ADVERTISEMENT

പക്ഷിപ്പനി കണ്ടെത്തിയത് ഏതാണ്ട് 100 വർഷങ്ങൾക്ക് മുന്നെയാണെങ്കിലും തീവ്ര സ്വഭാവത്തിലുള്ളതും പെട്ടെന്ന് പടർന്ന് പിടിക്കുന്നതുമായ ഹൈലി പത്തൊജനിക് ഏവിയൻ ഇൻഫ്ലുൻസ (എച്ച്പിഎഐ) മനുഷ്യരിലേക്കും മറ്റ് സസ്തനികളിലേക്കും പകരാൻ കെൽപുള്ളവയാണെന്നു കണ്ടെത്തിയിട്ട് അധിക കാലമായിട്ടില്ല. 2003നു ശേഷം നാളിതു വരെ ഏകദേശം 50ൽപ്പരം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പക്ഷിപ്പനി മനുഷ്യരിലേക്ക് പകർന്നതായി സ്ഥിരീകരിച്ചിരിക്കുന്നത് 10ൽ താഴെ രാജ്യങ്ങളിൽ മാത്രമാണ്. ഹോങ്കോങ്ങ് (1993),  നെതർലൻഡ്‌സ് (2003) എന്നീ രാജ്യങ്ങൾ ഇതിൽ പെടും. 

ഇൻഫ്ലുൻസ എ വൈറസുകളിൽ 16H സബ് ടൈപ്പുകളും 9N സബ്‌ടൈപ്പുകളും കണ്ടെത്തിയിട്ടുണ്ട്.  ഇതിൽ H5, H7 എന്നിങ്ങനെ ആരംഭിക്കുന്ന വൈറസ് ഗ്രൂപ്പുകളാണ് പൊതുവെ തീവ്രത കൂടിയ രോഗലക്ഷണങ്ങൾ കാണിക്കുന്നത്.  ഇവയുടെ മരണസംഖ്യാ നിരക്ക് കേവലം 48 മണിക്കൂറിൽ 100 ശതമാനം വരെയാകാം. ജലപ്പക്ഷികളിൽ മാസങ്ങളോളം സ്വാഭാവികമായി കാണപ്പെടുന്ന തീവ്രത കുറഞ്ഞ ഇനം ഫ്ലൂ വൈറസുകൾ മാസങ്ങൾക്കു ശേഷം തീവ്രത കൈവരിക്കുന്ന സാഹചര്യവും നിലവിലുണ്ട്.  ഇത്തരത്തിലാണ് 2016ൽ കുട്ടനാട് ഭാഗത്തു വ്യാപക നാശ നഷ്ടങ്ങളുണ്ടാക്കിയ പക്ഷിപ്പനിയുടെ ആരംഭവും. 

നിലവിൽ കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്ന വൈറസ് H5N1 ആണെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. നിലവിൽ ഈ അസുഖം മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെങ്കിലും രണ്ടു രീതിയിൽ ഈ വൈറസുകൾ അപകടകാരികൾ ആയേക്കാം. പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗമായും,  പിന്നീടത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് (നിലവിൽ കൊറോണ പടരുന്നത് പോലെ) പടരാൻ കെൽപുള്ള ഒരു മഹാ മാരിയുമായേക്കാം. ഈ സാധ്യതകൾ മുൻനിർത്തിയാണ് പക്ഷിപ്പനി ഏതു വിധേനയും നിയന്ത്രണ വിധേയമാക്കാൻ മൃഗസംരക്ഷണ വകുപ്പ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ അക്ഷീണം പ്രയത്നിക്കുന്നത്. രോഗം ബാധിച്ചയിടങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്കരിക്കുന്നതിനോടൊപ്പം തന്നെ അവയുടെ മുട്ടകൾ,  കൂടുകൾ എന്നിവ കൂടി നശിപ്പിക്കുക എന്നതാണ് മുഖ്യമായുമുള്ള പ്രോട്ടോകോൾ. 

ഇൻഫ്ലുൻസ വൈറസുകൾ കാഷ്ഠത്തിലൂടെയും സ്രവങ്ങളിലൂടെയും തീറ്റ,  കുടിവെള്ളം എന്നിവയിലൂടെയുമാണ് പ്രധാനമായും പടരുന്നത്.  കുറഞ്ഞ അന്തരീക്ഷ ഊഷ്‌മാവായ 4 ഡിഗ്രിയിൽ 35 ദിവസം വരെയും ഉയർന്ന ഊഷ്മാവായ 37 ഡിഗ്രിയിൽ 6 ദിവസം വരെയും നിലനിൽക്കാൻ കെൽപുള്ളവയാണ് പ്രസ്തുത വൈറസുകൾ. പൊതുവിൽ ശ്വസന, ദഹനേന്ദ്രിയങ്ങളെ ബാധിക്കുന്ന ഇവ, തീവ്രത കൂടുന്നതിനനുസരിച്ച് മുഴുവൻ ശരീര കോശങ്ങളെയും ബാധിക്കും. അതിനാൽ തന്നെ ഈ വൈറസുകൾ ഇറച്ചിയിലും പച്ച മുട്ടയിലും കാണപ്പെടാം. എന്നാൽ, കേരളത്തിൽ നിലവിലുള്ള പാചക രീതികളെ കവച്ചു വച്ച് ഈ വൈറസുകൾക്ക് ഒരിക്കലും മനുഷ്യശരീരത്തിൽ പ്രവേശിക്കാനാവില്ല എന്നൊരു ഗുണം നമുക്കുണ്ട്.  70 ഡിഗ്രിക്ക് മുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ തന്നെ വൈറസ് സാന്നിധ്യം പൂർണമായും നിർവീര്യമാക്കപ്പെടും. അതിനാൽ മുട്ട,  ഇറച്ചി എന്നിവ നന്നായി പാകം ചെയ്ത് കഴിക്കുന്നതിൽ ഒരു അപാകതയുമില്ല. 

എന്നാൽ, രോഗം ബാധിച്ച ഇടങ്ങളിൽ കോഴിയെ കശാപ്പ് ചെയ്യുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്.  അതുകൊണ്ടു കൂടിയാണ് ഒരു മുൻകരുതൽ എന്നോണം  രോഗ ബാധയുള്ള പ്രദേശങ്ങളിലെ മുഴുവൻ  കോഴിക്കടകളും പൂർണമായി അടച്ചിടാൻ സർക്കാർ തലത്തിൽത്തന്നെ ഉത്തരവ് നൽകിയിട്ടുള്ളത്. പച്ചമുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടായേക്കാമെന്നതിനാൽ പച്ചമുട്ട ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം.  അതുപോലെ തന്നെയാണ് പാതി വെന്ത (ഹാഫ് ബോയ്ൽഡ്),  'ബുൾസ് ഐ' പോലുള്ള വിഭവങ്ങളും.  

പക്ഷിപ്പനി അല്ലെങ്കിൽ തന്നെ സാൽമൊണെല്ല,  ഇ- കൊളി എന്നീ രോഗാണുക്കൾ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്കും പച്ച മുട്ട ഒരു കാരണമായേക്കാം. മുട്ട കറിവയ്ക്കുകയോ പുഴുങ്ങുകയോ ഓംലെറ്റ് ആക്കി ഉപയോഗിക്കുകയോ ചെയ്യാം. മുട്ട വാങ്ങുമ്പോൾ മുട്ടയ്ക്ക് മുകളിൽ കാഷ്ഠത്തിന്റെ അംശം കാണുകയാണെങ്കിൽ ചൂടുവെള്ളത്തിൽ തുടച്ചെടുത്ത്,  ഈർപ്പം വലിഞ്ഞ ശേഷം ഫ്രിഡ്ജിൽ ശീതികരിച്ചു സൂക്ഷിക്കാവുന്നതാണ്. 

പക്ഷികളോട് സമ്പർക്കം പുലർത്തുന്നവരും കശാപ്പുകാരും അണുനാശിനികൾ ഉപയോഗിച്ച് കൈകാലുകൾ വൃത്തിയാക്കി സൂക്ഷിക്കണം. കഴിവതും കൈയുറകൾ,  മുഖാവരണം എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൂടാതെ നിലവിലെ സാഹചര്യത്തിൽ ഫാമുകളിൽ ജൈവസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ ഒട്ടും വീഴ്ച വരുത്താതിരിക്കണം. മാത്രവുമല്ല, യൂറോപ്യൻ ഫുഡ് സേഫ്റ്റി കമ്മീഷൻ,  വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ,  ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ എന്നീ സംഘടനകൾ എല്ലാം തന്നെ നന്നായി പാകം ചെയ്ത ശേഷം  മുട്ട,  ഇറച്ചി എന്നിവ ഉപയോഗിക്കാമെന്നുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്കായി നൽകിയിട്ടുമുണ്ട്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com