നിറയെ മുന്തിരിക്കുലകളുണ്ടാകാൻ എളുപ്പവഴി; പരിചരണം നന്നായാൽ വർഷം മൂന്നു തവണ വിളവെടുക്കാം
Mail This Article
കേരളത്തിൽ മുന്തിരി തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് അപൂർവമാണ്. പടർന്നു പന്തലിച്ചു വളരുമെങ്കിലും കായ്‌ഫലം കുറവായിരിക്കും എന്നതാണ് ഇതിനു കാരണം. പക്ഷേ, മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്‌ഥയ്ക്കു പറ്റിയ ഇനങ്ങളാണ് ബാംഗ്ലൂർ, പർപ്പിൾ എന്നിവ.
മുന്തിരി ഏതു കാലത്തും നടാം. നല്ല വെയിൽ കിട്ടുന്ന സ്‌ഥലമാണ് കൃഷിക്കു യോജ്യം. 15 സെ.മീ. നീളം, വീതി, താഴ്‌യിൽ കുഴിയെടുത്തു രണ്ടു ഭാഗം മണലും ബാക്കി ഭാഗം ജൈവവളങ്ങളും ഇട്ട് ഇളക്കി വെള്ളമൊഴിച്ച് അഞ്ചു ദിവസം കുതിർക്കണം. ഒരടി പൊക്കമുള്ള തൈ, ഒരു പൊടിപ്പു മാത്രം നിർത്തി വേരുകൾക്കു മുറി വേൽക്കാതെ കുഴിയുടെ മധ്യത്തിൽ നടണം. താങ്ങു നൽകുകയും വേണം. ദിവസവും നന നിർബന്ധം. ആറടി ഉയരത്തിൽ പന്തലിട്ട് അതിലേക്കു വളർത്തിക്കയറ്റണം. പന്തലിൽ കയറാൻ തുടങ്ങുന്നതോടെ തലപ്പുകൾ നുള്ളി നീക്കണം. ശിഖരം കോതൽ മുഖ്യ പരിചരണമാണ്. ഇത് കാര്യക്ഷമമായാലേ കായ്‌കൾ ഉണ്ടാകൂ.
ചെടി വളരുന്നതോടൊപ്പം ഇലകൾ അടുപ്പിച്ചു വരുന്ന പറ്റുവള്ളികളും നീക്കണം. തലപ്പു നുള്ളി വിട്ടതു ധാരാളം ശിഖരങ്ങൾ വളരുന്നതിനിടയാക്കും. ഇവ ഒരടി ഉയരത്തിലാകുമ്പോൾ വീണ്ടും തലപ്പു നുള്ളി വിടണം. ഉദ്ദേശം 10 മാസംകൊണ്ട് ഒരു ചെടിയുടെ വള്ളികൾ ഒരു സെന്റ് സ്‌ഥലം നിറയും. ഇതോടെ എല്ലാ തലപ്പുകളും മുറിച്ചു മാറ്റുകയും ഇലകളെല്ലാം അടർത്തി കളയുകയും വേണം. ഇതിനുശേഷം 15 ദിവസം കഴിയുമ്പോൾ തളിരിലകളോടൊപ്പം ശിഖരം മുഴുവൻ പച്ചനിറത്തിലുള്ള പൂക്കളും പൊടിക്കുന്നു. തലപ്പാകട്ടെ തുടർന്ന് ഒന്നര അടിയോളം വളരും. ഇതോടെ അവയുടെ തലപ്പും നുള്ളിക്കളയണം. തുടർന്നു താഴെയുള്ള മൂന്ന് ഇലകളും അടർത്തിക്കളയണം. ഒപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മുറിച്ചുനീക്കണം.
ശരിയായി ശിഖരങ്ങൾ നീക്കി ഇലകളും മാറ്റിയാൽ പന്തൽ വള്ളികൾ മാത്രമായി കാണാം. ഇതിനുശേഷം ഉണ്ടായ പൂവുകൾ നാലു മാസം കഴിയുന്നതോടെ കായ്‌കൾ പഴുത്ത് പറിക്കാറാകും. പഴം പറിച്ചെടുത്ത ശേഷം വീണ്ടും ശിഖരംകോതൽ നടത്തിയാൽ ഒരു വർഷം മൂന്നു തവണ വിളവെടുക്കാം. കിളിശല്യം ഒഴിവാക്കാൻ നെറ്റ്കൊണ്ടു മൂടിയിടുന്ന രീതിയുമുണ്ട്.
വളപ്രയോഗം
നടുന്നതിനു മുമ്പ് ജൈവവളങ്ങൾക്കു പുറമേ കടലപ്പിണ്ണാക്ക് 250 ഗ്രാം വെള്ളത്തിൽ കുതിർത്ത് രണ്ടു ദിവസം കഴിയുമ്പോൾ തെളിയെടുത്ത് ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. രണ്ടുമാസം കൂടുമ്പോൾ ചാണകം, കംപോസ്റ്റ്, ആട്ടിൻകാഷ്‌ഠം ഇവയെല്ലാംകൂടി തടമൊന്നിന് 15 കിലോ വീതം ഇടാം.
മുന്തിരിച്ചെടിയിൽ പൂപ്പൽരോഗം, ഇലമുരടിപ്പ് എന്നീ രോഗങ്ങൾ ഉണ്ടാകാം. പ്രതിവിധിയായി ബോർഡോ മിശ്രിതം തളിച്ചാൽ മതി. മണ്ണിൽ ഈർപ്പം എപ്പോഴും നിലനിർത്തണം. വിളവെടുപ്പിന് ഒരാഴ്ച്‌ച മുമ്പ് നന നിർത്തണം. ഇത് മധുരം കൂട്ടും.