ADVERTISEMENT

വീടിനുള്ളിലെ ചെറിയ സ്ഥലത്ത് പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണം വളർത്തിയെടുക്കുകയാണ് എറണാകുളം ഞാറയ്ക്കൽ മരോട്ടിക്കൽ വീട്ടിൽ ദീപു. ചെറിയ പ്ലാസ്റ്റിക് ട്രേയിൽ തവിടിൽ തീർത്ത ബെഡ്ഡിൽ ഉരുളക്കിഴങ്ങ് കഴിച്ച് വളരുന്നത് ആയിരക്കണക്കിന് വണ്ടുകളും പുഴുക്കളും. മികച്ച പ്രോട്ടീൻ ഉറവിടമായ മീൽ വേം വണ്ടുകളെയും പുഴുക്കളെയും വളര്‍ത്താന്‍ തുടങ്ങിയത് അലങ്കാരപ്പക്ഷിവളര്‍ത്തലിന്റെ ഭാഗമായാണെങ്കിലും വിദേശത്തുനിന്നുവരെ ഡിമാന്‍ഡ് വന്നതോടെ ദീപുവിന് ഇപ്പോഴിത് ആദായ സംരംഭം. 

വിദേശരാജ്യങ്ങളിൽ മീൽ വേം മനുഷ്യരുടെ ഭക്ഷണമാണെങ്കിലും നമ്മുടെ നാട്ടില്‍ അരുമപ്പക്ഷികളുടെ തീറ്റ എന്ന നിലയ്ക്കാണ് പ്രചാരം. പറക്കാന്‍ ശേഷിയില്ലാത്ത യെല്ലോ മീല്‍ വേം ബീറ്റിലുകളുടെ ലാര്‍വയാണ് മീല്‍ വേം. തവിടിലോ ഓട്‌സിലോ വളര്‍ത്തി ഉരുളക്കിഴങ്ങ്, കാബേജ്, ലെറ്റ്യൂസ് എന്നിവ ഭക്ഷണമായി നല്‍കി വലിയ പരിചരണമോ ശ്രദ്ധയോ ഇല്ലാതെ അനായാസം വളര്‍ത്താം ഇവയുടെ ചെറു വണ്ടുകളെയും അവയുടെ പുഴുക്കളെയും. അലങ്കാരപ്പക്ഷികളെ വളര്‍ത്തുന്ന ദീപു, അവയ്ക്ക് പ്രകൃതിയില്‍നിന്നു ലഭിക്കുന്ന വിധത്തിലുള്ള നല്ല ഭക്ഷണം എങ്ങനെ നല്‍കാം എന്ന അന്വേഷണത്തിനൊടുവില്‍ ചെന്നെത്തിയതാണ് മീല്‍ വേമില്‍. പുണെയില്‍നിന്ന് കുറിയര്‍വഴി ആറായിരത്തോളം പുഴുക്കളെ വരുത്തിയാണ് തുടക്കം.  

ശരീരത്തിൽ സ്വർണവളയങ്ങൾ രൂപപ്പെടുന്നതോടെ മീൽവേം ലാർവകളുടെ വളർച്ച  അവസാനിക്കുന്നു. തുടർന്ന് സമാധിയിലേക്കു പ്രവേശിക്കുന്ന അവ മൂന്നാഴ്ച പിന്നിടുമ്പോൾ വണ്ടായി മാറുന്നു. സമാധിയിൽനിന്ന് ബ്രൗൺ നിറത്തിൽ പുറത്തുവരുന്ന വണ്ട് ഏതാനും നാളുകൾക്കകം കറുത്ത നിറത്തിലാകും. അപ്പോഴാണ് ഭക്ഷണം കഴിച്ചുതുടങ്ങുക. 

‌കുറഞ്ഞ മുതൽമുടക്കും വളര്‍ത്തല്‍ചെലവുമാണ് മീൽവേം കൾച്ചറിന്റെ പ്രത്യേകത. ഒരു തവണ ലാർവകളെ പുറമേനിന്നു വാങ്ങിയാൽ അവയിൽനിന്ന് പുതിയ വണ്ടുകളെയും ലാർവകളെയും വർഷങ്ങളോളം ഉൽപാദിപ്പിക്കാം. അതുകൊണ്ട് ആവർത്തനച്ചെലവില്ല.

meal-worms
സമാധി ഘട്ടത്തിലേക്ക് എത്താറായ ലാർവ

തവിടും ഉരുളക്കിഴങ്ങും

ഓട്സും തവിടുമെല്ലാം നല്‍കാമെങ്കിലും ഗോതമ്പുതവിടും വലുപ്പമുള്ള ഉരുളക്കിഴങ്ങുമാണ് ദീപു കൊടുക്കുന്നത്. പ്ലാസ്റ്റിക് ട്രേയിൽ അര ഇഞ്ച് കനത്തിൽ തവിട് വിരിച്ചശേഷം ചെറുതായി വട്ടത്തിൽ അരിഞ്ഞ് ഈർപ്പം ഒഴിവാക്കിയ ഉരുളക്കിഴങ്ങ് വയ്ക്കും. ഇതിലേക്ക് വണ്ടുകളെ പതിയെ നിക്ഷേപിക്കും. ഭക്ഷണം കഴിക്കുന്നതിനൊപ്പം ഇണചേരലും മുട്ടയിടലുമെല്ലാം ഇതില്‍തന്നെ. ഒരു വണ്ട് അതിന്റെ ആയുസ്സിൽ  500ൽപരം മുട്ടകളിടുമെന്നാണ് കണക്ക്. 25 ദിവസം കഴിയുമ്പോൾ ഈ ട്രേയിൽനിന്ന് വണ്ടുകളെ മാറ്റും. മൂന്നര മാസത്തോളം വണ്ടുകൾക്ക് ആയുസ്സുണ്ട്. അതിനാൽ പല തവണ ഇത്തരത്തിൽ ഉപയോഗിക്കാം. വണ്ടുകളെ മാറ്റിയശേഷം ട്രേ പ്രാണികൾ കടക്കാത്ത വിധത്തിൽ സൂക്ഷിക്കും. മുട്ടകൾ വിരിഞ്ഞ് ഒരു മാസംകൊണ്ട് ഇതിൽ പുഴുക്കൾ വളർന്നുവരും.

സമൂഹമാധ്യമങ്ങൾ വഴിയാണ് വിപണനം. വലുപ്പം അനുസരിച്ച് ഒരു പുഴുവിന്  2 രൂപ വരെ ലഭിക്കുന്നു. കുറഞ്ഞ ഓർഡർ 500 എണ്ണമാണ്. ആയിരവും രണ്ടായിരവുമൊക്കെയുള്ള ഓർഡർ ലഭിക്കുന്നുണ്ട്. രാജ്യത്തെവിടെയും കുറിയറിലൂടെ എത്തിച്ചുകൊടുക്കുന്നു. 

പുതിയ തലമുറയെ ഉൽപാദിപ്പിക്കുന്നതിനായി കൂടുതൽ എണ്ണം ലാർവകളെ വാങ്ങുന്നതാണ് നല്ലതെന്ന് ദീപു. കാരണം, അന്തഃപ്രജനനം നടക്കുന്നതിനാൽ സമാധിയിലാകുന്ന ലാർവകൾ മുഴുവനും വണ്ടായി മാറണമെന്നില്ല. മാത്രമല്ല,  ഉണ്ടാകുന്നതിലേറെയും  ആൺവണ്ടുകളാവുമെന്നും ദീപു.

വീടിന്റെ ടെറസില്‍ അടച്ചുറപ്പോടെ തയാറാക്കിയ ഏവിയറിയില്‍ ബഡ്‌ജെറിഗാറുകളും ആഫ്രിക്കന്‍ ലവ് ബേഡുകളും കോന്യൂറുകളുമെല്ലാം വളരുന്നു. ഇവയുടെ കുഞ്ഞുങ്ങളും ദീപുവിന് വരുമാനം നേടിക്കൊടുക്കുന്നു.

ഫോൺ: 8000100030

English summary: Make money breeding and selling mealworms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com