ADVERTISEMENT

കോഴിപ്പേൻ സംബന്ധിയായ ചില സംശയങ്ങൾ ഇന്നലെ എന്റെ സുഹൃത്ത് ചോദിച്ചപ്പോൾ കുഞ്ഞുന്നാളിലെ  ഒരു അനുഭവമാണ് മനസിലേക്കാദ്യം ഓടിയെത്തിയത്.  അപ്പുറത്തെ വീട്ടിലെ ലക്ഷ്മി അമ്മൂമ്മയുടെ കോഴിക്കുഞ്ഞുങ്ങളെ മടിയിലും ഒക്കത്തുമൊക്കെ വച്ചു കളിപ്പിച്ച ആ ഒരു രാത്രി ദേഹമാസകലം ചൊറിഞ്ഞു തുടുത്ത്  ഉറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.  അമ്മൂമ്മയോട് കാര്യം പറഞ്ഞപ്പോൾ അമ്മൂമ്മയാണ് ആദ്യമായി  കോഴിപ്പേനെക്കുറിച്ചു പറഞ്ഞു തന്നത്. അന്നേ രാത്രി പലകുറി സോപ്പ് തേച്ച് കുളിക്കേണ്ടി വന്നു ചൊറിച്ചിലൊന്നു മാറിക്കിട്ടാൻ. ഇങ്ങനത്തെ അനുഭവം കോഴിവളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. കോഴിപ്പേൻ കോഴികളിൽ ഉണ്ടാക്കുന്ന ശാരീരിക  പ്രശ്നങ്ങൾക്ക് പുറമേ അവയുമായി സമ്പർക്കത്തിലേർപ്പെടുന്ന മനുഷ്യരിലും  ചൊറിച്ചിൽ,  അലർജി എന്നിവയ്ക്കൊക്കെ  കാരണമാകാറുണ്ട്. 

കോഴിപ്പേൻ സാധാരണയായി കാണപ്പെടുന്നത് കോഴികളുടെ ദേഹത്തും, ചിറകിനടിയിലും,  തൂവലിനടിയിലും,  പൃഷ്ഠ ഭാഗത്തുമൊക്കെയാണ്. ഏതാണ്ട് പത്തോളം വിവിധയിനം കോഴിപ്പേനുകളെ നാളിതു വരെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ കോഴികളുടെ ദേഹത്ത്  സാധാരണയായി കാണപ്പെടുന്നത് 'മീനാകാന്തസ് സ്ട്രാമ്നിയസ്' എന്ന 'ചിക്കൻ ബോഡി ലൗസ്' ആണ്. ശരീരത്തിന്റെ മറ്റു  പലഭാഗങ്ങളിലായി 'മീനോപൊൻ ഗാലിനെ',  'ലൈപിയുറസ് കാപോണിസ്',  'കുക്കുലോഗാസ്റ്റർ ഹെറ്ററോഫാഗസ്' എന്നിങ്ങനെ തകർപ്പൻ പേരുകളിൽ പലയിനം പേനുകൾ കാണപ്പെടാറുണ്ട്.  സാധാരണ ഗതിയിൽ   മാസങ്ങളോളം കോഴികളുടെ പുറത്തും, ചിറകിനടിയിലും, തൂവലുകൾക്കിടയിലുമൊക്കെ അധിവസിക്കുന്ന ഇവർ കോഴികളുടെ  രക്തം ഊറ്റിക്കുടിച്ചാണ് ജീവിക്കുന്നത്. ശരീരത്തിന് പുറത്ത് പരമാവധി ഒരാഴ്ച മാത്രം ജീവിക്കാൻ ശേഷിയുള്ള ഇവയുടെ ജീവചക്രം മൂന്ന് ആഴ്ചയാണ്. 

പൊതുവെ അഴിച്ചു വിട്ടു വളർത്തുന്ന കോഴികളിൽ കോഴിപ്പേൻ ശല്യം രൂക്ഷമാകാറുണ്ട്. പല പ്രായത്തിലും ഇനത്തിലുമുള്ളവയെ ഒന്നിച്ചു വളർത്തുമ്പോൾ ഇവ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് അതിവേഗം പടരുന്നു. കേജ്‌ രീതിയിൽ വളർത്തുന്ന കോഴികളിൽ  കോഴിപ്പേൻ ശല്യം പൊതുവെ കുറവാണ്. എന്നാൽ തീറ്റപ്പാത്രം,  മുട്ട ട്രേ,  മനുഷ്യൻ,  എലി,  ഈച്ച എന്നിവ ഇവയെ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു പടർത്താൻ കാരണമാകും. 

കോഴികളിൽ കോഴിപ്പേൻ ശല്യം മൂലം മുട്ടയുൽപ്പാദനം,  ശരീര തൂക്കം എന്നിവ  കുറയാനും,  തൂവലുകൾ കൊഴിയാനും, തൊലിപ്പുറം പൊട്ടി വ്രണമായി മറ്റ് അണുബാധയേൽക്കാനുമുള്ള സാഹചര്യമൊക്കെ ഉണ്ടാകാറുണ്ട്. വിരിപ്പ്‌ രീതിയിൽ വളർത്തുന്ന കോഴികൾ പല തവണ വിരിപ്പിനടിയിൽ വിഹരിച്ച് 'ഡസ്റ്റ് ബാത്തിങ്' നടത്തുന്നതിനാൽ ചിലപ്പോൾ കോഴിപ്പേൻ രൂക്ഷമാകാറില്ല.  എന്നാൽ അടയിരിക്കുന്ന സന്ദർഭങ്ങളിൽ കോഴിപ്പേൻ രൂക്ഷമാകാനും, ചിലപ്പോൾ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ചത്തു പോകാനും വരെ കോഴിപ്പേൻ ഒരു  കാരണമായേക്കാം. 

  • കോഴിപ്പേൻ ശല്യം ഒഴിവാക്കാൻ ഫാമുകളിൽ കൃത്യമായ ഇടവേളകളിൽ അണുനാശിനി ഉപയോഗിച്ച് അണുനശീകരണം നടത്തണം. കൂടും,  ഉപകരണങ്ങളുമൊക്കെ അണുനശീകരണം നടത്താൻ പലതരത്തിലുള്ള അണുനാശിനികൾ വിപണിയിൽ ലഭ്യമാണ്. 
  • ജൈവസുരക്ഷാ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. പലവിധത്തിലും,  പ്രായത്തിലുമുള്ള കോഴികളെ ഒരുമിച്ചിട്ട് വളർത്തുന്നത് ഒഴിവാക്കണം. ‌
  • പുറമെ നിന്നുള്ള കോഴികളെ ഫാമിലേക്ക് കൊണ്ട് വരുമ്പോൾ കോഴിപ്പേൻ ഇല്ലെന്ന്  ഉറപ്പ് വരുത്തണം. 
  • ഫാമിൽ കോഴിപ്പേൻ സംശയം തോന്നുന്ന മുറയ്ക്ക് മുഴുവൻ കോഴികളെയും മരുന്ന് ലായനിയിൽ തല മുങ്ങാത്ത വിധത്തിൽ മുക്കിയെടുക്കണം (ഡിപ്പിംഗ്). പൊതുവെ വെയിലുള്ള ഒരു ദിവസമാണ് ഡിപ്പിംഗ് നടത്താൻ ഏറ്റവും അനുയോജ്യം. പെർമെത്രിൻ,  സൈപെർമെത്രിൻ,  മാലത്തിയോൺ,  സുവിത്തിയൊൺ എന്നിവയിലേതെങ്കിലും  ഒരെണ്ണം  ഒരു വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം  ഇതിനായി ഉപയോഗിക്കാം. 
  • ഇതോടൊപ്പം ഫാമുകളിൽ ഈച്ച,  എലി എന്നിവയുടെ നിയന്ത്രണവും അനിവാര്യമാണ്. 
  • പത്തു ദിവസത്തിനു ശേഷം ഇതേ മരുന്ന് കൂടുകളിൽ സ്പ്രേ ചെയ്യുന്നത് കോഴിപ്പേൻ,  ഈച്ച എന്നിവയുടെ നിയന്ത്രണത്തിന് സഹായകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com