ടെറസിൽ 2000 കൂൺബെഡുകൾ; പക്ഷേ, വരുമാനം കൂണല്ല, അതുക്കും മേലെ മൂല്യമുള്ള കൂൺ ഉൽപന്നം
Mail This Article
കൂണിൽ മുളച്ച ആത്മവിശ്വാസമാണ് പുനലൂർ നെടുങ്കയം വിളയിൽ വീട്ടിൽ എ.എസ്.താജുന്നിസയെ സംരംഭകയാക്കിയത്. പ്രതിസന്ധികളിൽ പതറാത്ത സംരംഭക മനസ്സാണ് നിസയുടെ ഏറ്റവും വലിയ മൂലധനം. സ്വന്തം കാലിൽ നിൽക്കാനും ജീവിതം കരുപ്പിടിപ്പിക്കാനുമാണ് താജുന്നിസ കൂൺകൃഷി തുടങ്ങിയത്. ക്രമേണ കൂണിനൊപ്പം അതിന്റെ മൂല്യവർധിത ഉൽപന്നങ്ങളും തയാറാക്കി വിപണിയിലിറക്കി.
കൂണും മധുരക്കിഴങ്ങും ഏത്തക്കായും മില്ലെറ്റും നിശ്ചിത അനുപാതത്തിൽ ഉണക്കിപ്പൊടിച്ചു ചേര്‍ത്ത ‘ന്യൂട്രിനിസ് ഹെൽത്ത് മിക്സ്’എന്ന ഫുഡ് സപ്ലിമെന്റ് ആണ് ഇവയില്‍ പ്രധാനം. കേരള കാർഷിക സർവകലാശാലയുടെ (പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് ഡിപ്പാർട്മെന്റ്) ലാബിൽ പരിശോധിച്ച്, പോഷകനിലവാര സാക്ഷ്യപത്രം നേടിയ ഈ ഒരൊറ്റ ഉല്‍പന്നത്തില്‍നിന്ന് കൂണിലുള്ള പ്രോട്ടീൻ, അമിനോ ആസിഡുകൾ, ആൻറി ഓക്സിഡന്റുകൾ, റാഗിയിലുള്ള ധാതുക്കളും നാരുകളും, മധുരക്കിഴങ്ങിലെ ബീറ്റ കരോട്ടിൻ, വൈറ്റമിൻ എ, സി, ബി6, പൊട്ടാസ്യം എന്നിവയും ഏത്തക്കായുടെ ഗുണഗണങ്ങളും ലഭിക്കുന്നു. പാലിൽ ചേർത്തു കുടിക്കാനും പാലും പഴവും ചേർത്ത് ഷെയ്ക്ക് ഉണ്ടാക്കാനും നല്ലതാണ്. ചൂടുവെള്ളം ചേർത്ത് കുറുക്കായും കഴിക്കാം.
ഹെൽത്ത് മിക്സിന്റെ അതേ ചേരുവകൾകൊണ്ടുള്ള മഷ്റൂം കുക്കീസ്, കട്‌ലറ്റ്, അച്ചാർ എന്നിവയുമുണ്ട്.
കാർഷിക പൈതൃകം
കൊല്ലം അഞ്ചലിനടുത്തു വിളക്കുപാറയാണ് താജുന്നിസയുടെ സ്വദേശം. ബാപ്പ സുലൈമാൻ റാവുത്തർ കർഷകനായിരുന്നു. കാർഷിക പാരമ്പര്യം പിൻപറ്റി 2019ലാണ് നിസ കൂൺകൃഷി ആരംഭിച്ചത്. പുനലൂർ കൃഷി ഓഫിസറായിരുന്ന സുദർശന്റെ നിർദേശപ്രകാരം 50 കൂൺതടങ്ങളിലായിരുന്നു തുടക്കം. തുടർന്ന്, സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്രത്തിലെ അസി. പ്രഫസർ ഡോ. എം.ലേഖയുടെ കീഴിൽ കൂൺ കൃഷിയിലും വിത്തുൽപാദനത്തിലും പരിശീലനം നേടി. ഇതോടെ തടങ്ങളുടെ എണ്ണം 500 ആക്കി കൂൺ പാക്കറ്റുകളിലാക്കി ബന്ധുമിത്രാദികൾക്ക് നൽകുകയും പച്ചക്കറിക്കടകളിൽ വില്‍ക്കാന്‍ വയ്ക്കുകയും ചെയ്തു.
വില്‍പന ആദ്യകാലങ്ങളില്‍ പ്രയാസമായിരുന്നു. വിളവെടുത്ത കൂൺ അന്നന്നു വിറ്റു പോയില്ലെങ്കിൽ കേടാകും. ഇതിനു പരിഹാരമായാണ് മൂല്യവർധന തുടങ്ങിയത്. തുടർന്ന്, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്ര(സിടിസിആർഐ)ത്തിൽ കിഴങ്ങുവിള മൂല്യവർധന പരിശീലനത്തിൽ പങ്കെടുത്തു. മധുരക്കിഴങ്ങിന്റെ ഗുണങ്ങളും കൃഷിരീതികളും മനസ്സിലാക്കിയത് അവിടെനിന്നാണ്. ഈ സമയത്താണ്, കെവികെയിലെ അസി. പ്രഫസറും പോഷകാരോഗ്യ വിദഗ്ധയുമായ എ.എച്ച്.ഷംസിയ നയിച്ച മൂല്യവർധന ക്ലാസിൽ പങ്കെടുത്തത്. തുടര്‍ന്ന് കെവികെയുടെ സാങ്കേതിക സഹായത്തോടെ, ചേരുവകളും അവയുടെ അനുപാതവും നിശ്ചയിച്ചു. കൂണും മറ്റു ചേരുവകളും അരിയുന്നതിനു സ്ലൈസർ, ഉണക്കുന്നതിനു ഡ്രയർ, മിക്സ് ചെയ്യുന്നതിനു കൂളിങ് ട്രേ, പാക്കിങ് & സീലിങ് മെഷീൻ, ത്രാസ് തുടങ്ങിയവ നിസയ്ക്കിപ്പോള്‍ സ്വന്തമായുണ്ട്.
തുടക്കത്തിൽ, മാസത്തില്‍ 5 കിലോവരെ വിറ്റിരുന്ന ഹെൽത്ത് മിക്സ് ഇന്ന് 56 കിലോ വരെ വിറ്റു പോകുന്നുണ്ടെന്ന് താജുന്നിസ. പുറത്തു പോകുമ്പോഴെല്ലാം ഉൽപന്നങ്ങള്‍ ബാഗിൽ കരുതും. മക്കൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകർ, അക്കൗണ്ടുള്ള ബാങ്കിലെ ജീവനക്കാർ, കെവികെയിലെയും വ്യവസായ വകുപ്പി ലെയും മറ്റും ഉദ്യോഗസ്ഥർ തുടങ്ങി ഒട്ടേറെ പതിവ് ഉപഭോക്താക്കള്‍. കാർഷിക-വ്യവസായ പ്രദർശന ങ്ങളിലും വില്‍പനയ്ക്കു പോകാറുണ്ട്.
ടെറസിലെ കൂൺപുരയിൽ ഇപ്പോൾ രണ്ടായിരത്തോളം തടങ്ങളുണ്ട്. പുറമേ നാല് സുഹൃത്തുക്കളെക്കൊണ്ട് കൂണും മധുരക്കിഴങ്ങും കൃഷി ചെയ്യിച്ച് വിളവു വാങ്ങുന്നുമുണ്ട്. സ്വന്തം സംരംഭത്തെ കുറേപ്പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനമായി വളർത്തണമെന്നും ഉൽപന്നങ്ങൾ കേരളം മുഴുവനും എത്തിക്കണമെന്നുമാണ് താജുന്നിസയുടെ ആഗ്രഹം. മുനീറാണ് നിസയുടെ ഭർത്താവ്. മക്കൾ: മുഹ്സിന, മുഹ്സിൻ.
ഫോണ്‍: 9947784533