ADVERTISEMENT

ലാഗോമോർഫ ഓർഡറിലെ ലെപോറിഡേ കുടുംബത്തിൽപ്പെട്ട ചെറിയ സസ്യഭുക്കുകളാണ് മുയലുകൾ. ഇന്ന് നാം കാണുന്ന വളർത്തു മുയൽ യൂറോപ്യൻ കാട്ടുമുയലിൽനിന്നാണ് ഉത്ഭവിച്ചത്. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കാഷ്മീർ എന്നീ മലയോര മേഖലകളിലും സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും കമ്പിളി ഉൽപാദനത്തിനാണ് മുയൽ വ്യവസായം പ്രാധാന്യം നേടുന്നത്. എന്നാൽ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ ബ്രോയിലർ മുയൽ ഉൽപ്പാദനത്തിനാണ് പ്രാധാന്യം. ഒപ്പം മരുന്നുകളുടെ ക്ലിനിക്കൽ പരിശോധനകൾക്കായും മുയലുകളെ ഉപയോഗിച്ചുവരുന്നു..

മുയൽ വളർത്തലിലൂടെ സാധാരണക്കാരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ വലിയ സാധ്യതകളുണ്ട്. പല ആദിവാസി, പിന്നോക്ക പ്രദേശങ്ങളിലും മുയൽവളർത്തൽ ഒരു കുടിൽവ്യവസായമായി ഉയർന്നുവന്നിട്ടുണ്ട്. കൂടാതെ സ്വയംതൊഴിലിനുള്ള അതിന്റെ സാധ്യത ഇപ്പോൾ ചെറുകിട കർഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ദ്രുതഗതിയിലുള്ള വളർച്ചാ നിരക്ക്, ഉയർന്ന പ്രത്യുൽപാദനക്ഷമത എന്നിവയാണ് ഈ ജീവിവർഗത്തിന്റെ ചില ആസ്തികൾ. മാത്രമല്ല, മറ്റ് മൃഗങ്ങളെ അപേക്ഷിച്ച്, ഇവയ്ക്കു കുറഞ്ഞ അളവിലുള്ള പോഷകങ്ങളും ഊർജവും മതിയാകും. 

കേരളത്തിലെ വിദ്യാസമ്പന്നരായ ആളുകൾക്കിടയിലും ബ്രോയിലർ മുയൽകൃഷി ഒരു വരുമാനമാർഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും തൊഴിൽ നൽകുന്നതിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സേവിക്കാൻ മുയൽവളർത്തൽ മേഖലയ്ക്ക് കഴിവുണ്ട്. കുറഞ്ഞ മൂലധന നിക്ഷേപം, കുറഞ്ഞ സ്ഥല ആവശ്യകത, ഉയർന്ന ലാഭം എന്നീ കാരണങ്ങളിലൂടെ മുയൽ വളർത്തൽ നമ്മുടെ സംസ്ഥാനത്തെ ഒരു പ്രധാന ഭക്ഷ്യോൽപാദന സംരംഭമായി ഉയർന്നു‌വന്നുകൊണ്ടിരിക്കുകയാണ്.

white-giant-and-grey-giant
വൈറ്റ് ജയന്റ്, ഗ്രേ ജയന്റ് മുയലുകൾ

മുയൽ കൃഷി എന്തുകൊണ്ട് അനുകൂലമാകുന്നു?

  • മുയലുകൾ ചെറിയ മൃഗങ്ങളാണ്. അതിനാൽ തന്നെ അവയുടെ ആവശ്യങ്ങളും ചെറുതാണ്. ഇവയ്ക്കു പരിമിതമായ സ്ഥലം മതിയാകുന്നതിനാൽ നമ്മുടെ ഫാമിലും വീട്ടുമുറ്റത്തും ടെറസിലും വാണിജ്യാടിസ്ഥാനത്തിലും അരുമയായി വീടിനുള്ളിൽപോലും മുയലുകളെ എളുപ്പത്തിൽ വളർത്താം.
  • മുയൽ വളർത്തൽ ആരംഭിക്കുന്നതിന് ആവശ്യമായ മൂലധനം/നിക്ഷേപം വളരെ കുറവാണ്.
  • മികച്ചയിനം മുയലുകൾ അതിവേഗം വളരും. ഇവയ്ക്കു യഥാക്രമം പോഷകസമ്പുഷ്ടമായ തീറ്റ നൽകിയാൽ മൂന്നു മാസത്തിനുള്ളിൽ ശരാശരി 2 കിലോ ശരീരഭാരം വയ്ക്കുകയും 5–6 മാസത്തിനുള്ളിൽ പ്രായപൂർത്തിയാവുകയും ചെയ്യുന്നു.
  • ഉയർന്ന തീറ്റ പരിവർത്തനശേഷിയുള്ള മൃഗങ്ങളാണ് മുയലുകൾ. ചെറുകിട കൃഷിയിൽ മുയലുകൾക്ക് പച്ചക്കറികൾ, ഇലകൾ, വീട്ടിൽ ലഭ്യമായ ധാന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പലതരം ആഹാരങ്ങൾ നൽകാം. അവയുടെ തീറ്റ ആവശ്യകത പൂർണമായും പച്ചിലകളിൽനിന്നു ലഭിക്കും. 
  • മുയലിന് വളരെ ഉയർന്ന പ്രത്യുൽപാദന ക്ഷമതയുണ്ട്. വർഷത്തിൽ അഞ്ചു തവണയെങ്കിലും പ്രസവിക്കാൻ പ്രാപ്തിയുള്ള ഇവയിൽ നിന്ന് ഓരോ പ്രസവത്തിലും 5-8 കുഞ്ഞുങ്ങൾ ലഭിക്കും.
  • ഇവയുടെ മൂത്രവും കാഷ്ഠവും ഗുണമേന്മയുള്ള വളമായി വിളകൾക്കും പൂന്തോട്ടങ്ങൾക്കും ഉപയോഗിക്കാം. 

മുയലിറച്ചിയുടെ പ്രത്യേകതകൾ

മുയൽ ഇറച്ചിയുടെ ഗുണങ്ങൾ ഇന്നും പലർക്കും അറിയില്ല. ഉയർന്ന ഗുണനിലവാരമുള്ള, പോഷകഗുണമുള്ള, രുചികരമായ വെളുത്ത മാംസമാണ് മുയലുകൾക്കുള്ളത്. മുയലുകൾക്ക്, അവ കഴിക്കുന്ന മാംസ്യ(പ്രോട്ടീൻ)ത്തിന്റെ 20 ശതമാനവും മനുഷ്യന് ഭക്ഷ്യയോഗ്യമായ, കൊളസ്ട്രോളും കൊഴുപ്പും കുറവുള്ള, എന്നാൽ മാംസ്യം കൂടുതലുള്ള മാംസമായി മാറ്റാൻ കഴിയും. ചിക്കൻ, ടർക്കി, ഗോമാംസം, പന്നിയിറച്ചി എന്നിവയെ അപേക്ഷിച്ച് ഇവയുടെ ഇറച്ചിയിൽ കൊഴുപ്പ് കുറവാണ്. മാത്രമല്ല ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ് (21 ശതമാനം) മുയലിറച്ചി. കൂടാതെ ലിപിഡ് ഉള്ളടക്കവും (5 ശതമാനം) കുറവാണ്. മറ്റ് മാംസ സ്രോതസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു കിലോഗ്രാം മാംസത്തിന് ഏറ്റവും കുറഞ്ഞ കലോറി നൽകുന്നത് മുയൽ മാംസമാണ്. ഈ ഗുണഗണങ്ങളെല്ലാം മുയൽ മാംസത്തെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് ആകർഷകമാക്കുന്നു. മുയലിറച്ചി എളുപ്പത്തിൽ ദഹിക്കാൻ കഴിയുന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഇത് അനുയോജ്യമാണ്. 

മുയൽ സംരംഭകർ അറിയേണ്ട ചില കാര്യങ്ങൾ

മുയലുകളെ ഓമന മൃഗമായിട്ടോ അല്ലെങ്കിൽ മാംസാവശ്യത്തിനു വേണ്ടിയിട്ടൊ ആണ് സാധാരണയായി വളർത്തിവരുന്നത്. മുയൽ വളർത്തലിൽ വിജയിക്കാൻ ബ്രീഡ്, പാർപ്പിടം, തീറ്റ, പ്രജനനം, റെക്കോർഡ് സൂക്ഷിക്കൽ എന്നിങ്ങനെ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്.

ബ്രീഡുകൾ

മുയലുകൾ വ്യത്യസ്ത ഇനങ്ങളിലും വലുപ്പത്തിലും ലഭ്യമാണ്. അവയിൽ ചിലത് ഉയർന്ന ഉൽപാദനക്ഷമതയുള്ളവയാണ്. വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലൻഡ് വൈറ്റ്, സോവിയറ്റ് ചിഞ്ചില്ല എന്നിവയാണ് നമ്മുടെ കാലാവസ്ഥ അനുസരിച്ച് വളർത്താൻ അനുയോജ്യമായ ചില ഇനങ്ങൾ.

പാർപ്പിടം

rabbit-oliver-mathew-1
മുയൽ ഷെഡ്ഡ്

മുയൽകൃഷിയിലെ നിർണായക ഭാഗമാണ് പാർപ്പിട നിർമാണം. ഉൽപാദനത്തെ സ്വാധീനിക്കാനും ക്ഷേമം വർധിപ്പിക്കാനും പരിസ്ഥിതിയുടെ പ്രതികൂല ഫലങ്ങളുടെ ആഘാതം മൃഗങ്ങളിൽ കുറയ്ക്കാനും ഭവനസംവിധാനങ്ങൾക്ക് കഴിവുണ്ട്. മുയലുകളെ മഴ, വെയിൽ, നായ്ക്കൾ അല്ലെങ്കിൽ പൂച്ചകൾ മുതലായ ശത്രുക്കളിൽനിന്നെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ നല്ല കൂടുകളും ഷെഡ്ഡും ആവശ്യമാണ്. വളരെ ചെറിയ മുതൽമുടക്കിൽ വീട്ടുമുറ്റത്ത്  തന്നെ ഒരു ചെറിയ ഷെഡ് ഉണ്ടാക്കാം. ഡീപ് ലിറ്റർ സംവിധാനത്തിലും കൂട്ടിലിട്ടും മുയലുകളെ വളർത്താവുന്നതാണ്. ചലനത്തിന് ആവശ്യമായ ഇടം നൽകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. രണ്ടര അടി നീളവും രണ്ടടി വീതിയും ഒന്നര അടി ഉയരവുമുള്ള ഇരുമ്പുവലക്കൂടുകളിൽ മുയലുകളെ പാർപ്പിക്കുന്നതാണ് ഉത്തമം. വയർ മെഷിലൂടെ മാലിന്യം തഴേക്കു വീഴുന്നതിനാൽ കൂടുകൾ വൃത്തിയുള്ളതായിരിക്കും. നല്ല ഭവന പരിപാലനം രോഗങ്ങൾ കുറയ്ക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

തീറ്റയും വെള്ളവും

rabbit-cage
കുറഞ്ഞ സ്ഥലത്ത് കൂടുതൽ എണ്ണം. രണ്ടു നിലകളിലായി തീർത്തിരിക്കുന്ന മുയൽക്കൂട്∙ ചിത്രം: അച്ചായൻസ് റാബിറ്റ് ഫാം, മലയിൻകീഴ്, തിരുവനന്തപുരം

നല്ല ഭക്ഷണം എപ്പോഴും നല്ല ആരോഗ്യവും ശരിയായ വളർച്ചയും ഉറപ്പാക്കുന്നു. അതിനാൽ, വളർത്തുമുയലുകൾക്ക് ഉയർന്ന നിലവാരമുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകാൻ എപ്പോഴും ശ്രമിക്കണം. സാധാരണയായി, മുയലുകൾക്ക് എല്ലാത്തരം ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചപ്പുല്ല് എന്നിവയ്ക്കൊപ്പം പച്ചക്കറികളും നൽകാറുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ തീറ്റപ്പുല്ലിന്റെ ലഭ്യത ഉറപ്പാക്കിയിരിക്കണം. സിഒ 3, സിഒ4, ഡ്വാർഫ് നേപ്പിയർ, സൂപ്പർ നേപ്പിയർ പോലുള്ള പുല്ലിനങ്ങൾ നട്ടു വളർത്താം. ഒരു നേരം പോഷകസമ്പുഷ്ടമായ കൈത്തീറ്റയും ഒരു നേരം പുല്ലും നൽകാം. ഇവ രണ്ടും രാവിലെയും വൈകുന്നേരവുമായി ക്രമപ്പെടുത്തണം. പകൽ സമയം മുയലുകൾക്ക് വിശ്രമിക്കാൻ അവസരം നൽകാം. ഇവയൊടൊപ്പം 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തിൽ ശുദ്ധജലം കൂട്ടിൽ ഒരുക്കുകയും വേണം. കുടിവെള്ള പാത്രങ്ങളോ ഏകീകൃത നിപ്പിൾ സംവിധാനമോ ഇതിനായി ഉപയോഗിക്കാം.

പ്രജനനം

മുയലുകൾ 5-6 മാസം പ്രായത്തിനുള്ളിൽ തന്നെ പ്രജനനത്തിന് തയാറാകും. ആൺമുയലുകളെയും പെൺമുയലുകളെയും വെവ്വേറെ കൂടുകളിൽ പാർപ്പിക്കുന്നതാണ് നല്ലത്. അതായത് ഒരു കൂട്ടിൽ ഒരു മുയൽ എന്ന രീതിയാണ് ഏറ്റവും അനുയോജ്യം. കോളനി രീതിയിൽ വളർത്തിയാൽ വഴക്കിനും പ്രസവകാല സമ്മർദത്തിനും സാധ്യത ഏറെയാണ്. പ്രജനനത്തിനായി പെൺമുയലുകളെ ആൺമുയലുകളുടെ കൂട്ടിലേക്ക് ഇടണം. മദിലക്ഷണം നോക്കിയായിരിക്കണം ഇണചേർക്കേണ്ടത്. മുയലുകൾക്ക് മദിചക്രം ഇല്ലെങ്കിലും മദി ലക്ഷണങ്ങളുണ്ട്. അസ്വസ്തതയോടെ നടക്കുക, പിൻഭാഗം ഉയർത്തുക, ഈറ്റം ചുവന്നു തടിച്ചു കാണപ്പെടുക എന്നിവയാണ് മദിലക്ഷണങ്ങൾ. ഇണചേരലിനു ശേഷം പെൺമുയലിനെ അതിന്റെ കൂട്ടിലേക്ക് തിരികെ മാറ്റാം. ഇണചേർത്ത ദിവസം കുറിച്ചുവയ്ക്കുകയും വേണം. മുയലുകളുടെ ഗർഭകാലം 30 ദിവസമാണ്. അതുകൊണ്ടുതന്നെ വർഷത്തിൽ അഞ്ചു തവണയെങ്കിലും പ്രസവിക്കാൻ സാധിക്കും. ഓരോ പ്രസവത്തിലും 5-8 മുയൽകുഞ്ഞുങ്ങളെ ലഭിക്കും. പ്രസവത്തോടടുക്കുമ്പോൾ (ഇണചേർത്ത് 25–28 ദിവസം) പെൺമുയലുകളുടെ കൂട്ടിൽ നെസ്റ്റ് ബോക്സ് വച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. ജനിച്ച ആദ്യത്തെ രണ്ടാഴ്ചയിൽ കുഞ്ഞുങ്ങളുടെ സുരക്ഷക്ക് ഇത് വളരെയധികം ഉപകരിക്കും.

റെക്കോർഡ് ഫാമിന്റെ അടിത്തറ

rabbit-farming-food-chart
രേഖയായി സൂക്ഷിക്കുന്നതിനുള്ള മാതൃക

ഫാമിൽ വളർത്തുന്ന മുയലുകളുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കണം. ഏതെല്ലാം മുയലുകളെ സംരക്ഷിക്കണമെന്നും ഏതിനെയെല്ലാം വിൽക്കണമെന്നും  തീരുമാനിക്കാൻ ഇത്  ഉപകരിക്കും. അതുപോലെ അന്തർപ്രജനനം ഒഴിവാക്കാനും ഇത് ഉപകരിക്കും. 

ശുചിത്വവും രോഗ പ്രതിരോധവും

മുയൽകൃഷിയുടെ വിജയം രോഗങ്ങളുടെ തിരിച്ചറിയലും നിയന്ത്രണവും ഫലപ്രദമായ മാനേജ്മെന്റ് രീതികളും അനുസരിച്ചായിരിക്കും. മുയലുകളെ കൈകാര്യം ചെയ്യുന്നതിനുമുമ്പ് ഉടമ സ്വയം ജൈവസുരക്ഷാ ശീലങ്ങൾ വളർത്തിയെടുത്താൽ മുയലുകളെ രോഗങ്ങളിൽനിന്ന് ഒരു പരിധിവരെ സംരക്ഷിക്കാൻ സഹായിക്കും. ഷെഡ്ഡിന്റെ വാതിലിനു പുറത്ത് അണുനാശിനി കരുതുകയും അതിൽ ചവിട്ടി മാത്രം അകത്തേക്ക് പ്രവേശിക്കുകയും വേണം.  

കൂടാതെ, മുയൽ വളർത്തൽ ഒരു സംരംഭമായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നവർ ഇവയുടെ മാനേജ്‌മന്റ് രീതികളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ദീർഘവീക്ഷണത്തോടുക്കൂടി മുയൽ വളർത്തലിലേക്ക് പ്രവേശിക്കുകയും ചെയ്യുകയാണെങ്കിൽ ഈ സംരംഭത്തിൽനിന്നും മികച്ച നേട്ടം കൊയ്യാൻ സാധിക്കും. വളർത്തൽ മാത്രമല്ല വിപണന രീതികൂടി സ്വായത്തമാക്കേണ്ടത് ഒരു കർഷകന്റെ ഉത്തരവാദിത്തംകൂടിയാണ്.

English summary: Rabbit Farming and the Benefits of Rabbit Meat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com