താറാവുകളെ വളർത്തിയാലുണ്ട് 12 ഗുണങ്ങൾ; സവിശേഷതകൾ അറിഞ്ഞ് വളർത്താം
Mail This Article
കേരളത്തിന്റെ നാട്ടുസൗന്ദര്യത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളിലെല്ലാം കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളിലും ജലാശയങ്ങളിലും ഒഴുകി നീങ്ങുന്ന താറാവിന്‍പറ്റങ്ങളെ കാണാം. സവിശേഷമായ ഭൂപ്രകൃതിയും കാർഷിക രീതികളുമുള്ള കുട്ടനാടു പോലുള്ള ദേശങ്ങളിൽ വരുമാന സുരക്ഷയും ഭക്ഷ്യഭദ്രതയും ഉറപ്പുവരുത്തുന്നതിൽ ഈ വളർത്തുപക്ഷികൾ വലിയ പങ്കുവഹിക്കുന്നു. എന്നാല്‍ കേരളത്തിലെ താറാവുവളര്‍ത്തല്‍ മേഖല ഒട്ടേറെ പ്രതിസന്ധികളെയാണ് നേരിടുന്നത്. മാത്രമല്ല പ്രതിവര്‍ഷം കേരളത്തിന്റെ തീന്‍മേശയിലേക്കാവശ്യമായ താറാവു മുട്ടകളില്‍ വലിയൊരു ഭാഗം മറ്റു സംസ്ഥാനങ്ങളുടെ സംഭാവനയായിരിക്കുന്നു. കേരളത്തിന്റെ അഭിമാനമായ ചാര, ചെമ്പല്ലി, എന്നീ കുട്ടനാടന്‍ താറാവുകളുടെ അതിജീവനവും ഭീഷണിയിലാണ്. കുട്ടനാടന്‍ താറാവുകളുടെ സംരക്ഷണവും വ്യാപനവും ഇന്ന് ഏറെ ശ്രദ്ധ നല്‍കേണ്ട മേഖലയായി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സാമ്പത്തികമായും സാമൂഹികവുമായും പാരസ്ഥിതികമായും സുസ്ഥിരമായ രീതിയിൽ മേഖലയെ കൊണ്ടു പോകേണ്ടതുണ്ട്. കേരളത്തിന്റെ മാംസ, മുട്ട ഉൽപാദനമേഖലയില്‍ താറാവുവളര്‍ത്തലിനുള്ള മേന്മകളാണ് ഇത്തരമൊരു തിരിച്ചറിയലിനു പിന്നിലുള്ളത്.
താറാവുകളുടെ പ്രത്യേകതകൾ
- താറാവുകള്‍ക്ക് കോഴികളേക്കാള്‍ രോഗപ്രതിരോധശേഷി കൂടുതലാണ്. അതുകൊണ്ടുതന്നെ അധികം ശ്രദ്ധയും പരിപാലനവും ആവശ്യമില്ല.
- പറ്റമായി വളര്‍ത്തുന്നതിനാല്‍ വിസ്തൃതമായ കൂടുകളോ, ഷെഡുകളോ ആവശ്യമില്ല. മറ്റു കൃഷികള്‍ക്ക് യോഗ്യമല്ലാത്ത ചതുപ്പു നിലങ്ങളും തരിശു ഭൂമികളും താറാവു കൃഷിക്ക് പ്രയോജനപ്പെടും.
- കോഴികളില്‍നിന്നു ലാഭകരമായി മുട്ടയുൽപാദിപ്പിക്കപ്പെടുന്ന സമയം ഒരു വര്‍ഷമാണെങ്കില്‍ താറാവുകള്‍ക്ക് രണ്ടു വര്‍ഷത്തോളം മുട്ടയുൽപാദനം സാധ്യമാകുന്നു.
- ചെലവു കുറഞ്ഞ രീതിയില്‍ വളര്‍ത്തുന്നുവെങ്കിലും മുട്ടയുടെ എണ്ണത്തിലും താറാവുകള്‍ മോശമല്ല. മാത്രമല്ല കോഴിമുട്ടയേക്കാള്‍ 20 ഗ്രാമോളം ഭാരക്കൂടുതലുമുണ്ട്. കോഴിമുട്ടയെ അപേക്ഷിച്ചുള്ള ഉയര്‍ന്ന വിലയും ആകര്‍ഷണമാണ്.
- കോഴികള്‍ക്കുണ്ടാകുന്ന ഒട്ടേറെ രോഗങ്ങള്‍ താറാവിന്റെ ഏഴയലത്തു വരില്ല.
- നെല്‍കൃഷി, മത്സ്യകൃഷി എന്നിവയുമായി യോജിപ്പിച്ച് സംയോജിത കൃഷി നടത്താന്‍ ഇവ അനുയോജ്യം.
- മുട്ടയിടുന്ന ജോലി രാവിലെ എട്ടുമണിക്കു മുന്‍പ് തീര്‍ക്കുന്നതിനാല്‍ ധൈര്യമായി പിന്നീട് അഴിച്ചുവിടാം.
- പാടങ്ങളുടെ വളക്കൂറു കൂട്ടാനും കീടങ്ങളെ നശിപ്പിക്കാനും സഹായിക്കുന്നു. നിരവധി രോഗങ്ങള്‍ പേറുന്ന ഒച്ചുകളെയും, കീടങ്ങളേയും, നശിപ്പിക്കുന്നതുവഴി ജൈവ പ്രതിരോധ പ്രവര്‍ത്തനവും ഇവര്‍ നടത്തുന്നു.
- അച്ചടക്കത്തിലും അനുസരണയിലും ബുദ്ധിയിലും കോഴികളേക്കാള്‍ ഏറെ മുന്‍പിലാണ് ഇവര്‍. പട്ടാളച്ചിട്ടയില്‍ നിരനിരയായി പരിപാലകനൊത്ത് ഇവര്‍ നീങ്ങുന്ന കാഴ്ച മറക്കാനാവില്ല.
- ആയുർവേദ വിധിപ്രകാരം ഉഷ്ണരോഗങ്ങള്‍ക്കെതിരെ ഉപയോഗപ്രദമാണ് താറാവുമുട്ടകള്‍.
- ധാതുക്കളുടേയും ജീവകങ്ങളുടേയും അളവും കൂടുതലാണ്. കോഴിമുട്ടയെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ കൂടുതലാണെങ്കിലും കൊഴുപ്പിന്റെ ആഗിരണം തടയുന്ന കോളിന്‍, ലെസിത്തിന്‍ എന്നിവയുടെ വർധിച്ച അളവ് കൊളസ്‌ട്രോള്‍ ഭീഷണി കുറയ്ക്കുന്നു. താറാവുമുട്ടയിലെ ഒമേഗ-3 കൊഴുപ്പുകള്‍ ഹൃദയങ്ങളെ സംരക്ഷിക്കുന്നവയാണെന്ന് പഠനങ്ങള്‍ പറയുന്നു.
- താറാവുമുട്ടകള്‍ കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കുമെന്ന് മാത്രമല്ല പുറന്തോടിനു കട്ടിയുള്ളതിനാല്‍ എളുപ്പത്തില്‍ ഉടഞ്ഞുപോകുകയുമില്ല. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ താറാവുമുട്ടയുടെ വിലയുടെ കാര്യത്തിലില്ല.
കുറഞ്ഞ ചെലവില്‍ ആദായവും പോഷക സമ്പന്നമായ ആഹാരവും തരാൻ ശേഷിയുള്ള താറാവുവളർത്തൽ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം തേടാൻ കർഷകർക്ക് സർക്കാർ തുണയാകണം. ഇറച്ചിക്കായി വളര്‍ത്തുന്ന ബ്രോയിലര്‍ താറാവുകളും ഇന്ന് വിപണിയിലുണ്ട്. ഒന്നൊന്നായി നഷ്ടപ്പെടുന്ന നമ്മുടെ പരമ്പരാഗത ജൈവ വിഭവങ്ങളുടെ ശ്രേണിയില്‍ താറാവുകളും ഉണ്ടാവാതിരിക്കാനും കരുതൽ വേണം.
English summary: Advantages of Duck Rearing