ADVERTISEMENT

തിരുവനന്തപുരം അടിമലത്തുറയില്‍ മൂന്നു യുവാക്കളുടെ അക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ട ബ്രൂണോ എന്ന വളര്‍ത്തുനായയ്ക്കുവേണ്ടി പ്രതിഷേധം ശക്തമാണ്. പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും ബ്രൂണോയ്ക്കുവേണ്ടി മനുഷ്യത്വമുള്ള ഒരു പറ്റം പേര്‍ കേസുമായി മുന്നോട്ടാണ്. കേസ് കൊടുത്തതിന്റെ പേരില്‍ ബ്രൂണോയുടെ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഏല്‍ക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണെന്നും സ്ഥലത്തെത്തിയ മൃഗക്ഷേമപ്രവര്‍ത്തകര്‍ പറയുന്നു. ബ്രൂണോയുടെ ഉടമയ്‌ക്കൊപ്പം കക്ഷി ചേര്‍ന്ന് പരാതി സമര്‍പ്പിച്ചിട്ടുമുണ്ടെന്ന് മൃഗക്ഷേമപ്രവര്‍ത്തകയായ കവിത ജയശ്രീ പറയുന്നു. പരാതി കൊടുക്കാന്‍ ചെന്നപ്പോഴും ബ്രൂണോയുടെ ഉടമയായ ക്രിസ്തുരാജിന്റെ വീട്ടില്‍ ചെന്നപ്പോഴും കണ്ട കാര്യങ്ങള്‍ കവിത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കവിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ...

ഞങ്ങള്‍ കുറച്ചു പേര്‍ ഇന്നലെ ഉച്ചയോടുകൂടി ബ്രൂണോയുടെ കേസുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ എത്തുകയുണ്ടായി. ക്രിസ്തുരാജിന്റെ കേസിനു കക്ഷി ചേര്‍ന്നുകൊണ്ടുള്ള പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍, ഒരു കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞത് വിഴിഞ്ഞം പോലീസിന് അത്ര മേല്‍ ഒരു ഉണര്‍വോ താല്‍പര്യമോ ഉണ്ടായിരുന്നില്ല എന്നതാണ്. 

അവിടെ നിന്നും ഞങ്ങള്‍ അടിമലത്തുറയില്‍ ക്രിസ്തുരാജിന്റെ വീട്ടിലെക്ക് പുറപ്പെട്ടു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അതിമനോഹരമായ തീരദേശം. വഴിയരികില്‍ ഞങ്ങളെ കാത്തുനിന്ന ക്രിസ്തുരാജ് എന്ന ആള്‍ ഞാന്‍ പ്രതീക്ഷിച്ചതിലും വളരെ അധികം ചെറുപ്പമായിരുന്നു. ഏഴ് സഹോദരിമാരുടെ ഏറ്റവും ഇളയ അനുജന്‍. അവരുടെ എല്ലാമെല്ലാമായിരുന്ന ബ്രൂണോയുടെ ദാരുണാന്ത്യത്തിന്റെ കഥ വിങ്ങലോടെ, നിറകണ്ണുകളോടെ അല്ലാതെ അവര്‍ക്ക് പറയാന്‍ കഴിഞ്ഞില്ല. അത് കൂടുതല്‍ കേള്‍ക്കാനാവാതെ ഞാന്‍ ഒന്ന് പുറത്തേക്ക് ഇറങ്ങി നിന്നു. 

അതെ തീരത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് ക്രിസ്തുരാജ് അവളുടെ പേര് വിളിച്ചു എന്ന തെറ്റിദ്ധാരണയില്‍ തുടങ്ങിയ കലഹം. ഒടുവില്‍ ക്രിസ്തുരാജിനും, കുടുംബത്തിനും ഏറ്റവും പ്രിയപ്പെട്ട ബ്രൂണോയെ കൊലപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് കൊലയാളികള്‍ എത്തി. 

ബ്രൂണോ മരണപ്പെടുന്നതിന് 2 ദിവസം മുന്‍പ് കടലില്‍ കളിക്കാന്‍ പോയ ബ്രൂണോ തിരികെ വന്നപ്പോള്‍ നെഞ്ചിന്റെ ഭാഗത്തെ മാംസം അടന്നു പോയിരുന്നു, കൈ കാലുകള്‍ ആരോ തല്ലി ഒടിച്ചിരുന്നു. വേച്ചും ഇഴഞ്ഞുമാണ് അവന്‍ തിരികെ വീട്ടില്‍ എത്തിയത്. എന്നാല്‍ എന്തു പറ്റിയതാണെന്നു വീട്ടുകാര്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. അവന്റെ മുറിവില്‍ മരുന്നിടുകയും, ശുശ്രൂഷിക്കുകയും ചെയ്തു. അത് കഴിഞ്ഞു 2 ദിവസം കഴിഞ്ഞപ്പോളാണ് ഹൃദയ ഭേദകമായ ഈ കൊലപാതകം അവര്‍ ആസൂത്രിതമായി നടത്തിയത്. 

വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു പിറ്റേ ദിവസം പ്രതികളെ വിളിപ്പിക്കും എന്ന് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒടുവില്‍ ഈ കൊലപാതകത്തിന്റെ വീഡിയോ എടുത്ത ആളിനെ കണ്ടെത്തി ക്രിസ്തുരാജ് അയാളില്‍നിന്നും വീഡിയോ കൈക്കലാക്കി. അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചപ്പോളാണ് പോലീസ് പ്രതികളെ സ്റ്റേഷനില്‍ വിളിപ്പിച്ചത്. കേസ് പിന്‍വലിക്കണം എന്ന് താക്കീതോടു കൂടി പ്രതികള്‍ വീണ്ടും ക്രിസ്തുരാജിന്റെ വീട്ടില്‍ എത്തുകയും സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ മര്‍ദിക്കുകയും ക്രിസ്തുരാജിന്റെ അമ്മയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തു. ഇത് മൊബൈലില്‍ പകര്‍ത്തിയ കുടുംബാഗത്തിന്റെ കൈയില്‍നിന്നു ഫോണ്‍ തട്ടിപ്പറിച്ചു പ്രതികള്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഈ കേസുമായി വീണ്ടും പോലിസ് സ്റ്റേഷനില്‍ പോയ ക്രിസ്തുരാജിന്റെ അമ്മയോടും പോലീസുകാര്‍ കയര്‍ത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. 

നിയമപാലകരും ഒരു സമൂഹവും മുഴുവനും ഒറ്റപ്പെടുത്തുമ്പോഴും സത്യം ജയിക്കും എന്ന ആത്മ വിശ്വാസത്തോടെ നീതിക്കുവേണ്ടി പൊരുതുകയാണ് ആ കുടുംബം. 'വെറും ഒരു പട്ടിക്കു വേണ്ടി പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങുന്നു, കഷ്ടം' ഇത്തരം കളിയാക്കലുകള്‍ ആണ് ചുറ്റും ഉള്ളവരില്‍ നിന്നു കേള്‍ക്കാന്‍ കഴിയുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. 

ബ്രൂണോ ഞങ്ങളുടെ മകനായിരുന്നു, കൂടെപ്പിറപ്പായിരുന്നു എല്ലാം എല്ലാം ആയിരുന്നു എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ മൂന്ന് നാല് നായക്കുട്ടികള്‍ അങ്ങോട്ടേക്ക് വന്നു. അവര്‍ ആ മുറ്റത്തുതന്നെ നിന്നു. ബ്രൂണോയുടെ കൂട്ടുകാര്‍ ആയിരുന്നു അവര്‍. എന്നും വൈകിട്ട് എന്നും ഈ സമയത്ത് അവര്‍ അവിടെ എത്തും. ബ്രൂണോയെ വിളിക്കാന്‍. എന്നിട്ട് ഒന്നിച്ചു കടലിലേക്കു പോകും. മതിവരോളം കളിക്കും. തിരികെ വരും. ഇതായിരുന്നു പതിവ്. 

ബ്രൂണോയെ വിളിക്കുന്ന പതിവ് മുടക്കാതെ അവര്‍ ഇന്നലെയും അവിടെ എത്തി. കുറച്ചു നേരം അവിടെ ഒക്കെ നിന്ന ശേഷം മടങ്ങി പോയി. അവരുടെ കൂട്ടുകാരന്‍ ഈ ലോകത്തില്ലെന്ന് അറിയാമായിരുന്നിട്ടും പതിവ് തെറ്റിക്കാതെ അവര്‍ വന്നതാണോ അതോ അവന്‍ മടങ്ങി വരും എന്ന പ്രതീക്ഷയോടെ വന്നതാണോ അറിയില്ല. എന്തായാലും മനുഷ്യനെന്ന ഇരുകാലിക്ക് ഇല്ലാത്ത നന്ദിയും സ്‌നേഹവും നായ്ക്കള്‍ക്ക് ഉണ്ട്.  

ആരെ വിഴുങ്ങിയാലും കടലിലെ തിരമാലകള്‍ക്ക് ഒരു തളര്‍ച്ചയുമില്ല. അവ തീരത്തേക്ക് ആഞ്ഞടിച്ചു കൊണ്ടേയിരിക്കും ആര്‍ത്തിയോടെ. സൂര്യന് ചെറുകെ ചുവപ്പ് നിറം വച്ചു തുടങ്ങി. പതിയെ പതിയെ കടലിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യനെ കാണാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. എന്നാല്‍ ഇന്നലെ... ചുമന്നു തുടുത്ത സൂര്യന് ബ്രൂണോ അവസാനമായി തുപ്പിയ കട്ടി ചോരയുടെ നിറമായിരുന്നു. തിരമാലകകള്‍ക്ക് അവന്റെ അവസാനത്തെ ദയനീയമായ ഞരങ്ങലിന്റെ ശബ്ദമായിരുന്നു. ആ ആകാശത്തേക്കും, കടലിലേക്കും ഒന്ന് കൂടി നോക്കാനാവാതെ ഞാന്‍...

കവിത ജയശ്രീ

English summary: Statement about pet dog bruno murder case, Justice4bruno

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com