പൂച്ചകളെയും ബാധിക്കും HIV; പൂച്ചകളിൽനിന്ന് പൂച്ചകളിലേക്കു പകരുന്ന വൈറസ്
Mail This Article
പൂച്ചകളിലെ എച്ച്ഐവി എന്നാണ് എഫ്ഐവി (Feline Immunodeficiency Virus) രോഗം അറിയപ്പെടുക. പൂച്ചകളിൽനിന്ന് പൂച്ചകളിലേക്കു പകരുന്ന ഈ വൈറസ് ബാധ മനുഷ്യരെ ബാധിക്കില്ല എന്നത് ആദ്യംതന്നെ ഓർമിപ്പിക്കട്ടെ. അതുകൊണ്ടുതന്നെ അനാവശ്യ പേടിയും വേണ്ട. Retro Viridae കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്.
9 മാസം പ്രായമുള്ള ഹണി(ആൺ പൂച്ച )യെയുമായാണ് അനില ഞങ്ങളുടെ അടുത്ത് എത്തിയത്. തളർച്ച, ശ്വാസതടസ്സം, ശരീരഭാരം കുറയൽ എന്നിവയായിരുന്നു ഹണിയുടെ ലക്ഷണങ്ങൾ. ഞങ്ങളുടെ അടുത്തേക്ക് വരുന്നതിനു മുമ്പ് ഹണി 4 മാസമായി ചികിത്സയിലായിരുന്നു. അതായത്, എഫ്‌ഐവി നില അറിയാതെയുള്ള ചികിത്സയായിരുന്നു ഹണിക്ക് ലഭിച്ചിരുന്നത്. കടിപിടി കൂടുന്ന ചരിത്രമുള്ള ഒരു ഇൻഡോർ-ഔട്ട്ഡോർ പെറ്റ് ആയിരുന്നു അവൻ.
ഞങ്ങൾ പരിശോധനകൾ നടത്തി, എഫ്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തി (വെസ്റ്റേൺ ബ്ലോട്ട് ചെയ്തു ഉറപ്പു വരുത്താം). ഒരിക്കൽ അവർക്ക് എഫ്ഐവി ബാധിച്ചാൽ ജീവിതകാലം മുഴുവൻ രോഗബാധിതരാകും. ഉമിനീർ, കടികൾ എന്നിവയിലൂടെ ഈ രോഗം പകരാം . FIV ബാധിച്ച പൂച്ചകൾ ഒരു പൂച്ചജീവിതം മുഴുവൻ നയിച്ചേക്കാം, പക്ഷേ അവ എന്നന്നേക്കുമായി രോഗബാധിതരായിരിക്കും. രോഗിയുടെ അവസ്ഥയെ അടിസ്ഥാനമാക്കിയാണ് ചികിത്സ. ഒരു ചികിത്സയും ആവശ്യമില്ലാത്ത രോഗികൾ മുതൽ ആന്റി റിട്രോവൈറൽ തെറപ്പി ആവശ്യമുള്ള രോഗികൾ വരെ ഉണ്ട്.
വളർത്തുമൃഗങ്ങളുടെ രക്ഷിതാക്കൾ എഫ്ഐവി രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കണം. മാത്രമല്ല അതിന്റെ വ്യാപനം തടയുകയും വേണം. എല്ലാ ബ്രീഡിങ് പൂച്ചകളിലും FIV പരിശോധന അവശ്യമാണ്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഹണി നഷ്ടപ്പെട്ടു. രോഗം നേരത്തെ കണ്ടുപിടിക്കുന്നത് പലരുടെയും ജീവൻ രക്ഷിച്ചേക്കാം.
English summary: Feline Immunodeficiency Virus