ADVERTISEMENT

നായ്ക്കളെ അരുമയായി വളർത്തുന്ന ഒട്ടേറെ പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, അരുമ എന്നതിലുപരി വീടുകാവലിന് നായ്ക്കളെ വളർത്തുന്നവരാണ് അധികവും. ഓരോ ഇനം നായയ്ക്കും വ്യത്യസ്ത സ്വഭാവരീതികളാണുള്ളത്. ചിലർ കൂട്ടുകൂടാനുള്ളവരാണെങ്കിൽ മറ്റു ചിലർ വേട്ടയ്ക്കുവേണ്ടിയുള്ളവരായിരിക്കും. മറ്റൊരു കൂട്ടവരാവട്ടെ ഉടമയെയും ഉടമയുടെ സ്വത്തിനെയും സംരക്ഷിക്കുന്നവരായിരിക്കും. അതുകൊണ്ടുതന്നെയാണ് കംപാനിയൻ ഡോഗ്, കാവൽ നായ, വേട്ടനായ എന്നിങ്ങനെയുള്ള തിരിവുകൾ നായ്ക്കളിലുള്ളത്. ഏതായാലും ലോകത്തിലെ ഏറ്റവും മികച്ച കാവൽനായ്ക്കളെ പരിചയപ്പെടാം. ഇവയിൽ ചിലർ നമ്മുടെ നാട്ടിലുമുണ്ട്.

കാവൽ നായ

ഇക്കൂട്ടരെ സുരക്ഷയ്ക്കുവേണ്ടി ജനിച്ചവർ എന്നു വിശേഷിപ്പിക്കാം. വാച്ച്ഡോഗ് വിഭാഗത്തിൽപ്പെടുന്നവർ കുരച്ച് മുന്നറിയിപ്പ് നൽകുമ്പോൾ പ്രൊട്ടക്ഷൻ വിഭാഗത്തിൽപ്പെടുന്നത് ആക്രമിക്കാൻ മടിക്കില്ല. മികച്ച കാവൽ നായ്ക്കൾക്ക് ഭയപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള വലുപ്പമുണ്ട്. അതുപോലെതന്നെ ബുദ്ധി, ഭയമില്ലായ്മ, ആത്മാർഥത എന്നിവയെല്ലാം ഇക്കൂട്ടരിൽ കാണാം. അത്തരം ചിലരെ പരിചയപ്പെടാം.

dog-dober-man-1
മോഡൽ: ഫെസി, ഡോഗ്: ക്വായ് ആൽബ അവിസ് (ഡോബർമാൻ), ഡോഗ് ഓണർ: വൈശാഖ് (അൺബീറ്റബിൾ ഡോബർമാൻ), ഫോട്ടോ: ഡെന്നി ഡാനിയൽ

ഡോബർമാൻ പിഞ്ചെർ

മികച്ച കാവൽനായ്ക്കളിലൊന്ന്. മെലിഞ്ഞ ശരീരം, കരുത്തുറ്റ പേശികൾ, വേഗം, പേടിയില്ലായ്മ എന്നിവയുള്ള ഇനം. സ്മാർട്ട് ആയ നായ ഇനങ്ങളിൽ അഞ്ചാം സ്ഥാനമുണ്ട് ഡോബർമാന്. വ്യായാമവും ആവശ്യമാണ്, ഓടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നത് നല്ലത്. 

dog-rott
മോഡൽ: മാളു, ഡോഗ്: ലിസ ഓഫ് പാർമർ (റോട്ട്‌വെയ്‌ലർ), ഡോഗ് ഓണർ: അനീഷ് മഹാദേവിക്കാട് (ഗോൾഡൻ വാരിയേഴ്സ്)

റോട്ട് വെയ്‌ലർ

ഏറെ ആരാധകരുള്ള ഇനം. കാവലിന് പേരുകേട്ട ഇനം. കൃത്യമായ പരിശീലനമില്ലായെങ്കിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാതാരിക്കാൻ പരിശീലനം ആവശ്യം.

dog-boxer
മോഡൽ: രാജി, ഡോഗ്: മോത്തി (ബോക്സർ), ഡോഗ് ഓണർ: സുധീഷ് (ജയ്സുലാൻഡ്സ് കെന്നൽസ്), ഫോട്ടോ: ഡെന്നി ഡാനിയൽ

ബോക്സർ

എല്ലാവരോടും കരുതലും സ്നേഹവമുള്ള ഇടത്തരം വലുപ്പമുള്ള ഇനം. അക്രമസ്വഭാവം പൊതുവെ കുറവായ ഇവർക്ക് പരിശീലനം ആവശ്യമാണ്. മാത്രമല്ല, എനർജി ലെവൽ ഉയർന്നവർ ആയതിനാൽ വ്യായാമവും നിർബന്ധം. 

dog-gsd
ജർമൻ ഷെപ്പേഡ് ഡോഗ്

ജർമൻ ഷെപ്പേഡ് ഡോഗ് 

ലോകവ്യാപകമായി ഏറെ ആരാധകരുള്ളതും വളർ‌ത്തപ്പെടുന്നതുമായ ഇനം. പരിശീലിപ്പിക്കാൻ വളരെ എളുപ്പം. എപ്പോഴും ഗൗരവസ്വഭാവം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. നീളമേറിയ രോമമുള്ളതിനാൽ ചീകിയൊരുക്കുന്നത് നന്ന്.

dog-great-dane
ഗ്രേറ്റ് ഡേൻ

ഗ്രേറ്റ് ഡേൻ

ഉയരമാണ് ഗ്രേറ്റ് ഡേൻ നായ്ക്കളുടെ പ്രത്യേകത. സ്കൂബീ ഡൂ എന്ന കാർട്ടൂൺ കഥാപാത്രം ഈ ഇനമാണ്. കാർട്ടൂൺ കഥാപാത്രത്തിന്റെ പേടിയുള്ള സ്വഭാവമല്ല ഇവർക്കുള്ളത്. പകരം, സ്നേഹവും കരുതലും കൂടും മാത്രമല്ല സൗമ്യ സ്വഭാവും ഇക്കൂട്ടർക്കുണ്ട്. മറ്റിനങ്ങളെ അപേക്ഷിച്ച് ആയുസ് കുറവാണ്. 6–10 വർഷമാണ് ശരാശരി ആയുർദൈർഘ്യം.

dog-airdele-terrior
എയർഡേൽ ടെറിയർ

എയർഡേൽ ടെറിയർ

ടെറിയർനായ്ക്കളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന ഇനം. അതിവേഗം പരിശീലനം സിദ്ധിക്കാൻ കഴിവുള്ള ഇക്കൂട്ടർ ഒന്നാം ലോകമഹായുദ്ധത്തിൽ ധൈര്യത്തിനും കൃത്യതയ്ക്കും പ്രത്യേക പ്രശംസ നേടിയിട്ടുണ്ട്. അപായ ലക്ഷണങ്ങൾ കണ്ടാൽ തുടർച്ചയായി കുരയ്ക്കുകയും ആവശ്യമെങ്കിൽ കടിക്കുകയും ചെയ്യും. ആക്രമസ്വഭാവം കാണിക്കുമെങ്കിലും ഇഷ്ടപ്പെടുന്നവരോട് വളരെ അടുപ്പവുമുണ്ടായിരിക്കും. 

dog-akita
അകിറ്റ

അകിറ്റ

ജാപ്പനീസ് മൗണ്ടൻ ഡോഗ് എന്നാണ് ഇവർ അറിയപ്പെടുന്നത്. 1937ൽ ജപ്പാൻ സന്ദർശിച്ച ഹെലൻ കെല്ലറിന് ഒരു അകിറ്റ നായയെ സമ്മാനമായി ലഭിച്ചു. ഈ നായയാണ് ആദ്യമായി ആമേരിക്കയിലെത്തിയ അകിറ്റ. ‌വ്യക്തമായ കാരണമുണ്ടെങ്കിൽ മാത്രമാണ് ഇവ കുരയ്ക്കൂ എന്ന് അകിറ്റ റെസ്ക്യൂ സൊസൈറ്റി ഓഫ് അമേരിക്ക പറയുന്നു. മറ്റു നായ്ക്കളോട് അക്രമസ്വഭാവം കാണിക്കും. വളരെ ചെറുപ്പത്തിൽത്തന്നെ എല്ലാവരുമായി ഇടപഴകി ശീലിച്ചില്ലായെങ്കിൽ വളരെ അക്രമണകാരിയാണ്. കേരളത്തിലും ഒട്ടേറെ പേരുടെ പക്കൽ ഇപ്പോൾ ഈ ഇനം നായയുണ്ട്. ആൺനായയെ കടിച്ചുകൊന്ന പെൺനായയും നമ്മുടെ നാട്ടിലുണ്ട്.

dog-amstaff
ആംസ്റ്റാഫ്

അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ

ആംസ്റ്റാഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവർ പിറ്റ്–ബുൾ നായ ഇനങ്ങളിൽ ഒന്നാണ്. ഊർജസ്വലത, സ്നേഹം എന്നിവയെല്ലാമുള്ള ഇക്കൂട്ടർക്ക് വ്യായാമം അത്യാവശ്യമാണ്. കരുത്തുറ്റ പേശികളുള്ള കൈകാലുകളാണ് ഇവർക്കുള്ളത്. വേദന സഹിച്ചും പോരാടും എന്ന പ്രത്യേകതയും ഇവർക്കുണ്ട്.

dog-giant-schnauzer
ജയന്റ് ഷ്നോസർ

ജയന്റ് ഷ്നോസർ

നീളമേറിയ രോമങ്ങളുള്ള ഇവർ വീടിനെയും വീട്ടുകാരെയും സംരക്ഷിക്കാൻ മിടുക്കരാണ്. നിത്യവും നല്ല ശ്രദ്ധ ആവശ്യമായ ഇനം. മാത്രമല്ല, മാനസികമായും ശാരീരികമായും പ്രത്യേക കരുതലും ഇവർക്ക് ആവശ്യമാണ്. മറ്റു ജീവികളെ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ വീട്ടിലെ ഒരേയൊരു ജീവി ഇതായിരിക്കണം എന്നാണ് ഇവയുടെ ചിന്ത.

dog-appenseller-sennenhund
അപ്പെൻസെല്ലർ സെന്നെൻഹൂണ്ട്

അപ്പെൻസെല്ലർ സെന്നെൻഹൂണ്ട്

ഇടത്തരം വലുപ്പമുള്ള മൗണ്ടൻ ഡോഗ് ആണ്. സ്വദേശം സ്വിറ്റ്സർലൻഡ്. ഭയം ഇല്ലാത്തവർ. തണപ്പുള്ള കാലാവസ്ഥയാണ് അനുയോജ്യം.  

dog-beauceron
ബോസെറോൺ

ബോസെറോൺ

ഡോബർമാൻ പിഞ്ചേഴ്സിനോട് നേരിയ സാദൃശ്യമുള്ള ഇവർ ഫ്രഞ്ച് ഷീപ്ഡോഗുകളിൽ ഏറ്റവും വലിയ ഇനമാണ്. ആത്മവിശ്വാസം, പേടിയില്ലായ്മ, ശാന്ത സ്വഭാവം എന്നിവ പ്രധാന ഗുണങ്ങൾ. പരിശീലനം നൽകിയില്ലായെങ്കിൽ ഉടമയെ ഭരിക്കുന്ന സ്വഭാവവുമുണ്ട്.

dog-belgian-malinois
ബെൽജിയൻ മലിന്വ

ബെൽജിയൻ മലിന്വ

വർഷങ്ങളായി പൊലീസ് നായയായി ഉപയോഗിച്ചുവരുന്നു. കേരള പൊലീസിലും ഇക്കൂട്ടർ സ്ഥാനം പിടിച്ചിട്ടുണ്ട്. 2011ൽ ഒസാമ ബിൻ ലാദനെ വധിച്ച സംഘത്തിൽ ഈ ഇനം നായ്ക്കളുമുണ്ടായിരുന്നു. ജർമൻ ഷെപ്പേഡ് നായ്ക്കളോട് സാമ്യമുള്ള ഇവർ കരുത്ത്, ബുദ്ധി, വിശ്വസ്തത തുടങ്ങിയവയിൽ പേരുകേട്ടവരാണ്. പരിശീലനം വളരെ അത്യാവശ്യമാണ്.

dog-black-russian-terriot
ബ്ലാക്ക് റഷ്യൻ ടെറിയർ

ബ്ലാക്ക് റഷ്യൻ ടെറിയർ

1930കളിൽ റഷ്യൻ ആർമിയിലെ സൂപ്പർഡോഗ്. 17 നായ ഇനങ്ങളുടെ ജീനുകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇനം. പരിശീലനം നിർബന്ധം. മനുഷ്യ നിയന്ത്രണവും ആവശ്യം.

dog-chesapeake-bay-retriever
ചെസപീക് ബേ റിട്രീവർ

ചെസപീക് ബേ റിട്രീവർ

വേട്ടയാടുന്ന ജലപ്പക്ഷികളെ  കരയിലെത്തിക്കാൻ വേട്ടക്കാർ ഉപയോഗിച്ചുകൊണ്ടിരുന്ന ഇനം. കാവലിനും യോജിച്ചവർ. വെള്ളത്തിൽ നീന്താൻ കഴിയുന്ന വിധത്തിലുള്ള വാട്ടർപ്രൂഫ് രോമങ്ങളാണ് പ്രധാന പ്രത്യേകത.

dog-cane-corso
കെയ്നി കോർസോ

കെയ്നി കോർസോ

കെയ്നി കോർസോ എന്ന ലാറ്റിൻ പേരിന് അർഥം ബോഡിഗാർഡ് ഡോഗ് എന്നാണ്. ഇറ്റാലിയർ മാസ്റ്റിഫ് എന്നും പേരുള്ള ഇവർ പരിചയമില്ലാത്തവരോട് ആക്രമണസ്വഭാവം കാണിക്കും. ഉടമയെ നിയന്ത്രിക്കാതിരിക്കാൻ പരിശീലനം നിർബന്ധമാണ്.

English summary: The Best Guard Dog Breeds for Protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com