ഗ്രാഫ്റ്റ് ചെയ്യാൻ യന്തിരൻ! മണിക്കൂറിൽ 800 തൈകൾ; വില 50 ലക്ഷം; കേരളത്തിൽ 'പണി' തുടങ്ങി കൊറിയൻ യന്ത്രം
Mail This Article
പച്ചക്കറിത്തൈ ഗ്രാഫ്റ്റിങ്ങിനു കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള വെജിറ്റബിൾ സയൻസ് വിഭാഗം കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത് സെമി ഓട്ടമാറ്റിക് റോബട്ടിക് ഗ്രാഫ്റ്റിങ് മെഷീൻ ജോലി തുടങ്ങിക്കഴിഞ്ഞു. 50 ലക്ഷം രൂപയാണ് റോബട്ടിന്റെ വില. കൊറിയൻ വിദഗ്ധർ നേരിട്ടെത്തിയാണ് യന്ത്രം സ്ഥാപിച്ച് പ്രവർത്തനരീതി പഠിപ്പിച്ചതെന്നു വെജിറ്റബിൾ സയൻസ് വിഭാഗം അസിസ്റ്റ ന്റ് പ്രഫസർ ഡോ. കെ.പ്രശാന്ത്.
വാണിജ്യ പച്ചക്കറിക്കൃഷി നടക്കുന്നിടത്തെല്ലാം വേഗത്തിലും വൻതോതിലും ഗ്രാഫ്റ്റ് തൈകൾ തയാറാക്കാൻ റോബട്ടിക് ഗ്രാഫ്റ്റിങ് ഉപകാരപ്പെടുമെന്ന് ഡോ. പ്രശാന്ത്. ഒട്ടേറെ വിദേശരാജ്യങ്ങളിൽ വൻകിട നഴ്സറികൾ റോബട്ടിക് ഗ്രാഫ്റ്റിങ് പ്രയോജനപ്പെടുത്തുന്നുണ്ട്.
തക്കാളി, വഴുതന, മുളക് എന്നിവ നമ്മുടെ മണ്ണിൽ രൂക്ഷമായ ബാക്ടീരിയാവാട്ടം നേരിടുന്നു. വാണിജ്യാ ടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവര്‍ക്ക് അതുണ്ടാക്കാവുന്ന നഷ്ടം ചെറുതല്ലെന്ന് ഡോ. പ്രശാന്ത്. ഈ മൂന്നിനങ്ങളില്‍ കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്നത് വഴുതനയും മുളകുമാണ്. ഹൈബ്രിഡ് ഇനം കൃഷി ചെയ്താലും വാട്ടരോഗത്തിൽനിന്നു രക്ഷയില്ല. ഗ്രാഫ്റ്റിങ് മാത്രമാണ് പരിഹാരം. വാട്ടരോഗം ചെറുക്കാൻ ശേഷിയുള്ള ഹരിതയിനം വഴുതനയുടെ റൂട്ട് സ്റ്റോക്കിലാണ് ഉൽപാദന മികവ് കൂടിയ തക്കാളി, വഴുതന ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുന്നത്. മുളകിൽ ഉജ്വല ഇനം മുളകാണ് റൂട്ട് സ്റ്റോക് ആക്കുന്നത്.
ചൈന, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ പച്ചക്കറിവിളകളിലെ ഗ്രാഫ്റ്റിങ് രീതി പണ്ടേ പ്രയോജനപ്പെടുത്തുന്നുണ്ട്. അവിടങ്ങളില്‍ വെള്ളരിവിളകളിലാണ് വാട്ടരോഗം പ്രശ്നം. നമ്മുടെ നാട്ടിലും തണ്ണിമത്തൻപോലുള്ള വെള്ളരിവിളകളിൽ ഈയിടയായി വാട്ടരോഗം കാണുന്നുണ്ട്. ആവശ്യക്കാർക്ക് ഭാവിയിൽ ഗ്രാഫ്റ്റ് ചെയ്ത തണ്ണിമത്തൻ തൈകളും നൽകാൻ കഴിയുമെന്ന് ഡോ. പ്രശാന്ത് പറയുന്നു.
ഒരു തൊഴിലാളി കൈകൊണ്ട് ഗ്രാഫ്റ്റിങ് നടത്തുന്നതും റോബട്ട് നടത്തുന്നതും തമ്മിൽ ഗുണമേന്മയിൽ വ്യത്യാസമൊന്നുമില്ല. എന്നാൽ, വേഗത്തിൽ അഞ്ചിരട്ടി വ്യത്യാസം വരും. സെമി ഓട്ടമാറ്റിക് റോബട്ട് ആയതിനാൽ ട്രേയിൽനിന്ന് തൈകൾ എടുത്തു റോബട്ടിനു നൽകേണ്ടിവരും. മണിക്കൂറിൽ 600–800 തൈകൾ ഗ്രാഫ്റ്റ് ചെയ്തു നൽകാൻ റോബോയ്ക്കു കഴിയും. ഒന്നിന് 5 രൂപ നിരക്കിലാണ് ഇവിടെ തൈകൾ വിൽക്കുന്നത്.
ഫോൺ: 9188248481