കാടിറങ്ങി വരുന്നു കാട്ടുതേനും കുടമ്പുളിയും: ആരും കൊതിക്കുന്ന ഉൽപന്നങ്ങളുമായി ഗോത്രവർഗക്കാരുടെ കമ്പനി
Mail This Article
‘‘കമ്പനി രൂപീകരിക്കുന്നതിനും മുൻപുള്ള കാലങ്ങളിൽ ഞങ്ങൾ ഒരുപാട് ചൂഷണം നേരിട്ടിട്ടുണ്ട്. പണിയെടുത്തുണ്ടാക്കുന്ന കാപ്പിക്കുരുവിനും കാടുകയറി ശേഖരിക്കുന്ന കുറുന്തേനിനുമെല്ലാം പുറത്തുനിന്നെത്തുന്ന കച്ചവടക്കാരാണ് വില നിശ്ചയിച്ചിരുന്നത്. കമ്പനി വന്നപ്പോൾ മാറ്റമുണ്ടായി. കൃഷിക്കാരിൽനിന്ന് കമ്പനി വിപണിവിലയെക്കാൾ ഉയർന്ന തുക നൽകി ഉൽപന്നങ്ങൾ സംഭരിച്ചു തുടങ്ങി. കമ്പനിയത് മൂല്യവർധന വരുത്തി വിൽക്കുന്നു. കേരളാഗ്രോ അംഗീകാരം കൂടി ലഭിച്ചതേടെ വിപണിയിൽ കൂടുതൽ വളരാമെന്നാണ് പ്രതീക്ഷ’’, തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് അതിരപ്പിള്ളിയിലെ ഗോത്രവർഗ സമൂഹത്തി ന്റെ കർഷക കമ്പനിയായ അതിരപ്പിള്ളി ട്രൈബൽവാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ എം.രതീഷ് പറയുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ അതിരപ്പിള്ളി ട്രൈബൽവാലി അഗ്രികൾചർ പ്രോജക്ടിന്റെ ഭാഗമായി 2 വർഷം മുൻപാണ് കമ്പനി രൂപീകരിച്ചത്.
ഗോത്രവർഗക്കാർ മാത്രം അംഗങ്ങളായ കമ്പനി ‘അതിരപ്പിള്ളി’ എന്ന ബ്രാൻഡിൽ പതിനെട്ടോളം വൈവി ധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങളാണ് വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി സിഇഒ മുഹമ്മദ് സാബിത്ത്. കേരളാഗ്രോ എന്ന സർക്കാർ ബ്രാൻഡിന്റെ കരുത്തുകൂടി ചേരുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ നേടാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് അതിരപ്പിള്ളി പ്രോജക്ടിന്റെ നോഡൽ ഓഫിസറും കൃഷിവകുപ്പിന്റെ സ്റ്റേറ്റ് ബയോകൺട്രോൾ ലാബ് ഡപ്യൂട്ടി ഡയറക്ടറുമായ എസ്.എസ്.സാലുമോൻ പറയുന്നു. രാജ്യാന്തര അംഗീകാരമായ റെയിൻ ഫോറസ്റ്റ് അലയൻസ് സാക്ഷ്യപത്രമുള്ള ഉൽപന്നങ്ങളാണ് അതിരപ്പിള്ളിയുടേത്. അതിനൊപ്പം കേരളാഗ്രോ കൂടി ചേരുമ്പോൾ സ്വീകാര്യത വർധിക്കുമെന്നും സാലുമോൻ. കുരുമുളകും തേനും മഞ്ഞക്കൂവയും മഞ്ഞൾപ്പൊടിയും കുടമ്പുളിയും കാപ്പിപ്പൊടിയും ഉൾപ്പെടെ അതിരപ്പിള്ളിയുടെ ഉൽപന്നങ്ങൾക്കെല്ലാം കാടിന്റെ രുചിയും ഗുണവുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന മേളകളിലൂടെയാണ് ഉൽപന്നങ്ങളധികവും വിൽക്കുന്നത്.
ഫോൺ: 8129030788