കൂട്ടത്തിൽ ഒറ്റത്തവണയിൽ വിളവെടുപ്പ് പൂർത്തിയാക്കാവുന്ന പയറും; കാർഷിക സർവകലാശാലയുടെ 15 വിളയിനങ്ങൾ
Mail This Article
അത്യുൽപാദനശേഷിയുള്ള പുതിയ വിളയിനങ്ങൾ കേരള കാർഷിക സർവകലാശാല പുറത്തിറക്കി. മികച്ച ഉൽപാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുള്ള പുതിയ ഇനങ്ങൾ വാണിജ്യക്കൃഷിക്ക് യോജിച്ചവയാണ്. നെല്ല് (2 ഇനം), പാവൽ (2 ഹൈബ്രിഡ് ഇനങ്ങൾ, പയർ (2 വൻപയറിനം), കൊക്കോ (6 ഇനം), തെങ്ങ് (2 ഇനം), തീറ്റപ്പുല്ല് എന്നിവയാണ് അവതരിപ്പിച്ചത്. അവയുടെ വിശദ വിവരങ്ങൾ അറിയാം.
നെല്ല്
1. കെഎയു ആദ്യ - എംഒ 24
മങ്കൊമ്പ് എം.എസ്.സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽനിന്നു വികസിപ്പിച്ചെടുത്ത ആദ്യത്തെ വെള്ള അരിയുള്ള നെല്ലിനമാണ് കെഎയു ആദ്യ (എംഒ24). കേരളത്തിൽ ഏറ്റവും പ്രചാരമുള്ള നെല്ലിനമായ ഉമയും നാടൻ നെല്ലിനമായ തവളക്കണ്ണനും തമ്മിൽ സങ്കരണം നടത്തി വികസിപ്പിച്ചെടുത്ത ഈ നെല്ലിനം ഇടത്തരം പൊക്കമുള്ളതും സാമാന്യം ചിനപ്പുകൾ പൊട്ടുന്നതും ഋതുബന്ധ സ്വഭാവമില്ലാത്തതും മറിഞ്ഞു വീഴാത്തതുമാണ്. ഉയർന്ന ഉൽപാദനശേഷിയും മധ്യകാല മൂപ്പുമുള്ളതുമായ ‘ആദ്യ’യുടെ നെന്മണി ചെറുതും ഉരുണ്ടതും അരിയുടെ നിറം വെള്ളയുമാണ്. ഈ ഇനത്തിന് ഒരാഴ്ച വരെ സുഷുപ്താവസ്ഥയുണ്ട്. 125-130 ദിവസം മൂപ്പുള്ള ഈ ഇനത്തിന് ഹെക്ടറിന് 6500–7000 കിലോ വിളവ് തരാൻ കഴിയും. വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ ചെറുത്തു നിൽക്കാൻ കഴിവുള്ള ഈ ഇനം കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിലും കർഷകർക്ക് മികച്ച വിളവ് ഉറപ്പു നൽകുന്നു. നെല്ലിലെ പ്രധാന രോഗകീടങ്ങൾക്കെതിരെ പ്രതിരോധ ശേഷി പ്രകടിപ്പിക്കുന്ന ‘ആദ്യ’ ഉമയേക്കാൾ പാചകഗുണമുള്ളതും അരി ഉതിർച്ചയുള്ളതുമാണ്.
2. കെഎയു പുണ്യ - എംഒ 25
മങ്കൊമ്പ് എം.എസ്.സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽനിന്നു വികസിപ്പിച്ചെടുത്ത ചുവന്ന അരിയുള്ള ഹ്രസ്വകാല നെല്ലിനമാണ് കെഎയു പുണ്യ (എംഒ 25). 110 ദിവസം മൂപ്പുള്ള ഈ ഇനത്തിന് ഹെക്ടറിന് 5000–5500 കിലോ വിളവ് തരാൻ കഴിവുണ്ട്. കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയുന്ന നെല്ലിനങ്ങളായ ഉമയും ജ്യോതിയും തമ്മിൽ സങ്കരണം നടത്തി വികസിപ്പിച്ചെടുത്ത ഇനമാണ് പുണ്യ. ഇടത്തരം പൊക്കമുള്ള ഈ നെല്ലിനം ഋതു ബന്ധ സ്വഭാവമില്ലാത്തതും മറിഞ്ഞു വീഴാത്തതുമാണ്. നീണ്ടുരുണ്ട ദൃഢതയുള്ള ചുവന്ന അരിയോട് കൂടിയ നെന്മണികളുള്ള ഈ ഇനത്തിന് രണ്ടാഴ്ച വരെ സുഷുപ്താവസ്ഥയുണ്ട്. നെല്ലിനെ ബാധിക്കുന്ന പ്രധാന രോഗകീടങ്ങളായ അവിച്ചിൽ, പുള്ളിക്കുത്ത്, മുഞ്ഞ, തണ്ടുതുരപ്പൻ എന്നിവയ്ക്കെതിരെ സാമാന്യ പ്രതിരോധ ശേഷി ഈ ഇനം പ്രകടിപ്പിക്കുന്നുണ്ട്. ഉമയേയും ജ്യോതിയേയും അപേക്ഷിച്ച് ഉയർന്ന അരി ഉതിർച്ചയും നല്ല രുചിയും പാചകഗുണവും ഈ ഇനത്തിന്റെ പ്രതേകതയാണ്.
പയർ
3. വൻപയർ ഇനം: കെഎയു ശ്രീനന്ദ (പിടിബിസിപി- 3)
രണ്ടാംവിളയ്ക്കും (റാബി) രണ്ടാംവിള കഴിഞ്ഞശേഷം നെൽപ്പാടങ്ങളിലും കൃഷിചെയ്യാൻ അനുയോജ്യമായ വൻപയറിനമാണ് കെഎയു ശ്രീനന്ദ. ഈ ഇനം രണ്ടാംവിള കാലത്ത് 40-45 ദിവസംകൊണ്ട് പൂക്കുകയും, 60-65 ദിവസംകൊണ്ട് മൂപ്പെത്തുകയും ചെയ്യുന്നു. വേനൽ കാലത്ത് 30-35 ദിവസംകൊണ്ട് പൂക്കുകയും 50-55 ദിവസം കൊണ്ട് മൂപ്പെത്തുകയും ചെയ്യുന്നു. ഈ ഇനം ഒരുമിച്ച് പൂക്കുകയും മൂപ്പെത്തുകയും ചെയ്യുന്നതിനാൽ ഒറ്റത്തവണകൊണ്ട് വിളവെടുപ്പ് തീർക്കാം. വെളുത്ത മണികളോടുകൂടിയ ഈ ഇനം ഹെക്ടറിന് 1.2 ടൺ വരെ വിളവ് ലഭിക്കുന്നു. വേരു ചീയല്‍ രോഗത്തിനെതിരെ പ്രതിരോധശേഷിയുളള ഇനമാണ്. ഉയർന്ന അളവില്‍ മാംസ്യവും (24.64 ശതമാനം), കുറഞ്ഞ അളവില്‍ ടാനിനും (1.07 mg/g), കൊഴുപ്പും(2.28 ശതമാനം) അടങ്ങിയ ഈയിനത്തിന് ദഹനക്ഷമത കൂടുതലാണ്.
4. വൻപയർ ഇനം: കെഎയു അപൂർവ (പിടിബിസിപി- 4)
പയറുവർഗ വിളകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൻപയർ. കേരളത്തിലെ കാലാവസ്ഥയ്‌ക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിൽ അഖിലേന്ത്യാ ഏകോപിത പയറുവർഗവിള ഗവേഷണ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉൽപാദനക്ഷമത കൂടിയ വൻപയർ ഇനമാണ് കെഎയു അപൂർവ. ഹെക്ടർ ഒന്നിന് 1800 -2100 കിലോ വിളവ് നൽകുന്ന ഇനമാണിത്. കടുംചുവപ്പ് കലർന്ന തവിട്ടു നിറമുള്ള വിത്തുകളോടുകൂടിയ ഈ കുറ്റിപ്പയറിന് വേരു ചീയലിനെതിരേ പ്രതോരോധശേഷിയുമുള്ളതാണ്. ഈ ഇനം 45-50 ദിവസത്തിനുള്ളിൽ പൂവിടും തുടർന്ന് 70-72 ദിവസത്തിനുള്ളിൽ മൂപ്പെത്തുകയും ചെയ്യുന്നു.
ഉയർന്ന അളവിൽ പ്രോട്ടീനും (24 ശതമാനം) ആന്തോസയാനിനും (2.32 mg/g), കുറഞ്ഞ അളവിൽ ടാനിനും (0 .71 mg/g) അടങ്ങിയിട്ടുള്ള ഈ ഇനം പോഷകസമൃദ്ധവും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആകർഷകവുമാണ്.
നെൽപ്പാടങ്ങളിൽ രണ്ടാംവിളയ്ക്ക് കൃഷിചെയ്യാവുന്ന ഈ വൻപയറിനം ഏകവിളയായും, തെങ്ങിന്റെയും കവുങ്ങിന്റെയും ഇടവിളയായും കൃഷിചെയ്യാൻ അനുയോജ്യമാണ്. ഉയർന്ന വിളവും, രോഗപ്രതിരോധശേഷിയും പോഷകസമൃദ്ധവുമായ ഈ ഇനം കേരളത്തിന്റെ വൈവിധ്യമാർന്ന കാർഷിക സാഹചര്യത്തിനു വളരെ അനുയോജ്യമായ ഒന്നാണ്. സുസ്ഥിരവും ലാഭകരവുമായ കൃഷികളിൽ കേരളം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സംസ്ഥാനത്തിന്റെ ഉൽപാദനക്ഷമതയും, പോഷക സുരക്ഷയും വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കാൻ ശേഷിയുള്ള ഇനമാണ് കെഎയു അപൂർവ.
പാവലിലെ ഹൈബ്രിഡുകൾ
5. പ്രജനി
22.4 സെ.മീ. നീളമുള്ള പച്ച കായ്‌കൾ, ശരാശരി തൂക്കം 197 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്‌കളുടെ എണ്ണം 48, ഒരു ചെടിയിൽനിന്നുമുള്ള ശരാശരി വിളവ് 7.9 കിലോ, ഒരു ഹെക്ടറിൽനിന്നുമുള്ള ശരാശരി വിളവ് 30.8 ടൺ.
6. പ്രഗതി
23.2 സെ.മീ. നീളമുള്ള പച്ച കായ്‌കൾ, ശരാശരി തൂക്കം 205 ഗ്രാം, ഒരു ചെടിയിലെ ശരാശരി കായ്‌കളുടെ എണ്ണം 42, ഒരു ചെടിയിൽ നിന്നുമുള്ള ശരാശരി വിളവ് 8.1 കിലോ, ഒരു ഹെക്ടറിൽ നിന്നുമുള്ള ശരാശരി വിളവ് 37.3 ടൺ.
കൊക്കൊയിലെ ഹൈബ്രിഡുകൾ
7. സിസിആർപി 16
ഒരു മരത്തിൽനിന്ന് ശരാശരി 136.53 കായ്കൾ (ഒരു വർഷം). ശരാശരി 22.23 കിലോ പച്ചക്കുരുവാണ് ഉൽപാദനം. 53.08% കൊക്കൊ വെണ്ണയും 6.33% പോളിഫിനോളുമുണ്ട്. വാസ്ക്കുലാർ കൊമ്പുണക്കത്തിനും കറുത്ത കായ് രോഗത്തിനും തേയില കൊതുകുകൾക്കും വരൾച്ചയ്ക്കും എതിരേ പ്രതിരോധശേഷിയുണ്ട്.
8. സിസിആർപി 17
ഒരു മരത്തിൽനിന്ന് ഒരു വർഷം ശരാശരി 115.43 കായ്കൾ. ശരാശരി 17.44 കിലോ പച്ചക്കുരുവാണ് ഉൽപാദനം. 51.59 % കൊക്കോ വെണ്ണയും 9.36 % പോളിഫിനോളുമുണ്ട്. വാസ്ക്കുലാർ കൊമ്പുണക്കത്തിനും കറുത്ത കായ് രോഗത്തിനും തേയില കൊതുകുകൾക്കും എതിരേ പ്രതിരോധശേഷിയുണ്ട്.
9. സിസിആർപി 18
ഒരു മരത്തിൽനിന്ന് വർഷം ശരാശരി 128 കായ്കൾ. ശരാശരി 20.19 കിലോ പച്ചക്കുരു ഉൽപാദനം. 56.85% കൊക്കോ വെണ്ണയും 8.01 % പോളിഫിനോളുമുണ്ട്. വാസ്ക്കുലാർ കൊമ്പുണക്കത്തിനും കറുത്ത കായ് രോഗത്തിനും വരൾച്ചയ്ക്കുമെതിരേ പ്രതിരോധശേഷിയുണ്ട്.
10. സിസിആർപി 19
ഒരു മരത്തിൽനിന്ന് വർഷം ശരാശരി 114.87 കായ്കൾ. ശരാശരി 14.03 കിലോ പച്ചക്കുരു ഉൽപാദനം. 54.86 % കൊക്കോ വെണ്ണയും 6.49 % പോളിഫിനോളുമുണ്ട്. വാസ്ക്കുലാർ കൊമ്പുണക്കത്തിനും തേയില കൊതുകുകൾക്കും വരൾച്ചയ്ക്കുമെതിരേ പ്രതിരോധശേഷിയുണ്ട്. കറുത്ത കായ് രോഗത്തിനെതിരേ ചെറിയ തോതിലുള്ള പ്രതിരോധശേഷി.
11. സിസിആർപി 20
ഒരു മരത്തിൽനിന്ന് വർഷം ശരാശരി 118.63 കായ്കൾ. ശരാശരി 12.49 കിലോ പച്ചക്കുരു ഉൽപാദനം. 55.26% കൊക്കോ വെണ്ണയും 7.92 % പോളിഫിനോളുമുണ്ട്. വാസ്ക്കുലാർ കൊമ്പുണക്കത്തിനും കറുത്ത കായ് രോഗത്തിനും തേയില കൊതുകുകൾക്കും വരൾച്ചയ്ക്കുമെതിരേ പ്രതിരോധശേഷിയുണ്ട്.
12. സിസിആർപി 21
ഒരു മരത്തിൽനിന്ന് വർഷം ശരാശരി 113.77 കായ്കൾ. ശരാശരി 17.51 കിലോ പച്ചക്കുരു ഉൽപാദനം. 56.61 % കൊക്കോ വെണ്ണയും 5.82 % പോളിഫിനോളുമുണ്ട്. വാസ്ക്കുലാർ കൊമ്പുണക്കത്തിനും കറുത്ത കായ് രോഗത്തിനും തേയില കൊതുകുകൾക്കും വരൾച്ചയ്ക്കുമെതിരേ പ്രതിരോധശേഷിയുണ്ട്
മേൽപറഞ്ഞ കൊക്കൊ ഇനങ്ങൾ എല്ലാം തന്നെ വാസ്ക്കുലാർ കൊമ്പുണക്കത്തിനും കറുത്ത കായ് രോഗത്തിനും തേയില കൊതുകിനും വരൾച്ചക്കുമെതിരേ പലതലത്തിലുള്ള പ്രതിരോധശേഷിയുള്ളവയാണ്. മാറി വരുന്ന കാലാവസ്ഥയ്ക്കും രോഗകീടങ്ങളെ പ്രതിരോധിക്കുന്നതിനും ഇവ അനുയോജ്യമാണ്. ഈ ഇനങ്ങൾ കൂട്ടിക്കലർത്തി പോളിക്ലോണൽ തോട്ടം വച്ചുപിടിപ്പിച്ച് അതിൽനിന്നുള്ള ഹൈബ്രിഡ് തൈകൾ കർഷകർക്ക് വിതരണം ചെയ്യാവുന്നതാണ്.
ഗിനിപ്പുല്ല് / കുതിരപ്പുല്ല്
13. കെഎയു സുപർണ
കേരളത്തിലെ ഉയർന്ന പ്രദേശങ്ങൾക്കും പുരയിടകൃഷിക്കും അനുയോജ്യമായ, ഉയർന്ന വിളവ് നൽകുന്ന ഗിനിപ്പുല്ലിനമാണ് കെഎയു സുപർണ. വർഷത്തിൽ ഒരു ഹെക്ടറിൽ നിന്ന് 250 - 290 ടൺ പച്ചപ്പുല്ല് വിളവ് ലഭിക്കുമെന്നത് ഈ ഇനത്തിന്റെ പ്രധാന സവിശേഷത. ഇവയിൽ 13.5 ശതമാനം മാംസ്യവും 22 ശതമാനം നാരും അടങ്ങിയിരിക്കുന്നു. കൂടാതെ, സുപർണയിലെ ഓക്സലേറ്റിന്റെ അളവ് സുരക്ഷിതമായ പരിധിക്കുള്ളിൽ തന്നെ നിലകൊള്ളുന്നു. ഗിബ്ബർലിക് ആസിഡിന്റെ അളവ് കുറവായതിനാൽ സുപർണ വൈകി പൂവിടുന്നതായി കാണിക്കുന്നു. തണലിൽ നന്നായി വളരുമെന്നതിനാൽ തെങ്ങിൻ തോപ്പിൽ ഇടവിളയായും വളർത്തിയെടുക്കാം. കീടങ്ങളും രോഗങ്ങളും അധികം ബാധിക്കാറില്ലാത്ത ഇവ വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്നവയാണ്.
തെങ്ങ്
14. കേര സഹസ്ര
രണ്ടു നെടിയ ഇനങ്ങൾ തമ്മിൽ ക്രോസ്സ് ചെയ്ത് ഉണ്ടാക്കിയതായതിനാൽ ടി x ടി എന്ന സങ്കരയിനമാണ് കേര സഹസ്ര. സാധാരണ ടി x ഡി സങ്കരയിനങ്ങളെപ്പോലെ തന്നെ നട്ട് ആറാം വർഷത്തിൽ തന്നെ കായ്ച്ചു തുടങ്ങുന്നു. അനുകൂല കാലാവസ്ഥയിൽ ശരാശരി 130 നാളികേരവും 2022 വർഷത്തിൽ 154 നാളികേരവും ഒരു തെങ്ങിൽനിന്ന് ലഭിച്ചു. 30 വർഷം പ്രായമായ തെങ്ങിന് ശരാശരി 8.6 മീറ്റർ ഉയരമുണ്ട്. ശരാശരി 1.2 കിലോ തൂക്കം വരുന്ന വലുപ്പമുള്ള തേങ്ങ (പൊതിച്ച തേങ്ങ 624 ഗ്രാം), കട്ടിയുള്ള കാമ്പ് (1.26 സെ.മീ.), ഒരു തേങ്ങയിൽ നിന്ന് 193 ഗ്രാം കൊപ്ര, 65 ശതമാനം വെളിച്ചെണ്ണ എന്നിവയാണ് മറ്റു ഗുണങ്ങൾ. കൂടാതെ 100 ഗ്രാം വെളിച്ചെണ്ണയിൽ 147 മില്ലി ഗ്രാം ആരോഗ്യപ്രധാനമായ പോളിഫിനോളുകൾ ഉണ്ടെന്നും കണ്ടെത്തി. പോളിഫിനോൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ പ്രതിരോധ ശേഷി നൽകുന്നവയാണ്.
15. അന്നൂർ ഇപ്രൂവ്ഡ് ഡ്വാർഫ്
സാധാരണ കുള്ളൻ തെങ്ങുകളേക്കാൾ തെങ്ങിന്റെ കട ഭാഗത്തു നെടിയ ഇനങ്ങളെ പോലെ വണ്ണം കൂടുതലാണ്. അനുകൂല കാലാവസ്ഥയിൽ ശരാശരി 105 നാളികേരവും 2022 വർഷത്തിൽ 132 നാളികേരവും ഒരു തെങ്ങിൽനിന്ന് ലഭിച്ചു. പശ്ചിമ തീര നെടിയ ഇനത്തിന്റെ തേങ്ങയേക്കാൾ കാഴ്ചയിൽ അൽപം ചെറിയ തേങ്ങയാണെങ്കിലും ശരാശരി 938 ഗ്രാം തൂക്കം വരുന്ന തേങ്ങ (പൊതിച്ച തേങ്ങ 511 ഗ്രാം), 1.1 സെ.മീ. കട്ടിയുള്ള കാമ്പ്, ഒരു തേങ്ങയിൽനിന്ന് 126 ഗ്രാം കൊപ്ര (പരമാവധി162 ഗ്രാം), 67 ശതമാനം വെളിച്ചെണ്ണ എന്നിവയാണ് മറ്റു ഗുണങ്ങൾ. കൂടാതെ 100 ഗ്രാം വെളിച്ചെണ്ണയിൽ 172 മില്ലി ഗ്രാം ആരോഗ്യപ്രധാനമായ പോളിഫിനോളുകൾ ഉണ്ടെന്നും കണ്ടെത്തി.