ADVERTISEMENT

മനുഷ്യരും നായ്ക്കളും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. അതുപോലെതന്നെ മനുഷ്യരും നായ്ക്കളും തമ്മിലുള്ള ബന്ധത്തിൽ ഇരു കൂട്ടർക്കും ചില നേട്ടങ്ങളുമുണ്ട്. അത്തരത്തിലൊരു നേട്ടത്തിന്റെ ഭാഗമാണ് തെറാപ്പി നായ്ക്കൾ. പല വിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് നായ്ക്കൾ ഒപ്പമുള്ള ചികിത്സ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തെറാപ്പിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ അഹമ്മദാബാദിൽനിന്നുള്ള വൂഫേഴ്സ് സ്നോ ആൻഡ് സ്കൈ എന്ന പ്രൊജക്ട് രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സർട്ടിഫൈഡ് തെറാപ്പി നായ്ക്കളാണ് ഈ പ്രൊജക്ടിന്റെ പ്രത്യേകത.

sandra-and-eva-1
കുട്ടികൾക്കൊപ്പം തെറാപ്പി നായ്ക്കൾ

തെറാപ്പി ഡോഗിന് സർട്ടിഫിക്കേഷൻ

സേവനം ആവശ്യമുള്ളവർക്ക് പ്രചോദനമാകാനും സ്നേഹിക്കാനുമെല്ലാം പ്രത്യേകം പരിശീലനം നേടിയ നായ്ക്കളെയാണ് തെറാപ്പി നായ്ക്കളായി ഉപയോഗിക്കുന്നത്. മറ്റുള്ളവരോട് ഇവയുടെ പെരുമാറ്റവും ഇടപെടലുമെല്ലാം വിലയിരുത്തിയാണ് സർട്ടിഫിക്കേഷൻ. എല്ലാവർക്കും ഒരുപോലെ സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് തെറാപ്പി നായ്ക്കളുടെ പ്രധാന ചുമതല. ഓരോ രണ്ടു വർഷം കൂടുമ്പോഴും വീണ്ടും വിലയിരുത്തൽ പ്രക്രിയയ്ക്കു വിധേയമായി റീസർട്ടിഫിക്കേഷൻ നേടണം. ഓരോ പ്രായത്തിലും നായ്ക്കളുടെ സ്വാഭവത്തിൽ മാറ്റം വരാം എന്നതുകൊണ്ടുതന്നെയാണ് ഇത്തരത്തിൽ റീസർട്ടിഫിക്കേഷൻ തീരുമാനിച്ചിട്ടുള്ളത്. 

sandra-and-eva-2
പിരിമുറുക്കമകറ്റാൻ അധ്യാപകർക്കൊപ്പം

ഇന്ത്യയിലെ ഒട്ടേറെ പേരുടെ ആരോഗ്യത്തിന് നായ്ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധം സഹായിക്കുമെന്ന് തിരിച്ചറിഞ്ഞവരാണ് യൂറോപ്പിൽനിന്നുള്ള സാൻഡ്രയും ഈവയും. വർഷങ്ങളായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഇവരുടെ ആശയം പുതുമ നിറഞ്ഞതാണ്. തെറാപ്പി നായ്ക്കൾക്ക് പരിശീലനം നൽക്കി സർട്ടിഫിക്കറ്റും നേടി ഇരുവരും 2020ൽ അഹമ്മദാബാദിൽ ആരംഭിച്ച സംരംഭമാണ് വൂഫേഴ്സ് സ്നോ ആൻഡ് സ്കൈ. കുട്ടികളിൽ പുസ്തകങ്ങളോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനൊപ്പം വായനാശീലം വളർത്തുന്നതിനായി ‘ഫൺ റീഡിങ് വിത്ത് മൈ ഫറി ഫ്രണ്ട്’ എന്ന പരിപാടിയായിരുന്നു ആദ്യമായി സംഘടിപ്പിച്ചത്. ഇതിനു പിന്നാലെ വിവിധ പ്രായത്തിലുള്ളവർക്ക് വ്യത്യസ്ത നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിച്ചു. റിട്ടയർമെന്റ് ഹോമുകളിൽ പോകുന്നതും സ്കൂൾ കുട്ടികൾക്കായും ടീച്ചർമാർക്കുമായും നായ്ക്കൾക്കൊപ്പമുള്ള വിദ്യാഭ്യാസ രീതിയുമെല്ലാം ശ്രദ്ധിക്കപ്പെട്ടവതന്നെ.

sandra-and-eva-3
റിട്ടയർമെന്റ് ഹോമുകളിലും സേവനം

5 നായ്ക്കൾ

യൂറോപ്പിൽനിന്നുള്ള വൈറ്റ് സ്വിസ് ഷെപ്പേഡ് ഇനത്തിൽപ്പെട്ട സ്നോ, ഇന്ത്യയിൽനിന്നുള്ള മിക്സഡ് ബ്രീഡ് നായ സ്കൈ എന്നീ നായ്ക്കളുമായിട്ടായിരുന്നു വൂഫേഴ്സ് സ്നോ ആൻഡ് സ്കൈ എന്ന പദ്ധതിയുടെ തുടക്കം. 2020ൽ ഈ രണ്ടു നായ്ക്കളും ഇന്റർനാഷനൽ സർട്ടിഫയറിൽനിന്നും സർട്ടിഫിക്കറ്റ് നേടി. അടുത്തിടെ റീസർട്ടിഫിക്കേറ്റും നേടിയിട്ടുണ്ട്. ഇരു നായ്ക്കളും കൂടാതെ, സ്റ്റോം (വൈറ്റ് സ്വിസ് ഷെപ്പേഡ്, യൂറോപ്), ഷൈൻ ( ഇന്ത്യൻ സ്പിറ്റ്സ്, ഇന്ത്യ), സാൻഡി (റഫ് കോളി, ഇന്ത്യയിൽ ജനിച്ചത്) എന്നിവരും തെറാപ്പി നായ്ക്കളായി സേവനമനുഷ്ഠിക്കുന്നു.

English summary: Woofers Snow&Sky Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com