പന്തുപോലെ വീര്‍ത്ത് കോഴിയുടെ തീറ്റസഞ്ചി: ജീവന് രക്ഷിച്ചത് ശസ്ത്രക്രിയയിലൂടെ
Mail This Article
അസാധാരണമാംവിധം വലുപ്പത്തിലായ കോഴിയുടെ തീറ്റസഞ്ചി പൂര്‍വസ്ഥിതിയിലാക്കി വെറ്ററിനറി ഡോക്ടര്‍. ആലപ്പുഴ കഞ്ഞിക്കുഴി വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ ഡോ. എസ്. ജയശ്രീയാണ് മരണത്തിലേക്ക് അടുത്ത കോഴിക്ക് രക്ഷകയായത്. തീറ്റസഞ്ചി (Crop) വീര്‍ത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഉടമയായ ഗിരീഷ് കോഴിയെ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ എത്തിച്ചത്.
തീറ്റസഞ്ചിയില്‍ മുഴയാണെന്നാണ് കരുതിയതെങ്കിലും വിശദമായ പരിശോധനയില്‍ ദഹനപ്രശ്‌നമാണെന്ന് മനസിലായി. ദഹനവ്യവസ്ഥയുടെ തുടക്കത്തിലുള്ള തീറ്റസഞ്ചിയില്‍ കഴിച്ച തീറ്റ ദഹിക്കാതെ കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. ഇത് തുടങ്ങിയിട്ട് ആഴ്ചകളായി. അതുകൊണ്ടുതന്നെ തീറ്റസഞ്ചി അസാധാരണമാംവിധം വലുപ്പം വച്ചിരുന്നുവെന്ന് ഡോ. ജയശ്രീ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അധികം ദിവസം കോഴി ജീവിച്ചിരിക്കാനും സാധ്യതയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
'ഒരു ജീവനല്ലേ ഡോക്ടര്‍, രക്ഷപ്പെടുത്താന്‍ പറ്റുമോ എന്ന് നമുക്കൊന്ന് ശ്രമിക്കാം' എന്ന ഗീരീഷിന്റെ ആത്മവിശ്വാസത്തിന്റെ പുറത്താണ് കോഴിക്ക് ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. ജയശ്രീ പറയുന്നു. തീറ്റസഞ്ചിക്ക് വളരെ വലുപ്പവും ഭാരവും ആയതിനാല്‍ കോഴിക്ക് നടക്കാന്‍പോലും കഴിയുമായിരുന്നില്ല. തീറ്റസഞ്ചി കീറി അകത്തെ ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍ത്തന്നെ കോഴിക്ക് ആശ്വാസമായി. തീറ്റയ്‌ക്കൊപ്പം ചകിരിനാരുപോലുള്ളവകൂടി ഉള്‍പ്പെട്ടതിനാല്‍ തീറ്റസഞ്ചിയില്‍ ബ്ലോക്കുണ്ടായതായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കോഴി ചുറുചുറുക്കോടെ തീറ്റ കൊത്തിപ്പെറുക്കാനും തുടങ്ങി. ഒരാഴ്ചയ്ക്കുശേഷം വിവരങ്ങള്‍ അറിയിക്കണമെന്ന് ഉടമയോട് പറഞ്ഞിട്ടുണ്ടെന്നും ഡോ. ജയശ്രീ പറഞ്ഞു.