ADVERTISEMENT

ഇത്തിരിക്കുഞ്ഞന്മാരായ ബഡ്ജെറിഗാറുകൾ ലവ് ബേർഡ് എന്ന പേര് കൈവശപ്പെടുത്തിയെങ്കിലും ആഫ്രിക്കൻ എന്ന പ്രാരംഭ നാമത്തിന്റെ ബലത്തിൽ ശ്രദ്ധിക്കപ്പെട്ടവരാണ് ആഫ്രിക്കൻ ലവ് ബേർഡുകൾ. അഗാപോണിസ് (Agapornis) ജനുസില്‍പ്പെടുന്ന ഒമ്പതിനങ്ങളാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിൽത്തന്നെ പ്രധാനമായും പീച്ച്‌ഫേസ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നീ മൂന്നിനങ്ങളെയാണ് സാധാരണ വളർത്തിവരുന്നത്. ഈ മൂന്നു സ്പീഷിസുകളും അവയുടെ സബ് സ്പീഷിസുകളുമല്ലാതെ ബാക്കിയുള്ള ആറു സ്പീഷിസുകള്‍ (നയാസ, ബ്ലാക്ക് ചെക്ക്ഡ്, മഡഗാസ്‌കര്‍, അബിസീനിയന്‍, റെഡ് ഫേസ്ഡ്, ബ്ലാക്ക് കളേര്‍ഡ്) എന്നിവ ഇന്നും അപരിചിതർതന്നെയാണ്.

പീച്ച് ഫേസ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

കണ്ണിനുചുറ്റും വലയം ഇല്ലാത്തവയും തലയില്‍ വെള്ള, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ഉള്ളവയുമായിരിക്കും. ഗ്രീന്‍ പീച്ച് ഫേസ്, ലൂട്ടിനോ പീച്ച് ഫേസ്, അക്വാ ബ്ലൂ പീച്ച്, ഡച്ച് ബ്ലൂ പീച്ച്, സിന്നമണ്‍ പീച്ച്, ഒലിവ് പീച്ച് എന്നിവ ഈ ഇനത്തിൽ പ്രചാരമുള്ളവയാണ്. ഇവയുടെ കൊക്ക് എപ്പോഴും മഞ്ഞകലര്‍ന്ന വെള്ള നിറത്തിലായിരിക്കും.

peach-faced-lovebird
ഗ്രീൻ പീച്ച് ഫേസ്

മാസ്‌ക്ഡ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നവയും താരതമ്യേന രോഗങ്ങള്‍ പിടിപെടാറില്ലാത്തതുമായ ഇനം. തിളങ്ങുന്ന പച്ചനിറത്തിലുള്ള ഉടലും കറുപ്പ് നിറത്തിലുള്ള തലയും ചുവന്ന ചുണ്ടുകളും കണ്ണില്‍ കട്ടിയുള്ള വെളുത്ത വളയവും ഉണ്ടാകും. പീച്ച് ഫേസിനെ അപേക്ഷിച്ച് ബ്ലാക്ക് മാസ്‌കിനു വലുപ്പം കുറവാണ്.

masked
മാസ്‌ക്‌ഡ് ആഫ്രിക്കൻ ലവ് ബേർഡുകൾ

ഫിഷര്‍ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

ഇവയ്ക്ക് മാസ്‌കുകളുമായി പ്രകടമായ മാറ്റങ്ങളില്ല. എന്നാല്‍, ഫിഷറുകളുടെ തലയുടെ നിറം ചുവപ്പുകലര്‍ന്ന ഓറഞ്ച് ആയിരിക്കും. മാത്രമല്ല നെഞ്ചിന്റെ ഭാഗത്ത് ഓറഞ്ചുകലര്‍ന്ന മഞ്ഞനിറവും ഉണ്ടാകും. 

fisher
ഫിഷർ

പീച്ച് ഫേസ് ലവ്‌ബേര്‍ഡുകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നവയാണ് ഒപലിന്‍ ഇനങ്ങള്‍. 1997ലാണ് ഇവ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സാധാരണ പീച്ച് ഫേസ് ലവ്‌ബേര്‍ഡുകള്‍ക്ക് മുഖത്ത് മാത്രമായിരിക്കും ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് അല്ലെങ്കില്‍ വെള്ള നിറം ഉണ്ടായിരിക്കുക. എന്നാല്‍ ഒപലിന്‍ ഇനത്തിനു തലമുഴുവന്‍ ഒരു കവചംപോലെ മേല്‍പ്പറഞ്ഞ ഒരു നിറമുണ്ടായിരിക്കും. മാത്രമല്ല വാലില്‍ ഓറഞ്ച്, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളുടെ മിശ്രണം കാണാന്‍കഴിയും. പീച്ച് ഫേസിനെ അപേക്ഷിച്ച് ഇവയ്ക്ക് വലുപ്പം കൂടുതലാണ്.

ശരീരത്തില്‍ നിരവധി നിറങ്ങള്‍വരുന്ന ലവ്‌ബേര്‍ഡുകളെയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെ പൈഡ്‌സ് എന്നു വിളിക്കുന്നു. പീച്ച് ഫേസ്, ഫിഷര്‍, മാസ്‌ക് എന്നിവകളില്‍ പൈഡ് ലവ്‌ബേര്‍ഡ്‌സ് ഇന്നുണ്ട്. ഭംഗിയനുസരിച്ച് മോഹവിലയാണ് ഇവയ്ക്ക്.

ഭക്ഷണം

ധാന്യങ്ങള്‍, തളിരിലകള്‍ എന്നിവയാണ് പ്രധാന ഭക്ഷണം. തിന, ഗോതമ്പ്, സൂര്യകാന്തിക്കുരു എന്നിവയോടൊപ്പംതന്നെ പയര്‍, തുളസിയില, പുതിനയില, മല്ലിയില, വെള്ളരി, സാലഡ് വെള്ളരി, ക്യാരറ്റ് എന്നിവയും കൊടുക്കാം. പയര്‍, കടല, സോയാബീന്‍സ് എന്നിവ മുളപ്പിച്ചു നൽകുന്നതും നല്ലതാണ്. പ്രജനന സമയത്ത് മുളപ്പിച്ച ഗോതമ്പ് നൽകരുത്. 

പ്രജനനം

കൂട്ടമായും ജോടി തിരിച്ചും വളര്‍ത്താം. സാമൂഹിക ജീവിതം നയിക്കുന്ന പക്ഷികളായതിനാല്‍ കൂട്ടമായി വളര്‍ത്തുന്നത് നല്ലതാണെങ്കിലും വലുപ്പം കുറഞ്ഞ കൂടുകളില്‍ അതത്ര പ്രായോഗികമല്ല. കൂടുകൾ എപ്പോളും വൃത്തിയായിരിക്കണം.

കൂടുകൾ

ഒരു ജോടിക്ക് 3X2X2 അടി വലുപ്പമുള്ള കൂടാണു വേണ്ടത്. കൂടുണ്ടാക്കാന്‍ നല്ല വലുപ്പമുള്ള കുടങ്ങളോ 8x6x6 ഇഞ്ചു വലുപ്പമുള്ള ചതുരപ്പെട്ടികളോ മാത്രമേ ഉപയോഗിക്കാവൂ. ഇവയില്‍ പ്രവേശന ദ്വാരം 2-2.5 ഇഞ്ച് വ്യാസമുള്ള വൃത്തമായിരിക്കണം. പ്രജനനകാലത്ത് ഒരു രീതിയിലും ശല്യപ്പെടുത്താന്‍ പാടില്ല.

നന്നായി പരിചരിച്ചാല്‍ 18-20 വര്‍ഷം വരെ ജീവിക്കുന്നവരാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡുകള്‍. എന്നാല്‍ ഇവയെുടെ ഭംഗി കണ്ടുമാത്രം വളർത്താതെ ചിട്ടയായ പരിചരണത്തിലൂടെയും ധാതുലവണ മിശ്രിതങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും വൃത്തിയുള്ള കൂടുകളിലൂടെയും ശുദ്ധജലത്തിന്റെ ലഭ്യതയിലൂടെയും അവയുടെ ആരോഗ്യംകൂടി ശ്രദ്ധിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com