ADVERTISEMENT

ആട്, പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളുടെ ദഹനപ്രവര്‍ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നത് സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനായി  ലക്ഷക്കണക്കിനു സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്. കന്നുകാലികള്‍ക്ക് നല്‍കുന്ന പുല്ലും, പെല്ലറ്റും, പിണ്ണാക്കുമെല്ലാം തരാതരംപോലെ ദഹിപ്പിച്ച്, നാരുകളെ പല വിധ ഫാറ്റി അമ്ലങ്ങളായും  മാംസ്യ മാത്രകളെ സൂക്ഷ്മാണു മാംസ്യമാത്രകളായും (മൈക്രോബിയൽ പ്രോട്ടീൻ)  പരിവര്‍ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് തയാറാക്കി നല്‍കുന്ന ആമാശയത്തിനുള്ളിലെ പാചകക്കാരാണ് ഈ മിത്രാണുക്കള്‍.

പണ്ടത്തിനുള്ളില്‍ ഉയര്‍ന്ന അളവില്‍ മിത്രാണുക്കള്‍ ഉണ്ടെങ്കില്‍ ദഹനപ്രവര്‍ത്തനവും പോഷകാഗിരണവും കൂടുതല്‍ കാര്യക്ഷമമാകും. അത് കന്നുകാലികളുടെ വളര്‍ച്ചയിലും ഉല്‍പാദനത്തിലും പ്രതിഫലിക്കും. അവിടെയാണ് റെഡിമെയ്ഡ് മിത്രാണുക്കളുടെ പ്രാധാന്യം. ഇവയാണ്  പ്രോബയോട്ടിക്കുകൾ.  

കാലിത്തീറ്റ / പെല്ലറ്റ്, ധാന്യപ്പൊടികൾ, ബിയർ വേസ്റ്റ്പോലുള്ള സാന്ദ്രീകൃത തീറ്റകള്‍ അമിതമായി നല്‍കുമ്പോള്‍ കന്നുകാലികളുടെ ആമാശയത്തിലെ അമ്ലനില ഉയരുകയും ദഹനപ്രവർത്തനം താറുമാറാകുകയും ചെയ്യും. ഇത് പരിഹരിക്കാനും പ്രോബയോട്ടിക്കുകൾ നൽകുന്നതിലൂടെ സാധിക്കും. ഗുരുതരമായ സാംക്രമികരോഗങ്ങളിൽനിന്നു ചികിത്സയിലൂടെ രക്ഷപ്പെടുന്ന പശുക്കൾക്കും കിടാക്കൾക്കും ശരീരക്ഷീണം മറികടന്ന് പഴയ ആരോഗ്യവും ഉൽപാദനവും വീണ്ടെടുക്കാൻ പ്രോബയോട്ടിക്കുകൾ ഉപകരിക്കും. 

കാലികള്‍ക്കാവശ്യമായ മാംസ്യത്തിന്റെയും ജീവകങ്ങളുടെയും ഉല്‍പാദകര്‍ കൂടിയാണ് ഈ മിത്രാണുക്കള്‍. അതിനാല്‍ ഇവയുടെ എണ്ണം  ഉയരുംതോറും ആമാശയത്തിനുള്ളില്‍ പോഷകോല്‍പാദനവും വർധിക്കും. വളര്‍ച്ചപ്രായത്തിലുള്ള കിടാക്കളിലും, മാംസോല്‍പാദനത്തിനായി വളര്‍ത്തുന്ന ഉരുക്കളിലും തീറ്റപരിവര്‍ ത്തനശേഷി ഉയർത്തുന്നതിനും ശരീരത്തൂക്കം വർധിപ്പിക്കുന്നതിനും  മിത്രാണുമിശ്രിതങ്ങള്‍ മുതല്‍ക്കൂട്ടാവും. പശുക്കിടാക്കളിലും ആട്ടിന്‍കുഞ്ഞുങ്ങളിലും കോളിഫോം പോലുള്ള ഉപദ്രവകാരികളായ ബാക്ടീരിയകള്‍ കാരണം ഉണ്ടാവുന്ന വയറിളക്കം തടയാന്‍ നല്‍കാവുന്ന പ്രതിരോധമിശ്രിതം കൂടിയാണിത്. പൂപ്പല്‍വിഷത്തെ നിര്‍വീര്യമാക്കാനും ഇവയ്ക്കു കഴിവുണ്ട്. യീസ്റ്റും, ലാക്‌ടോബാസില്ലസും ചേര്‍ന്ന മിശ്രിതം കന്നുകുട്ടികളില്‍ തൂക്കം, വളര്‍ച്ചനിരക്ക് എന്നിവ ത്വരിതപ്പെടുത്തുന്നു. കിടാവുകളിലെ വയറിളക്കം നിയന്ത്രിക്കാന്‍ പ്രോബയോട്ടിക്കുകള്‍ ഏറെ സഹായകരമാണ്. 

cow-eating-silage

മറ്റു മൃഗങ്ങള്‍ക്കും

നായ, പന്നി, മുയൽ, കോഴികൾ തുടങ്ങിയ വളര്‍ത്തുജീവികളുടെ  ദഹനപ്രവര്‍ത്തനങ്ങളിലും സൂക്ഷ്മാണുക്കള്‍ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രോബയോട്ടിക് മിശ്രിതങ്ങള്‍ ഇവയ്ക്കും പ്രയോജനപ്പെടും.  ബ്രോയിലര്‍ കോഴികളില്‍ തീറ്റപരിവര്‍ത്തനശേഷി ഉയര്‍ത്തുന്നതിനും, വളര്‍ച്ചനിരക്ക്  വേഗത്തിലാക്കുന്നതിനും കുഞ്ഞുങ്ങളില്‍ മരണനിരക്ക് കുറയ്ക്കുന്നതിനും ഇവ തുണയാകും. കോഴികളിലാവട്ടെ,  മുട്ടയുല്‍പാദനം കൂടും.   ഓമനപ്പക്ഷികള്‍ക്കും താറാവുകള്‍ക്കുമെല്ലാം മിത്രാണുമിശ്രിതങ്ങള്‍ നല്‍കുന്നത് എപ്പോഴും നല്ലതുതന്നെ. നായ, പന്നി, പൂച്ച, മുയല്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ വളര്‍ച്ചനിരക്കും രോഗപ്രതിരോധഗുണവും മെച്ചപ്പെടുത്താന്‍ പ്രോബയോട്ടിക്കുകള്‍  ഉപയോഗപ്പെടുത്താം. ദഹനസഹായിയായി പ്രവര്‍ത്തിച്ച്, ശരീരതൂക്കം കൂട്ടുന്ന വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്ന ഘടകമെന്ന നിലയില്‍ ആടുകളില്‍ യീസ്റ്റ് ഫലപ്രദമാണ്. 

പ്രോബയോട്ടിക്ക് എന്ന നിലയില്‍ യീസ്റ്റ് കാലിത്തീറ്റയില്‍ ചേര്‍ക്കുന്നത് തീറ്റയുടെ മണവും, രുചിയും വർധിപ്പിക്കുന്നതിനൊപ്പം  നാരുകളുടെ ദഹനം ത്വരിതപ്പെടുത്തുന്നു.  കറവപ്പശുക്കള്‍, എരുമകള്‍, ആടുകള്‍ ഇവയിലൊക്കെ യീസ്റ്റ് ഗുണപരമായ പ്രയോജനങ്ങള്‍ നല്‍കുന്നു. പാലുൽപാദനം, പാലിലെ കൊഴുപ്പിന്റെ അളവ്, വളര്‍ച്ചനിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, രോഗപ്രതിരോധശേഷി ഇവയിലൊക്കെ വർധനയുണ്ടാകുന്നു. തള്ളയില്‍നിന്നു വേര്‍പി രിക്കുന്ന സമയത്തെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പന്നിക്കും മുയലിനും പ്രോബയോട്ടിക്കുകള്‍ നല്‍കാം. 

 പ്രോബയോട്ടിക്കുകളില്‍ ഏറ്റവും പരിചിതവും എളുപ്പത്തില്‍ ലഭ്യമായതും വീട്ടില്‍ ഉപയോഗിക്കുന്ന യീസ്റ്റ് ആണ്. പ്രോബയോട്ടിക് ആയി യീസ്റ്റ് ദിവസം 2 ഗ്രാം  എന്ന അളവില്‍ കന്നുകുട്ടികൾക്കും 5 ഗ്രാം അളവിൽ കറവയുള്ള പശുക്കള്‍ക്കും നൽകാം.

ഉപകാരികളായ പ്രോബയോട്ടിക് അണുക്കള്‍ക്കൊപ്പം അവയുടെ വളര്‍ച്ചയ്ക്കും പെരുക്കത്തിനും  അനുകൂല സാഹചര്യം ഒരുക്കുന്ന പ്രീബയോട്ടിക് ഘടകങ്ങളും എന്‍സൈമുകളും ചേര്‍ത്ത് മികവേറിയ സിംബയോട്ടിക്ക് എന്നറിയപ്പെടുന്ന പ്രോബയോട്ടിക്- പ്രീബയോട്ടിക് മിശ്രിതങ്ങളും  വിപണിയിലുണ്ട്. ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും പ്രോബയോട്ടിക്കുകൾ സഹായിക്കും. ഉപകാരികളായ അണുക്കളെ തരാതരംപോലെ ചേര്‍ത്തു  തയാറാക്കിയ ഒട്ടേറെ റെഡിമെയ്ഡ് പ്രോബയോട്ടിക്കുകള്‍  ഇന്ന് വിപണിയില്‍ സുലഭം. ഫീഡ് അപ് യീസ്റ്റ്, പി ബയോട്ടിക്, എക്കോട്ടാസ് തുടങ്ങിയവ ഉദാഹരണം. 

സമ്മർദാവസ്ഥയിൽ ഉപകാരി

പ്രോബയോട്ടിക്കുകള്‍ ഏറെ ഗുണകരമാകുന്നത്  സമ്മര്‍ദാവസ്ഥയിലുള്ള മൃഗങ്ങളിലാണ്.  അണുബാധ, ഉപാപ ചയ പ്രശ്‌നങ്ങളുള്ള അവസ്ഥ, തള്ളയില്‍നിന്ന് കുട്ടികളെ വേര്‍പിരിക്കുന്ന സമയം, യാത്ര, കാലാവസ്ഥയിലെ  മാ റ്റങ്ങള്‍, തീറ്റപ്രശ്‌നങ്ങള്‍ ഇവയൊക്കെ മൃഗങ്ങളെ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യങ്ങളാണ്.   

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സാബിൻ ജോർജ്. ഡോ. എം.മുഹമ്മദ് ആസിഫ്

English summary: Efficiency of Probiotics in Farm Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com