പത്തിൽ പത്ത്, അതാണ് ‘ടെൻ’; ദ പ്രീസ്റ്റിലെ നായയുടെ വിശേഷങ്ങളുമായി പരിശീലകൻ
Mail This Article
തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി പ്രധാന കഥാപാത്രമായ ‘ദ പ്രീസ്റ്റ്’. പാരാസൈക്കോളജിസ്റ്റായ ഫാദർ ഒരു കുടുംബത്തിലെ തുടർ ആത്മഹത്യകളുടെ ചുരുളഴിക്കുന്നിടത്തുനിന്നാണ് ദ പ്രീസ്റ്റ് എന്ന സിനിമയുടെ കഥ തുടങ്ങുന്നത്. മമ്മൂട്ടിയുടെ ഫാ. കാർമൻ ബനഡിക്ട് എന്ന കഥാപാത്രം സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോഴെല്ലാം അതേ പ്രസരിപ്പോടെ ഒപ്പം നിൽക്കുന്ന ഒരു ശ്വാന താരവുമുണ്ട്, ‘ടെൻ’. ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട ടെൻ ഒട്ടേറെ സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാത്തിരിപ്പ് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ടെന്നിന്റെ അഭിനയരംഗത്തേക്കുള്ള ചുവടുവയ്പ്പ്.
കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള മേവട സ്വദേശി സാജൻ സജി സിറിയക്കിന്റെ നായയാണ് ടെൻ. ടെൻ കൂടാതെ ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട വേറെ നായ്ക്കളും സാജനുണ്ട്. മമ്മൂട്ടിയുടെതന്നെ മധുരരാജ എന്ന ചിത്രത്തിൽ ആക്രമകാരികളായ നായ്ക്കളായി എത്തിയത് സാജന്റെ 10 ചുണക്കുട്ടികളായിരുന്നു. ഇന്ത്യയിൽത്തന്നെ പരിശീലനം സിദ്ധിച്ച ഏറ്റവുമധികം നായ്ക്കളുള്ള കെന്നൽ സാജന്റേതാണ്.
ഡോഗ് ട്രെയിനിങ് സ്കൂൾ നടത്തുന്നതിനൊപ്പംതന്നെയാണ് സാജനും ‘പിള്ളേരും’ സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. മലയാളത്തിലും തമിഴിലും ബോളിവുഡിലും സാജന്റെ ചുണക്കുട്ടികൾ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ശ്വാനപരിശീലകനും അഭിനേതാവുമായ സാജൻ സജി സിറിയക് തന്റെയും നായ്ക്കളുടെയും സിനിമാ വിശേഷങ്ങളുമായി കർഷകശ്രീക്കു നൽകിയ അഭിമുഖം.
? വീണ്ടും മമ്മൂട്ടിയുടെയൊപ്പമൊരു സിനിമ, ദ പ്രീസ്റ്റിലേക്കു വരാനുണ്ടായ സാഹചര്യം?
മമ്മൂക്കയുടെതന്നെ മുൻ സിനിമകൾ ചെയ്തിരുന്നതിനാൽ നായ്ക്കളെ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. ദ പ്രീസ്റ്റിന്റെ സംവിധായകൻ ജോഫിൻ ടി. ചാക്കോ വീട്ടിൽ വന്ന് നായയെ സെലക്ട് ചെയ്യുകയായിരുന്നു.
? സിനിമയിൽ പരിചയമുള്ള പത്തോളം ബെൽജിയൻ മലിന്വ നായ്ക്കൾ താങ്കൾക്കുണ്ടല്ലോ. സിനിമയിലേക്ക് ടെന്നിനെ തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?
മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം നടക്കുന്ന ശാന്ത സ്വഭാവമുള്ള അതേസമയം ബുദ്ധിയുമുള്ള നായ്ക്കളെയായിരുന്നു സംവിധായകന് ആവശ്യം. നാസ്, ടെൻ, സാൻ എന്നുതുടങ്ങി എല്ലാ നായ്ക്കളെയും സംവിധായകൻ കണ്ടശേഷമാണ് ടെന്നിനെ തിരഞ്ഞെടുത്തത്. മറ്റുള്ളവർക്ക് ഒരു രൗദ്ര ഭാവം ഉള്ളതിനാൽ കഥാപാത്രത്തിന് യോജിക്കില്ലായിരുന്നു. പക്ഷേ, ടെൻ അങ്ങനെയല്ല, രൗദ്രവും ശാന്തതയും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനറിയാം.
? മധുരരാജയിൽ കടിച്ചു കീറുന്ന നായ്ക്കളുടെ കൂടെയുണ്ടായിരുന്ന ടെൻ ഇപ്പോൾ ശാന്തമായ കഥാപാത്രം ചെയ്യുന്നു. എന്താണ് ഇതിനു കാരണം? എല്ലാ നായ്ക്കൾക്കും ഇതിന് കഴിയുമോ?
ടെൻ ആദ്യമായി അഭിനയിച്ചത് ഒരു ഷോർട്ട് ഫിലിമിലാണ്. കാത്തിരുപ്പ് എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഉടമ ഉപേക്ഷിച്ച നായ, തന്റെ യജമാനനെ കാത്തിരിക്കുന്നതും പിന്നീട് ജീവൻ വെടിയുന്നതുമായിരുന്നു ആ ചിത്രത്തിന്റെ കഥ. 4 വർഷം മുൻപിറങ്ങിയ ആ ചിത്രം കണ്ട് ഒട്ടേറെ പേർ നല്ല പ്രതികരണം നൽകി. ചിത്രം കണ്ട് കരഞ്ഞവരുമുണ്ടായിരുന്നു.
അന്ന് ദൈന്യതയോടെ അഭിനയിച്ച ടെൻ ആണ് പിന്നീട് മധുരരാജയിൽ ആക്രമണകാരിയാകുന്നത്. കഥാപാത്രത്തിന് അനുസരിച്ച് പെരുമാറാൻ ടെന്നിന് പ്രത്യേക കഴിവാണ്. എന്നാൽ, മറ്റുള്ളവർക്ക് അതിനു കഴിയുന്നില്ല. എന്റെ 32 നായ്ക്കളെ കൂടാതെ ഇതുവരെ 1500ൽപ്പരം നായ്ക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവയിലൊന്നും ഈ പ്രത്യേകത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
? ലൊക്കേഷൻ വിശേഷങ്ങൾ
എറണാകുളത്തും കുട്ടിക്കാനത്തുമായിരുന്നു ടെന്നിന്റെ സീനുകൾ ചിത്രീകരിച്ചത്. മമ്മൂക്ക ഉള്ള എല്ലാ സീനിലും ടെന്നും വേണമായിരുന്നു. അതുകൊണ്ടുതന്നെ മമ്മൂക്കയുടെ ഡേറ്റ് തന്നെയായിരുന്നു ടെന്നിനും. സിനിമയുമായി പൊരുത്തപ്പെട്ടതിനാൽ വീണ്ടും ടേക്ക് എടുക്കേണ്ടി വന്നില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്.
? ലൊക്കേഷനിൽ ടെന്നിന്റെ അഭിനയം എങ്ങനെ? ആളുകൾ ഉള്ളത് അവനൊരു പ്രശ്നം ആയിരുന്നോ?
ടെന്നിനെ സംബന്ധിച്ചിടത്തോളം ഷൂട്ടിങ്ങും ആളുകളും വലിയ ബുദ്ധിമുട്ട് ആയിരുന്നില്ല. കാരണം, സിനിമയിൽ വരുന്നതിനു മുൻപ് മത്സരങ്ങളിൽ പങ്കെടുത്തിരുന്ന നായ ആയതിനാൽ സഭാകമ്പമോ ബഹളങ്ങളോ അവന് പ്രശ്നമായിരുന്നില്ല. മത്സര വേദികളിൽ നായയെ നിർത്തി ട്രെയിനർ പുറത്തേക്ക് പോകണം. ഔട്ട് ഓഫ് സൈറ്റ് എന്നാണ് ഈ വിഭാഗത്തിന്റെ പേര്. ഉടമയുടെ സാന്നിധ്യമില്ലാതെ അര മണിക്കൂറോളം ഉടമ ഇരുത്തിയ സ്ഥലത്തുനിന്ന് മാറാതിരിക്കണം. അങ്ങനെയുള്ള പരിശീലനം ലഭിച്ചതിനാൽ ലൊക്കേഷനും ഷൂട്ടിങ്ങുമെല്ലാം ടെന്നിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയായിരുന്നില്ല.
? മമ്മൂക്കയോടൊപ്പം ഇത് എത്രാമത്തെ ചിത്രം? ഓരോ ചിത്രത്തിന്റെയും ഷൂട്ടിങ് അനുഭവങ്ങൾ എങ്ങനെ?
മമ്മൂക്കയുടെയൊപ്പം എന്റെ നാലാമത്തെ ചിത്രമാണ്. ടെന്നിന്റേത് രണ്ടാമത്തെയും. മധുരരാജയും പ്രീസ്റ്റുമാണ് ടെൻ മമ്മൂക്കയുടെയൊപ്പം അഭിനയിച്ചത്. പതിനെട്ടാം പടി, ഷൈലോക് എന്നീ ചിത്രങ്ങളിലും എന്റെ നായ്ക്കൾ ഉണ്ടായിരുന്നു. പതിനെട്ടാം പടിയിൽ ബെൽജിയൻ മലിന്വ നായ്ക്കളായ നാസും സാനുമാണ് ഉണ്ടായിരുന്നത്. ഷൈലോക്കിൽ മെക്ലിൻ എന്ന ഡോബർമാനും. എന്നാൽ ഷൈലോക്കിലെ നായയുള്ള സീൻ സിനിമയിൽ വന്നില്ല.
? ഡോഗ് ട്രെയിനിങ്ങിൽനിന്ന് സിനിമയിലേക്ക് എത്താനിടയായ സാഹചര്യം
ട്രെയിനിങ്ങിന്റെ വിഡിയോകളും ട്രിക്കുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. അങ്ങനെയാണ് നജീം കോയയുടെ കളി എന്ന സിനിമയിലേക്ക് വിളിച്ചത്. ടെന്നിന്റെ മകൻ നാസും മെക്ലിനുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ചെറിയൊരു വേഷം എനിക്കും ലഭിച്ചു. പിന്നീട് മധുരരാജയിലും നല്ലൊരു വേഷം ലഭിച്ചു.
? സിനിമാ താരങ്ങൾ എത്ര പേർ, പേര്, ഇനം
ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട ടെൻ, ഐപി, നാസ് (ടെന്നിന്റെയും ഐപിയുടെയും മകനാണ് നാസ്), സാൻ, കെയ്ൻ, ഡോബർമാൻ ഇനത്തിൽപ്പെട്ട എയിമും മെക്ലിനും, ലാബ്രഡോർ ജിമ്മി, ഗോൾഡൻ റിട്രീവർ ഫെയിം തുടങ്ങിയവയാണ് പ്രധാനമായും സിനിമാതാരങ്ങളിലുള്ളത്.
? ഇതുവരെയുള്ള സിനിമകൾ
മുൻപ് പറഞ്ഞതുപോലെ ടെന്നിന്റെ കാത്തിരിപ്പ് എന്ന ഷോർട്ട് ഫിലിമാണ് ആദ്യത്തേത്ത്. പിന്നീട് കളിയിൽ നാസും മെക്ലിനും. ഡെയറി മിൽക്ക്, മധുരരാജ, പതിനെട്ടാം പടി, ബ്രദേഴ്സ്, ഷേലോക്ക്, തൃശൂർ പൂരം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. ചിത്രീകരണം പൂർത്തിയാക്കിയ വരയൻ, സഞ്ജയ് ദത്തിന്റ ഹിന്ദി സിനിമ, തമിഴിൽ പ്രിയദർശന്റെ നവരസം എന്നിവയാണ് ഇനി വരാനിരിക്കുന്നത്. ഈ മൂന്നു ചിത്രങ്ങളിലുമുള്ളത് ടെന്നിന്റെ മകൻ നാസ് ആണ്. ടെൻ ഇതുവരെ ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചു.
? ട്രെയിനിങ് തുടങ്ങിയിട്ട് എത്ര വർഷം
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ, പ്രഫഷണണലായി രംഗത്തേക്കിറങ്ങിയിട്ട് 20 വർഷത്തോളമായി. ഇതിനിടെ ഒട്ടേറെ പരിശീലനകരുടെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. ബിഎസ്എഫിലെ പരിശീലകനായിരുന്ന കെ.പി. സഞ്ജയനാണ് ആദ്യ ഗുരു. പിന്നീട് ബണ്ടി (ഡൽഹി), ആൻഡ്രിയ (യുഎസ്എ), ബാർട്ട് ബെല്ലൺ (ബെൽജിയം), ഇവാൻ ബാൽബനോവ് (യുഎസ്എ), അർണോൾഡ് കിവാഗോ (ഹംഗറി) എന്നിവരിൽനിന്നും ശ്വാന പരിശീലനം പഠിച്ചു.
? കുടുംബത്തിന്റെ പിന്തുണ
അമ്മയം ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ പിന്തുണയോടെയാണ് ഡോഗ് ട്രെയിനിങ് സ്കൂൾ മുന്നോട്ടു കൊണ്ടുപോകുന്നത്. അമ്മ നായ്ക്കളുടെ ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ ഭാര്യ സ്കൂളിന്റെ ഓഫീസ് കാര്യങ്ങൾ നോക്കുന്നു. മക്കൾ ഇപ്പോൾ പരിശീലനരംഗത്തുണ്ട്.
English summary: An Interview with Dog Trainer