശത്തിലെ അണുബാധ വയോജനങ്ങളിൽ മരണകാരണമാകാറുണ്ട്.
കൃഷിയില്‍ മുഴുകുന്ന മുതിർന്ന പൗരന്മാരിൽ മേൽപറഞ്ഞ പ്രശ്നങ്ങൾ വളരെ കുറവാണെന്നു കാണാം. രാവിലെ ഉണരുമ്പോൾത്തന്നെ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന ലക്ഷ്യബോധം അവർക്കുണ്ടാകും. കൃഷിയിടത്തിലൂടെ നടക്കുമ്പോൾ സൂര്യപ്രകാശം പതിവായി കൊള്ളുമെന്നതിനാൽ ഇവരുടെ രക്തത്തിൽ വൈറ്റമിൻ ഡിയുടെ അളവ് കൂടുതലാവും. ഇത് എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിക്കാനും ഓർമശക്തി മെച്ചപ്പെടാനും രോഗപ്രതിരോധശേഷി കൂടാനും സഹായകമാകും. കൃഷിയുടെ ഭാഗമായുള്ള ലഘുവായ ശാരീരികാധ്വാനം ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ വലിയൊരളവില്‍ സഹായിക്കും. അമിത അളവിൽ രാസകീടനാശിനികൾ പ്രയോഗിച്ച് വിളയിക്കുന്ന പച്ചക്കറികളാണല്ലോ വിപണിയിൽ പലപ്പോഴും ലഭിക്കുന്നത്. ആ സ്ഥാനത്ത് സ്വന്തം കൃഷിയിടത്തിൽ സ്വയം വിളയിച്ച ശുദ്ധമായ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കും ആരോഗ്യം മെച്ചപ്പെടും. കൃഷി ചെയ്യുന്നവര്‍ പൊതുവേ മിതമായും ചിട്ടയായും ഭക്ഷണം കഴിക്കും. വാർധക്യത്തിൽ ദുർമേദസ്സും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും തടയാൻ അതു സഹായകമാകും.
വയോധിക ദമ്പതികള്‍ ഒരുമിച്ച് കൃഷിപ്പണികള്‍ ചെയ്യുമ്പോൾ പരസ്പരബന്ധം കൂടുതൽ ഊഷ്മളമാകും. വർഷങ്ങൾക്കു മുൻപ് സ്വന്തം കുട്ടികളെ വളർത്തിയപ്പോൾ തോന്നിയതിനു സമാനമായ ആഹ്ലാദം ഇരുവർക്കുമുണ്ടാകാം. കൃഷിപ്പണിയിൽ സഹായിക്കാനെത്തുന്ന തൊഴിലാളികളോടൊപ്പം പണിയെടുക്കുന്നതും വര്‍ത്തമാനം പറയുന്നതുമെല്ലാം പ്രായമായവര്‍ക്ക് ഏറെ ആനന്ദം പകരും. സന്തോഷകരമായ ഈ ഒത്തു ചേരലുകൾ ഏകാന്തതയകറ്റും. അപ്പോള്‍ വിഷാദം, അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകും. നൂതന കൃഷിസങ്കേതങ്ങളെക്കുറിച്ചും മറ്റും നിരന്തരമായി വായിക്കുന്നതും അറിവുള്ളവരോട് ചർച്ച ചെയ്യുന്നതും വഴി തലച്ചോറിന് നല്ല വ്യായാമം ലഭിക്കും. ഇത്തരം ബൗദ്ധിക പ്രവർത്തനങ്ങൾ മേധാക്ഷയത്തെയും മറവിരോഗത്തെയും പ്രതിരോധിക്കാൻ സഹായകം.
ഇപ്പോൾത്തന്നെ തുടങ്ങാം
ചെടികൾ വളരുന്ന പരിസരത്തു ജീവിക്കുന്നത് ശുദ്ധമായ വായു ലഭ്യമാക്കും. കാൻസർ ഉൾപ്പെടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് അന്തരീക്ഷ മലിനീകരണം കാരണമാകുന്നു എന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. ചെടികൾ നട്ടുവളർത്തുന്നതുവഴി അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാനും ശ്വാസകോശ രോഗങ്ങൾ വലിയൊരളവില്‍ കുറയ്ക്കാനും കഴിയും. ചുരുക്കത്തിൽ, വയോധികരുടെ മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടാൻ കൃഷി ഉപകരിക്കുമെന്നതില്‍ സംശയം വേണ്ട. ജോലിയിൽനിന്നു വിരമിക്കും വരെ കാത്തിരിക്കാതെ മധ്യവയസ്സു മുതൽ ചെറിയ തോതിൽ കൃഷി തുടങ്ങാം. അങ്ങനെയെങ്കിൽ ജോലിയിൽനിന്നു വിരമിക്കുമ്പോഴേക്കും വിനോദമായും ആവശ്യമെങ്കിൽ വരുമാന മാര്‍ഗമായും കൃഷിയെ വളർത്തിയെടുക്കാനാകും.
തയാറാക്കിയത്
ഡോ. അരുൺ ബി.നായർ
പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ‌് തിരുവനന്തപുരം.
ഓണററി കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി
arunb.nair@yahoo.com