തക്കുവിന് കന്നിപ്രസവവേദന, മണിക്കൂറുകൾ വീട്ടുകാരുടെ കാത്തിരിപ്പ്, ഒടുവിൽ സംഭവിച്ചത്...
Mail This Article
വീട്ടിൽ വളർത്തുന്ന തക്കുവെന്നു സ്നേഹത്തോടെ വിളിക്കുന്ന കുഞ്ഞനാടിന്റെ കന്നിപ്രസവം കാത്തിരിപ്പായിരുന്നു കഴിഞ്ഞ അഞ്ചു മാസമായി കാസർകോഡ് കാഞ്ഞങ്ങാടിനടുത്ത് മടിക്കൈ ഗ്രാമത്തിലുള്ള റംലയുടെ കുടുംബം. സമീപത്തുള്ള ഒരു എയ്ഡഡ് സ്കൂളിൽ സ്റ്റാഫായ റംല പണ്ടു മുതലേയുള്ള ഒരിഷ്ടത്തിന്റെ പുറത്താണ് ആടുവളർത്തൽ തുടങ്ങിയത്. ഉച്ചമുതൽ തക്കു പ്രസവം അടുത്തതിന്റെ ലക്ഷണങ്ങൾ പരവേശമായും വെപ്രാളമായുമെല്ലാം കാണിച്ചുതുടങ്ങിയെങ്കിലും ഗർഭപാത്രത്തിൽനിന്ന് കുഞ്ഞുമാത്രം പുറത്തുവന്നില്ല. ആടുകളുടെ പ്രസവത്തെക്കുറിച്ച് ധാരണ കുറവായതിനാൽ തന്റെ സുഹൃത്തുക്കളിൽ ചിലരെ വിളിച്ച് കാര്യങ്ങൾ തിരക്കിയെങ്കിലും കാത്തിരിക്കാനായിരുന്നു അവരുടെ മറുപടി. തക്കുവിന്റെ പ്രയാസങ്ങൾ കൂടുകയും സന്ധ്യവരെ കാത്തിരുന്നിട്ടും കുഞ്ഞു പുറത്തുവരാതിരിക്കുകയും ചെയ്തതോടെയാണ് കാത്തിരിപ്പ് മതിയാക്കി ഡോക്ടറെ വിളിക്കാൻ അവർ തീരുമാനിച്ചത്.
മൃഗസംരക്ഷണ വകുപ്പിൽ എമർജൻസി വെറ്ററിനറി സർജനും കാസർകോഡ് കാഞ്ഞങ്ങാട് മേഖലയിലെ യുവവെറ്ററിനറി പ്രാക്ടീഷണറുമായ ഡോ. നിധീഷ് ഗണേഷിനെ തേടിയാണ് തന്റെ അരുമയാടിനെ രക്ഷിക്കണമെന്ന ആവശ്യവുമായി വീട്ടമ്മയുടെ ഫോൺകാൾ എത്തിയത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ആടിന് ഉച്ചയ്ക്ക് പ്രസവവേദന ആരംഭിച്ചിട്ടും ഇതുവരെ പ്രസവം നടന്നില്ലെന്ന് കേട്ടതോടെ കാര്യത്തിന്റെ ഗൗരവം ഡോക്ടർക്ക് ബോധ്യമായി. പ്രസവലക്ഷണങ്ങൾ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്തുവന്നില്ലങ്കിൽ കാരണങ്ങൾ പലതാവാം. വിഷമപ്രസവവും പ്രസവതടസ്സവും മുതൽ ഗർഭപാത്രത്തിന്റെ തിരിയൽ വരെ ആടുകളിൽ പ്രസവം വൈകുന്നതിനിടയാക്കാം. പ്രസവതടസ്സം സങ്കീർണമായാൽ ആടിന്റെ ജീവൻ തന്നെ അപകടത്തിലാകും. അടിയന്തരസാഹചര്യം മനസിലാക്കിയ ഡോക്ടർ ഉടൻ എത്താമെന്ന് അവർക്ക് ഉറപ്പുനൽകി.
ആട്ടിൻകുഞ്ഞിനെ പുറന്തള്ളാൻ കഴിയാതെ പ്രസവവെപ്രാളവും പരവേശവും കാണിക്കുന്ന ആടിനെ വിശദമായി പരിശോധിച്ചതോടെ പ്രസവതടസത്തിന്റെ കാരണം ഡോക്ടർക്ക് ബോധ്യമായി. ഗർഭപാത്രം നിശ്ചിതസ്ഥാനത്ത് നിന്നും വലത്തോട്ട് തിരിഞ്ഞുപോയിരിക്കുന്നു. കന്നുകാലികളിൽ ടോർഷൻ എന്നറിയപ്പെടുന്ന പ്രസവതടസമാണിത്. കുഞ്ഞിനെ വഹിക്കുന്ന ഗർഭപാത്രത്തിന് നിശ്ചിതസ്ഥാനത്തുനിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിവ് സംഭവിച്ചാൽ ഒരു ബലൂൺ വീർപ്പിച്ച് മുറുക്കി കെട്ടിയ പോലെ ഗർഭനാളി മുറുകുകയും ഗർഭാശയമുഖം അടയുകയും കുഞ്ഞിന് പുറത്തുവരാൻ കഴിയാതെയുമാവും. പ്രസവവേളയിൽ ടോർഷൻ എന്ന സാഹചര്യം ആടുകളിലും എരുമകളിലും വളരെ സാധാരണയാണ്. പശുക്കളിലും സംഭവിക്കാറുണ്ട്. ഗർഭപാത്രത്തെ ഉള്ളിൽ പിടിച്ചുനിർത്തിയ ലിഗമെന്റുകൾക്ക് സംഭവിക്കുന്ന സ്ഥാനഭ്രംശമാണ് ഗർഭപാത്രതിരിച്ചിലിന്റെ കാരണം. തിരിച്ചിൽ 90 ഡിഗ്രി മുതൽ 360 ഡിഗ്രി വരെയാവാം.
ഗർഭപാത്രത്തെ താങ്ങി നിർത്തിയിരിക്കുന്ന ലിഗമെന്റുകൾക്ക് സ്ഥാനഭ്രംശം സംഭവിക്കുന്നതിന്റെ കാരണം കൃത്യമായി പറയൽ പ്രയാസമാണ്. പശുക്കളും ആടുകളുമെല്ലാം പ്രസവസമയത്ത് കുഞ്ഞിനെ പുറന്തള്ളാൻ പലതവണ പരിശ്രമം നടത്തിയിട്ടും പ്രസവത്തിന്റെ ആരംഭലക്ഷണമായ വാട്ടർ ബാഗ് എന്ന് വിളിക്കുന്ന തണ്ണീർക്കുടം പോലും പുറത്തുവരാതിരിക്കൽ ടോർഷൻ സംഭവിച്ചതിന്റെ പ്രധാനസൂചനയാണ്. ടോർഷൻ സംഭവിച്ച കന്നുകാലികൾ വേദന കാരണം അസ്വസ്ഥതകൾ കാണിക്കുകയും നിരന്തരമായി കരയുകയും തുടരെ തുടരെ കിടക്കുകയും എഴുന്നേൽക്കുകയുമെല്ലാം ചെയ്യും. സമയം ഏറെ വൈകിയതിനാലും ഗർഭപാത്രതിരിച്ചിലിനൊപ്പം ശരീരവളർച്ച കുറഞ്ഞ ആടായതിനാൽ പ്രസവനാളിക്കു വേണ്ടത്ര വികാസമില്ലാത്തതിനാലും കുഞ്ഞിനെ പുറത്തെടുക്കാനും ആടിന്റെ ജീവൻ രക്ഷിക്കാനും ഇനിയുള്ള ഒരേ ഒരുവഴി പ്രസവശസ്ത്രക്രിയ മാത്രം. സിസേറിയൻ ചെയ്യാൻ തന്നെ ഡോക്ടർ തീരുമാനിച്ചു, കർഷകയ്ക്കും സമ്മതം. ശസ്ത്രക്രിയ വേണ്ടി വരുന്ന ഇത്തരം സന്ദർഭങ്ങളിൽ ഉടമയായ കർഷകരുടെ സമ്മതം വളരെ പ്രധാനമാണ്.
ഒടുവിൽ സിസേറിയൻ; കാർ പോർച്ച് ഓപറേഷൻ തീയേറ്ററാക്കി ഡോക്ടർമാർ
പിന്നീടുള്ള കാര്യങ്ങൾ വളരെ പെട്ടന്നായിരുന്നു. വീടിന്റെ പോർച്ച് നിമിഷ നേരം കൊണ്ട് ഓപറേഷൻ തീയേറ്ററായി, വീട്ടിലെ പ്ലാസ്റ്റിക് ടേബിൾ ഓപറേഷൻ ടേബിളായി. അനസ്തീഷ്യ നൽകാനുള്ള മരുന്നുകൾ മുതൽ സിസേറിയനുള്ള മറ്റ് അത്യാവശ്യ സജ്ജീകരണങ്ങൾ വരെ പോർച്ചിൽ നിരന്നു. നിധീഷ് ഡോക്ടറെ ശസ്ത്രക്രിയയിൽ സഹായിക്കാൻ സുഹൃത്തും കാഞ്ഞങ്ങാട് ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റലിലെ വെറ്ററിനറി സർജൻ ഡോ. എസ്.ജിഷ്ണുവും ഉണ്ടായിരുന്നു. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം അണുവിമുക്തമാക്കുകയും അനസ്തീഷ്യ നൽകുകയും ചെയ്തതോടെ ശസ്ത്രക്രിയയ്ക്ക് തുടക്കമായി. പരമാവധി വേഗത്തിൽ വിജയകരമായി പൂർത്തിയാക്കിയ സിസേറിയൻ ശസ്ത്രക്രിയക്കൊടുവിൽ ഗർഭപാത്രത്തിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ആടിനുമാത്രമല്ല വീട്ടുകാർക്കും ആശ്വാസം. പ്രസവലക്ഷണങ്ങൾ തുടങ്ങിയിട്ട് സമയം ഏറെ വൈകിയതിനാൽ ആട്ടിൻകുഞ്ഞ് മരണത്തിന് കീഴടങ്ങിയെങ്കിലും തക്കുവാടിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കൃത്യസമയത്തുള്ള ഇടപെടലിനായി. വിഷമപ്രസവത്തിന്റെയും ശസ്ത്രക്രിയയുടെയും വേദനയെല്ലാം മറന്ന് തക്കുവിപ്പോൾ സുഖമായിരിക്കുന്നു. ദിവസവും ഡോക്ടറുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയാനന്തരചികിത്സയും പരിചരണവും തക്കുവിനുണ്ട്.
ആടുകളുടെ ബ്രീഡിങ്ങും പ്രസവവും ശ്രദ്ധിക്കാൻ പത്തു കാര്യങ്ങൾ
1. ആടുകളെ പ്രജനനത്തിനായി ഉപയോഗിക്കുമ്പോള്‍ അവയുടെ ഭാരവും പ്രായവും പരിഗണിക്കേണ്ടത് പ്രധാനമാണ്. മലബാറി ആടുകളിൽ 9 -10 മാസം പ്രായം ഇണചേർക്കാനും കൃത്രിമ ബീജാധാനം നടത്താനും ഉത്തമമായ സമയമാണ്. ഈ ഘട്ടത്തിൽ ആടുകൾ പൂർണ്ണവളർച്ചയിൽ കൈവരിക്കുന്ന ശരീരതൂക്കത്തിന്റെ 60 ശതമാനം ( മലബാറി ആടുകളിൽ 18 - 20 കിലോഗ്രാം ശരീരതൂക്കം, പൂർണ്ണവളർച്ചയിൽ മലബാറി പെണ്ണാടുകൾ 30-35 കിലോഗ്രാം വരെ തൂക്കമെത്തും ) എങ്കിലും എത്തിയിട്ടുണ്ട് എന്നത് ഉറപ്പാക്കണം. മതിയായ ശരീരവളര്‍ച്ചയെത്തിയിട്ടില്ലാത്ത പെണ്ണാടുകളെ ഇണചേര്‍ത്താല്‍ പ്രസവതടസമടക്കമുള്ള സങ്കീര്‍ണ്ണതകള്‍ക്കും കുഞ്ഞിനെയും അമ്മയാടിനെയും നഷ്ടപ്പെടാനും സാധ്യതയേറെയാണ്.
2. ആണാടുകളെ പ്രായമെത്തുന്നതിന് മുന്‍പ് പ്രജനനാവശ്യത്തിനായി ഉപയോഗിച്ച് തുടങ്ങിയാല്‍ ക്രമേണ വന്ധ്യത, ബീജത്തിന്റെ ഗുണനിലവാരം കുറയല്‍, ലൈംഗികവിരക്തി തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയാക്കും. 12-14 മാസം പ്രായമെത്തുമ്പോള്‍ മലബാറി മുട്ടനാടുകളെ പ്രജനനത്തിനായി ഉപയോഗിക്കാം. ബീറ്റല്‍, സിരോഹി പോലുള്ള വലിയ ഇനം ആടുകളാണെങ്കില്‍ 12-14 മാസം പ്രായമെത്തുമ്പോള്‍ പെണ്ണാടുകളെയും 16-18 മാസം പ്രായമെത്തുമ്പോള്‍ മുട്ടനാടുകളെയും പ്രജനനത്തിനായി ഉപയോഗിച്ച് തുടങ്ങാം.
3. പൊതുവെ നല്ലരീതിയിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിനാൽ ആടുകളിൽ മദി (Heat) തിരിച്ചറിയാൻ എളുപ്പമാണ്. നല്ല പോഷകാഹാരം നൽകി വളർത്തി പ്രായപൂർത്തിയെത്തിയ പെണ്ണാടുകൾ സാധാരണഗതിയിൽ എല്ലാ 18-24 ദിവസം ഇടവേളയിൽ മദിലക്ഷണങ്ങള്‍ കാണിക്കും. ശരാശരി ഇത് 21 ദിവസമാണ്. രോഗങ്ങൾ, കാലാവസ്ഥ, തീറ്റയുടെ ഗുണമേന്മ, മുട്ടനാടിന്റെ സാമീപ്യം എന്നിവയെല്ലാം പെണ്ണാടുകളുടെ മദിചക്രത്തിന്റെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മദിയുടെ ലക്ഷങ്ങൾ പ്രകടിപ്പിക്കാൻ ആൺസാമീപ്യം ഏറെ ആവശ്യമുള്ള ഒരു വളർത്തുമൃഗമായതിനാൽ മുട്ടനാടുകളുടെ അസാന്നിധ്യം പലപ്പോഴും പെണ്ണാടുകളിൽ മദി വൈകാൻ കാരണമാവാറുണ്ട്. സാധാരണഗതിയിൽ മദിയുടെ ദൈർഘ്യം18 മുതൽ പരാമാവധി 36 മണിക്കൂർ വരെ നീണ്ടുനിൽക്കും. പ്രജനനസ്വഭാവമനുസരിച്ച് മദിക്കാലം 48 മണിക്കൂർ വരെ നീളാനും ഇടയുണ്ട്. മദിലക്ഷണങ്ങൾ തുടങ്ങിയതിനു ശേഷം 12 -18 മണിക്കൂറിനുള്ളിൽ ആടുകളെ ഇണചേർക്കുന്നതാണ് ഏറ്റവും ഉചിതം. കൃത്രിമ ബീജാധാനം നടത്തുന്നതെങ്കിലും ഈ രീതിയാണ് ഉചിതം. 24 മണിക്കൂറിലധികം മദിലക്ഷണങ്ങൾ നീണ്ടുനിൽക്കുന്ന ആടുകളെ അടുത്ത ദിവസം വീണ്ടും ഇണ ചേർക്കാവുന്നതാണ്.
4. പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനന യൂണിറ്റായി (ബ്രീഡിങ് യൂണിറ്റ്) വേണം ഫാമിനെ ചിട്ടപ്പെടുത്തേണ്ടത്. അഞ്ച് മുതല്‍ പതിനഞ്ച് വരെ പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് ലിംഗാനുപാതം. ഇത് പരമാവധി 25-30 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ലിംഗാനുപാതം വരെയാവാം. അഞ്ചു വയസ്സിനു മുകളിലുള്ള മുട്ടനാടുകളെയും എട്ടു വയസ്സിനു മുകളിലുള്ള പെണ്ണാടുകളെയും പ്രജനനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. ഒരു മുട്ടനാടിന്റെ 2 മുതല്‍ 5 വയസ് വരെയുള്ള പ്രായയളവാണ് അവയെ പ്രജനനാവശ്യത്തിന് ഉപയോഗിക്കാന്‍ ഏറ്റവും ഉത്തമം. പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ പരമാവധി ശുദ്ധജനുസ്സ് തന്നെയായിരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. നല്ല ആരോഗ്യവും വളര്‍ച്ചയും ഇവര്‍ക്ക് ഉറപ്പാക്കണം. സ്ഥിരമായി പ്രജനനാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ക്ക് ആഴ്ചയില്‍ 2 ദിവസമെങ്കിലും ബ്രീഡിങ് റെസ്റ്റ് നല്‍കണം. പ്രജനനാവശ്യത്തിനായുള്ള മുട്ടനാടുകളെ ഒരുമിച്ച് പാർപ്പിക്കാതെ പ്രത്യേകം പ്രത്യേകം കൂടുകളില്‍ വേണം പാര്‍പ്പിക്കാന്‍.
5. വ്യത്യസ്ത ജനുസ്സുകള്‍ തമ്മിലുള്ള (ഉദാഹരണത്തിന് മലബാറി പെണ്ണാടും സിരോഹി മുട്ടനാടും) സങ്കരപ്രജനനരീതി (ക്രോസ് ബ്രീഡിങ്) ആണ് ഫാമില്‍ സ്വീകരിക്കുന്നതെങ്കില്‍ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. സങ്കരപ്രജനനം വഴിയുണ്ടാവുന്ന ഒന്നാം തലമുറ മുട്ടനാട്ടിന്‍ കുട്ടികളെ മുഴുവന്‍ മൂന്ന്, ആറു മാസം പ്രായമെത്തുമ്പോള്‍ വിറ്റൊഴിവാക്കണം. സങ്കരപ്രജനനം വഴി ജനിക്കുന്ന പെണ്ണാട്ടിന്‍കുഞ്ഞുങ്ങളില്‍നിന്നും ഏറ്റവും വളര്‍ച്ചനിരക്കുള്ള 20-30% കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് വളര്‍ത്തി പിന്നീട് പ്രജനനത്തിന് ഉപയോഗിക്കാം. ഇങ്ങനെ തിരഞ്ഞെടുത്തവയില്‍ നിന്നുണ്ടാവുന്ന സങ്കരയിനം രണ്ടാം തലമുറ കുട്ടികളെ വീണ്ടും പ്രജനനത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇവയെ മൂന്ന്, ആറ് മാസം പ്രായമെത്തുമ്പോള്‍ വില്‍ക്കാം.
6. ഗർഭധാരണം നടന്ന ചില ആടുകൾ ഗർഭകാലയളവിൽ മദി കാണിക്കാറുണ്ട് . ഗർഭകാലമദി എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നു. ഗർഭത്തിന്റെ രണ്ട്, മൂന്ന് മാസങ്ങളിലാണ് ഗർഭകാലമദി കാണിക്കാൻ ഏറ്റവും സാധ്യത. മുൻപ് ഇണചേർത്തതോ കൃത്രിമബീജാധാനം നടത്തിയതോ ആയ ഗർഭിണിയാവാൻ ഇടയുള്ള ആടുകളെ വീണ്ടും കൃത്രിമബീജാധാനം നടത്തുമ്പോൾ അവ ഗർഭിണിയല്ലെന്ന കാര്യം ഡോക്ടറുടെ സഹായത്തോടെ തീർച്ചയായും ഉറപ്പിക്കണം. ഗർഭിണി ആടുകളെ കൃത്രിമബീജാധാനത്തിന് വിധേയമാക്കിയാൽ ഗർഭം അലസുമെന്ന കാര്യം തീർച്ചയാണ്. ഗർഭകാല മദി കാണിക്കുന്ന ആടുകളുമായി മുട്ടനാടുകൾ സാധാരണ ഇണചേരാറില്ല .
7. പശുക്കളെയും എരുമകളെയും അപേക്ഷിച്ച് പെണ്ണാടുകളുടെ പ്രത്യുല്‍പ്പാദനപ്രവര്‍ത്തനങ്ങളില്‍ ആണ്‍ സ്വാധീനം ഏറെയുള്ള വളര്‍ത്തുമൃഗമാണ് ആട്. മുട്ടനാടുകളുടെ ശരീരത്തിലെ കോർന്വൽ ( Cornual sebaceous gland) ഗ്രന്ധികളിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഫിറമോണുകളുടെ (Pheromones) ഗന്ധം പെണ്ണാടുകളുടെ പ്രത്യുൽപാദനപ്രക്രിയയെ ഉത്തേജിപ്പിക്കും. ബക്ക് എഫക്ട് (Buck effect) എന്നാണ് ഈ പെണ്ണാടുകളുടെ പ്രത്യുൽപാദനപ്രവർത്തനങ്ങളിലുള്ള ഈ ആൺ സ്വാധീനം അറിയപ്പെടുന്നത്. പെണ്ണാടുകള്‍ നേരത്തെ മദിയിലെത്താനും, തീവ്രമായി മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും പ്രസവാനന്തര മദി വേഗത്തിലാകാനും കൂടുതല്‍ അണ്ഡങ്ങള്‍ ഉത്സര്‍ജിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവാനുമൊക്കെ മുട്ടനാടിന്റെ സാന്നിധ്യം അഥവാ ബക്ക് എഫക്ട് ഏറെ പ്രധാനമാണ്. കൂടുതൽ എണ്ണം ആടുകളെ വളർത്തുന്ന ഫാമുകളാണെങ്കിൽ പൂർണ്ണമായും കൃത്രിമബീജാധാനത്തെ ആശ്രയിക്കാതെ മികച്ച ഒന്നോ രണ്ടോ മുട്ടനാടുകളെ ഫാമിൽ പരിപാലിക്കുന്നത് എപ്പോഴും അഭികാമ്യമാണ്. അനിവാര്യഘട്ടങ്ങളിൽ കൃത്രിമ ബീജാധാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
8. ഇണചേർക്കുമ്പോൾ പെണ്ണാടുകളുമായി യാതൊരു തരത്തിലുള്ള രക്തബന്ധവും മുട്ടനാടുകള്‍ക്ക് ഉണ്ടാവാന്‍ പാടില്ല. രക്തബന്ധമുണ്ടെങ്കിൽ അത് അന്തര്‍പ്രജനനത്തിനിടയാക്കും. ഫാമില്‍ ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കിടയിലെ കൂടിയ മരണനിരക്കും കുറഞ്ഞ ജനനതൂക്കവും (രണ്ട് കിലോഗ്രാമിലും കുറവ്) വളർച്ച മുരടിപ്പും അന്തര്‍പ്രജനനം സംഭവിച്ചതിന്റെ പ്രധാന സൂചനകളാണ്. അന്തര്‍പ്രജനനം വഴിയുണ്ടാവുന്ന കുട്ടികള്‍ക്ക് വളര്‍ച്ചനിരക്കും രോഗപ്രതിരോധശേഷിയും ശരീരഭാരവുമെല്ലാം കുറവായിരിക്കും. ജനിതക ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയുണ്ട്. ഒരേ വംശാവലിയിൽ പെട്ടതും രക്തബന്ധമുള്ളതുമായ ആടുകള്‍ തമ്മില്‍ ഇണചേരാനുള്ള സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കണം. പ്രജനനപ്രവർത്തങ്ങൾ കൃത്യവും ശാസ്ത്രീയവുമാകാൻ ഫാമിൽ പ്രജനന റജിസ്റ്ററുകൾ സൂക്ഷിക്കണം. കൂടുതൽ ആടുകളുള്ള ഫാമുകളാണെങ്കിൽ ആടുകളുടെ കാതിൽ പ്രത്യേകം നമ്പറുകളുള്ള പോളിയൂറിത്തേൻ ചെവിക്കമ്മലുകൾ അടിക്കുന്നത് തിരിച്ചറിയൽ എളുപ്പമാക്കും. പെണ്ണാടുകളെ വാങ്ങിയ സ്ഥലത്ത് നിന്നോ പ്രസ്തുത പ്രദേശത്തോ നിന്നോ തന്നെ മുട്ടനാടുകളെയും വാങ്ങുന്നത് ഒഴിവാക്കണം . ഫാമിൽ അന്തര്‍പ്രജനനം നടക്കാനുള്ള ചെറിയ സാധ്യതകൾ പോലും ഒഴിവാക്കുന്നതിനായി ഓരോ ഒന്നേകാൽ - ഒന്നരവര്‍ഷം കൂടുമ്പോഴും ഫാമിലെ മുട്ടനാടുകളെ മാറ്റി (Buck rotation) പുതിയ മുട്ടന്മാരെ പ്രജനനാവശ്യത്തിനായി കൊണ്ടുവരാന്‍ മറക്കരുത്.
9. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ അവസാന ആഴ്ചകളില്‍ പ്രഗ്നന്‍സി ടോക്സീമിയ എന്ന ഉപാപചയ രോഗാവസ്ഥയ്ക്ക് ആടുകളിൽ സാധ്യതയുണ്ട്. ആടുകൾക്ക് ധാരാളം ഊർജം ആവശ്യമായ ഈ കാലയളവിൽ ശരീരത്തിൽ ഊർജത്തിന്റെ അളവ് കുറയുന്നതാണ് ഇതിന്റെ കാരണം. രണ്ടില്‍ അധികം കുഞ്ഞുങ്ങള്‍ ഗര്‍ഭാശയത്തിലുള്ള മലബാറി ആടുകളില്‍ പ്രഗ്നന്‍സി ടോക്സീമിയ സാധാരണ കണ്ടുവരാറുണ്ട്. ഇതൊഴിവാക്കാന്‍ ധാരാളം പച്ചപ്പുല്ലും ഊര്‍ജസാന്ദ്രത ഉയര്‍ന്ന ചോളപ്പൊടി ഉൾപ്പെടെയുള്ള ധാന്യപ്പൊടികൾ, പുളിങ്കുരുപ്പൊടി, കപ്പപ്പൊടി തുടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ 250 - 350 ഗ്രാം എങ്കിലും കൈതീറ്റയായി ആടിന് നല്‍കണം. ധാതുജീവകങ്ങൾ ഗർഭസ്ഥകിടാവിന്റെ ശരീരവളർച്ചയ്ക്കും അകാലത്തിലുള്ള ഗർഭമലസൽ ഒഴിവാക്കാനും പ്രധാനമായതിനാൽ ഈ പോഷകങ്ങൾ അടങ്ങിയ ഒരു ധാതുജീവക മിശ്രിതം ഗർഭിണിആടുകളുടെ തീറ്റയിൽ ഉൾപ്പെടുത്തണം .
10. ആടിന്റെ ഗര്‍ഭകാലം 150 ദിവസമാണ്. ഈ കാലയളവിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പൂർണ ഗർഭിണികളായ ആടുകളെ മറ്റുള്ള ആടുകളിൽ നിന്നും മാറ്റി പാർപ്പിക്കണം. അടുത്തകാലത്ത് ഗർഭമലസൽ സംഭവിച്ച ആടുകളുമായി ഇടപഴകാൻ ഗർഭിണി ആടുകളെ അനുവദിക്കരുത്. ഫാമിൽ തുടര്‍ച്ചയായി ഗര്‍ഭമലസല്‍, വന്ധ്യത സംഭവിക്കുന്നത് ബ്രൂസല്ല ക്ലമീഡിയ ലിസ്റ്റീരിയ മൈക്കോപ്ലാസമ തുടങ്ങിയ സാംക്രമിക രോഗകാരികൾ കാരണമാകാന്‍ സാധ്യത ഉയര്‍ന്നതാണ്. തുടര്‍ച്ചയായി മദിലക്ഷണങ്ങള്‍ പ്രകടമാകാന്‍ വൈകല്‍, തുടര്‍ച്ചയായ ഗര്‍ഭമലസല്‍ കുഞ്ഞുങ്ങളുടെ ഉയര്‍ന്ന മരണനിരക്ക്, കുറഞ്ഞശരീരഭാരം തുടങ്ങിയ പ്രശ്നങ്ങള്‍ ഫാമിലെ ആടുകളില്‍ കണ്ടാല്‍ മടിക്കാതെ വിദഗ്‌ധസഹായം തേടണം. ഗര്‍ഭിണി ആടുകള്‍ക്ക് ഗര്‍ഭത്തിന്റെ 3,4 മാസങ്ങളില്‍ രണ്ട് ഡോസ് ടെറ്റ്നസ് പ്രതിരോധ വാക്സിനുകള്‍ കുത്തിവയ്പ്പായി നല്‍കണം. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ചകള്‍ക്ക് മുന്‍പ് വിരകള്‍ക്കെതിരെ മരുന്ന് നല്‍കുന്നത് ഫലപ്രദമാണ്. പ്രസവത്തോടനുബന്ധിച്ച് ചില ആടുകളിൽ പ്രസവതടസ്സം, ഗർഭാശയം പൂർണ്ണമായോ ഭാഗികമായോ പുറന്തള്ളൽ, കാത്സ്യം കുറഞ്ഞ് കുഴഞ്ഞുവീഴൽ തുടങ്ങിയ സങ്കീർണ്ണതകൾ കണ്ടുവരാറുണ്ട്. ആടുകളുടെ ജീവൻ തന്നെ അപകടത്തിലാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം സാഹചര്യങ്ങളിൽ കാത്തുനിൽക്കാതെ അടിയന്തിര വിദഗ്‌ധ ചികിത്സ ആടുകൾക്ക് ഉറപ്പാക്കണം.
English summary: Cesarean Section in Goat