പെരിയാര്‍ പശു സംരക്ഷണത്തിന് പ്രൊജക്ട്: വിദ്യാര്‍ഥിനികള്‍ക്ക് അംഗീകാരം
Mail This Article
തിരിമുറിയാതെ പാല്‍ ചുരത്തുന്ന വിദേശജനുസ് ഹൈബ്രിഡ് പശുക്കളുള്ളപ്പോള്‍ നാഴൂരി പാല്‍ മാത്രം ചുരത്തുന്ന നാടന്‍ പശുക്കളെ സംരക്ഷിച്ചതുകൊണ്ട് നമ്മുടെ സമൂഹത്തിന് എന്ത് നേട്ടമാണുള്ളത്? സംസ്ഥാന ജൈവവൈവിധ്യകോണ്‍ഗ്രസിന്‍റെ സദസില്‍നിന്നുമുയര്‍ന്ന ഈ ചോദ്യത്തിന് തങ്ങളുടെ ജന്മനാടിന്‍റെ പൈതൃകമായ പെരിയാര്‍ പശുക്കളുടെ ഗുണവിശേഷങ്ങള്‍ ഒന്നൊന്നായി വിശദമാക്കിയാണ് അന്നയും അനുരൂപയും മറുപടി പറഞ്ഞത്. എറണാകുളം കോടനാട് മാര്‍ ഔഗേന്‍ ഹൈസ്കൂളിലെ വിദ്യാർഥിനികളാണ് അന്ന കുര്യനും അനുരൂപ മണിക്കുട്ടനും.
ഈ വര്‍ഷം കുട്ടികളുടെ സംസ്ഥാന ജൈവവൈവിധ്യകോണ്‍ഗ്രസില്‍ ഇരുവരും ചേര്‍ന്നവതരിപ്പിച്ച ശാസ്ത്ര പ്രോജക്ട് പെരിയാര്‍ തീരത്തെ തനത് പശുക്കളെയും അവയുടെ ആവാസവ്യവസ്ഥയും അവയെ പരിപാലിക്കുന്ന കര്‍ഷകരെക്കുറിച്ചുമെല്ലാമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തങ്ങളുടെ സ്കൂളിലെ പരിസ്ഥിതികൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പെരിയാര്‍ പശു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പഠനങ്ങളും നീരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് ഇവര്‍ അവതരിപ്പിച്ചത്.
നമ്മുടെ നാടന്‍ പശു പൈതൃകത്തില്‍ ബാക്കിയായ അവസാനത്തെ കണ്ണികളിലൊന്നായ പെരിയാര്‍ പശുക്കളെ പറ്റിയുള്ള കണ്ടെത്തലുകള്‍ ജൈവവൈവിധ്യകോണ്‍ഗ്രസിനെത്തിയ സദസ് ശ്രദ്ധയോടെയും കൗതുകത്തോടെയുമാണ് കേട്ടത്. വെച്ചൂര്‍, കാസര്‍ഗോഡ് ഇനം പശുക്കളെല്ലാം സുപരിചിതമാണെങ്കിലും പെരിയാര്‍ പശുക്കളെ പറ്റിയുള്ള അറിവുകള്‍ സദസിന് പുതുമയുള്ളതായിരുന്നു. കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിക്കാനുള്ള കരുത്തും രോഗപ്രതിരോധശേഷിയും പോഷകസമൃദ്ധവുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കാനുള്ള ശേഷിയും കുറഞ്ഞ പരിപാലനചിലവുമെല്ലാം പെരിയാര്‍ പശുക്കളുടെ പ്രത്യേകതകളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും തങ്ങളുടെ പ്രൊജക്ടില്‍ ഇരുവരും അവതരിപ്പിച്ചു. അന്‍പതിലധികം വിദ്യാലയങ്ങള്‍ പങ്കെടുത്ത പ്രൊജക്ട് അവതരണത്തില്‍ മികച്ച പ്രൊജക്ടിനുള്ള പുരസ്കാരങ്ങളിലൊന്നും ഈ കുട്ടികളെ തേടിയെത്തി. മാത്രമല്ല, സ്കൂളിലെ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പെരിയാര്‍ പശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
അറിയാം പെരിയാര്‍ തീരത്തെ നാടന്‍ പശുപ്പെരുമ
പെരിയാറിന്‍റെ തീരപ്രദേശത്തും തുരുത്തുകളിലും ഉരുത്തിരിഞ്ഞ പെരിയാര്‍ നാടന്‍ പശുക്കള്‍ ഒരുകാലത്ത് എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു. പെരിയാറുമായും നദീതടവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുമായും അത്രമേല്‍ ഇഴചേര്‍ന്ന് ജീവിക്കുന്ന പെരിയാര്‍ പശുക്കള്‍ക്ക് പെരിയാര്‍ കുറുകെ നീന്തിക്കടക്കാന്‍ പോലും പ്രാപ്തിയുണ്ടെന്ന് ഇവിടങ്ങളിലെ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പെരിയാറിന്‍റെ തീരപ്രദേശങ്ങളായ കോടനാട്, പാണംകുഴി, പാണിയേലി, മലയാറ്റൂര്‍, വടാട്ടുപാറ, കാലടി പ്ലാന്‍റേഷന്‍, ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പെരിയാര്‍ പശുക്കള്‍ ഇന്ന് കാണപ്പെടുന്നത്.
ആലുവാപുഴയെന്നും ചൂര്‍ണ്ണയെന്നും പൂര്‍ണ്ണയെന്നും പെരിയാറിന് പല പേരുകളുള്ളതുപോലെ ഹൈറേഞ്ച് ഡ്വാര്‍ഫ്, കുട്ടമ്പുഴ കുള്ളന്‍, പാണിയേലി കുള്ളന്‍, അയ്യന്‍പുഴ കുള്ളന്‍, എന്നിങ്ങനെ പെരിയാര്‍ ഒഴുകുന്ന നാടുകളില്‍ പെരിയാര്‍ പശുക്കള്‍ക്കും വിളിപ്പേരുകള്‍ പലതാണ്. നദിയുടെ തീരത്തെ തോട്ടങ്ങളില്‍ വ്യാപകമായതിനാല്‍ തോട്ടപ്പശുക്കള്‍ എന്ന പേരും പെരിയാര്‍ പശുക്കള്‍ക്ക് സ്വന്തം. നദീതീരത്തെ കര്‍ഷകരെ കൂടാതെ തോട്ടം മേഖലയിലെ തൊഴിലാളികളും ഈ പശുക്കളെ ഇന്ന് സംരക്ഷിക്കുന്നുണ്ട്. പരമാവധി മൂന്ന് ലീറ്റര്‍ മാത്രമാണ് പ്രതിദിന ഉൽപാദനമെങ്കിലും പാലിന്‍റെ സ്വാദും മണവും ഗുണവുമെല്ലാം പകരം വെക്കാനില്ലാത്തതാണ്. മുപ്പതു വര്‍ഷത്തിലേറെ ആയുസുള്ള ഈ പശുക്കള്‍ വര്‍ഷാവര്‍ഷം പ്രസവിക്കുന്നതിനാല്‍ ആണ്ടുകണ്ണിയെന്ന് വിശേഷണവുമുണ്ട്.
ഗ്രാമങ്ങളിലെ തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നും അതിരാവിലെ തീറ്റതേടിയിറങ്ങുന്ന ഈ പശുക്കള്‍ പത്തോ ഇരുപതോ പശുക്കള്‍ ഉള്‍പ്പെടുന്ന ചെറുകൂട്ടങ്ങളായി കിലോമീറ്ററുകളോളം പെരിയാര്‍ തീര്‍ത്തും തീരത്തോട് ചേര്‍ന്ന വനത്തിലും മലയടിവാരത്തുമെല്ലാം മേഞ്ഞ് നടക്കും. പശുക്കള്‍ മാത്രമല്ല, കാളക്കൂറ്റന്മാരും കിടാക്കളും കിടാരികളുമെല്ലാം ഈ കൂട്ടത്തില്‍ കാണും. മഴയും വെയിലുമൊന്നും അശേഷം വകവയ്ക്കാതെ പകലന്തിയോളം മേയുന്ന പെരിയാര്‍വാലി പശുക്കളുടെ പ്രധാന ആഹാരം വനത്തില്‍ സമൃദ്ധമായ പച്ചപ്പുല്ലും വൃക്ഷയിലകളും, ഔഷധച്ചെടികളുമെല്ലാമാണ്. പകല്‍ മുഴുവന്‍ നീണ്ട വനയാത്രയ്ക്ക് ശേഷം സന്ധ്യയാവാറാവുമ്പോള്‍ പശുക്കള്‍ കൂട്ടമായ് വനമിറങ്ങി തിരികെയെത്തി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തമ്പടിക്കും. കാട്ടില്‍ അലഞ്ഞാണ് പശുക്കളുടെ ജീവിതമെങ്കിലും ഈ കൂട്ടത്തിലെ ഓരോ പശുവിനും ഉടമകളുണ്ട്. ഈ പശുക്കൂട്ടത്തില്‍ നിന്നും പ്രസവിക്കാറായതും, കറവയുള്ളതുമായ പശുക്കളെ കണ്ടെത്തി കര്‍ഷകര്‍ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോവുന്നതാണ് പതിവ്. പരമ്പരാഗത രീതിയില്‍ ചെവികളുടെ അരിക് ചെറുതായി വെട്ടി പ്രത്യേക അടയാളമിട്ടാണ് കര്‍ഷകര്‍ തങ്ങളുടെ പശുക്കളെ തിരിച്ചറിയുന്നത്.
ഉൽപാദനമേറിയ സങ്കരയിനം പശുക്കളോടുള്ള കര്‍ഷകരുടെ അമിത താല്‍പര്യം, മേച്ചില്‍പ്പുറത്തിന്‍റെ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ കേരളത്തിലെ മറ്റ് നാടന്‍ പശുവിനങ്ങളെപ്പോലെ പെരിയാര്‍ പശുക്കളും ഇന്ന് വംശനാശത്തിന്‍റെ വക്കിലാണ്. പെരിയാര്‍ പശുക്കളുടെ വംശമേഖലയില്‍ സങ്കരയിനത്തില്‍പ്പെട്ട കാളകളുമായുള്ള പ്രജനനം വ്യാപകമായതിനാല്‍ ശുദ്ധയിനങ്ങളെ കണ്ടെത്തുകയെന്നത് പ്രയാസകരമാണ്. പെരിയാര്‍ പശുക്കളുടെ ജനിതക, ശാരീരിക പ്രത്യേകതകളെ കുറിച്ച് കൂടുതലറിയുന്നതിനും ഒരു പ്രത്യേക ബ്രീഡ് പദവി നല്‍കുന്നതിനുമുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനായും പെരിയാര്‍ തീരത്തെ കര്‍ഷകരുമായി സഹകരിച്ച് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഈയിടെ പഠനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
കുട്ടികള്‍ക്ക് പ്രചോദനമായത് സ്കൂള്‍ മാനേജര്‍
പെരിയാര്‍ പശുക്കളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ ഔഗേന്‍ സ്കൂളിലെ കുട്ടികളുടെ പരിസ്ഥിതി ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രൊജക്ടിനും പ്രചോദനമായത്. സ്കൂള്‍ മാനേജര്‍ കോസ് കുര്യനാണ്. എഴുപതോളം പെരിയാര്‍ നാടന്‍ പശുക്കളെ തന്‍റെ പുരയിടത്തിലും പരിസരത്തും സംരക്ഷിക്കുന്ന മാതൃകാകര്‍ഷകനാണദ്ദേഹം. ഒപ്പം നാടന്‍ പശുക്കളുടെ പാലും മോരും നെയ്യും ലഭ്യമാക്കുന്നതിനായുള്ള ഉല്‍പ്പാദനയൂണിറ്റും അദ്ദേഹം നടത്തുന്നുണ്ട്. കോസ് കുര്യന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി കോടനാട്ടെയും പരിസരത്തെയും നിരവധിയാളുകള്‍ ഇന്ന് പെരിയാര്‍ പശുക്കളെ വളര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്തെ വിവിധ പഞ്ചായത്തുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി പെരിയാര്‍ പശു സംരക്ഷണ കൂട്ടായ്മയ്ക്ക് തുടക്കമിട്ടതും അദ്ദേഹമാണ്.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കാന്‍ സ്കൂള്‍ മാനേജര്‍ ജൈവകൃഷി നടത്തുന്നുവെന്ന് കേട്ടാല്‍ ആര്‍ക്കുമൊരു കൗതുകം തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഇത് കൗതുകമല്ലെന്ന് കോസ് കുര്യന്‍റെ ജൈവകൃഷിയിടത്തിലെത്തിയാല്‍ ബോധ്യപ്പെടും. പെരിയാര്‍ പശുക്കളുടെ ചാണകവും മൂത്രവും മാത്രം പ്രയോജനപ്പെടുത്തി അദ്ദേഹം നടത്തുന്ന ജൈവകൃഷിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കോടനാട് ഹൈസ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണപദ്ധതിയില്‍ ഇടക്ക് ഇടംപിടിക്കും. പെരിയാര്‍ പശുക്കളുടെ സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2019-ലെ ദേശീയ ബ്രീഡ് സേവ്യര്‍ പുരസ്ക്കാരം കോസ്കുര്യനെ തേടിയെത്തിയിരുന്നു.
പെരിയാര്‍ പശുക്കളെക്കുറിച്ച് കൂടുതല്‍ അറിയാന്‍
കോസ് കുര്യന്‍, കോടനാട്, എറണാകുളം - ഫോണ്‍ : 8921405285