പഠനത്തോടൊപ്പം ഹോബിയായി കൃഷി; കൂണും ആമ്പലും താമരയുമൊക്കെയായി എട്ടാം ക്ലാസുകാരിയുടെ കൃഷിലോകം
Mail This Article
പഠനത്തോടൊപ്പം കൃഷി ചെയ്യുന്നത് ഒരു ഹോബിയാണ് കോഴിക്കോട് വാഴക്കാട് ജിഎച്ച്എസ്എസിലെ എട്ടാം ക്ലാസ്സുകാരിയായ കാവ്യശ്രീക്ക്. അച്ഛൻ കൃഷിയാണ് പ്രചോദനം. കർഷകശ്രീയുൾപ്പെടയുള്ള കാർഷിക പ്രസീദ്ധീകരണങ്ങൾ വായിച്ച് വിവിധതരം കൃഷി രീതികളെക്കുറിച്ച് അച്ഛൻ മോഹൻദാസ് മകൾക്ക് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. കൂടാതെ വീട്ടിലെ കൂൺ കൃഷിക്കും മറ്റും മാതാപിതാക്കളെ സഹായിച്ചതിലൂടെ കൃഷിയെക്കുറിച്ച് നല്ലൊരു ധാരണ വളർത്തിയെടുക്കാനും കഴിഞ്ഞു.സ്കൂളിലെ കാർഷിക ക്ലബ്ബിൽ അംഗമായതൊടെ ആറാം ക്ലാസ് മുതൽ കാവ്യശ്രീ ചെറിയ രീതിയിൽ കൃഷി ചെയ്തു തുടങ്ങി. പൂവ്വാട്ട്പറമ്പിലെ ആകെയുള്ള 4 സെന്ററിലാണ് കാവ്യശ്രീയുടെ ഔഷധസസ്യങ്ങൾ, താമര, ആമ്പൽ, അലങ്കാര മത്സ്യം എന്നിവയുടെ പരിപാലനം.
ഔഷധസസ്യക്കൃഷി
സാധാരണ തൊടികളിൽ കാണപ്പെടുന്നതും വായിച്ചറിഞ്ഞതുമായ ഔഷധസസ്യങ്ങൾ വീട്ടുമുറ്റത്ത് പ്രത്യേകം പരിപാലിക്കുന്നു കാവ്യശ്രീ. തിപ്പലി, കൊടങ്ങൽ, കരിനൊച്ചി, കാട്ടുതുളസി, ചിറ്റമൃത്, തഴുതാമ, ഇരുവേലി, മഞ്ഞൾ, പനികൂർക്ക എന്നിവയാണ് പ്രധാനമായും ശേഖരത്തിലുള്ളത്. മരുന്നുകൾക്കും മറ്റുമായി പ്രദേശവാസികൾ അന്വേഷിച്ച് വരുമ്പോൾ കൊടുക്കാറുണ്ട് എന്നല്ലാതെ വിൽപനയില്ല. സ്കൂളിൽനിന്ന് കുട്ടികൾ ഔഷധസസ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് അറിയാനായി വീട്ടിൽ വരാറുണ്ടെന്ന് കാവ്യശ്രീ.
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നു. വഴുതന, പച്ചമുളക്, വെണ്ട, തക്കാളി, ചീര, ചെടിമുരിങ്ങ എന്നിവ കൃഷി ചെയ്യുന്നുണ്ടെങ്കിലും ചീരയും മുരിങ്ങയും ആവശ്യക്കാർക്ക് വിൽക്കാറുണ്ട്.
താമരക്കൃഷി
പച്ചക്കറി കൃഷിക്കു പുറമെ ആമ്പലും താമരയും കൃഷി ചെയ്യുന്നുണ്ട്. കാവ്യശ്രീയുടെ അച്ഛൻ മോഹൻദാസും അമ്മ ലസിതയുമാണ് ഇവ കൈകാര്യം ചെയ്യുന്നത്. യുട്യൂബിൽ താമരക്കൃഷി കണ്ട് കിഴങ്ങും തൈകളും വാങ്ങി കൃഷി ചെയ്യുകയായിരുന്നു. പിന്നെ ഈ കൃഷിയെക്കുറിച്ച് കൂടുതൽ വായിച്ചും ചെയ്തും മനസിലാക്കിയെന്ന് കാവ്യശ്രീ. വാട്സാപ് വഴിയാണ് വിൽപന. നഴ്സറികളിലും കൊടുക്കാറുണ്ട്. ഓരോരുത്തരുടെയും ആവശ്യമനുസരിച്ചാണ് താമരയും ആമ്പലും വിൽപന ചെയ്യുന്നത്. കിഴങ്ങ് ആയിരിക്കും ചിലർക്ക് ആവശ്യം മറ്റുചിലർക്ക് ചട്ടിയുൾപ്പെടെയാണ് ആവശ്യം. അമേരിക്ക മേലിയ, വൈറ്റ് പഫ്, ഹാർട്ട് ബ്ലഡ് തുടങ്ങി പത്തിലധികം താമരയിനങ്ങൾ വീട്ടുമുറ്റത്ത് വളരുന്നു. അതുപോലെ യെല്ലോസുവാന, സൺസെറ്റ്, മിയാമി തുടങ്ങി പത്തിലധികം ആമ്പൽ ഇനങ്ങളും കൈവശമുണ്ട്.
കൃഷി കുറച്ച് നന്നായി മെച്ചപ്പട്ടപ്പോഴാണ് പ്രജോസ് ആൻഡ് കൂഞ്ചൂസ് എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത്. പ്ലസ്‌ടുക്കാരിയായ ചേച്ചി പ്രജോലിതയും കാവ്യയും ഈ ചാനലിലൂടെ തങ്ങളുടെ കാർഷിക അറിവുകൾ പങ്കുവച്ചിരുന്നു. ചാനൽ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവണം എന്നാണ് കരുതുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസ്, പേപ്പർ പൾപ്, കളിമണ്ണ്, ചിരട്ട എന്നിവകൊണ്ടുള്ള കരകൗശല വസ്തുക്കളുണ്ടാക്കാനും കാവ്യശ്രീയ്ക്കറിയാം.
കൂണും വിഭവങ്ങളും
കാവ്യശ്രീയുടെ അച്ഛൻ മോഹൻദാസിന് കൂൺ സംരംഭവുമുണ്ട്. കെപിഎം മഷ്റൂം എന്ന പേരിൽ കൂണും കൂണിന്റെ മൂല്യവർധിത ഉൽപന്നങ്ങളും വിൽക്കുന്നു. കൂൺ കൃഷിയിൽ പരിശീലനം നേടിയ മോഹൻദാസ് 15 വർഷമായി ഈ മേഖലയിലുണ്ട്. ടെറസ്സിൽ പ്രത്യേക മുറിയുണ്ടാക്കിയാണ് കൃഷി. 500 ബെഡ്ഡുകൾ എപ്പോഴും ഉണ്ടാകുന്ന വിധത്തിൽ കൃഷി ക്രമീകരിച്ചിരിക്കുന്നു. വൈക്കോൽ, അറക്കപ്പൊടി എന്നിവ ബെഡ് നിർമിക്കാൻ ഉപയോഗിക്കുന്നു. ഫ്രഷ് കൂണിന്റെ വിൽപന കടകൾ വഴി ചെറിയ അളവിൽ മാത്രം. അതേസമയം, കൂൺ ഉപയോഗിച്ച് ബിരിയാണി, കട്‌ലറ്റ്, സമൂസ, ബജി, പക്കാവട, സൂപ്പ്, പായസം എന്നിവ തയാറാക്കി വിൽക്കുന്നുണ്ട്. കൂടാതെ മറ്റു കൂൺ വിഭവങ്ങളും ആവശ്യക്കാരുടെ ഓർഡർ പ്രകാരം ഉണ്ടാക്കാറുണ്ട്. ഒപ്പം, കൂൺ വിത്തുൽപാദനവും കൂൺ കൃഷിയിൽ പരിശീലനവും നൽകുന്നു.
ഫോൺ: 8075769947