ADVERTISEMENT

അടുത്ത കാലത്ത് മൃഗപരിപാലനമേഖലയിലേക്ക് ഒട്ടേറെ പേര്‍ കടന്നുവന്നിട്ടുണ്ട്. കണ്ടും കേട്ടും വായിച്ചും ഉള്ള അറിവുകളേക്കാള്‍ അനുഭവപാഠങ്ങള്‍ക്ക് മൃഗസംരക്ഷണമേഖലയില്‍ എപ്പോഴും വലിയ മൂല്യവുമുണ്ട്. വളര്‍ത്തുനായ്ക്കളുടെ വിപണി ലക്ഷ്യമിട്ട് തുടക്കക്കാര്‍ ഒട്ടേറെ പേര്‍ പെണ്‍നായ്ക്കളെ വാങ്ങി വളര്‍ത്തുന്നുണ്ട്. നായ്ക്കളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധ അനിവാര്യമാണ്.

ഇനി കാര്യത്തിലേക്കു കടക്കാം. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായ എനിക്കുമുണ്ട്, പേര് ഡോറ. 2 വയസ് കഴിഞ്ഞ അവള്‍ കഴിഞ്ഞ ഞായറാഴ്ച പ്രസവിച്ചു. പ്രസവിച്ചു എന്നു പറയുന്നതിലും നല്ലത്, സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തു എന്ന് പറയുന്നതാണ്. 7 കുഞ്ഞുങ്ങള്‍, പക്ഷേ 6 പേര്‍ക്ക് ജീവനില്ലായിരുന്നു. ഒരു അശ്രദ്ധയുടെ പരിണിത ഫലം.

4-ാം മദിയിലാണ് ഡോറ ഗര്‍ഭിണിയായത്. ആദ്യത്തേത് ഒഴിവാക്കി 2ഉം 3ഉം മദിയില്‍ ഇണചേര്‍ത്തത് കപടഗര്‍ഭത്തിലായിരുന്നു കലാശിച്ചത്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്ന പഴഞ്ചൊല്ല് ശരിവയ്ക്കും വിധത്തില്‍ ജനുവരി 5ന് ഇണചേര്‍ത്തത് വിജയകരമായി കുഞ്ഞുങ്ങളുടെ രൂപത്തില്‍ ഡോറയുടെ ഉദരത്തില്‍ വളര്‍ന്നു. ഒരു കുഞ്ഞ് ജനിക്കാന്‍ മനുഷ്യര്‍ കാത്തിരിക്കുന്നതുപോലെ കാത്തിരിപ്പിന്റെ നാളുകളായിരുന്നു പിന്നീട്. ഓരോ ദിവസവും ഡോറയുടെ വയര്‍ വീര്‍ക്കുന്നത് പ്രതീക്ഷയോടെയായിരുന്നു നോക്കിക്കണ്ടത്.

ഒടുവില്‍ കാത്തിരുന്ന ദിനമെത്തി, ഇണചേര്‍ത്തതിന്‌റെ 60-ാം നാള്‍, മാര്‍ച്ച് 6ന് പ്രസവലക്ഷണങ്ങള്‍ അവള്‍ കാണിച്ചുതുടങ്ങി. കുഞ്ഞ് ജനിക്കുന്നതും കാത്ത് അവളുടെ കൂടിനടുത്ത് കണ്ണിലെണ്ണയൊഴിച്ച് ഞാനും കാത്തിരുന്നു. രാത്രി മുഴുവന്‍ കാത്തിരുന്നിട്ടും അവള്‍ പ്രസവിച്ചില്ല. പ്രസവ ലക്ഷണങ്ങള്‍ കാണിക്കുന്നത് അവള്‍ നിര്‍ത്തുകയും ചെയ്തു.

പുലര്‍ച്ചെതന്നെ ഇണചേര്‍ത്ത ആണ്‍നായയുടെ ഉടമയെ വിളിച്ചു, സുഹൃത്തായ വെറ്ററിനറി ഡോക്ടറെ വിളിച്ചു. നേരെ ആശുപത്രിയിലേക്കു വിട്ടോളാന്‍ ആയിരുന്നു ഇരുവരുടെയും നിര്‍ദേശം. നായ് പ്രസവത്തില്‍ എനിക്കില്ലായിരുന്ന പരിചയക്കുറവ് പ്രശ്‌നമായെന്ന് മനസ് മന്ത്രിച്ചുതുടങ്ങി.

വാഹനത്തില്‍ കയറ്റി നേരെ തൊടുപുഴയിലെ സ്വകാര്യ പെറ്റ്‌സ് ആശുപത്രിയിലേക്ക്. തനിയെ പ്രസവിക്കാനുള്ള ഇന്‍ജെക്ഷന്‍ കൊടുത്തു. ഡോറ പയറുപോലെ പാഞ്ഞു നടക്കുന്നു. ഇടയ്ക്ക് ശര്‍ദ്ദിക്കും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നും കാണിക്കുന്നില്ല. നേരെ സ്‌കാനിങ് റൂമിലേക്ക്... 

സ്‌കാന്‍ ചെയ്തപ്പോള്‍ ഒരു കുട്ടിയുടെ ഹൃദയത്തിന്‌റെ പ്രവര്‍ത്തനം മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോഴേ ടെന്‍ഷന്‍ കൂടി. വേറെ വഴിയില്ല സര്‍ജറി ചെയ്‌തേക്കാമെന്ന് ഡോക്ടര്‍. വൈകാതെ സര്‍ജനെത്തി, ഭാരം നോക്കി അനസ്‌തേഷ്യയുടെ ആദ്യ ഡോസ് നല്‍കി. കുറച്ചുനേരം നടന്ന ഡോറ എന്‌റെ കാല്‍ക്കല്‍ വന്ന് കെട്ടിപ്പിടിച്ച് പതുക്കെ മയക്കത്തിലേക്കു വഴുതിവീണു. ഒരു ഡോസ് കൂടി കൊടുക്കാനുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞതിനാലും അവള്‍ മയങ്ങിയതിനാലും അക്കാര്യം പറയാന്‍വേണ്ടി ഡോക്ടറുടെ അടുത്തേക്കു പോയ എന്‌റെ പിറകെ അവള്‍ പതിയെ എഴുന്നേറ്റുവന്നു. പാതി മയക്കത്തിലും തന്‌റെ പ്രിയപ്പെട്ടവന്‌റെ അസാന്നിധ്യം തിരിച്ചറിയാന്‍ അവള്‍ക്കു കഴിഞ്ഞു എന്നതാണ് സത്യം. പിന്നെ എന്‌റെ അടുത്തുവന്ന് പെട്ടെന്നുതന്നെ മയങ്ങുകയും ചെയ്തു.

ഡോക്ടര്‍ സ്ട്രക്ചറില്‍ കയറ്റി അവളെ ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോയി. പിന്നെ മാനസിക പിരിമുറുക്കത്തിന്‌റെ നിമിഷങ്ങള്‍. ഭാര്യയെ ലേബര്‍ റൂമിയില്‍ കയറ്റി പുറത്തു നില്‍ക്കുന്ന ഭര്‍ത്താവിന്‌റെയോ മകളെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയ പിതാവിന്‌റെയോ അവസ്ഥയായിരുന്നു അപ്പോഴെനിക്ക്. എന്‌റെ ടെന്‍ഷന്‍ കണ്ട് ഡ്യൂട്ടി ഡോക്ടര്‍ അദ്ദേഹത്തിന്‌റെ ഏറ്റവും അടുത്ത പെറ്റ് ആയിരുന്നോ എന്ന് എന്‌റെ അപ്പനോട് ചോദിക്കുന്നത് ആ അവസരത്തില്‍ ഞാന്‍ കേട്ടു.

ഏകദേശം 15 മിനിറ്റ് ആയിക്കാണും തുണിയില്‍ പൊതിഞ്ഞ ഒരു കുഞ്ഞിനെയുമായി ഒരു ഡോക്ടര്‍ പുറത്തേക്കു വന്നു. ഒരു കുഞ്ഞിനെ കണ്ടതും ബാക്കിയുള്ളവ നഷ്ടപ്പെട്ടിരിക്കുമെന്ന് മനസ് പറഞ്ഞു. അതുപോലെതന്നെയായിരുന്നു സംഭവിച്ചത്. 7 തങ്കക്കുടങ്ങളില്‍ 6 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. രാത്രിതന്നെ എത്തിച്ചിരുന്നെങ്കില്‍ ഏല്ലാവരെയും രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അങ്ങനെയൊരു തോന്നല്‍ തോന്നാത്ത നിമിഷത്തെ ഞാന്‍ ശപിച്ചു. റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്‌റെ കഥാപാത്രത്തേപ്പോലെ ഞാന്‍ ആ കുഞ്ഞിനെ ഏറ്റുവാങ്ങി. 

doras-baby
puppy

7 പേരില്‍ ഒരാള്‍ക്ക് അല്‍പം വളര്‍ച്ച കൂടുതല്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഡോറയുടെ ഇടുപ്പിന് ആ കുഞ്ഞിനെ പുറത്തേക്ക് വിടാനുള്ള അകലം ഉണ്ടായിരുന്നില്ല. കുട്ടി അവിടെ ബ്ലോക്ക് ആയി. അത് ബാക്കിയുള്ള കുട്ടികളേക്കൂടി ബാധിച്ചു. പശു, ആട്, പന്നി തുടങ്ങിയവയുടെ പ്രസവം എടുത്തിട്ടുണ്ടെങ്കിലും അവയില്‍നിന്ന് വ്യത്യസ്തമാണ് നായ്ക്കളുടെ കാര്യമെന്നതിനാല്‍ കുട്ടി ബ്ലോക്ക് ആയത് മനസിലാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ശരി. 

dora-babies

അകിടിനു നടുവിലൂടെ കീറിയാണ് കുട്ടികളെ പുറത്തെടുത്തത്. തുന്നലും ഇട്ടിട്ടുണ്ട്. സ്‌ട്രെച്ചറില്‍ത്തന്നെ പുറത്തെത്തിയ ഡോറ തല ഉയര്‍ത്തി ആദ്യം നോക്കിയത് എന്നെയാണ്. ഞാന്‍ അടുത്തുണ്ടെന്ന് മനസിലായതോടെ ആള്‍ക്ക് സമാധാനമായതായി എന്ന് തോന്നി. പതുക്കെ അനസ്‌തേഷ്യയുടെ ക്ഷീണം മാറി അവള്‍ ഊര്‍ജം വീണ്ടെടുത്തു.

ഇപ്പോള്‍ ഉള്ള ഒരു കുട്ടിക്ക് അമ്മയുടെ പരിചരണമൊന്നും ഡോറ നല്‍കുന്നില്ല. എന്നാല്‍, എന്‌റെ കയ്യില്‍ കുട്ടിയെ കാണുമ്പോള്‍ നല്ല കുട്ടിയായി കിടന്നുതരും. മുലയില്‍ കുട്ടിയെ വച്ചുകൊടുക്കുമ്പോള്‍ നല്ല അമ്മയായി പാലൂട്ടും. എങ്കിലും കുഞ്ഞിനെ സ്ഥിരം ഡോറയുടെ ഒപ്പം ആക്കിയിട്ടില്ല.

അശ്രദ്ധയ്ക്കും പരിചയക്കുറവിനും അറിവില്ലായ്മക്കുമെല്ലാം വലിയ വില നല്‍കേണ്ടിവരുമെന്ന് ഈ ഒരു പ്രസവം പഠിപ്പിച്ചു. എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയാണ് ചെയ്യേണ്ടത്. ഇനി അക്കാര്യം മറക്കില്ല.

English Summary: Dog Birth and Labour Problems 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com