വിത്തുകളുടെ കിളിർപ്പുശേഷി കൂട്ടാൻ പൊടിക്കൈ; തയാറാക്കുന്നത് ഇങ്ങനെ
Mail This Article
വേനൽമഴ പ്രതീക്ഷിച്ചു വിതയ്ക്കുന്ന വിത്തുകളുടെ കിളിര്‍പ്പുശേഷി നിലനിർത്താനുള്ള മാർഗമാണ് സീഡ് പെല്ലറ്റുകൾ.
ആവശ്യമായവ
- ബീജാമൃതം
- കളിമണ്ണ് (10 കിലോ വിത്തിന് 10–20 കിലോ കളിമണ്ണ്)
- ഘനജീവാമൃതം പൊടി (10 കിലോ വിത്തിന് 5–10 കിലോ ഘനജീവാമൃതം)
- ചാരം
- ചാക്ക്
- ജലം
തയാറാക്കുന്ന വിധം
ചാക്കിനു മീതേ ഏതെങ്കിലും ഒരിനം വിത്തെടുക്കുക. തുടർച്ചയായി ചാക്ക് ഇളക്കിക്കൊണ്ട് വിത്തിനു മീതേ ബീജാമൃതം തളിക്കുക. തുടർന്ന് പൊടിച്ച കളിമണ്ണ് വിത്തുകൾക്കു മീതേ വിതറുക. നനവുള്ള വിത്തിൽ ഈ മണ്ണ് നന്നായി പുരളുന്നതുവരെ ഇതു തുടരുക. വീണ്ടും ഘനജീവാമൃതത്തിന്റെ പൊടി വിതറണം. മൂന്നാമത്തെ ആവരണമായി ചാരവും ഇട്ടുകൊടുക്കുക. ഇടയ്ക്കിടയ്ക്ക് വെള്ളം തളിച്ചു നൽകുന്നത് ഓരോ ആവരണവും നന്നായി പറ്റിപ്പിടിക്കുന്നതിനു സഹായിക്കും. ഈ പ്രക്രിയ 5–10 പ്രാവശ്യം ആവർത്തിച്ച് വിത്തുകളുടെ വലുപ്പം വർധിക്കുന്നതുവരെ തുടരുക. കളിമണ്ണ് വിത്തിലെ ഈർപ്പം നഷ്ടമാകാതെ സംരക്ഷിക്കുമ്പോൾ ഘനജീവാമൃതം സൂക്ഷ്മജീവി സാന്നിധ്യം ഉറപ്പാക്കുന്നു. ചാരമാകട്ടെ, വിത്തു പെല്ലറ്റുകളിൽ ഈർപ്പം അമിതമാകുന്നില്ലെന്ന് ഉറപ്പാക്കുന്നു.
വിത്തു മുളയ്ക്കാനാവശ്യമായ ഹോർമോണുകളെ ഉത്തേജിപ്പിക്കുകയാണ് ബീജാമൃതം ചെയ്യുന്നത്. രോഗങ്ങളെ തടയാനും ഇതു സഹായിക്കും. വേനലിൽ ജൈവപുത ഉറപ്പാക്കാനായി നടത്തുന്ന ജൈവ വൈവിധ്യക്കൃഷിയിൽ സീഡ് പെല്ലറ്റുകൾക്കു വലിയ സ്ഥാനമുണ്ട്. പൊതുവേ കുറഞ്ഞത് 25 മി.മീ. ഈർപ്പമെങ്കിലും വിത്തു പാകാൻ ആവശ്യമാണ്. വേനൽക്കാലത്തെ മണ്ണിൽ ഇത്രം ഈർപ്പം ഉണ്ടാവാറില്ല. എന്നാൽ വിത്തുപെല്ലറ്റുകളിലെ വിത്ത് കേവലം 10–15 മി.മീ. ഈർപ്പമുള്ളപ്പോൾ പോലും മുളച്ചുവരുന്നതു കാണാം സീഡ് പെല്ലറ്റുകൾക്ക് സാധാരണ വിത്തുകളെക്കാൾ 5–10 ഇരട്ടി വലുപ്പമുണ്ടാകും.