ADVERTISEMENT

വിത്തു പാകിയാൽ കിളിര്‍ക്കുന്നതെങ്ങനെ, ചെടിയായി വളരുന്നതെങ്ങനെ എന്നൊക്കെ പുസ്തകത്തിൽ വായിച്ചു പഠിക്കാം, ഡിജിറ്റൽ മാധ്യമത്തില്‍ കണ്ടറിയാം. എന്നാല്‍ മണ്ണിൽ തൊട്ടറിയുമ്പോഴാണ് അതെല്ലാം ‘മനസ്സിലാകു’ന്നതെന്ന് മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂർ എഎംഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ അനുഭവിച്ചറിയുന്നു. അധ്യാപനത്തിനൊപ്പം കൃഷിയനുഭവങ്ങള്‍ കൂടി കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുന്നത് സ്കൂളിലെ പ്രധാനാധ്യാപകൻ സലാം തൂളിയത്ത്. കൃഷിയുടെ ബാലപാഠങ്ങള്‍ രസകരമായി പകർന്നു നൽകിയാല്‍ പുതുതലമുറയെ കൃഷിയിലേക്കടുപ്പിക്കാമെന്ന സ്വന്തം കാഴ്ചപ്പാട് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് സലാം സാര്‍. 

‌ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2013ലാണ് വിദ്യാലയ വളപ്പില്‍ കൃഷിയുടെ തുടക്കം. സ്ഥലസൗകര്യമുള്ള വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് അവിടത്തെ പച്ചക്കറികൾ ഉച്ചഭക്ഷണത്തിനെടുക്കണമെന്ന സർക്കാർ നിർദേശം വരുന്നതിനു മുൻപുതന്നെ വേങ്ങൂർ എഎംഎച്ച്എസ്എസ് അതു നടപ്പാക്കി. ഗ്രോബാഗുകളിലാണ് കൃഷി. കപ്പ, ചീര, വഴുതന, മുളക്, ചേന എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ക്ലാസ് നഷ്ടപ്പെടാത്ത രീതിയിൽ ഒഴിവുവേളകളിലാണ് കൃഷിപരിശീലനവും കൃഷിയും. സീസൺ അനുസരിച്ച് ദിവസം 30 കിലോവരെ പച്ചക്കറി ലഭ്യമാകാറുണ്ട്.  

‘പാഠ’ത്തിൽനിന്ന് ‘പാട’ത്തേക്ക്

മണ്ണു പരിശോധിച്ച് അതിന്റെ അമ്ല–ക്ഷാരനില തിരിച്ചറിയാനും കക്ക നീറ്റാനും അതുപയോഗിച്ച് മണ്ണിന്റെ അമ്ല–ക്ഷാര നില ക്രമപ്പെടുത്താനുമാണ് ആദ്യം പഠിപ്പിക്കുക. തുടര്‍ന്ന് വിവിധതരം മണ്ണുകളെക്കുറിച്ചും മണ്ണും വളങ്ങളും നിശ്ചിത അനുപാതത്തിൽ ചേർത്ത്  ഗ്രോബാഗ് ഒരുക്കാനും പഠിപ്പിക്കുന്നു. കൃഷി എന്താണെന്ന് മിക്ക കുട്ടികൾക്കും അറിയില്ല. അതിനാൽത്തന്നെ അതെക്കുറിച്ചു കൂടുതല്‍ അറിയാനും കൃഷിപ്പണി ചെയ്യാനും അവര്‍ക്കു താൽപര്യമാണ്. മണ്ണ് കുഴയ്ക്കുന്നതും മറ്റും ഉത്സാഹത്തോടെയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പരിശീലനം കൊടുത്താൽ അവര്‍ കൃഷി ചെയ്യാന്‍ മുന്നോട്ടുവരുമെന്നാണ് സലാം സാറിന്റെ അനുഭവം.  

ശാസ്ത്രം പഠിച്ചാൽ ഡോക്ടര്‍ അല്ലെങ്കില്‍, എൻജിനീയര്‍ ആവണം എന്നതാണ് പൊതു ചിന്ത. എന്നാൽ കുട്ടികള്‍ അങ്ങനെ ചിന്തിക്കുന്നില്ല. മുതിര്‍ന്നവര്‍ അവരുടെ ആഗ്രഹങ്ങളും ആശയങ്ങളും അവര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ്. തമിഴ്നാട്ടിൽ ചെറുപ്പക്കാരും കൃഷി ചെയ്യുന്നു. അവിടെ കൃഷിക്കും കൃഷിക്കാരനും സര്‍ക്കാരും സമൂഹവും വിലയും പ്രോത്സാഹനവും നല്‍കുന്നു. കേരളത്തിലോ, പുച്ഛവും അവഗണനയും. 

school-malapuram-2

സ്കൂളിനു സ്ഥലമുണ്ടെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ പീരിയഡ് കൃഷിക്കായി മാറ്റിവയ്ക്കാം. ഇതിലൂടെ വിദ്യാലയങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ ലഭിക്കും. നാട്ടിലെ പരിചയസമ്പന്നരും വിദഗ്ധരുമായ കൃഷിക്കാരുമായി ഇടപഴകാൻ അവര്‍ക്ക് അവസരമൊരുക്കണം. പരിസ്ഥിതിക്കിണങ്ങിയ പഴയ നാടൻ കീടനിയന്ത്രണ മാർഗങ്ങളടക്കം പഴയതും പുതിയതുമായ കൃഷിരീതികൾ കുട്ടികൾക്ക് അവര്‍ പരിചയപ്പെടുത്തിക്കൊടുക്കാം. നാട്ടിലെ കൃഷിഭവന്റെ സഹായവും തേടാം. 

കുട്ടികളെക്കൊണ്ട് കുറെ കൃഷി ചെയ്യിപ്പിക്കുക, പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്നതിലുപരി ഏട്ടിലെ അറിവുകള്‍ ചെയ്തു മനസ്സിലാക്കാനുള്ള അവസരമൊരുക്കുകയാണ് ഈ സംരംഭത്തിലൂടെയെന്നു സലാം സാര്‍ പറയുന്നു. പരസ്പര സഹകരണത്തിനുള്ള ഒരു പരിശീലനം കൂടിയാണ് കുട്ടികളുടെ ഈ കൂട്ടുസംരംഭം. സ്കൂളിലെ കൃഷിക്കൊപ്പം കൃഷിയിടങ്ങളില്‍ സന്ദർശനവും പാടത്തിറങ്ങി ഞാറ് നടാനുള്ള അവസരവും കുട്ടികൾക്കായി ഒരുക്കുന്നുണ്ട്. കര്‍ഷകരോടു നല്ല മനോഭാവം പുതിയ തലമുറയില്‍ സൃഷ്ടിക്കാന്‍ ഇത്തരം സന്ദർശനങ്ങൾ സഹായകമാകുമെന്നും സലാം തൂളിയത്ത് പറയുന്നു.

അന്ന് ‘ടാസ്ക്’ ഇന്ന് ‘വിനോദം’

കൃഷിപ്പണികളിൽ വീട്ടുകാരെ സഹായിച്ചിരുന്നുവെന്ന് പലരും പറയുമ്പോഴും തന്റെ കുട്ടിക്കാലത്ത് കൃഷി പല കുട്ടികൾക്കും ഒരു ‘ടാസ്ക്’ ആയിരുന്നുവെന്ന് ഈ അധ്യാപകൻ പറയുന്നു. ഒഴിവുദിവസങ്ങളുൾപ്പെടെ കൃഷിപ്പണി ചെയ്യേണ്ടിവന്നതിനാല്‍ കൃഷി തന്നെ മടുത്തുപോയ പലരും പഴയ തലമുറയിലുണ്ട്. എന്നാല്‍, ഇന്നത്തെ കുട്ടികൾക്ക് കൃഷി ‘എന്റർടെയ്ൻമെന്റ്’ ആണ്. അതുകൊണ്ടുതന്നെ കൃഷിയില്‍ രസം കയറിയ തന്റെ കുട്ടികള്‍ നാളെ മറ്റു ജോലികള്‍ക്കു പോയാലും കൃഷിയെക്കൂടി ഒപ്പം കൂട്ടുമെന്നതില്‍ സലാം സാറിനു സംശയമില്ല. 

school-malapuram-3
സലാം തൂളിയത്തിന്റെ വീട്ടിലെ കൃഷിയിടം

കർഷകനായ അധ്യാപകൻ

കുട്ടികളെ കൃഷി പഠിപ്പിക്കുന്ന അധ്യാപകനായ സലാം തൂളിയത്തിന് കൃഷി വീട്ടുകാര്യം കൂടിയാണ്. വേങ്ങൂർ എഎംഎച്ച്എസ്എസിലെ തന്നെ ലാബ് അസിസ്റ്റന്റായ സഹോദരൻ അബ്ദുൽ ഷുക്കൂറും മറ്റു സഹോദരങ്ങളും അവരുടെ കുടുംബവുമുൾപ്പെട്ടവരുടെ കൂട്ടായ്മ കൂടിയാണ് കൃഷി. അതുകൊണ്ടുതന്നെ ആസ്വദിച്ചാണ് വീട്ടിൽ കൃഷി ചെയ്യുക. വീട്ടിലെ കുട്ടികൾക്ക് ഇതൊരിക്കലും നിർബന്ധിത പ്രവൃത്തിയല്ല, പകരം താൽപര്യമാണ്. വിളയിറക്കൽ, നനയ്ക്കൽ എന്നിവയൊക്കെ കുട്ടികൾ ചെയ്യും. കുട്ടികളുൾപ്പെടെയുള്ളവർക്ക് ജോലികൾ  വിഭജിച്ചു നൽകുന്നതിനാൽ എളുപ്പം ജോലി കഴിയും. കൃഷി ചെയ്യുന്നതിനൊപ്പം എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് കുട്ടികളെ ഒരുമയുടെ പാഠം പഠിപ്പിക്കുന്നു. 

വീട്ടിലെ 2 ഏക്കറിൽ 365 ദിവസവും കൃഷിയുണ്ട്. സീസണൽ കൃഷിയാണ്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നെല്ല് വിതയ്ക്കും. കൊയ്ത്ത് കഴിഞ്ഞാൽ പിന്നെ ഇവിടെ ചേന ഇടംപിടിക്കും. വെള്ളരിയാണ് ചേനയുടെ ഇടവിള. ജൂലൈ പകുതിയോടെ ചേന പറിക്കും. പിന്നെ പയറാണ് കൃഷി. തൊപ്പക്കിഴങ്ങ് (വള്ളിക്കിഴങ്ങ്) കൃഷിയുമുണ്ട്. മൊത്തക്കച്ചവടക്കാർക്കാണ് വിൽപന. പയർ കൃഷിഭവൻ എടുക്കുകയാണു പതിവ്.

ഫോൺ: 9947438180 (സലാം തൂളിയത്ത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com