ADVERTISEMENT

ഗ്രോബാഗിൽ ഇ‍ഞ്ചി കൃഷി ചെയ്യുന്നത് അത്ര പുതിയ കാര്യമല്ല. ഒട്ടേറെ വീട്ടമ്മമാർ  വീട്ടാവശ്യത്തിനായി ഇങ്ങനെ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വാണിജ്യക്കൃഷിയിലും ഗ്രോബാഗ് രീതി ഫലപ്രദമെന്നു തെളിയിക്കുകയാണ് വയനാട് അമ്പലവയലിലെ യുവകർഷകന്‍ ചുള്ളിയോട് പുറക്കരിയിൽ ബിനേഷ് ഡൊമിനിക്. വർഷങ്ങളായി കർണാടകയിലും മറ്റും 50 ഏക്കറോളം സ്ഥലത്ത് ഇഞ്ചിയും മറ്റു വിളകളും കൃഷി ചെയ്തുവരുന്ന പരിചയസമ്പന്നന്‍. പരമ്പരാഗതരീതിയിൽ വാരങ്ങളുണ്ടാക്കി അടിവളം ചേർത്ത്, പുത നൽകി, തളിനനയും തളിവളവുമൊക്കെ നൽകി ഇഞ്ചിക്കൃഷി ചെയ്തു മികച്ച നേട്ടമുണ്ടാക്കാനും ബിനേഷിനു കഴിഞ്ഞിട്ടുണ്ട്.  എന്നാൽ, വാണിജ്യ ഇഞ്ചിക്കൃഷിയിലെ പല തലവേദനകളും ഒഴിവാക്കാൻ ഗ്രോബാഗ് കൃഷി സഹായകമെന്ന്  ബിനേഷ് പറയുന്നു. കൃഷിയിടത്തിൽ അധികംവരുന്ന ഇഞ്ചിവിത്ത് ഗ്രോബാഗുകളിൽ നട്ടപ്പോൾ ലഭിച്ച വിളവാണ് ഈ ശൈലി പരീക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും ബിനീഷ്.   

ബിനേഷ് ഗ്രോബാഗിലെ ഇഞ്ചിയുമായി
ബിനേഷ് ഗ്രോബാഗിലെ ഇഞ്ചിയുമായി

വിജയിച്ച പരീക്ഷണം

ഇക്കൊല്ലം 7–8 സെന്റ് സ്ഥലത്താണ് 1500 ഗ്രോബാഗുകളിലായി ഇഞ്ചിക്കൃഷി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് റിയോഡി ജനീറോ ഇനം ഇഞ്ചി നട്ടത്. ചകിരിപ്പിത്തും ചാണകപ്പൊടിയും മണ്ണും തുല്യ അളവിൽ ചേർത്ത പോട്ടിങ് മിക്സ്ചറില്‍ ഏകദേശം 60–70 ഗ്രാം തൂക്കമുള്ള വിത്ത് രണ്ടു കുഴികളിലായി പാകി. സാധാരണ കൃഷിയിലെന്നപോലെ വേനൽക്കാലത്ത് നനച്ചു. വളപ്രയോഗം നടത്തി. 4 മാസം പിന്നിട്ടപ്പോൾ ഗ്രോബാഗിലെ ഇഞ്ചിക്കു മികച്ച വളർച്ചയുള്ളതായി കാണാമെന്ന് ബിനേഷ് ചൂണ്ടിക്കാട്ടി. പരീക്ഷണാർഥം പറിച്ചു നോക്കിയ ഗ്രോബാഗുകളിലെല്ലാം 2 കിലോയിലേറെ ഇഞ്ചിയുണ്ടായിരുന്നു. ഇനി 2 മാസത്തെ വളർച്ച ബാക്കിയുണ്ട്. അപ്പോഴേക്കും ഓരോ കൂടയിലും ഇഞ്ചി തിങ്ങി തൂക്കം വർധിക്കുമെന്ന് ബിനേഷിന് ഉറപ്പുണ്ട്.

binesh-ginger3

ഒരു ഗ്രോബാഗിൽ 2 കിലോ മാത്രം കണക്കാക്കിയാൽപോലും 1500 കൂടകളിൽ 3 ടൺ ഉൽപാദനം ഉറപ്പാണെന്ന് ബിനേഷ് ചൂണ്ടിക്കാട്ടി. ഇഞ്ചിവില താഴ്ന്നു നിൽക്കുകയാണ്. പുതിയ ഇഞ്ചിയായി വിൽക്കുമ്പോൾ കിലോയ്ക്ക് 35 രൂപ കിട്ടിയാൽ പോലും 7 സെന്റിൽ ഒരു ലക്ഷം രൂപയോളം വരുമാനം പ്രതീക്ഷിക്കാം! ഇനി വിളവെടുപ്പ് വൈകിച്ച് അടുത്ത വർഷം പഴയ ഇഞ്ചിയാക്കി വിറ്റാൽ ഇരട്ടിയിലേറെ വില കിട്ടും. കഴിഞ്ഞ തവണ പഴയ ഇഞ്ചി 60 കിലോ ബാഗിന് 7,200 രൂപ മുതൽ 13,300 രൂപവരെ കിട്ടി. എന്നാൽ അതിവേഗം വില കയറിയിറങ്ങുന്ന ഇഞ്ചിവിപണിയിൽ മുന്തിയ വില സ്ഥിരമായി പ്രതീക്ഷിക്കാനാവില്ല. 

binesh-ginger4

പ്രയോജനം പലത്

മികച്ച വിളവു മാത്രമല്ല ഗ്രോബാഗിലെ ഇഞ്ചിക്കൃഷിയുടെ നേട്ടമെന്ന് ബിനേഷ്. മണ്ണിൽ കൃഷി ചെയ്യുമ്പോൾ കൃഷിയിടത്തിന്റെ പല ഭാഗങ്ങളിൽ വ്യത്യസ്ത വിളവായിരിക്കും. എന്നാൽ, ഗ്രോബാഗുകളിൽ ഏറക്കുറെ ഒരേ രീതിയിൽ വിളവുണ്ട്. വളവും വെള്ളവും പരിചരണവും തുല്യതോതിൽ നൽകാൻ കഴിയുന്നതു കൊണ്ടാണിത്. കൂലിച്ചെലവ് ലാഭിക്കാനും രോഗങ്ങള്‍ നിയന്ത്രിക്കാനും കഴിയും.

binesh-ginger

വാരങ്ങളിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ ഒരു ചെടിക്കു രോഗം ബാധിച്ചാൽ ആ വാരത്തിലെ മുഴുവൻ ചെടിയെയും ബാധിക്കും. രോഗം പടരാതിരിക്കാൻ  അവ മുഴുവന്‍ പറിച്ചു നീക്കേണ്ടിവരും. എന്നാൽ, ഗ്രോബാഗിലെ ഇഞ്ചിക്കു കേടു വന്നാൽ അതേപടി  മറ്റൊരിടത്തേക്കു നീക്കാമെന്നു മാത്രമല്ല, മരുന്നു പ്രയോഗിച്ച് രോഗം മാറ്റാനും കഴിയും. ഒലിച്ചു നഷ്ടപ്പെടില്ലെന്നതിനാൽ ഗ്രോബാഗിലെ ഇ‍ഞ്ചിക്കു വളപ്രയോഗം കുറഞ്ഞ തോതില്‍ മതി. നൽകുന്ന വളം പരമാവധി പ്രയോജനപ്പെടുത്തി വളരാനും ഇതു സാഹചര്യമൊരുക്കുന്നു. വാരങ്ങളിൽ കൃഷി ചെയ്യുമ്പോൾ കള നീക്കാന്‍ ചെലവേറും. എന്നാൽ, വീഡ് മാറ്റിനു മുകളിൽ നിരത്തുന്നതിനാൽ ഗ്രോ ബാഗുകളിൽ ഈ പ്രശ്നമില്ല.

binesh-2

മുതല്‍മുടക്ക് കൂടുതൽ

ആദ്യ മുതൽമുടക്ക് കൂടുതലാണെന്നത് ഗ്രോബാഗ് കൃഷിയുടെ പരിമിതിയാണ്. 5 രൂപ വിലയുള്ള ബാഗാണ് ബിനേഷ് ഉപയോഗിക്കുന്നത്. നിലം നിരപ്പാക്കി മാറ്റ് വിരിക്കുന്നതിനും ഗ്രാബാഗ് നിറച്ച് ഇഞ്ചി നടുന്ന തിനും ചെലവു കൂടും. ഗ്രോബാഗിലെ കൃഷിക്ക് തുള്ളിനന ഏറെ ഫലപ്രദമായതിനാൽ അതിനും ചെലവുണ്ട്. എന്നാൽ, പിന്നീട് വളപ്രയോഗത്തിനുള്ള ചെലവ് മാത്രമേയുള്ളൂ.

ഒരു ഗ്രോബാഗിലെ ഇഞ്ചിക്കു പരമാവധി 50 രൂപ ഉൽപാദനച്ചെലവ് വരുന്ന രീതിയിൽ കൃഷി ക്രമീകരിക്കാം. 2 കിലോ ഇഞ്ചിക്ക് ഏറ്റവും കുറഞ്ഞത് 60 രൂപ വില കിട്ടും. ഒരു ഏക്കറിൽ 24,000 ഗ്രോബാഗ് വയ്ക്കാം. മുൻപറഞ്ഞ ചെലവുകളെല്ലാം പരിഗണിച്ചാൽ ഏക്കറിന് 12 ലക്ഷം രൂപ ചെലവാകുമെന്നാണ് ബിനേഷിന്റെ കണക്ക്. പരമ്പരാഗതരീതിയിൽ 7–8 ലക്ഷം രൂപ മതി. എന്നാൽ, പരമ്പരാഗതരീതിയിൽ രണ്ടേക്കറിൽ കിട്ടുന്ന വിളവ് ഗ്രോബാഗ് കൃഷിയില്‍ ഒരേക്കറിൽ കിട്ടും. കിലോയ്ക്ക് 30 രൂപ വില കിട്ടിയാൽപോലും ഈ കൃഷി ആദായകരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നല്ല വില കിട്ടിയാല്‍ വിജയകരം

വാണിജ്യക്കൃഷിയിൽ ഏക്കറിൽ ഏകദേശം 25,000 ഗ്രോബാഗുകളില്‍വരെ  ഇഞ്ചി നടാമെങ്കിലും  20,000 എന്നു പരിമിതപ്പെടുത്തുന്നതാവും നല്ലത്. ഇതിനുപയോഗിക്കുന്ന മണ്ണ് സൗരതാപീകരണം നടത്തി രോഗാണുവിമുക്തമാക്കണം. 

പരമ്പരാഗതക്കൃഷിയിൽ പതിവുള്ള ചെലവുകൾക്കൊപ്പം ഗ്രോബാഗിന്റെ വില, നടീൽമിശ്രിതം സൗരതാപീകരണം, ഗ്രോബാഗിൽ നിറയ്ക്കല്‍, വീഡ് മാറ്റ് എന്നിവയ്ക്കുള്ള ചെലവു കൂടിയുണ്ടാകും. 

ഇഞ്ചിക്ക് ഉയർന്ന വിലയുള്ളപ്പോൾ ഈ രീതി ലാഭകരം തന്നെ. എന്നാൽ, അതിവേഗം വില കയറിയിറങ്ങുന്ന വിപണിയാണ് ഇഞ്ചിയുടേതെന്ന് ഓര്‍മിക്കുക. ഇഞ്ചിവില കിലോയ്ക്ക് 30 രൂപവരെ താഴുകയും 90 രൂപ വരെ ഉയരുകയും ചെയ്യുന്ന വിപണിയിൽ ഉൽപാദനച്ചെലവ് നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്. 

ഒരു ഗ്രോ ബാഗിൽ 2 കിലോയിലേറെ ഉൽപാദനം കിട്ടാമെങ്കിലും ശരാശരി ഒന്നര കിലോ പ്രതീക്ഷിക്കുന്നതാണ് ബുദ്ധി. ഈ സാഹചര്യത്തിൽ മെച്ചപ്പെട്ട വിപണി ഉറപ്പാക്കി മാത്രം ഗ്രോബാഗിൽ ഇഞ്ചി ഉൽപാദിപ്പിക്കാൻ ശ്രദ്ധിക്കുക. അതേസമയം നിലവാരമുള്ള വിത്ത് ഉൽപാദിപ്പിക്കാന്‍ ഈ കൃഷിരീതി ഉപകരിക്കും. സവിശേഷ ആവശ്യങ്ങൾക്കായി പ്രത്യേക ഇനം മാത്രം ഉൽപാദിപ്പിക്കാനും ഈ രീതി കൊള്ളാം. ഗ്രോബാഗുകൾ വന്‍തോതില്‍ ഉപയോഗശൂന്യമാകുമ്പോൾ പ്രകൃതിക്കു ദോഷകരമാകാത്തവിധം അവ സംസ്കരിക്കേണ്ടതുണ്ടെന്നും ഓര്‍മിക്കണം.

ഡോ. ലിജോ തോമസ് (ഐഐഎസ്ആർ, കോഴിക്കോട്)

രോഗ–കീടബാധ പകരാന്‍ സാധ്യത കുറവായതിനാൽ വിത്തിഞ്ചി ഉൽപാദനത്തിനും ഗ്രോബാഗിലെ കൃ ഷി ഉത്തമം. ഇത്തവണത്തെ വിളവ് പൂർണമായി വിത്തിനെടുക്കാനും അടുത്ത വർഷം ഗ്രോബാഗ് കൃഷി വിപുലമാക്കാനും ഒരുങ്ങുകയാണ് ബിനേഷ്. 

ഫോൺ: 9448571417

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com