ADVERTISEMENT

പച്ചടി ഒരു കേരളീയ വിഭവമായിട്ടാണ് അറിയപ്പെടുന്നത്. വിവാഹത്തിനും മറ്റു വിശേഷാവസരങ്ങളിലും  സദ്യകളിൽ പ്രധാന വിഭവമാണിത്. സദ്യയിൽ ആദ്യം വിളമ്പുന്ന കറികളിലൊന്നും. വേഗത്തിലും ലളിതമായും ഉണ്ടാക്കാനാവുമെന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. 

ഒരു പഴമോ പച്ചക്കറിയോ മാത്രം പ്രധാനമായും ചേർത്താണ് മുൻപു പച്ചടി ഉണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് പലതരം പച്ചടികൾ ഉണ്ടാക്കാറുണ്ട്. എരിവ് വേണമെന്നില്ലാത്തവർക്കും ഇഷ്ടപ്പെട്ട കറിയാണിത്. രോഗപ്രതിരോധശക്തി നേടാനും ആരോഗ്യം നിലനിർത്താനും സഹായകമാണ് പച്ചടി.

തക്കാളി പച്ചടി

തക്കാളിപ്പഴം ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യവർധനയ്ക്കും നന്ന്. തക്കാളി ഭക്ഷ്യയോഗ്യമല്ലെന്നൊരു തെറ്റിദ്ധാരണ പണ്ട് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ലോകമെമ്പാടും പ്രചാരത്തിലുള്ള പ്രധാന ഭക്ഷ്യവിളയാണിത്. തക്കാളിയിൽ വൈറ്റമിൻ സി, ബി, എ എന്നിവ സമൃദ്ധം. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ആവശ്യമായതും കാൻസറിനെതിരെ പ്രവർത്തിക്കുന്നതുമായ ലൈക്കോപീൻ തക്കാളിയിൽ ധാരാളം. കുറഞ്ഞ കാലറി അഥവാ ഊർജം മാത്രമുള്ളതിനാൽ പ്രമേഹം, അമിതവണ്ണം, അമിത കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുള്ളവർക്കും ദിവസവും കഴിക്കാം. 

ചേരുവകൾ

  • തക്കാളി (ചെറുതാക്കി അരിഞ്ഞത്)– 250 ഗ്രാം
  • തൈര്– ആവശ്യത്തിന്
  • നാളികേരം– അര മുറി ചിരകിയത്
  • കടുക് പരിപ്പ്– അര സ്പൂൺ
  • പച്ചമുളക് (വട്ടത്തിൽ അരിഞ്ഞത്) – 2 
  • ഇഞ്ചി (ചെറുതാക്കി അരിഞ്ഞത്) – ചെറിയ കഷണം
  • കറിവേപ്പില – ഒരു തണ്ടിന്റെ ഇലകൾ
  • ഉപ്പ് – ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം

തക്കാളി ഒരു പാത്രത്തിലിട്ട് ഉപ്പ് ചേർത്തിളക്കി വയ്ക്കുക. നാളികേരം ചിരകിയത്, കടുക് പരിപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയെല്ലാം ചേർത്ത് അരച്ച് ഒരു പാത്രത്തിൽ വയ്ക്കുക. അതിലേക്ക് തൈരും ചേർത്തിളക്കുക. ചേർത്തുവച്ചിട്ടുള്ള തക്കാളി അതിലേക്കു ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. രുചിക്ക് അനുസരിച്ച് ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാം. 10 മിനിറ്റ് മൂടിവച്ചശേഷം ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com