ADVERTISEMENT

'കോട്ടയത്ത് എത്ര മത്തായിമാരുണ്ട്' എന്ന് പറഞ്ഞപോലെ നാട്ടിലെത്ര പേപ്പട്ടികളുണ്ട് എന്ന ചോദ്യം ചോദിക്കേണ്ട അവസ്ഥ.

അതീവ ഗുരുതരാവസ്ഥയില്‍ 11 വയസുള്ള കുട്ടി വെന്റിലേറ്ററില്‍ കഴിയുമ്പോഴും നാം ചര്‍ച്ചചെയ്യുന്നത് വാക്‌സീന്റെ ഗുണനിലവാരത്തെക്കുറിച്ചും കണ്ണില്‍ കടികിട്ടിയാല്‍ എത്ര മണിക്കൂറിനുള്ളില്‍ തലച്ചോറില്‍ അണുബാധയേല്‍ക്കുമെന്നാണ്. എന്തുകൊണ്ട് തെരുവില്‍നിന്ന് കടി കിട്ടുന്നു എന്ന് ചര്‍ച്ചയാകുന്നില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ ഈ വാര്‍ത്തകളൊക്കെ കെട്ടടങ്ങും, മറ്റൊരു പട്ടികടി വാര്‍ത്തയാകുന്നതുവരെ.

തെരുവിലെ പട്ടി ഓടിച്ചിട്ടു മനുഷ്യരെ കടിക്കുന്നു. നിയമസഭയില്‍ ചര്‍ച്ചയാകുന്നു. വാക്‌സീന്‍ പരിശോധിച്ചെന്ന് വകുപ്പു മന്ത്രി. ഇല്ലെന്ന് പ്രതിപക്ഷം. എന്നാല്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി. തെരുവിലെ പട്ടി കടിക്കാതിരിക്കാന്‍ വീട്ടിലെ പട്ടികള്‍ക്കെല്ലാം 15 ദിവസത്തിനുള്ളില്‍ വാക്‌സീനും നല്‍കി ലൈസന്‍സും നല്‍കാമെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. പിന്നീട് തെരുവിലെ പട്ടി കടിക്കില്ലല്ലോ!

കേരളത്തില്‍ രണ്ടര ലക്ഷം തെരുവുനായ്ക്കളുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. ഇതിന്‌റെ ആധികാരികത ഇന്നുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. ഭാഗ്യം! അല്ലെങ്കില്‍ ചര്‍ച്ച ആ വഴിക്കായേനെ. 

രണ്ടു ബ്ലോക്കില്‍ ഒന്നു വീതം ശ്വാന വന്ധ്യംകരണ കേന്ദ്രം തുടങ്ങാന്‍ തീരുമാനമായി. എല്ലാവിധ ആധുനിക സംവിധാനവും കേന്ദ്രത്തിലുണ്ടാകണം. ശസ്ത്രക്രിയ നടത്തിപ്പിലും പരിപാലനത്തിനും പട്ടിപിടിത്തത്തിനും ആളെ കണ്ടെത്തി പരിശീലിപ്പിക്കണം. അതിനു സമയമെടുക്കും. അപ്പോഴും പേ ഉള്ളതും ഇല്ലാത്തതുമായ നായ്ക്കള്‍ തെരുവില്‍ മനുഷ്യരെ കടിച്ചുകൊണ്ടേയിരിക്കും.

ഒരു വര്‍ഷം എത്ര പട്ടികളെ വന്ധ്യംകരിക്കും? കേരളത്തിലെ എല്ലാ പട്ടികളെയും വന്ധ്യംകരിക്കാന്‍ എത്ര വര്‍ഷമെടുക്കും? വന്ധ്യംകരിച്ച് തെരുവില്‍ തിരികെവിടുന്ന പട്ടികള്‍ വീണ്ടും തെരുവിലെ പ്രശ്‌നമായി മാറില്ലേ? തെരുവുനായയ്ക്ക് വാക്‌സീന്‍ നല്‍കിയാല്‍ പേവിഷബാധയില്‍നിന്നും പൂര്‍ണ സുരക്ഷിതമാകുമോ? ഇതിനു മറുപടി പറയേണ്ടത് മൃഗസംരക്ഷണ വകുപ്പാണ്.

നിലവില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളില്‍ എത്രയെണ്ണത്തിന് പേവിഷബാധയുണ്ട്? ആര്‍ക്കറിയാം! 

വാക്‌സീനും വന്ധ്യംകരണത്തിനുമായി കോടികള്‍ വേണം. കൂടാതെ കടിയേറ്റ് വരുന്ന മനുഷ്യരുടെ ചികിത്സയ്ക്കും വാക്‌സീനുമായി വേറെയും കോടികള്‍. 

കുറ്റവാളികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനു പകരം അവര്‍ക്ക് ബോധവല്‍കരണം നടത്തുന്നപോലെയാണ് നമ്മുടെ നടപടികള്‍. ''തെരുവുനായ പ്രശ്‌നത്തിന് നായ്ക്കളെ വന്ധ്യംകരിച്ച് വാക്‌സീന്‍ നല്‍കി, പ്രത്യേക സ്ഥലത്ത് പുനരധിവസിപ്പിക്കണം''. അല്ലാതുള്ള പ്രസ്താവനകളും പ്രവര്‍ത്തികളും വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് പറയേണ്ടിവരും.

English summary: Solution to controlling stray dog population in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com