ഗ്രാമലക്ഷ്മി: പേരിന് ഒരു നാടൻ രുചിയുണ്ടെങ്കിലും ആള് തനി വിദേശ സങ്കരം
Mail This Article
കേരളത്തിലെ മുട്ടക്കോഴിക്കർഷർക്ക് സുപരിചിതയാണ് ഗ്രാമലക്ഷ്മി കോഴികൾ. അടുക്കളമുറ്റത്തെ കോഴിവളർത്തലിനായി ഉയർന്ന ഉൽപാദന ക്ഷമത ലക്ഷ്യം വച്ചു വെറ്ററിനറി സർവകലാശാല രൂപം കൊടുത്ത സങ്കരയിനം കോഴികളാണ് ഗ്രാമലക്ഷ്മി. ഉയർന്ന ഉൽപാദനമുള്ള ഓസ്ട്രലോർപ്, വൈറ്റ് ലെഗോൺ എന്നീ വിദേശയിനം ജനുസുകളുടെ സങ്കരമാണ് ഗ്രാമലക്ഷ്മി. പേരിന് ഒരു നാടൻ രുചി ഉണ്ടെങ്കിലും ആള് തനി വിദേശ സങ്കരം എന്ന് സാരം. എച്ച്എഫ് പശുക്കളുടെ നിറം പോലെ വെള്ള നിറത്തിൽ കറുത്ത പുള്ളികളാണ് ഈ കോഴികളുടെ പ്രത്യേകത. ശരാശരി ഒരു വർഷത്തെ ഉൽപാദനം ഇരുനൂറോളം മുട്ടകളാണ്. മുട്ടകൾക് ഇളം തവിട്ടു നിറമാണ്. നാലര മാസം ആകുമ്പോൾ തന്നെ മുട്ടയിട്ട് തുടങ്ങുന്ന ഇവയുടെ ശരാശരി ശരീര ഭാരം 1.6 കിലോഗ്രാമാണ്.
ദിവസം ഏതാണ്ട് 110 ഗ്രാമോളം തീറ്റയാണ് ഇവയ്ക്ക് ആവശ്യം. അതിൽത്തന്നെ 30 ഗ്രാമോളം സമീകൃത തീറ്റയും ബാക്കി അടുക്കള മുറ്റത്തെ അവശിഷ്ടങ്ങളും, പച്ചക്കറി അവശിഷ്ടങ്ങളും മറ്റും നൽകി വളർത്താം. ചികഞ്ഞു തീറ്റ തേടുകയും, പുല്ലും പ്രാണികളും ഒകെ ഭക്ഷണമാക്കുമ്പോൾ മുട്ടയുടെ ഉണ്ണിക്ക് ഓറഞ്ച് നിറം ലഭിക്കും. ഇത്തരത്തിൽ ബീറ്റ കരോട്ടിനും, മറ്റ് വിറ്റാമിനുകളും അധികമായി ലഭിക്കുന്ന അടുക്കള മുറ്റത്തെ വളർത്തൽ രീതിയിൽനിന്ന് ലഭിക്കുന്ന മുട്ടയ്ക്ക് ആവശ്യക്കാരേറെയാണ്. ബാക്ക് യാർഡ് രീതിയിൽ വളർത്തിയാൽ രണ്ടു വർഷം വരെ ഇവയെ മുട്ടയ്ക്കായി നിർത്താം. എന്നാൽ, അഴിച്ചുവിട്ടു വളർത്താതെ മുഴുവൻ സമയ സാന്ദീകൃത തീറ്റ മാത്രം നൽകി വളർത്തുമ്പോൾ ആദായകരമായ ഉൽപാദനം ഒരു വർഷത്തേക്ക് മാത്രമായിരിക്കും.
ഇവയുടെ മുട്ടയുടെ ശരാശരി ഭാരം 55 ഗ്രാമാണ്. ശുദ്ധമായ വെള്ളം കുടിക്കാൻ ലഭ്യമാക്കുന്നതിനോടൊപ്പം, മൂന്നു മാസത്തിലൊരിക്കൽ വിരയിളക്കൽ, കോഴി വസന്തയുടെ വാക്‌സിൻ നൽകൽ എന്നിവ ചെയ്‌താൽ മറ്റ് അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണ്. കൂടാതെ വെന്റിലേഷൻ സൗകര്യമുള്ള അടച്ചുറപ്പുള്ള കൂട് ഇവയെ ഇരപിടിയന്മാരിൽ നിന്നും രക്ഷിക്കും. അടയിരിക്കാനുള്ള കഴിവില്ലാത്തതിനാൽ ഇവയുടെ മുട്ട വിരിയിക്കാൻ നാടൻ കോഴിയെയോ ഇൻക്യൂബേറ്ററെയോ ആശ്രയിക്കണം എന്നൊരു ന്യൂനത ഉണ്ട്. എന്നാൽ ബാക്ക് യാർഡ് രീതിയിൽ വളർത്തുമ്പോൾ ഇവയുടെ മുട്ടയ്ക്കും നാടൻ മുട്ടയുടെ സമാനമായ നിറവും, ഗുണവും ലഭിക്കുന്നതിനാൽ ഇവയുടെ മുട്ടയ്ക്ക് സ്വീകാര്യത ഏറെയാണ്.
ഗ്രാമലക്ഷ്മി മുട്ടക്കോഴികളെക്കുറിച്ചറിയാൻ വിഡിയോ കാണാം.
English summary: Gramalakshmi Chicken for Eggs