ADVERTISEMENT

ചൂടുള്ള വരണ്ട വേനൽക്കാലത്ത് കറവപ്പശുക്കളിൽ ദിവസേനയുള്ള തീറ്റയെടുക്കൽ കുറയുന്നു, ഇത് ഉൽപാദനക്ഷമത കുറയുന്നതിനു കാരണമാകും. ഈ സാഹചര്യത്തിൽ, ദിവസേന പലതവണകളായി തീറ്റ നൽകുന്നത്, പരുഷാഹാരങ്ങളുടെ പോഷക നിലവാരം കൂട്ടുന്നത്, ശർക്കരപാനി പോലെയുള്ള രുചികരമായ തീറ്റകൾ ചേർക്കുന്നത്, പോഷകാംശങ്ങൾ നിറഞ്ഞ പരുഷാഹാരങ്ങളും സാന്ദ്രീകൃത തീറ്റയും  കൃത്യമായ  അളവിൽ ചേർത്ത് സമ്പൂർണ്ണ സമ്മിശ്ര തീറ്റകൾ നൽകുന്നത്, കൂടുതൽ പോഷക സാന്ദ്രത കൂടിയ തീറ്റ നൽകുന്നത് എന്നിവ പോലുള്ള കാര്യക്ഷമമായ പ്രായോഗിക സമീപനങ്ങൾ ആവശ്യമാണ്. എങ്കിലും, അന്തരീക്ഷ ഊഷ്‌മാവ്‌ കൂടിയ പകൽ സമയങ്ങളിൽ മാംസ്യവും ഊർജവും അമിതമായ അളവിൽ കാലിത്തീറ്റയിലൂടെ നൽകുന്നത് കറവപ്പശുക്കളിൽ ഊർജോപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നതിന് കാരണമാകും. ഇത് താപ സമ്മർദ്ദത്തിന്റെ തോത് വർധിപ്പിക്കും. അതുപോലെ തന്നെ പോഷകാംശങ്ങൾ  കുറഞ്ഞ  വൈക്കോലും മൂപ്പു കൂടിയ തീറ്റപ്പുല്ലുകളും ചൂട് കൂടിയ പകൽസമയങ്ങളിൽ നൽകുന്നത് പശുവിന്റെ മേലുദരത്തിലെ കിണ്വന പ്രക്രിയ വർധിപ്പിക്കുകയും അമിതമായ താപോർജ ഉൽപാദനം മൂലം  താപക്ലേശം വർധിക്കുകയും ചെയ്യുന്നു. അതിനാൽ, താപ സമ്മർദ്ദത്തെ ലഘൂകരിക്കുന്നത്തിനുള്ള വേനൽക്കാല തീറ്റക്രമത്തിലെ പരിഷ്കരണത്തെക്കുറിച്ച് സമഗ്രമായി മനസിലാക്കേണ്ടത് അനിവാര്യമാണ്.

കറവപ്പശുക്കൾക്കു അന്നജസമ്പുഷ്ടമായ സാന്ദ്രീകൃത തീറ്റകൾ അമിതമായി നൽകിയാൽ മേൽ ഉദരത്തിലെ ഉയർന്ന കിണ്വനപ്രക്രിയ വഴി അമ്ലാംശം വർധിച്ചു പുളിച്ചുതികട്ടൽ സംഭവിക്കുന്നതിനാൽ വേനൽക്കാലത്ത് ദിവസേന നൽകുന്ന മൊത്തം തീറ്റയുടെ 60-65 ശതമാനത്തിൽ കൂടുതൽ സാന്ദ്രീകൃത തീറ്റകൾ നൽകാതിരിക്കുന്നതാണ് ഉത്തമം. സാന്ദ്രീകൃത  ഊർജദായക തീറ്റകളായ ബിയർ വേസ്റ്റ്, കപ്പ വേസ്റ്റ്, മക്ക ചോളപ്പൊടി എന്നിവയും കാലിത്തീറ്റകളും ചൂട്  കൂടിയ പകൽസമയങ്ങളിൽ നൽകുന്നതിനു പകരമായി അന്തരീക്ഷ ഊഷ്‌മാവ്‌ കുറവുള്ള അതിരാവിലെയും വൈകുന്നേരവും നൽകാം. കാലിത്തീറ്റയിൽ ബൈപ്പാസ് ഫാറ്റ്  ദിവസേന 100-150g (മൊത്തം തീറ്റയുടെ 4-5ശതമാനത്തിൽ കൂടാതെ) നൽകുന്നത്, ബൈപ്പാസ് മാംസ്യസ്രോതസുകളായ തേങ്ങാപ്പിണ്ണാക്ക്‌, പരുത്തിക്കുരുപ്പിണ്ണാക്ക്‌  എന്നിവ ദിവസേന  രണ്ടു കിലോഗ്രാമിൽ കൂടാതെ  ചേർക്കുന്നത് കടുത്ത വേനലിൽ കറവപ്പശുക്കളുടെ പാലുൽപാദനക്ഷമതയും പ്രത്യൽപാദനക്ഷമതയും  നിലനിർത്തുന്നതിനും പാലിന്റെ പോഷകനിലവാരം വർധിപ്പിക്കുന്നതിനും സഹായകരമാകുന്നു. സാന്ദ്രീകൃത തീറ്റയുടെ കൂടെ 50-60 ഗ്രാം  അപ്പക്കാരം, 30 ഗ്രാം മഗ്നീഷ്യം ഓക്സൈഡ്, 30-50 ഗ്രാം ഉപ്പ് എന്നിവ ചേർത്ത് ദിവസേന നൽകുന്നത് ദഹനത്തിനു ആവശ്യമായ ഉമിനീർ ഉൽപാദനത്തിനും മേലുദരത്തിലെ കിണ്വനപ്രക്രിയ വഴി അമിതമായി ഉൽപാദിക്കപ്പെടുന്ന അമ്ലാംശം കുറയ്ക്കുന്നതിനും   താപസമ്മര്ദം കുറയ്ക്കാനും സഹായിക്കുന്നു.

പശുവിനും  എരുമയ്ക്കും  ദിവസവും 60-100 ലീറ്റർ വെള്ളവും ആടിന് 6-9 ലീറ്റർ വെള്ളവുമാണ്  ദിവസേന ലഭിക്കേണ്ടത്. അതിനാൽ കടുത്ത വേനലിൽ കറവപ്പശുക്കളുടെ പാലുൽപാദനക്ഷമതയ്ക്കും താപക്ലേശം  കുറയ്ക്കുന്നതിനും ധാരാളം തണുത്ത കുടിവെളളം ദിവസം മുഴുവൻ ലഭ്യമാക്കണം. ചൂടുകൂടിയ പകൽ സമയങ്ങളിൽ ജലാംശം നിറഞ്ഞ തീറ്റശ്രോതസുകളായ വാഴത്തട, വാഴക്കന്ന്, കുളവാഴ, കൈതപ്പോള, കൊക്കോ തൊണ്ട്, ചക്കമടൽ, ചക്ക വേസ്റ്റ് എന്നിവ നുറുക്കി പല തവണകളായി നൽകാം. കൊക്കോത്തൊണ്ട്  പൊട്ടാസ്യം മൂലകം നൽകുന്ന ഒരു പാരമ്പര്യേതര തീറ്റയാണ്.

താപക്ലേശം കൂട്ടുന്ന പരുഷാഹാരങ്ങളായ തീറ്റപ്പുല്ലും വൈക്കോലും രാത്രികാലങ്ങളിൽ മാത്രം തീറ്റയായി നൽകുന്നതാണ്  അഭികാമ്യം. പരുഷാഹാരങ്ങളായ തീറ്റപ്പുല്ലും വൈക്കോലും 2-3 സെന്റി മീറ്റർ നീളത്തിൽ ചെറുകഷണങ്ങളായി നുറുക്കി നൽകുന്നത് കാര്യക്ഷമമായ ദഹനപ്രക്രിയ സാധ്യമാക്കുകയും ശാരീരിക  താപോർജ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ദഹ്യപോഷകാംശങ്ങൾ വളരെ കുറവും നാരിനാൽ  സമ്പുഷ്ടവുമായ വൈക്കോൽ തീറ്റയായി നൽകുന്നതിനു മുൻപായി അവ ആറു മുതൽ പത്ത് മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വയ്ക്കുന്നത്  മെച്ചപ്പെട്ട ദഹനത്തിനും താപോർജ ഉൽപാദനം കുറയ്ക്കാനും സഹായിക്കുന്നു. പച്ചപ്പുല്ലും  വൈക്കോലും തീറ്റയായി നൽകുന്നത്തിന്റെ കൂടെ പ്രോബയോട്ടിക് മിശ്രിതങ്ങളായ യീസ്റ്റ് (സാക്കറൊമൈസസ്  സെറീവീസിയെ ) 15-25 ഗ്രാം അളവിലും ആസ്പെർജില്ലസ് ഒറൈസേ എന്ന പ്രോബിയോട്ടിക് മിശ്രിതം 5-10 ഗ്രാം അളവിലും കറവപ്പശുവിനു  ദിവസേന നൽകുന്നത് നാരിനാൽ സമ്പുഷ്ടമായ വൈക്കോലിന്റെയും തീറ്റപ്പുലിന്റെയും ദഹനപ്രക്രിയ സുഗമമാക്കുകയും മേൽ ഉദരത്തിലെ കിണ്വനപ്രക്രിയ വഴിയുണ്ടാകുന്ന താപോർജം കുറയ്ക്കുകയും അതുവഴി ശരീരോഷ്‌മാവ്‌ കുറയ്ക്കാനും സഹായിക്കുന്നു.

വേനൽക്കാലത്തു പച്ചപ്പുല്ലിന്റെ ദൗർലഭ്യമുള്ളപ്പോൾ വൈക്കോൽ തീറ്റയുടെ കൂടെ  കാത്സ്യവും ദഹ്യമാംസ്യ സമ്പുഷ്ടവുമായ വള്ളിപ്പയർ, തോട്ടപ്പയർ, അമരപ്പയർ, മുരിങ്ങയില, അഗത്തിച്ചീരയില എന്നിവ  വൈക്കോലിന്റെ/നുറുക്കിയ കവുങ്ങിൻ പാളയുടെ കൂടെ 4:1 എന്ന അനുപാതത്തിൽ ചേർത്ത് നൽകുന്നത് പരുഷാഹാര മിശ്രിത തീറ്റയുടെ  ഗുണനിലവാരം വർധിപ്പിക്കുകയും കറവ  നിലനിർത്തുകയും ചെയ്യുന്നു.

അതുപോലെ  വേനൽക്കാലത്തു പരുഷാഹാര തീറ്റകളായ പുല്ലിന്റെയും വൈക്കോലിന്റെയും കൂടെ  വെയിലത്തുണക്കിയ പേരയില, ശീമക്കൊന്നയില, പ്ലാവില, കപ്പയില, പേരാൽ ഇല, അരയാൽ  ഇല, ചെമ്പരത്തിയില, മുരിക്കില, വേങ്ങയില എന്നിവയും ഉണക്കിയ പുളിങ്കുരു, മദിരാശി മരത്തിന്റെ കായ,   എന്നിവ മൊത്തം തീറ്റയുടെ പത്തു (10%) ശതമാനത്തിൽ കൂടാതെ നൽകുന്നത് പശുക്കളുടെ മേലുദരത്തിൽ കിണ്വനപ്രക്രിയ വഴിയുണ്ടാകുന്ന ഹരിതവാതകമായ മീഥേയ്ന്റെ ഉൽപാദനം കുറയ്ക്കുന്നതിനും അതുവഴി കറപ്പശുക്കളുടെ താപോർജ ഉൽപാദനവും താപക്ലേശവും കുറയ്ക്കാനും സഹായിക്കുന്നു.

ഫോൺ: 9526862274

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com